Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് പരിഭ്രാന്തയായി കയറി വന്നു കോണ്ടലീസാ റൈസ്; ആവശ്യപ്പെട്ടത് ഡോ. മന്മോഹൻ സിംഗിനെ കാണണം എന്ന്; കാണാൻ താൽപ്പര്യമില്ലെന്ന് തുറന്നടിച്ചു മറുപടി നൽകി മന്മോഹൻ സിങ്; യുഎസ് താൽപ്പര്യം അനുസരിച്ചേ ആണവ കരാറിൽ പാടുള്ളൂ എന്നു പറഞ്ഞു വിരട്ടാൻ നോക്കിയ ബുഷിനോട് ഒരു 'ബിഗ് നോ' പറഞ്ഞ് സിങ്; മോദിയെ വിരട്ടി ട്രംപ് കാര്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത് ലോകപൊലീസിനെ വരുതിയിൽ നിർത്തിയ മന്മോഹൻ സിംഗെന്ന കിംഗിന്റെ കഥ

പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് പരിഭ്രാന്തയായി കയറി വന്നു കോണ്ടലീസാ റൈസ്; ആവശ്യപ്പെട്ടത് ഡോ. മന്മോഹൻ സിംഗിനെ കാണണം എന്ന്; കാണാൻ താൽപ്പര്യമില്ലെന്ന് തുറന്നടിച്ചു മറുപടി നൽകി മന്മോഹൻ സിങ്; യുഎസ് താൽപ്പര്യം അനുസരിച്ചേ ആണവ കരാറിൽ പാടുള്ളൂ എന്നു പറഞ്ഞു വിരട്ടാൻ നോക്കിയ ബുഷിനോട് ഒരു 'ബിഗ് നോ' പറഞ്ഞ് സിങ്; മോദിയെ വിരട്ടി ട്രംപ് കാര്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത് ലോകപൊലീസിനെ വരുതിയിൽ നിർത്തിയ മന്മോഹൻ സിംഗെന്ന കിംഗിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിലാണ് രാജ്യം. ലോകം മുഴുവൻ ഈ പോരാട്ടത്തിന്റെ ഭാഗമാകുമ്പോൾ ഇന്ത്യൻ സാഹായം തേടി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിളിച്ചു. ഇന്ത്യുയടെ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്വോറോക്വിൻ മരുന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ത്യൻ സാഹചര്യം മുൻനിർത്തി ഈ മരുന്നു കയറ്റുമതി നിരോധിച്ചിരുന്നു. എന്നാൽ, ഈ മരുന്ന് അമേരിക്കയ്ക്ക് നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യ മരുന്നിന്റെ കയറ്റുമതി നിരോധനവും പിൻവലിച്ചു. ഇതോടെ മോദി-ട്രംപ് സൗഹൃദത്തിലെ ഉലച്ചിലായി രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തി. ട്രംപ് ഭീഷണിപ്പെടുത്തിയാണ് മരുന്നു വാങ്ങിയതെന്ന പ്രതീതി വന്നു. ഇതോടെ മോദിയുടെ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

സൈബർ ലോകത്ത് മോദിക്കെതിരെ വിമർശനം ഉയരുമ്പോൾ തന്നെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വാഴ്‌ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. ജോർജ്ജ് ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയെ വിരട്ടാൻ ശ്രമിച്ചപ്പോൾ മന്മോഹൻ സിങ് എങ്ങനെയാണ് പ്രതികരിച്ചത് എന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള വിഷയമായി ചർച്ചയാകുന്നത്. കോൺഗ്രസ് പ്ലാറ്റ്‌ഫോമുകളിലാണ് മന്മോഹൻ സിംഗിന് വാഴ്‌ത്തിക്കൊണ്ടുള്ള കുറിപ്പുകൾ എത്തുന്നത്. ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിച്ച ആഗോള സാമ്പത്തികമാന്ദ്യം പ്രവചിച്ച മിടുക്കനായ ധനതന്ത്രജ്ഞൻ കൂടിയായ സിംഗിനെ എതിരാളികൾ നേരിട്ടത് അദ്ദേഹത്തിന്റെ മൗനത്തിന്റെ പേരിലായിരുന്നു. എന്നാൽ, ഇന്ന് ആ മനുഷ്യന്റെ വില രാജ്യം തിരിച്ചറിയുന്നു എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ ആ പഴയ കഥ പറഞ്ഞത്.

ഇന്ന് ട്രംപ് ഇന്ത്യൻ മരുന്നു വാങ്ങാൻവേണ്ടി നടത്തിയ വിരട്ടലിന്റെ പശ്ചാത്തലത്തിലാണ് അത്തരമൊരു സാഹചര്യത്തിൽ ഡോ. മന്മോഹൻ സിങ് എന്തു നടപടി സ്വീകരിച്ചു എന്നത് ചർച്ചയാകുന്നത്. ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ പുസത്കത്തിൽ പറഞ്ഞ ആ പഴയ കഥയാണ് പുറത്തുവരുന്നത്. മൗനിയെന്നും കഴിവില്ലാത്തവൻ എന്നും കളിയാക്കി വിളിക്കുമ്പോൾ തന്നെയാണ് ആണവകരാർ ഒപ്പിടുന്ന വേളയിൽ അമേരിക്കൻ സമ്മർദ്ദത്തെ സിങ് മറികടന്ന വിധമാണ് അദ്ദേഹം വിവരിച്ചത്. 2005 ൽ ഇരുരാജ്യങ്ങളുമായുള്ള ആണവ കരാർ പ്രഖ്യാപിക്കുന്നതിന് തലേദിവസം അമേരിക്ക പ്രയോഗിച്ച സമ്മർദ്ദത്തിന് മുമ്പിൽ വഴങ്ങാതെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ഡോ. മന്മോഹൻ സിങ്.

എട്ട് വരെ ആണവറിയാക്ടറുകൾ ഇന്ത്യക്ക് നൽകാം എന്ന മുൻ ധാരണയിൽ നിന്നും വ്യതിചലിച്ച് അമേരിക്ക രണ്ട് റിയാക്ടറുകൾ മാത്രം നൽകാം എന്ന നിലയിലേക്ക് മലക്കം മറിച്ചു. കരാർ ഒപ്പിടാനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് അപമാന കരമായി തോന്നി. അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിൽ ഉറപ്പിച്ച അദ്ദേഹം കുലുങ്ങിയില്ല. അമേരിക്കയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്തു ഡോ. മന്മോഹൻ സിങ്.

2005 ജൂലൈ 18നാണ് വൈറ്റ് ഹൗസിന് മുന്നിൽ ആണവ കരാർ സംബന്ധിച്ച പ്രഖ്യാപനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും ചേർന്ന് നടത്താനിരിക്കുന്നത്. അമേരിക്കയുടെ മലക്കംമറിച്ചിലിന് പിന്നാലെ ജൂലൈ 17 ന് രാത്രി മന്മോഹൻ സിങ് ഇന്ത്യൻ സംഘത്തോട് കരാറിൽ നിന്ന് പിന്മാറുകയാണ് എന്ന തീരുമാനം അറിയിക്കുന്നു. രാത്രിയിൽ തന്നെ വൈറ്റ് ഹൗസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ ആണവ കരാറിൽ നിന്നും പിൻവാങ്ങുന്നു എന്ന ബോധ്യം വന്നു. പരിഭ്രാന്തയായ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് എങ്ങനെയും സിംഗിനെ കണ്ട് കരാറിൽ നിന്നും പിന്മാറരുത് എന്ന നിർദ്ദേശവുമായി എത്തി.

പെൻസിൻവാലിയ അവന്യൂവിലെ വില്യാർഡ് ഹോട്ടലിലേയ്ക്ക് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പരിഭ്രാന്തയായി കയറിച്ചെന്നും. ബുഷിന്റെ നിർദ്ദേശവുമായാണ് താൻ എത്തിയതെന്ന് പറഞ്ഞിട്ടും മന്മോഹൻ സിങ് കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് വിദേശകാര്യമന്ത്രി നട്വർ സിംഗിനെ കണ്ട് മുൻധാരണ പ്രകാരം കരാർ നടപ്പാക്കാം എന്ന് അറിയിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ അമേരിക്കയെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് ഡോ. മന്മോഹൻ സിങ് സ്വീകരിച്ചത്. ഡോ. മന്മോഹൻ സിംഗിന്റെ ശക്തമായ നിലപാടില്ലായിരുന്നുവെങ്കിൽ ഈ കരാർ ഇത്തരത്തിൽ സംഭവിക്കില്ലായിരുന്നു എന്നതും എം.കെ നാരായണൻ ചൂണ്ടിക്കാണിക്കുന്നു.

കാലാകാലങ്ങളായി അമേരിക്കയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്നാൽ അതിൽ വിധേയത്വത്തിനല്ല സൗഹൃദത്തിനാണ് സ്ഥാനം. ഭീഷണിക്ക് വഴങ്ങുന്നതും മനുഷ്യത്വത്തിന്റെ പേരിൽ സഹായം ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഇത്തരം ഭീഷണികളെ രാജ്യം ഇതിന് മുൻപ് എങ്ങിനെ നേരിട്ടു എന്ന് ഇന്ദിരാ ഗാന്ധിയും മന്മോഹൻസിംഗും അടക്കമുള്ള മുൻഗാമികളിൽ നിന്ന് നരേന്ദ്ര മോദി കണ്ടുപഠിക്കേണ്ടതുണ്ടെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 1971 ൽ ഇന്ത്യ ബംഗ്ലാദേശ് രൂപീകരിക്കുന്നതിനെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട് നിക്‌സനെയും ഇന്ദിരാഗാന്ധി കണ്ടം വഴി ഓടിച്ചിട്ടുണ്ട്. ഈ കഥയും സോഷ്യൽ മീഡിയയിൽ കോൺഗ്രസ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഡോ. മന്മോഹൻ സിംഗിന്റെ ഉപദേശം തേടണം എന്ന അഭിപ്രായവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്. ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകിയത് അടക്കമുള്ള കേന്ദ്രമന്ത്രിയുടെ നടപടികളെ മന്മോഹൻ സിങ് നേരത്ത സ്വാഗതം ചെയ്തിരുന്നു. ദീർഘവീക്ഷണവും അതിവിശാലമായ കാഴ്‌ച്ചപ്പാടമുള്ള വ്യക്തിയാണ് ഡോ. മന്മോഹൻ സിങ്.

സാമൂഹികമായ സഹവർത്തിത്വമില്ലായ്മ, സാമ്പത്തിക മാന്ദ്യം, കൊറോണ എന്നിവ രാജ്യത്ത് വലിയ ആപത്തുകൊണ്ടുവരുമെന്ന് മുൻ പ്രധാനമന്ത്രി ഡോ മന്മോഹൻ സിങ് നേരത്തെ എഴുതിയ ഒരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ മൂന്ന് പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുക മാത്രമല്ല ആഗോളതലത്തിൽ സാമ്പത്തിക-ജനാധിപത്യ ശക്തിയെന്ന രാജ്യത്തിന്റെ സൽപേരിനെയും അത് മോശമായി ബാധിക്കുമെന്ന് മന്മോഹൻ സിങ് ഒരു പ്രമുഖ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. ആദ്യത്തെ രണ്ടെണ്ണവും നമ്മൾ സ്വയം വരുത്തിവച്ചതാണ്. ഇതുകൂടാതെ ഇപ്പോൾ കൊറോണ വൈറസും. ഇത് മൂന്നും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം കുറിച്ചു. ഈ മൂന്ന് പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും മന്മോഹൻ സിങ് ലേഖനത്തിലൂടെ നിർദ്ദേശിച്ചിരുന്നു.

നേരത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പരിഹരിക്കാൻ അഞ്ചിന മാർഗ്ഗനിർദ്ദേശങ്ങൾ ആണ് മന്മോഹൻ സിങ് നിർദ്ദേശിരുന്നു. ഇത് മോദി സർക്കാർ നടപ്പിലാക്കാൻ ഇളവുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജിഎസ്ടി യുക്തിസഹമാക്കണം, തകർന്ന് കിടക്കുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണം, പണ ലഭ്യത വർധിപ്പിക്കണം, ടെക്സ്റ്റയിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്, ഹൗസിങ് മേഖലയെ വളർച്ചയിലേക്ക് തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. എളുപ്പത്തിൽ വായ്പ ലഭ്യമാക്കണം എന്നിങ്ങനെയാണ് മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP