Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

മദ്യം വിളമ്പാൻ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് ജസീക്കയ്ക്ക് നേരേ മനു ശർമ്മ വെടിയുതിർത്തത് നിറഞ്ഞ സദസിൽ; പതിനാല് വർഷത്തെ തടവിന് ശേഷം മോചനം ജസീക്കയുടെ സഹോദരിയുടെ കാരുണ്യത്താൽ; ജീവപര്യന്തം വെട്ടിക്കുറച്ച് മോചനം എത്തിയത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഉത്തരവോടെ; ജെസീക്ക ലാൽ വധത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ മനു ശർമയ്ക്ക് മോചനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെസീക്ക ലാൽ വധക്കേസിലെ കുറ്റവാളി മനു ശർമ ജയിൽ മോചിതനായി. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനുശർമയെ മോചിപ്പിക്കാൻ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1999-ലാണ് മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ മകൻ മനുശർമ ജെസീക്ക ലാലിനെ വെടിവച്ച് കൊന്നത്.

വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും 2006ൽ ഡൽഹി ഹൈക്കോടതി മനു ശർമയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.14 വർഷം തടവിൽ കഴിഞ്ഞ മനുശർമയെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ജസീക്കയുടെ സഹോദരി സബ്രിന ലാൽ അറിയിച്ചിരുന്നു.

1999 ഏപ്രിൽ 29 അർധരാത്രിയാണ് ഡൽഹി കുത്തബ് മിനാറിനു സമീപത്തെ താമറിൻഡ് റസ്റ്ററന്റിൽ ജസീക്ക വെടിയേറ്റു കൊല്ലപ്പെട്ടത്. പാർട്ടിക്കിടെ മദ്യം വിളമ്പാൻ വിസമ്മതിച്ചതിനാണ് ജസീക്കയ്ക്കു ജീവൻ നഷ്ടമായത്. 11 വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് മനു ശർമ ശിക്ഷിക്കപ്പെടുന്നത്. കോടതിയിലും പുറത്തും കൂടെപ്പിറപ്പിനുവേണ്ടിയുള്ള യുദ്ധം പതറാതെ നയിച്ചത് സഹോദരി സബ്രിന ലാൽ ആണ്.

ജസീക്കാലാൽ വധക്കേസിൽ മനു ശർമ ഉൾപ്പടെ മൂന്നു പ്രതികളെ ശിക്ഷിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി 2010 ഏപ്രിലിൽ ശരിവച്ചു. കൊലക്കുറ്റത്തിനു മനുവിനു ജീവപര്യന്തം തടവും തെളിവു നശിപ്പിച്ചതിനു സമാജ്വാദി പാർട്ടി നേതാവ് ഡി.പി.യാദവിന്റെ മകനും നിതീഷ് ടാര കൊലക്കേസിലെ പ്രധാന പ്രതിയുമായ വികാസ് യാദവ്, ബഹുരാഷ്ട്ര കമ്പനി ജീവനക്കാരനായിരുന്ന ടോണി എന്ന അമർജീത്സിങ് ഗിൽ എന്നിവർക്കു നാലു വർഷം കഠിനതടവുമായിരുന്നു ശിക്ഷ.

പ്രതി എത്ര ശക്തനാണെങ്കിലും സമൂഹം ഒറ്റക്കെട്ടായി നിന്നാൽ നീതി ലഭ്യമാക്കാൻ പ്രയാസമില്ലെന്നാണ് അന്നു സബ്രിന പ്രതികരിച്ചത്. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നും കീഴ്‌ക്കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിച്ചത് ജനങ്ങൾ സംഘടിച്ചതു കൊണ്ടാണെന്നും വിധിയിലൂടെ തനിക്കും ബന്ധുക്കൾക്കും ഏറെ ആശ്വാസം ലഭിച്ചതായും സബ്രീന പറഞ്ഞു.

വിവാദങ്ങൾ കൊണ്ടും പ്രതികളുടെ ഉന്നത ബന്ധം കൊണ്ടും ശ്രദ്ധിക്കപ്പെട്ട കേസാണ് ജസീക്കാ ലാൽ വധം. തെളിവ് നശിപ്പിക്കലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്യായ ഇടപെടലും പ്രതികളെയെല്ലാം വിട്ടയച്ച കീഴ്ക്കോടതി വിധിയും വിവാദമായി. കേസിൽ ഡൽഹി പൊലീസ് പുനരന്വേഷണം നടത്തിയെന്നതാണ് മറ്റൊരു പ്രത്യേകത.

മനു ശർമയ്ക്കു വേണ്ടി പ്രമുഖ അഭിഭാഷകൻ റാം ജഠ്മലാനിയെത്തിയതും മനുവിനെതിരായ ആരോപണം മാധ്യമ സൃഷ്ടിയാണെന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞതും ചർച്ചാവിഷയമായി. ഒടുവിൽ മനുശർമയെ വിട്ടയക്കുന്നതിൽ എതിർപ്പില്ലെന്ന് സഹോദരി 2018ൽ അറിയിച്ചു. ഇതോടെയാണ് ജയിലൽ മോചനത്തിനുള്ള വഴി തെളിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP