Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

കൈയിലുള്ള പണം തീർന്നപ്പോൾ ക്ലീനറെ ഉപേക്ഷിച്ച് മുങ്ങിയ ലോറി ഡ്രൈവർ; ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആന്ധ്രാക്കാരൻ മൃതപ്രായനായി; റോഡരികിൽ കിടന്ന ആളിനെ സ്‌റ്റേഷനിലാക്കിയത് മംഗളം ചാനൽ അവതാരക; ജീവൻ തിരിച്ചു നൽകി മംഗലപുരം സ്റ്റേഷനിലെ കാക്കിക്കുള്ളിലെ സുമനസ്സ്; ഈ വിജയവാഡക്കാരൻ മടങ്ങുന്നത് ദൈവത്തിന്റെ നാട്ടിലെ നന്മയ്ക്ക് നന്ദി പറഞ്ഞ്

കൈയിലുള്ള പണം തീർന്നപ്പോൾ ക്ലീനറെ ഉപേക്ഷിച്ച് മുങ്ങിയ ലോറി ഡ്രൈവർ; ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആന്ധ്രാക്കാരൻ മൃതപ്രായനായി; റോഡരികിൽ കിടന്ന ആളിനെ സ്‌റ്റേഷനിലാക്കിയത് മംഗളം ചാനൽ അവതാരക; ജീവൻ തിരിച്ചു നൽകി മംഗലപുരം സ്റ്റേഷനിലെ കാക്കിക്കുള്ളിലെ സുമനസ്സ്; ഈ വിജയവാഡക്കാരൻ മടങ്ങുന്നത് ദൈവത്തിന്റെ നാട്ടിലെ നന്മയ്ക്ക് നന്ദി പറഞ്ഞ്

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമാകുന്ന മംഗലപുരം പൊലീസ് സ്റ്റേഷനെ കുറിച്ചും ആരോഗ്യപ്രവർത്തകനായിരുന്ന അവിടത്തെ സിഐ തോംസണെ കുറിച്ചും മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ വീണ്ടും ചർച്ചയാകുകയാണ് മംഗലപുരം പൊലീസ് സ്റ്റേഷൻ.

ലോക്ക്ഡൗൺ കാലത്ത് പൊലീസ് ജനങ്ങളുടെ പേടി സ്വപ്നമായി മാറുമ്പോൾ ഭക്ഷണം പോലും ലഭിക്കാതെ അവശനായ ആന്ധ്രസ്വദേശിക്ക് കൈത്താങ്ങായ നന്മയുടെ കഥയാണ് മംഗലപുരത്തെ പൊലീസുകാർക്ക് പറയാനുള്ളത്. തിരുവനന്തപുരത്ത് അകപെട്ടുപോയ ആന്ധ്രാസ്വദേശി പ്രകാശിനാണ് മംഗലപുരത്തെ പൊലീസുകാർ ആശ്രയമൊരുക്കിയത്.

ലോറിയിൽ ക്ലീനറായി ജോലി നോക്കുന്ന പ്രകാശ് ഒരാഴ്‌ച്ചമുമ്പാണ് പഞ്ചാബി ലോറിയിൽ തിരുവനന്തപുരത്ത് എത്തുന്നത്. ലോറിയിൽ ഡ്രൈവറും ക്ലീനറായി പ്രകാശനും മറ്റൊരു പണിക്കാരനുമാണ് ഉണ്ടായിരുന്നത്. മറ്റുള്ള രണ്ടുപേരും പഞ്ചാബ് സ്വദേശികൾ. എന്നാൽ കയ്യിലുള്ള പണം ഭക്ഷണത്തിന് പോലും തികയാതെ വന്നപ്പോൾ അവർ പ്രകാശിനെ തിരുവനന്തപുരത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കയ്യിൽ പണമൊന്നും കരുതിയിട്ടില്ലാത്ത പ്രകാശിന് ആഹാരം കഴിക്കാനോ പ്രാഥമിക കർമങ്ങൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ. ദിവസങ്ങൾ കടന്നുപോയതോടെ പ്രകാശ് അവശനായി. മൃതപ്രായനായി വഴിവക്കിൽ കിടന്ന പ്രകാശിനെ മാധ്യമപ്രവർത്തകയായ ആൻസിയാണ് ഇന്നലെ മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നത്. പ്രകാശിനോട് കാര്യങ്ങളൊക്കെ ഹിന്ദിയിൽ ചോദിച്ചറിഞ്ഞത് ആന്ധ്രയിൽ ഡ്യൂട്ടി ചെയ്തിട്ടുള്ള സീനിയർ സിപിഒ കുമാറാണ്. വിജയവാഡ ജില്ലയിൽ ചാലാപ്പൂർ സ്വദേശിയാണ് 45 കാരനായ പ്രകാശ്. അവിവാഹിതനായ പ്രകാശിന്റെ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും മാത്രമാണുള്ളത്.

തീരെ അവശനിലയിലായിരുന്ന പ്രകാശിന് ഭക്ഷണവും വസ്ത്രവുമൊക്കെ വാങ്ങി നൽകിയ മംഗലപുരം പൊലീസ് അദ്ദേഹത്തിന് രാത്രി കിടക്കാനും ശുചിയാകാനുമുള്ള സൗകര്യങ്ങളും ഒരുക്കിനൽകി. മീശപിരിച്ച് ഭയപ്പെടുത്തുന്ന പൊലീസുകാരെ മാത്രം കണ്ടുശീലിച്ച പ്രകാശിന് ഇതൊക്കെ ഒരു അത്ഭുതമായിരുന്നു. പൊലീസ് സ്റ്റേഷനിലേയ്ക്കെത്തുമ്പോൾ ഭയപ്പാടോടെയാണ് പ്രകാശ് എല്ലാവരോടും സംസാരിച്ചത്. എന്നാൽ ഇന്ന് നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ പ്രകാശിന് അവിടെത്തെ പൊലീസുകാരൊക്കെ സുഹൃത്തുക്കളായി മാറിയിരുന്നു. നാട്ടിലെത്തിയാൽ അവിടെയുള്ളവരോടൊക്കെ പറയാനുള്ളതും കേരളത്തിലെ ജനമൈത്രി പൊലീസിനെ കുറിച്ച് തന്നെയാണ്.

ഇന്നത്തെ കേരള എക്സ്പ്രസിൽ ടിക്കറ്റ് എടുത്തുനൽകി വഴിച്ചെലവിന് പണവും നൽകിയാണ് പ്രകാശിനെ തിരിച്ചു വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. സർക്കിൾ ഇൻസ്പെക്ടർ തോംസന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ കുമാർ, സിപിഒ കുമാർ കെ, സിപിഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രകാശിന് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുനൽകിയത്.

പ്രകാശിനെ തെരുവിൽ നിന്നും പൊലീസ് സ്റ്റേഷനിലെത്തിച്ച മംഗളം ചാനലിലെ മാധ്യമപ്രവർത്തക ആൻസിയും പ്രകാശിനെ യാത്രയാക്കാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP