Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപിലേക്ക് പോകാൻ ആലുവ പാലസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യൂത്ത് കോൺഗ്രസുകാർ; 10 മിനിറ്റോളം വണ്ടി തടഞ്ഞിട്ട് മോദിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ; പൗരത്വ നിയമത്തിലെ പ്രതിഷേധ ചൂട് കേരളത്തിൽ തിരിച്ചറിഞ്ഞത് മണിപൂർ ഗവർണ്ണർ; നജ്മാ ഹെപ്തുള്ളയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസിന്റെ യുവജന വിഭാഗം; മണിപൂർ പൗരത്വ നിയമത്തിന് അനുകൂലമെന്ന പ്രതികരണവുമായി നജ്മ ഹെപ്തുള്ളയും

ലക്ഷദ്വീപിലേക്ക് പോകാൻ ആലുവ പാലസിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യൂത്ത് കോൺഗ്രസുകാർ; 10 മിനിറ്റോളം വണ്ടി തടഞ്ഞിട്ട് മോദിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ; പൗരത്വ നിയമത്തിലെ പ്രതിഷേധ ചൂട് കേരളത്തിൽ തിരിച്ചറിഞ്ഞത് മണിപൂർ ഗവർണ്ണർ; നജ്മാ ഹെപ്തുള്ളയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസിന്റെ യുവജന വിഭാഗം; മണിപൂർ പൗരത്വ നിയമത്തിന് അനുകൂലമെന്ന പ്രതികരണവുമായി നജ്മ ഹെപ്തുള്ളയും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മണിപ്പൂർ ഗവർണർക്ക് നേരെ ആലുവയിൽ കരിങ്കൊടി. ലക്ഷദ്വീപിലേക്ക് പോകാനെത്തിയ മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ള നേരെയാണ് ഒരുകൂട്ടം യൂത്ത് കോൺഗ്രസ് , കെ.എസ്.യുപ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ആലുവ പാലസിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലെക്ക് യൂത്ത് കോൺഗ്രസ് നേതാവ് പി.ബി സുനീറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മുദ്യാവാക്യങ്ങളുമായി എടുത്ത് ചാടിയത്. കോൺഗ്രസിന്റെ മുൻ നേതാവാണ് നജ്മ ഹെപ്തുള്ള. പിന്നീട് അവർ ബിജെപിയിൽ ചേരുകയായിരുന്നു.

10 മിനുറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി. അപ്രതീക്ഷിതമായത്തിയ പ്രതിഷേധമായതിനാൽ കൂടുതൽ പൊലീസ് ഉണ്ടായിരുന്നില്ല. അതിനിടെ പൗരത്വ നിയമം നടപ്പാക്കിയത് മൂലം മണിപ്പൂരിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ല. അവിടെ യാതൊരു പ്രശ്‌നങ്ങളുമില്ല . മണിപൂരിൽ സർക്കാർ പൗരത്വ നിമയത്തിന് അനുകൂലമാണെന്നും ഗവർണർ പറഞ്ഞു. പൗരത്വ നിയമത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നും അവർ കൂട്ടി ച്ചേർത്തു. പൗരത്വത്ത ബിലിനെതിരെ പ്രതികരിക്കുന്നവരെ തുറുങ്കിലടക്കുന്ന നരേന്ദ്ര മോദി രാജി വക്കണമെന്നും ജാമിയ മിലിയ സമരക്കാർക്ക് ഐക്യദാർഢ്വം പ്രഖ്യാപിച്ചായിരുന്നു നജ്മാ ഹെപ്തുള്ളയെ തടഞ്ഞവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിൽ കേരളത്തിലും പ്രതിഷേധം നടന്നിരുന്നു. ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിൽ ബാരിക്കേഡുകൾ വെച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. എന്നാൽ ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാർ ബാരിക്കേഡിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ മാർച്ചിന് പിന്നാലെ കെ.എസ്.യു. പ്രവർത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദ്യാർത്ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. സർക്കാരും പ്രതിപക്ഷവും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും പ്രതിഷേധങ്ങൾ. ഡൽഹി പൊലീസ് ആസ്ഥാനത്തെ വിദ്യാർത്ഥികളുടെ ഉപരോധം സമരം അവസാനിപ്പിച്ചിട്ടുണ്ട്. പൊലീസ് പിടികൂടിയ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് മണിക്കൂറുകൾനീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്.

മരംകോച്ചുന്ന തണുപ്പിലും നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയത്. സർവസന്നാഹങ്ങളുമായി പൊലീസും അണിനിരന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെയെല്ലാം വിട്ടയച്ചതായി ഡൽഹി പൊലീസ് പി.ആർ.ഒ. എം.എസ്.രൺധവ അറിയിച്ചു. ഇതോടെയാണ് പൊലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം വിദ്യാർത്ഥികൾ അവസാനിപ്പിച്ചത്. ഡൽഹി ജാമിയ മിലിയ, ജവഹർലാൽ നെഹ്രു സർവകലാശാലകളിലെ വിദ്യാർത്ഥികളാണ് പൊലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തിൽ അണിനിരന്നത്. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ പൊലീസ് അതിക്രമത്തിൽ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി രാജ്യവ്യാപകമായി വൻപ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ സർവകലാശാലകളിലും നഗരങ്ങളിലും വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി.

ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളിൽ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. അലിഗഢ് സർവകലാശാലയിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് ജനുവരി അഞ്ച് വരെ അലിഗഢ് സർവകലാശാല അടച്ചിട്ടു. 15 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിന് പിന്നാലെ മീററ്റ്, അലിഗഢ്, സഹാറൻപുർ എന്നിവടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം, ഡൽഹി പൊലീസ് ക്യാമ്പസിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

പൊലീസുകാർ തന്നെ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്തുവിട്ടു. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ ഹോസ്റ്റലിലും ലൈബ്രറിയിലും ശുചിമുറികളിലും വരെ കയറിയാണ് പൊലീസ് മർദിച്ചതെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP