Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പാർട്ടിയിൽ പിടിമുറുക്കും മുമ്പ് അഴിക്കുള്ളിലേക്ക് പോകുന്ന ശശികലയ്ക്ക് കാൽ നൂറ്റാണ്ട് ജയലളിതയ്‌ക്കൊപ്പം നിന്ന് നേടിയതെല്ലാം നഷ്ടമാകും; രക്ഷകനാകേണ്ട പനീർശെൽവം ശിക്ഷകനാകുന്നതോടെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടി പകരം വീട്ടും; പോയസ് ഗാർഡൻ ഏറ്റെടുത്ത് അമ്മയുടെ സ്മാരകമാകും; മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും എംഎൽഎമാർ മത്സരിക്കുമ്പോൾ എഐഎഡിഎംകെ ഛിന്നഭിന്നമാകും

പാർട്ടിയിൽ പിടിമുറുക്കും മുമ്പ് അഴിക്കുള്ളിലേക്ക് പോകുന്ന ശശികലയ്ക്ക് കാൽ നൂറ്റാണ്ട് ജയലളിതയ്‌ക്കൊപ്പം നിന്ന് നേടിയതെല്ലാം നഷ്ടമാകും; രക്ഷകനാകേണ്ട പനീർശെൽവം ശിക്ഷകനാകുന്നതോടെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടി പകരം വീട്ടും; പോയസ് ഗാർഡൻ ഏറ്റെടുത്ത് അമ്മയുടെ സ്മാരകമാകും; മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും എംഎൽഎമാർ മത്സരിക്കുമ്പോൾ എഐഎഡിഎംകെ  ഛിന്നഭിന്നമാകും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം ഉയർത്തിയിരിക്കുന്ന ഭരണപരവും നേതൃത്വപരവുമായ പ്രശ്നങ്ങളേക്കാൾ എ.ഐ.ഡി.എം.കെ യെ വിഷമിപ്പിക്കുന്നത് അവരുടെ ഇരുപതിയിനായിരം കോടിയോളംവരുന്ന സ്വത്തുക്കളുടെ അനന്തരവകാശി ആരാണെന്നുള്ളതായിരുന്നു. എന്നാൽ എല്ലാം തന്റേതെന്ന് പ്രഖ്യാപിച്ച് ശശികല പാർട്ടിയിൽ നേതാവായതോടെ ഈ ചർച്ച അകന്നു. ജയലളിതയുടെ സ്വത്തെല്ലാം ശശികലയുടേതായി. ഇതിനിടെയിലാണ് പനീർശെൽവത്തെ മാറ്റി മുഖ്യമന്ത്രിയാകാൻ ശശികല കരുനീക്കം തുടങ്ങിയത്. ഇതോടെ എഐഎഡിഎംകെയിൽ പൊട്ടിത്തെറി തുടങ്ങി. എല്ലാത്തിനും ആന്റി ക്ലൈമാക്‌സ് നൽകി സുപ്രീംകോടതി വിധിയും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ഇനി അഴിക്കുള്ളിൽ. ഇതോടെ എല്ലാം ശശികലയ്ക്ക് നഷ്ടമാവുകയാണ്. ഇനി പത്തുകൊല്ലം ശശികലയ്ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വിലക്കപ്പെട്ട കനിയാണ്.

നീലഗിരി ജില്ലയിൽ കോടനാട് എസ്റ്റേറ്റിൽ ബംഗ്ളാവുകളോടുകൂടിയ 898 ഏക്കർ തേയിലത്തോട്ടം. ഇതാണ് ജയയുടെ ഏറ്റവും മുന്തിയ സ്വത്ത്. ഏക്കറിന് ചരുങ്ങിയത് അഞ്ച് കോടി മതിപ്പുള്ളതിനാൽ ഇതിനു മാത്രം 4000 കോടി രൂപയാണ് മതിപ്പു വില. തിരുനൽവേലിയിൽ 1,197 ഏക്കർ, വാലാജപേട്ടയിൽ 200 ഏക്കർ, ഊത്തുക്കോട്ടയിൽ 100 ഏക്കർ, ശിറുതാവൂരിൽ 25 ഏക്കർ, കാഞ്ചിപുരത്ത് 200 ഏക്കർ, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കർ, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരിൽ 100 ഏക്കർ, ഹൈദരാബാദിലെ 14.50 ഏക്കർ മുന്തിരി തോട്ടം.. തീർന്നില്ല, ജയലളിതയുടെയും ബിനാമികളുടെയും പേരിൽ തമിഴ്‌നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി ഇതുപോലെ നിരവധി സ്വത്തുക്കളുണ്ട്.

ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 'വേദനിലയം' വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയിൽ ജയലളിതയും അമ്മയും ചേർന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാർഡനിലെ വസതി വാങ്ങിയത്.  2015ൽ ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ജയലളിത തന്റെ പേരിൽ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷൻ കമീഷനെ ബോധിപ്പിച്ചിരുന്നു. പക്ഷേ ഇതൊന്നുമല്ല മൊത്ത കാൽലക്ഷം കോടിരൂപയുടെയെങ്കിലും ആസ്തി ജയലളിതക്കും ബിനാമികൾക്കും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതെല്ലാം ജയലളിതയുടെ മരണത്തോടെ ശശികലയുടെ കാൽക്കീഴിലെത്തി. സുപ്രീംകോടതി വിധിയോടെ ശശികല അഴിക്കുള്ളിലാകുമ്പോൾ ഇതെല്ലാം മന്നാർഗുഡി മാഫിയയ്ക്കും നഷ്ടമാകും.

അനധികൃത സ്വത്ത് കേസിൽ ജയലളിതയോടൊപ്പം ശശികലയും ജയിൽവാസമനുഭവിച്ചിരുന്നു. തഞ്ചാവൂർ മന്നാർഗുഡിയിലെ തേവർ കുടുംബാംഗമായ ശശികലജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നതാണ്. എം.ജി.ആറിന്റെ കാലത്ത് പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂർ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വീഡിയോ കാസറ്റ് വിൽപന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നൽകുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവൻ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടർന്നാണ് ശശികലജയലളിത ബന്ധം ശക്തിപ്പെട്ടത്. ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, വി. ഭാസ്‌കരൻ തുടങ്ങിയവരുൾപ്പെട്ട ഈ സംഘമാണ് പിന്നീട് 'മന്നാർഗുഡി മാഫിയ' എന്ന പേരിലറിയപ്പെട്ടത്.

ഒ. പന്നീർശെൽവം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറിൽ ശശികല, ടി.ടി.വി. ദിനകരൻ ഉൾപ്പെടെ 13 പേരെ സംഘടനയിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഭരണത്തിലും സംഘടനയിലും ഇവർ പിടിമുറുക്കുന്നതായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നായിരുന്നു നടപടി. പിന്നീട് 2012 മാർച്ചിൽ ശശികല വീണ്ടും ഗാർഡനിൽ തിരിച്ചത്തെി. ജയയുടെ നിഴലായി ശശികല വീണ്ടും മാറി. ഇതിനിടെയാണ് ജയലളിതയുടെ അപ്രതീക്ഷിത മരണവും വിവാദവുമെത്തിയത്. ഇവിടെയെല്ലാം നിശബ്ദനായിരുന്നു പനീർശെൽവം. ജയയുടെ വിയോഗത്തോടെ പനീർശെൽവം മുഖ്യമന്ത്രിയായപ്പോഴും ശശികലയുടെ വിശ്വസ്ത വിധേയനായിരുന്നു. എന്നാൽ പൊടുന്നനെ എല്ലാം മാറി. മുഖ്യമന്ത്രി കസേര ശശികലയ്ക്ക് കൈമാറി രാജിവച്ച പനീർശെൽവം പൊടുന്നനെ വാളെടുത്തു. ഇതോടെ വല്ലാത്തൊരു വീരപരിവേഷവും ജനങ്ങൾ പനീർശെൽവത്തിന് നൽകി.ഇതോടെ സുപ്രധാനമായി പ്രഖ്യാപനം പനീർശെൽവം നടത്തി. ജയലളിതയുടെ പൊയസ് ഗാർഡൻ സ്മാരകമാകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ഒപ്പു ശേഖരണവും നടത്തി. ഇതില്ലാം പനീർശെൽവം നടത്തുന്നത് ജയലളിതയുടെ സ്വത്തുക്കൾ ശശികലയ്ക്ക് നൽകില്ലെന്നാണ്. വ്യാജ ആധാരങ്ങളുണ്ടാക്കിയാണ് എല്ലാം ശശികലയുണ്ടാക്കിയതെന്ന് പനീർശെൽവത്തിന് വാദിക്കാം. മുഖ്യമന്ത്രി കസേരയിൽ തുടരാൻ അവസരം വന്നാൽ ജയലളിതയുടെ സ്വത്തുക്കളെല്ലാം നിയമനിർമ്മാണത്തിലൂടെ തന്നെ തമിഴ്‌നാട് സർക്കാരിൽ നിക്ഷിപ്തമാക്കാം. ശശികലയ്ക്കും മന്നാർഗുഡി മാഫിയയ്ക്കുമെതിരെ നിരവധി പരാതികളുണ്ട്. ജയയുടെ മരണത്തിൽ പോലും ഇവർക്ക് മേൽ സംശയങ്ങൾ ആരോപിക്കപ്പെട്ടു. ഇതെല്ലാം അന്വേഷണ വിധേയമാക്കി മന്നാർഗുഡി മാഫിയയെ തന്നെ നിഷ്‌കാസനം ചെയ്യാൻ പനീർശെൽവത്തിന് കഴിയും.

സുപ്രീംകോടതി വിധി അടുത്തുവെന്ന് മനസ്സിലാക്കിയാണ് പനീർശെൽവത്തെ അധികാരത്തിൽ നിന്ന് മാറ്റി മുഖ്യമന്ത്രിയാകാൻ ശശികല ശ്രമിച്ചതെന്ന വിലയിരുത്തൽ സജീവമാണ്. ഇതോടെ പനീർശെൽവം പിണങ്ങി. അല്ലാത്ത പക്ഷം ശശികല ജയിലിൽ പോകുമ്പോഴും പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും പനീർശെൽവം ഉണ്ടാകുമായിരുന്നു. ഇതിലൂടെ ജയലളിതയുടെ സ്വത്തുക്കളെങ്കിലും സ്വന്തം പക്ഷത്ത് ഉറപ്പിച്ച് നിർത്താൻ ശശികലയ്ക്ക് ആകുമായിരുന്നു. പനീർശെൽവത്തെ പിണക്കിയതോടെ എഐഎഡിഎകെ രണ്ടു വഴിക്കായി. എല്ലാം നഷ്ടമാകുമെന്ന അവസ്ഥയും വന്നു. ഇതിനെല്ലാം പുറമേ ജനങ്ങൾ തന്നെ അംഗീകരിക്കുന്നില്ലെന്ന സത്യവും ശശികലയ്ക്ക് അംഗീകരിക്കേണ്ട അവസ്ഥ വന്നു. എഐഎഡിഎംകെയുടെ സർവ്വ നാശത്തിന് പോലും ശശികലയുടെ മുഖ്യമന്ത്രി പദമോഹം കാരണമായി. എഐഎഡിഎംകെയിലെ എംഎൽഎമാരെല്ലാം മുഖ്യമന്ത്രി പദമോഹികളോ മന്ത്രി പദമോഹികളോ ആകുന്നു. ഇതും അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിന് തിരിച്ചടിയാകും. ഇതിനും ഉത്തരവാദി ശശികല തന്നെയാണ്.

തമിഴ്‌നാട്ടിൽ ജയലളിതയെയും അണ്ണാ ഡി.എം.കെ ഭരണത്തെ പോലും നിയന്ത്രിച്ചിരുന്ന ശശികല കുടുംബത്തിന്റെ കുപ്രസിദ്ധമായ പേര് മന്നാർഗുഡി മാഫിയ എന്നായിരുന്നു. ജയയുടെ ബദ്ധവൈരി ആയിരുന്ന സുബ്രഹ്മണ്യൻ സ്വാമിയാണ് ശശികല കുടുംബത്തെ മന്നാർഗുഡി മാഫിയ എന്ന് വിശേഷിപ്പിച്ചത്. ശശികലയുടെ ജന്മനാടാണ് മന്നാർഗുഡി. എൺപതുകളിലാണ് ശശികല കുടുംബം ജയയുടെ ആശ്രിതരായി കൂടുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വന്ന അവർ പിന്നീട് തമിഴ്‌നാട് ഭരണം തന്നെ കൈപ്പിടിയിൽ ഒതുക്കി. 1980 ൽ ആണ് ഐഎഎസ് ഓഫീസർ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നൽകണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്. പിന്നീട് ചന്ദ്രലേഖയ്ക്കുണ്ടായ ദുരന്തത്തിന്റെ യഥാർത്ഥകാരണം ഇനിയും അജ്ഞാതമാണ്.ജയലളിത ഗവൺമെന്റ് 1992ൽ സ്പിക്കിന്റെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള തീരുമാനമെടുത്തു. എന്നാൽ തീരുമാനത്തെ അന്ന് വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇക്കാര്യത്തിൽ ജയലളിതയും ചന്ദ്രലേഖയും തമ്മിൽ കടുത്ത തർക്കത്തിലായി. ഒടുവിൽ ഇരുവരുടേയും തർക്കം 'സൗന്ദര്യ'ത്തിൽ വരെയെത്തിയത്രേ. 'സൗന്ദര്യമാണ് മാനദണ്ഡമെങ്കിൽ എനിക്കും മുഖ്യമന്ത്രിയാകാൻ കഴിയും' എന്ന് ചന്ദ്രലേഖ പറഞ്ഞു. മുംബൈയിൽ നിന്ന് വാടകയക്കെടുത്ത സുർലയെന്ന ഗുണ്ട നടത്തിയ ആസിഡ് ബൾബാക്രമണത്തിൽ അവരുടെ മുഖം തകർത്തു. വാടക ഗുണ്ടയെ അറസ്റ്റുചെയ്ത് ജയിലിലടച്ചല്ലാതെ ആക്രമണത്തിലേക്കുള്ള കാരണങ്ങൾ തേടിപ്പോകാൻ പൊലീസ് തയ്യാറായില്ല. സിബിഐ അന്വേഷിച്ചിട്ടുപോലും കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. സുർലയെ വിചാരണത്തടവുകാരനായി വച്ചാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഇതിനിടെ രോഗബാധിതനായി സുർല മരിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിച്ചു. ഇതിന് പിന്നിലും മനാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു. ജയലളിതയുടെ മരണത്തോടെ അവരുടെ 'ഉയിർ തോഴി' എന്ന പേരിലറിയപ്പെടുന്ന ശശികല നടരാജൻ പാർട്ടിയുടെ നിയന്ത്രണമേറ്റെടുത്തു.

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ വുമ്‌ബോഴെല്ലാം പിൻവാതിൽ ഭരണം നടത്തുന്നത് മന്നാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു. ശശികലയുടെ സഹോദരൻ ദിവാഹരന്റെ അന്നത്തെ വിലാസം പോലും കേറോഫ് സ്റ്റേഷൻ (റെയിൽവേ സ്റ്റേഷൻ) എന്നായിരുന്നു. തൊഴിൽരഹിതനായിരുന്ന ഇയാൾ ജീവിതമാർഗം തേടി ഇടയ്ക്ക് സിംഗപ്പൂരിൽ പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പിന്നീട് ശശികലയുടെ കൂടെ ജയലളിതയുടെ ആശ്രിതനായി മാറിയ ഇയാൾ ഇന്ന് മന്നാർഗുഡി മാഫിയയുടെ ബോസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കാവേരി ഡെൽറ്റ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് ദിവാഹരൻ. സെംഗമല തായാർ എജ്യൂക്കേഷണൽ ട്രസ്റ്റ് വനിതാ കോളജിന്റെ ഉടമയാണ് ഇയാൾ. ശശികലയും സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശിയും ചേർന്നാണ് ജയയുടെ വസതിയായ പോയസ് ഗാർഡനെ നിയന്ത്രിച്ചിരുന്നത്. തഞ്ചാവൂർ കേന്ദ്രീകരിച്ചാണ് ദിവാഹരൻ പ്രവർത്തിച്ചിരുന്നത്. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രന്മാരായ ദിനകരൻ, സുധാകരൻ, ഭാസ്‌കരൻ എന്നിവർ തേനി കേന്ദ്രീകരിച്ച് തമിഴ്‌നാടിന്റെ ദക്ഷിണ മേഖലയാണ് പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്. ടി.ടി.വി സഹോദരങ്ങൾ എന്നറിയപ്പെടുന്ന മൂവർ സംഘത്തിലെ സുധാകരനായിരുന്നു ജയയുടെ ദത്ത് പുത്രൻ.

ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മകൻ ടി.എം മഹാദേവനാണ് ഈ സംഘത്തിലെ മറ്റൊരു ശക്തൻ. എം.ജി.ആറിന്റെ മരണത്തെ ജാനകി രാമചന്ദ്രന്റെ അനുയായികളിൽ നിന്ന് ഭീഷണി നേരിട്ട ജയലളിത അഭയം പ്രാപിച്ചത് മന്നാർഗുഡിയിലെ വിനോദഗന്റെ വീട്ടിലായിരുന്നു. ശശികലയുടെ പിതൃസഹോദരന്റെ മരുമകനായ രാവണനും മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ്. ശശികലയുടെ മറ്റൊരു സഹോദരനായ സുന്ദരവദനം ഇയാളുടെ മക്കളും മരുമക്കളുമായ പ്രഭ, ഡോ. ശിവകുമാർ, ഡോ. വെങ്കടേഷ്, അനുരാധ, കാർത്തികേയൻ, എന്നിവരും സംഘത്തിലെ വൻ സ്വാധീനമുള്ളവരാണ്. 1957ൽ മന്നാർഗുഡിയിലെ ഒരു കർഷക കുടുംബത്തിലാണ് ശശികലയുടെ ജനനം. ദിവാഹരൻ അടക്കം നാല് സഹോദരന്മാരുണ്ട്. വനിതാമണിയാണ് സഹോദരി. വീഡിയോ ഷോപ്പ് നടത്തിപ്പുകാരിയായിരുന്ന ശശികല ഭർത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് ജയലളിതയുടെ ആശ്രിതയായി കൂടിയത്. അവിടെ നിന്ന് ശശികല ഒരുപാട് വളർന്നു. ഈ വളർച്ചയിലൂടെ നേടിയെതെല്ലാമാണ് സുപ്രീംകോടതി വിധിയോടെ അപ്രസക്തമാകുന്നത്.ഒരുകാലത്ത് പൊയസ് ഗാർഡനിൽ മുഴുവൻ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. 1989 ൽ മന്നാർഗുഡിയിൽ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാർഡനിൽ കൊണ്ടുവന്നത്. വീട്ടുവേലക്കാർ, അടുക്കളക്കാർ, സെക്യൂരിറ്റി, ഡ്രൈവർമാർ, സന്ദേശവാഹകർ തുടങ്ങിയവരൊക്കെ മന്നാർഗുഡി ഇറക്കുമതിയിൽ പെടുന്നു. മുമ്ബുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂർവം പറഞ്ഞുവിട്ടായിരുന്നു ഇത്. ഇതോടെ ജയലളിതയിൽ പൂർണ്ണ നിയന്ത്രണം ശശികലയ്ക്കായി. 1991 ൽ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടർന്ന് 1996 വരെ എല്ലാം ശശികല നിയന്ത്രിച്ചു. ഇവർ വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങൾ നടത്തി. മദ്യകമ്പനികൾ പോലുള്ള വ്യവസായങ്ങൾ പലയിടങ്ങളിൽ ആരംഭിച്ചു. 2002 ൽ ജയലളിതയുടെ ഭരണ കാലത്തായിരുന്നു കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൺ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഡിസ്റ്റിലറികളും വൻ മുതൽ മുടക്കിൽ സംഘടിപ്പിച്ചു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികളിൽ നിന്ന് ടിക്കറ്റിന്റെ പേരിൽ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ആരോപണം. ജ്യോതിഷത്തെ പോലും ജയലളിതയെ വഴി തെറ്റിക്കാനും കോടികളുടെ ആസ്തിയുണ്ടാക്കാനും മന്നാർഗുഡി മാഫിയ സമർത്ഥമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഏതായാലും ശതകോടികളുടെ ആസ്തിയാണ് ശശികല ഉണ്ടാക്കിയെടുത്തത്. ഇതാണ് പനീർശെൽവത്തെ എതിരാക്കിയതിലൂടെ നഷ്ടമാകാൻ അവസരമൊരുങ്ങുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP