Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരേതരും വിദേശത്ത് ജോലിയുള്ളവരും മാനനഷ്ടക്കേസ് കൊടുക്കും; മരിച്ചവരെന്ന് ആരോപിച്ച ആറിൽ മൂന്ന് പേരും ജീവനോടെയുണ്ടെന്ന് തെളിഞ്ഞു; ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ കള്ളവോട്ട് ആരോപണവും തിരിച്ചടിക്കുമോ? മഞ്ചേശ്വരത്തെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾ പാളുന്നു; സുരേന്ദ്രന്റെ കേസിൽ ആഘോഷമിപ്പോൾ ലീഗ് ക്യാമ്പിലും

പരേതരും വിദേശത്ത് ജോലിയുള്ളവരും മാനനഷ്ടക്കേസ് കൊടുക്കും; മരിച്ചവരെന്ന് ആരോപിച്ച ആറിൽ മൂന്ന് പേരും ജീവനോടെയുണ്ടെന്ന് തെളിഞ്ഞു; ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ കള്ളവോട്ട് ആരോപണവും തിരിച്ചടിക്കുമോ? മഞ്ചേശ്വരത്തെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾ പാളുന്നു; സുരേന്ദ്രന്റെ കേസിൽ ആഘോഷമിപ്പോൾ ലീഗ് ക്യാമ്പിലും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വിദേശത്തുള്ളവരുടേയും മരിച്ചുപോയവരുടേയും പേരിൽ കള്ളവോട്ട് നടന്നു എന്ന് ആരോപിച്ചു എങ്കിലും ഇത് തെളിയിക്കാൻ കെ സുരേന്ദ്രനായില്ല. അതിനിടെ സുരേന്ദ്രനെതിരെ ആരോപണവുമായി വോട്ടർമാർ രംഗത്ത് എത്തി. സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച പട്ടികയിൽ വിദേശത്ത് എന്ന് ആരോപിക്കപ്പെട്ട വോട്ടർമാർ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. തങ്ങളെ സമൂഹം സംശയത്തേടെയാണ് നോക്കുന്നതെന്നും ഇതുവരെ വിദേശത്തു പോകാത്തവരും പട്ടികയിലുണ്ട് എന്നും ഇവർ ആരോപിക്കുന്നു.

പരേതനെന്ന് സുരേന്ദ്രൻ ആരോപിച്ചവരിൽ ചിലർ സമൻസ് കൈപ്പറ്റിയിരുന്നു. അതിനിടയിൽ ഒരു പരേതൻ കോടതിയിൽ നേരിട്ടു ഹാജരായി. മഞ്ച്വേരം മണ്ഡലത്തിലെ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അഹമ്മദ് കുഞ്ഞി കോടതിയിൽ ഹാജരായി താൻ ജീവിച്ചിരുപ്പുണ്ട് എന്നു കോടതിയെ ബോധിപ്പിക്കുകയായിരുന്നു. കള്ളവോട്ട് ആരോപിച്ചു സമൻസ് അയച്ച അഞ്ചുപേരിൽ മൂന്നുപേരും ഇത് കൈപ്പറ്റി. പരേതരായ അഞ്ചു പേരിൽ നാലാമത്തെയാൾ തിരഞ്ഞടുപ്പിനു മുമ്പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുതാത്ത ഇദ്ദേഹത്തിന്റെ പേരും ഉണ്ട് സുരേന്ദ്രന്റെ കള്ളവോട്ട് ലിസ്റ്റിൽ. കേന്ദ്രം നൽകിയ റിപ്പോർട്ട് പരിശോധിച്ച് കോടതി തള്ളി. റിപ്പോർട്ടിൽ അവ്യക്തത ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെയാണ് സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനുള്ള സാധ്യതകൾ വോട്ടർമാർ തേടി തുടങ്ങിയത്.

26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോൾ 20 പേരും വോട്ടിങ് ദിനത്തിൽ വിദേശത്തായിരുന്നുവെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുർറസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചുപോയവരുടെയും പേരുകളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചാണ് എതിർസ്ഥാനാർത്ഥിയായ സുരേന്ദ്രൻ ഹരജി നൽകിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കള്ളവോട്ട് സംബന്ധിച്ച ആരോപണമുയർന്ന 259 വോട്ടർമാരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താൻ കോടതി സമൻസയച്ചിട്ടുണ്ട്. ഭീഷണിയുണ്ടെന്ന മെസഞ്ചറുടെ പരാതിയെ തുടർന്ന് നാലു പേർക്ക് പൊലീസ് സംരക്ഷണത്തോടെ സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

സുരേന്ദ്രൻ സമർപ്പിച്ച തിരഞ്ഞെടുപ്പ് കേസിൽ ഇതുവരെ നോട്ടീസ് നൽകിയത് 42 പേർക്കാണ്. ഇതിൽ ഹാജരായത് ഏഴുപേർ മാത്രം. കഴിഞ്ഞ എട്ടിന് ആരംഭിച്ച വിചാരണയിൽ അന്നേദിവസം 11 പേർക്കും ഒമ്പതിന് പത്ത് പേർക്കും 13ന് 11 പേർക്കും ഇന്നലെ പത്ത് പേർക്കും നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ വോട്ടുകൾ സ്വയം ബൂത്തിലെത്തി ചെയ്തതാണെന്ന് ഹാജരായവർ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ കോടതിയിൽ ഹാജരായ മഞ്ചേശ്വരം രാമത്തൽ ഹൗസിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന, മഞ്ചേശ്വരം പഞ്ചായത്തിലെ 21ാം നമ്പർ ബൂത്തിൽ താൻ ഭർത്താവിനൊപ്പം പോയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് മൊഴി നൽകി. തിരഞ്ഞെടുപ്പിന് ശേഷം ഭർത്താവ് അബ്ദുല്ല മരണപ്പെട്ടു. മരണ സർട്ടിഫിക്കറ്റ് ആമിന കോടതിയിൽ ഹാജരാക്കി. തനിക്ക് പാസ്പോർട്ട് ഇല്ലെന്നും താൻ പ്രവാസിയല്ലെന്നും ആമിന കോടതിയെ അറിയിച്ചു. മഞ്ചേശ്വരം 21ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ഇവരുടെ വോട്ട് കള്ളവോട്ടാണെന്നാണ് സുരേന്ദ്രന്റെ പരാതി.

അതിനിടെ ആറ് പരേതരുടെ വോട്ടുകൾ കള്ളവോട്ടു ചെയ്തുവെന്ന സുരേന്ദ്രന്റെ ആരോപണം തെളിയിക്കാനായില്ല. ഇതിൽ മൂന്നുപേർ ജീവിച്ചിരിപ്പുണ്ട്. ഇവർ കോടതി നൽകിയ സമൻസ് കൈപറ്റി. മഞ്ചേശ്വരം ഉദ്യാവർ 20ാം നമ്പർ ബൂത്തിലെ വോട്ടറായ ഹാജി അഹമ്മദ് ബാവയുടെ വോട്ട് പോൾ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇച്ചിലങ്കോട്ടെ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷയെ ഇരട്ട വോട്ടറാക്കിയാണ് സുരേന്ദ്രൻ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബാക്രബയലിലെ ഭിന്നശേഷിക്കാരനായ ഇദ്ദീൻകുഞ്ഞിയുടെ മകൻ ഹമീദ് കുഞ്ഞി, മംഗൽപാരി പഞ്ചായത്തിലെ ഉപ്പള ഗേറ്റിലെ മമ്മുഞ്ഞി എന്നിവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായി. സുരേന്ദ്രൻ ചൂണ്ടിക്കാണിച്ച മറ്റൊരു വോട്ടറായ ഉദ്യാവരത്തെ അലിയുടെ മകൻ മുഹമ്മദിനെ കുറിച്ച് നാട്ടുകാർക്ക് വിവരമൊന്നും ഇല്ല. തിരഞ്ഞെടുപ്പ് കേസ് പുരോഗമിക്കുമ്പോൾ സുരേന്ദ്രന്റെ വാദങ്ങൾക്ക് വിശ്വാസ്യതയില്ലെന്ന് തെളിയുന്നതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

അതിനിടെ സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ട് ലിസ്റ്റിൽ ന്യൂനപക്ഷ മോർച്ച മുൻ നേതാവുമുൾപ്പെട്ടത് കൗതുകമയി. ന്യൂനപക്ഷ മോർച്ചാ മുൻ ഭാരവാഹി അഷ്റഫാണ് ഈ പട്ടികയിൽ ഇടം നേടിയത്. അഷ്റഫ് വിദേശത്തായിരിക്കെ നാട്ടിൽ കള്ളവോട്ട് ചെയ്തെന്നാണ് സുരേന്ദ്രന്റെ ആരോപണം. എന്നാൽ, തന്റെ വോട്ട് താൻ തന്നെയാണ് ചെയ്തതെന്ന് അഷ്റഫ് വ്യക്തമാക്കി. ഇതും സുരേന്ദ്രന് തിരിച്ചടിയായി. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ എംഎ‍ൽഎയുടെ രാജിയടക്കമുള്ള കാര്യങ്ങളിൽ മാധ്യമങ്ങളും മറ്റും ചർച്ച നടത്തുന്നതിനെ നേരത്തെ കോടതി വിമർശിച്ചു. ഇത് ശരിയായ നടപടിയല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാകുന്നത്.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 281 പേർ കള്ള വോട്ട് ചെയ്തുവെന്നും 89 വോട്ടിന് താൻ പരാജയപ്പെട്ടത് അതിനാലാണെന്നും അതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ബി. അബ്ദുൾ റസാഖ് വിജയിച്ചത് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്നാണ് ബിജെപി. സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ നൽകിയ പരാതി. സ്ഥലത്തില്ലാത്തവരുടെയോ മരിച്ചുപോയവരുടെയോ വോട്ട് ചെയ്യപ്പെട്ടെന്ന് തെളിയിച്ചാൽമാത്രമേ കള്ളവോട്ടെന്ന് ഉറപ്പാക്കാനാകൂ. ഭൂരിപക്ഷത്തെ സ്വാധീനിക്കത്തക്ക എണ്ണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തണം. എങ്കിൽ ക്രമനമ്പറും മറ്റുംനോക്കി ആ വോട്ടുകൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടും. ഇതിലേക്ക് കാര്യങ്ങളെത്താനുള്ള സാധ്യത നിലവിൽ കുറവാണെന്നാണ് വിലയിരുത്തൽ

2001-ൽ ഇരവിപുരത്തുനിന്ന് ഇടതുമുന്നണിയിലെ എ.എ. അസീസിന്റെ വിജയത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗിലെ അഹമ്മദ് കബീർ കോടതിയെ സമീപിച്ചിരുന്നു. 21 വോട്ടിനാണ് അന്ന് അസീസ് ജയിച്ചത്. ഫലത്തെ സ്വാധീനിക്കുന്നത്ര കള്ളവോട്ട് കണ്ടെത്തിയതിനാൽ ഡീകോഡ് ചെയ്ത് ആ വോട്ട് ആർക്ക് ലഭിച്ചെന്ന് കോടതി പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ മാറിയ വോട്ട് പരിശോധിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഇതിന് സമാനമായ അവസ്ഥയിലേക്ക് ഈ കേസും മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP