Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദി സർക്കാർ എല്ലാവരെയും സംശയത്തിന്റെ കണ്ണിൽ നോക്കിക്കാണുന്നു; അധികൃതരുടെ ഉപദ്രവങ്ങൾ ഭയന്നാണ് വ്യവസായികൾ ജീവിക്കുന്നത്; പ്രതികാര നടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാണിക്കുന്നു; കൂടാതെ പുതിയ പദ്ധതികൾ കൊണ്ടുവരാൻ സംരംഭകർ മടി കാണിക്കുന്നു; രാജ്യത്തെ പൗരന്മാരും സർക്കാരിനെ വഞ്ചിക്കുന്നുവെന്ന് സംശയിക്കുന്നു; രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാന കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്

മോദി സർക്കാർ എല്ലാവരെയും സംശയത്തിന്റെ കണ്ണിൽ നോക്കിക്കാണുന്നു; അധികൃതരുടെ ഉപദ്രവങ്ങൾ ഭയന്നാണ് വ്യവസായികൾ ജീവിക്കുന്നത്; പ്രതികാര നടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാണിക്കുന്നു; കൂടാതെ പുതിയ പദ്ധതികൾ കൊണ്ടുവരാൻ സംരംഭകർ മടി കാണിക്കുന്നു; രാജ്യത്തെ പൗരന്മാരും സർക്കാരിനെ വഞ്ചിക്കുന്നുവെന്ന് സംശയിക്കുന്നു; രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാന കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ അതിൽ നിന്നും കരകയറാനുള്ള മാർഗ്ഗമായി ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ കണ്ടെത്തിയിരിക്കുന്ന മാർഗ്ഗം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുക എന്നതാണ്. ബിഎസ്എൻഎല്ലിന് പിന്നാലെ എയർ ഇന്ത്യയുടെയും ഭാരത് പെട്രോളിയത്തിന്റെയും ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടി കേന്ദ്രസർക്കാർ ഏറ്റവും ഭയക്കുന്ന രാഷ്ട്രീയക്കാരൻ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗാണ്. ലോകം സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി മന്മോഹൻ സിങ് കേന്ദ്രത്തിന്റെ നിശിദ വിമർശകൻ കൂടിയായാണ്. ഇന്ത്യ നീങ്ങുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മന്മോഹൻ സിങ് നേരത്തെ പ്രവചിച്ചിരുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം അച്ചട്ടായി മാറുകയാണ് ചെയ്തത്.

ഇപ്പോഴിതാ രാജ്യത്തെ സാമ്പത്തിക തളർച്ചയുടെ മൂല കാരണം വ്യക്തമാക്കി കൊണ്ട് മന്മോഹൻ സിങ് വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. സാമ്പത്തിക തകർച്ചയുടെ അടിസ്ഥാന കാരണം അവിശ്വാസമാണ് എന്നാണ് മന്മോഹൻ സിങ് പറയുന്നത്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകർത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണം എന്നാണ് മന്മോഹൻ സിങ് വ്യക്തമാക്കുന്നത്. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങൾ മോദി സർക്കാർ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളർച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സാമൂഹികഘടന ഇപ്പോൾ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്മഹോൻ സിങ് ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ സിങ് കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്നത്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഗാർഹിക ഉപഭോഗം നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇന്ന് നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ ആഴം മന്മോഹൻ സിങ് ചൂണ്ടിക്കാട്ടി. നമ്മുടെ സാമൂഹ്യ ഘടനയിലുണ്ടാക്കിയ വിള്ളലിന്റെ പ്രധാന കാരണം മോദി സർക്കാരിന്റെ വിശ്വാസയോഗ്യമല്ലാത്ത ഭരണ സിദ്ധാന്തമാണെന്നം അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ വ്യവസായികളും ബാങ്കറും നയ നിർമ്മാതാക്കളും സംരംഭകരും രാജ്യത്തെ പൗരന്മാരും സർക്കാരിനെ വഞ്ചിക്കുന്നവരാണെന്ന ഈ സംശയം നമ്മുടെ സമൂഹത്തിലുള്ള വിശ്വാസം പൂർണമായും തകരുന്നതിലേക്ക് നയിച്ചു.- മന്മോഹൻ ചൂണ്ടിക്കാട്ടി.

സർക്കാരിന്റേയും അധികൃതരുടേയും ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മന്മോഹൻ സിങ് ലേഖനത്തിൽ വെളിപ്പെടുത്തി. പ്രതികാരനടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാണിക്കുന്നു, കൂടാതെ പുതിയ പദ്ധതികൾ കൊണ്ടുവരാൻ സംരംഭകർ മടികാണിക്കുന്നു, പല കാരണങ്ങൾക്കൊണ്ട് സംരംഭം പരാജയപ്പെടുമെന്നാണ് അവർ വിശ്വസിക്കുന്നത്. സർക്കാരിലേയും മറ്റ് സ്ഥാപനങ്ങളിലെയും നയനിർമ്മാതാക്കൾ സത്യം സംസാരിക്കാനോ ബുദ്ധിപരവും സത്യസന്ധവുമായ നയ ചർച്ചകളിൽ ഏർപ്പെടാനും ഭയപ്പെടുന്നു.

സാമ്പത്തിക വളർച്ചയുടെ ഏജന്റായി പ്രവർത്തിക്കുന്ന ആളുകളാണ് ഇവരെല്ലാം. എന്നാൽ ഇവർക്കിടയിൽ അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. അത്തരം അവിശ്വാസം ഉണ്ടാകുമ്പോൾ, അത് ഒരു സമൂഹത്തിലെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്മോഹൻ സിങ് കുറിച്ചു. എല്ലാവരേയും സംശയത്തിന്റേയും അവിശ്വാസത്തിന്റേയും കണ്ണുകളിലൂടെയാണ് മോദി സർക്കാർ നോക്കി കാണുന്നത്. രക്ഷകരായി സ്വയം അവതരിച്ചുകൊണ്ട് നോട്ട് അവസാധുവാക്കൽ പോലുള്ള പൈശാചികവും വിഢിത്തപരവുമായ നയങ്ങൾ അവലംബിക്കുകയാണ്. തെറ്റായ ചിന്താഗതിയും വിനാശകരവുമാണെന്ന് ഇതെല്ലാം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. മന്മോഹൻ സിംഗിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി ഉപരാഷ്ട്രപതി നാമനിർദ്ദേശം ചെയ്തിരുന്നു. നോട്ടു നിരോധന വിഷയത്തിൽ അടക്കം സർക്കാറിനെ മന്മോഹൻ സിങ് അതി നിശിദമായി വിമര്ഞശിച്ചിരുന്നു. ജിഡിപി വളർച്ച അഞ്ച് ശതമാനമായി കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദീർഘകാലം നിലനിൽക്കുമെന്നതിന്റെ സൂചനയാണെന്നും ഇന്ത്യൻ സാമ്പത്തിക പരിഷ്‌ക്കാരത്തിന് നേതൃത്വം നൽകിയ ധനമന്ത്രി കൂടിയായ മന്മോഹൻ സിങ് വ്യക്തമാക്കിയിരുന്നു.

സമ്പദ്വ്യവസ്ഥയുടെ വളർച്ച (ജിഡിപി) കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് നിരക്കായ അഞ്ചു ശതമാനം മാത്രമാണ് രേഖപ്പെടുത്തിയതെന്ന കണക്ക് സർക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്ന് മന്മോഹൻ സിങ് വിമർശനവുമായി രംഗത്തുവന്നത്. രാജ്യത്തെ ഫാക്ടറി ഉത്പാദന രംഗത്തെ വളർച്ച കേവലം 0.6 ശതമാനമാണ്. ജി എസ് ടി മുന്നൊരുക്കങ്ങൾ ഇല്ലാതെ നടപ്പാക്കിയതും മനുഷ്യനിർമ്മിത ദുരന്തമായ നോട്ടുനിരോധനം നടപ്പാക്കിയതും ഏൽപ്പിച്ച ആഘാതത്തിൽനിന്നും സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികൾ എണ്ണമിട്ട് പറഞ്ഞാണ് മന്മോഹൻ സിങ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഉപഭോക്തൃ ഡിമാന്റിൽ വൻ കുറവാണ് ഉണ്ടായതെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായത് ആശങ്ക ഉണ്ടാക്കുന്നതാണ്. നികുതി സംവിധാനത്തിലെ നടപ്പിലാക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷം കാരണം നികുതിയിൽനിന്നുള്ള വരുമാനം വർധിക്കുന്നില്ല. സാമ്പത്തിക അതിജീവനത്തിന്റെ പാതയിലല്ല രാജ്യമെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽരഹിത വളർച്ചയാണ് മോദി ഭരണത്തിലുണ്ടാകുന്നതെന്നും മന്മോഹൻ സിങ് വിമർശിച്ചു. ഓട്ടോമൊബൈൽ മേഖലയിൽ മൂന്നര ലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. അസംഘടിതമേഖലിയിലും സമാനമായ അവസ്ഥയാണ്.

ഗ്രാമീണ മേഖലയിലെ അവസ്ഥ പരിതാപകരമാണ്. കർഷകർക്ക് ആവശ്യത്തിന് വരുമാനം ലഭിക്കുന്നില്ല. ഇന്ത്യയിലെ 50 ശതമാനം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ വരുമാന കുറവുണ്ടായതിനെയാണ് മോദി സർക്കാർ കുറഞ്ഞ നാണയപെരുപ്പമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം ഇല്ലാതാക്കപ്പെടുകയാണെന്ന് റിസർവ് ബാങ്ക് ഫണ്ട് കൈമാറിയതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. 1.76 ലക്ഷം കോടി രൂപ കൈമാറിയതിലൂടെ റിസർവ് ബാങ്കിന്റെ പ്രവർത്തനം എങ്ങനെയാവുമെന്ന് പറയാൻ കഴിയില്ലെന്നും മന്മോഹൻ സിങ് കുറ്റപ്പെടുത്തുകയുണ്ടായി.

സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി അനുവദിക്കുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ റിസർവ് ബാങ്ക് തങ്ങളുടെ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോാടി രൂപ സർക്കാരിലേക്ക് നൽകുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടെന്നും സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള മാന്ദ്യം മാറ്റാൻ കഴിയില്ലെന്നാണ് വിമർശകർ പറയുന്നത്. സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിന്റെ ഭാഗമായി കൂടി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പത്തു ബാങ്കുകളെ നാലാക്കി ലയിപ്പിക്കുന്ന പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ ഇത് കണ്ണിൽപ്പൊടിയിടൽ മാത്രമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഒപ്പം ഇത് ബാങ്കിങ് മേഖലയെ തകർക്കാൻ പോന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്. അതിനിടെയാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ തന്നെയാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് റിപ്പോർട്ടും പുറത്തു വരികയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP