Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

ഡൽഹി മദ്യനയ അഴിമതിക്കേസ്: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് സിബിഐ; നടപടി, ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം; സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ; പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാർട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസ്: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് സിബിഐ; നടപടി, ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം; സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ; പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ ഇന്ന് രാവിലെ മുതൽ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ ആസ്ഥാനത്തെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.

സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഊഹാപോഹങ്ങൾക്കിടെ ആം ആദ്മി പാർട്ടി വലിയ പ്രതിഷേധ പരിപാടികളാണ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റിച്ചോദിച്ചിരുന്നു.പിന്നീടാണ് 26-ന് ഹാജരാകാൻ സിബിഐ. ആവശ്യപ്പെട്ടത്. ഒക്ടോബറിലായിരുന്നു ഇതിനുമുമ്പ് സിസോദിയയെ സിബിഐ. ചോദ്യം ചെയ്തത്. കേസിൽ ആദ്യംസമർപ്പിച്ച കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.

മദ്യനയത്തിലെ ക്രമക്കേടുകളുടെപേരിൽ സിസോദിയ അടക്കം 15 പേർക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇ.ഡി.യും കേസന്വേഷിക്കുന്നുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയ അടക്കം ഇതുവരെ പത്തുപേർ അറസ്റ്റിലായി.

സിസോദിയയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിക്കുന്നത്. താൻ ഏഴോ എട്ടോ മാസം ജയിലിൽ കഴിയുമെന്ന് ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയ പറഞ്ഞിരുന്നു. സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അറിയിക്കുകയുണ്ടായി.

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് അറസ്റ്റിന് പിന്നാലെ എഎപി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്‌റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും ആംആദ്മി ട്വീറ്റ് ചെയ്തു. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിനു ചുറ്റും പൊലീസ് നിരോധനാജ്ഞയും വൻ സുരക്ഷയും ഏർപ്പെടുത്തി.

ആംആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പമാണ് രാവിലെ ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ സിബിഐക്ക് മുന്നിലെത്തിയത്. അതിന് തൊട്ടുമുമ്പ് താൻ ഭഗത് സിംഗിന്റെ അനുയായിയാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സിസോദിയയുടെ ട്വീറ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു ആംആദ്മി പാർട്ടിയും.

എക്‌സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് ഡൽഹി മദ്യ നയ കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡൽഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷൻ തുകയാണെന്നും സിബിഐ എഫ്‌ഐആറിൽ പറയുന്നു.

കേസിൽ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളിൽ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. കണക്കിൽപെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നും കേന്ദ്രത്തിന്റെയും ബിജെപിയുടേയും ഗൂഢാലോചനയാണ് കേസെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‌സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ നേരത്തെ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP