Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ പുതിയ എഡിറ്റർ; ചുമതലയേൽക്കുന്നത് കാഴ്ചയിലും ഇടപെടലിലും സൗമ്യനായ 48കാരൻ; ശൂന്യമായി കിടന്ന പത്രാധിപ കസേരയിലേക്ക് പുതിയ ചുമതലക്കാരൻ എത്തുന്നത് മാതൃഭൂമിയുടെ വേറിട്ട പാരമ്പര്യം നിലനിർത്തി; മാനേജ്‌മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതി മാതൃകയാക്കാതെ വീണ്ടും വീരേന്ദ്രകുമാർ; ഇന്ത്യൻ എക്സ്‌പ്രസിനേയും ഡെക്കാൺ ക്രോണിക്കിളിനേയും നയിച്ച മനോജ് കെ ദാസ് ഇനി മാതൃഭൂമിയുടെ അമരക്കാരൻ

കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ പുതിയ എഡിറ്റർ; ചുമതലയേൽക്കുന്നത് കാഴ്ചയിലും ഇടപെടലിലും സൗമ്യനായ 48കാരൻ; ശൂന്യമായി കിടന്ന പത്രാധിപ കസേരയിലേക്ക് പുതിയ ചുമതലക്കാരൻ എത്തുന്നത് മാതൃഭൂമിയുടെ വേറിട്ട പാരമ്പര്യം നിലനിർത്തി; മാനേജ്‌മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതി മാതൃകയാക്കാതെ വീണ്ടും വീരേന്ദ്രകുമാർ; ഇന്ത്യൻ എക്സ്‌പ്രസിനേയും ഡെക്കാൺ ക്രോണിക്കിളിനേയും നയിച്ച മനോജ് കെ ദാസ് ഇനി മാതൃഭൂമിയുടെ അമരക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാഴ്ചയിൽ സൗമ്യൻ, ഇടപെടലിലും അങ്ങിനെ തന്നെ. വാർത്തകളെക്കുറിച്ച് തികഞ്ഞ ബോധ്യം, ഇന്ത്യൻ എക്സ്‌പ്രസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ റെസിഡന്റ് എഡിറ്റർ ആയി ചുമതലയുള്ളപ്പോൾ പിന്തുടർന്നത് റിപ്പോർട്ടറുടെ വാർത്തകളിൽ കൈകടത്താത്ത രീതിയും. മലയാള മാധ്യമ രംഗത്തെ ശക്തമായ സാന്നിധ്യമായ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരുടെ ചുമതല ഏറ്റെടുക്കുമ്പോൾ മനോജ്.കെ.ദാസിനുള്ള മാധ്യമ പ്രവർത്തകരുടെ വിശേഷണങ്ങൾ ഇങ്ങിനെ. ഇന്നലെയാണ് മാതൃഭൂമിയുടെ പത്രാധിപരായി മനോജ്.കെ.ദാസ് ചുമതലയേറ്റത്. മാനേജ്‌മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതിയിൽ നിന്ന് മാതൃഭൂമി വിഭിന്നമായി ചിന്തിക്കുമ്പോൾ മനോജ്.കെ.ദാസിനെ പത്രാധിപർ ആയി നിയമിച്ച മാതൃഭൂമിയുടെ തീരുമാനം ശ്ലാഘിക്കുന്നവരാണ് കൂടുതൽ. വെറും നാൽപ്പത്തിയെട്ടാം വയസിലാണ് മനോജ്.കെ.ദാസ് പത്രാധിപ ചുമതലയിലേക്ക് എത്തുന്നത്.

കാറും കോളും നിറഞ്ഞ മലയാള മാധ്യമ രംഗത്തേക്കാണ് മാതൃഭൂമിയുടെ പത്രാധിപ ചുമതലയുമായി മനോജ്.കെ.ദാസ് കടന്നുവരുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് മലയാള മാധ്യമ രംഗം സങ്കീർണ്ണമാണ്. പ്രാദേശിക- രാഷ്ട്രീയ താത്പര്യങ്ങൾക്ക് എന്നും മുൻഗണന നൽകിയാണ് മലയാള പത്രങ്ങൾ വാർത്തകളുമായി രംഗം കയ്യടക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടനവധി വൈതരണികൾ ആണ് മലയാള പത്രങ്ങൾക്ക് മുന്നിലുള്ളത്. മൂന്നു വർഷത്തിലേറെയായി മാതൃഭൂമി പത്രാധിപ കസേര ശൂന്യമായി കിടക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് എഡിറ്റർ ആയി പി.ഐ.രാജീവിനെ നിയമിച്ചേങ്കിലും പത്രാധിപരുടെ ചുമതല കൈമാറിയിരുന്നില്ല. എക്‌സിക്യൂട്ടീവ് എഡിറ്റർ തന്നെ പത്രാധിപ ചുമതലയും വഹിച്ചിരുന്ന രീതിയിലാണ് മാതൃഭൂമി കുറെ നാളായി കടന്നു പോയിക്കൊണ്ടിരുന്നത്. ഈ രീതിയിലുള്ള ഒരു മാറ്റം കൂടിയാണ് പുതിയ പത്രാധിപരുടെ വരവോടെ സംഭവിച്ചിരിക്കുന്നത്.

മുൻപ് മാതൃഭൂമിയുടെ പത്രാധിപ ചുമതല വഹിച്ച കെ.പി.കേശവമേനോൻ ജൂനിയറെപ്പോലെയും എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ചുമതലയിൽ കുറെക്കാലമായി തുടർന്നു പോന്നിരുന്ന പി.ഐ.രാജീവിനെപ്പോലെയും ഇംഗ്ലീഷ് മാധ്യമ രംഗത്ത് നിന്നാണ് മനോജ്. കെ.ദാസും എത്തുന്നത്. പ്രാദേശിക താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും അരങ്ങു തകർക്കുന്ന മലയാള മാധ്യമ രംഗത്ത് മാതൃഭൂമി പത്രാധിപ കസേരയിൽ വലിയ വെല്ലുവിളികളാണ് പുതിയ പത്രാധിപരെയും കാത്തിരിക്കുന്നത്. പക്ഷെ നിക്ഷ്പ രീതികളും വാർത്തയിലെ അവഗാഹവും പുതിയ പത്രാധിപർക്ക് തുണയാകുമെന്നാണ് മാധ്യമ രംഗത്തുള്ളവർ വിരൽ ചൂണ്ടുന്നത്. ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചകളുടെ ഒരു ഗ്രാഫിലൂടെ മാത്രമാണ് മനോജ്.കെ.ദാസിന്റെ ജീവിതം കടന്നു പോയിട്ടുള്ളത്. ഈ മാധ്യമ ജീവിതത്തിന്റെ നിർണ്ണായക സമയത്ത് തന്നെയാണ് മാതൃഭൂമി എഡിറ്റർ ആയും മനോജ്.കെ.ദാസ് നിയമിതനാകുന്നത്.

ഇന്ത്യൻ എക്സ്‌പ്രസിൽ റെസിഡന്റ് എഡിറ്റർ ആയിരുന്നു ദീർഘകാലം. ഇന്ത്യൻ എക്സ്‌പ്രസിൽ നിന്ന് ഏഷ്യനെറ്റ് ന്യൂസിൽ റെസിഡന്റ് എഡിറ്റർ ആയി. പിന്നീട് ഡെക്കാൻ ക്രോണിക്കിളിൽ റെസിഡന്റ് എഡിറ്റർ ആയി. ഡെക്കാൻ ക്രോണിക്കിളിൽ നിന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ റെസിഡന്റ് എഡിറ്റർ ആയി നിയമിതനാകുന്നത്. ഇപ്പോൾ വീണ്ടും മലയാള മാധ്യമ രംഗത്തേക്ക് തിരിച്ചു വരുമ്പോൾ മാതൃഭൂമി എഡിറ്റർ പോസ്റ്റിലേക്കും എത്തുന്നു. മാധ്യമ രംഗത്തുള്ള പൊതുസ്വീകാര്യതയാണ് മാതൃഭൂമി എഡിറ്റർ പോസ്റ്റിലേക്കും വഴി തുറന്നത്.

മാതൃഭൂമിയുടെ ശക്തമായ രണ്ടു വിഭാഗങ്ങൾ വീരേന്ദ്രകുമാർ പക്ഷവും പി.വി.ചന്ദ്രൻ പക്ഷവും. എഡിറ്ററുടെ കാര്യത്തിൽ യോജിച്ചതോടെയാണ് മനോജ്.കെ.ദാസിന്റെ നിയമനത്തിനു പച്ചക്കൊടിയായത്. മൂന്നു വർഷത്തിലേറെയായി ഒഴിഞ്ഞു കിടന്ന എഡിറ്റർ പോസ്റ്റിലാണ് മനോജിനെ നിയമിച്ചിരിക്കുന്നതും. പ്രൌഡിയും പാരമ്പര്യവുമാണ് മാതൃഭൂമി പത്രാധിപകസേരയെ വേറിട്ട് നിർത്തുന്നത്. കെ.പി.കേശവമേനോനും എം.ഡി.നാലപ്പാടും വി.കെ.മാധവൻകുട്ടിയും വിപിആർ എന്ന വി.പി.രാമചന്ദ്രനും കെ.ഗോപാലകൃഷ്ണനുമൊക്കെ അലങ്കരിച്ച പത്രാധിപ കസേരയിലേക്കാണ് ഇപ്പോൾ മനോജ്.കെ.ദാസ് കൂടി എത്തുന്നത്.

'മനോരമ കണ്ണൂർ ഡെസ്‌കിൽ ജോലി ചെയ്യുമ്പോഴാണ് ഒരു ഫോൺ കോൾ വഴി മനോജ്.കെ.ദാസിനെ പരിചയപ്പെടുന്നത്. അന്ന് ഇന്ത്യൻ എക്സ്‌പ്രസിന്റെ റെസിഡന്റ് എഡിറ്റർ ചുമതലയായിരുന്നു ദാസിന്. പക്ഷെ പരിചയപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വന്നത് ഇന്ത്യൻ എക്സ്‌പ്രസിന്റെ ഓഫർ ലെറ്റർ. കൊച്ചി ബ്യൂറോയിൽ സീനിയർ ലേഖകനായാണ് നിയമനം വന്നത്. മലയാള മാധ്യമ രംഗത്ത് നിന്ന് ഇംഗ്ലീഷ് മാധ്യമ രംഗത്തേക്ക് എന്നെ വഴിതിരിച്ചു വിട്ടത് മനോജ്.കെ.ദാസ് നൽകിയ ആ ഓഫർ ലെറ്ററായിരുന്നു'. മനോരമയിൽ ഇന്ത്യൻ എക്സ്‌പ്രസിലേക്ക് ജോലിയിൽ പ്രവേശിച്ച അന്നത്തെ ഓഫർ ലെറ്ററിനെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ശ്രീജൻ പറയുന്നു.

എന്നെ ഒരു തവണ പോലും കാണാതെയാണ് ഇന്ത്യൻ എക്സ്‌പ്രസിൽ എനിക്ക് മനോജ് ജോലി നൽകിയത്. അതെന്നെ അത്ഭുതപ്പെടുത്തി. മനോരമ വിട്ടു ഇന്ത്യൻ എക്സ്‌പ്രസിൽ ചേക്കേറാൻ എന്നെ പ്രേരിപ്പിച്ചത് ഒരു തവണ നേരിട്ട് പോലും കാണാതെ അദ്ദേഹം അയച്ച ഓഫർ ലെറ്ററായിരുന്നു-ശ്രീജൻ പറയുന്നു. ഇത്തരം അനുഭവങ്ങൾ തന്നെയാണ് മുതിർന്ന പല മാധ്യമ പ്രവർത്തകർക്കും മാതൃഭൂമിയുടെ പുതിയ എഡിറ്ററെക്കുറിച്ച് പറയാനുള്ളത്.

മാതൃഭൂമിയുടെ ആസ്ഥാനമായ കോഴിക്കോട് വെച്ച് ഇന്നലെയാണ് പുതിയ പത്രാധിപരായി മനോജ് കെ. ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചുവരുന്ന വേളയിലാണ് ടൈംസ് വിട്ട് മാതൃഭൂമിയിൽ പുതിയ ചുമതല ഏറ്റെടുക്കുന്നത്. 1994-ൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിലാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി.

ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചു. ഡെക്കാൻ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ഭാര്യ: സരിതാ മനോജ്. രാജഗിരി പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥികളായ മാനസ് എം. ദാസ്, മഞ്ജീര എം. ദാസ് എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP