Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മംഗളത്തിന്റെ ക്ഷമാപണം പെൺ കെണിയിൽ മുഖം നഷ്ടപ്പെട്ട ശശീന്ദ്രന് തൽകാലം ആശ്വാസമായി; കുടുംബം കൈവിട്ടില്ലെന്നുറപ്പാക്കാൻ ഭാര്യയ്‌ക്കൊപ്പം കോഴിക്കോട്ടെത്തി; ശശീന്ദ്രനെ പുറത്താക്കാൻ പെൺകെണിയൊരുക്കിയ മംഗളം മാത്രം തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് എഴിതിയതിലും സംശയം; ശശീന്ദ്രൻ മടങ്ങി വരുന്നതിനോട് പലർക്കും യോജിപ്പ്

മംഗളത്തിന്റെ ക്ഷമാപണം പെൺ കെണിയിൽ മുഖം നഷ്ടപ്പെട്ട ശശീന്ദ്രന് തൽകാലം ആശ്വാസമായി; കുടുംബം കൈവിട്ടില്ലെന്നുറപ്പാക്കാൻ ഭാര്യയ്‌ക്കൊപ്പം കോഴിക്കോട്ടെത്തി; ശശീന്ദ്രനെ പുറത്താക്കാൻ പെൺകെണിയൊരുക്കിയ മംഗളം മാത്രം തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് എഴിതിയതിലും സംശയം; ശശീന്ദ്രൻ മടങ്ങി വരുന്നതിനോട് പലർക്കും യോജിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിവാദം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ മംഗളത്തിന്റെ ക്ഷമാപണം എത്തി. ഇതോടെ മന്ത്രിപദം രാജിവച്ച ശശീന്ദ്രൻ തൽക്കാലം മുഖം രക്ഷിക്കുകയാണ്. അപ്പോഴും വയസ്സുകാലത്ത് പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പേരു ദോഷം മാറാതെ നിൽക്കുകയും ചെയ്യും. എങ്കിലും തന്നെ കെണിയിൽപ്പെടുത്തിയെന്ന വാദവുമായി പിടിച്ചു നിൽക്കാൻ ശശീന്ദ്രന് കഴിയും. ഇതിനിടെയിൽ തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയിൽ മംഗളം ഉറച്ച നിലപാട് എടുത്തതും വിവാദമാവുകയാണ്. മന്ത്രിയായി തോമസ് ചാണ്ടി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് മംഗളത്തിന്റെ വിലയിരുത്തൽ. പെൺകണിയിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം ഇതും പരിശോധിക്കും.

ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ഹൈടെക് സെൽ ഡിവൈഎസ്‌പി ബിജുമോനാണ് അന്വേഷണച്ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിജിപിക്കു ലഭിച്ച പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യാനാണു തീരുമാനം. എൻ. രാമചന്ദ്രൻ (കോട്ടയം എസ്‌പി), പ്രതീഷ് (പാലക്കാട് എസ്‌പി), ഷാനവാസ് (ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി), സുധാകുമാരി (എസ്‌ഐ, തിരുവനന്തപുരം) തുടങ്ങിയവരാണ് മറ്റുള്ളവർ. ശശീന്ദ്രനെ കുടുക്കിയതാണെന്നു ചാനൽ സമ്മതിക്കുമ്പോൾ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.ട

ഫോൺസംഭാഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് രേഖാമൂലം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള നടപടി പുറത്തുവരുന്നത്. എ.കെ. ശശീന്ദ്രന്റെ രാജിക്കു വഴിവച്ച ഫോൺസംഭാഷണ വിവാദത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു മൂന്നു പരാതികളാണു പൊലീസിന് ലഭിച്ചത്. ഇതിനുപുറമെ വനിതാ മാധ്യമപ്രവർത്തകരും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഫോൺ സംഭാഷണത്തിന്റെ ഉറവിടത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണന്നായിരുന്നു പരാതിയിലെ പരാമർശം.

മന്ത്രിയെ ഫോണിൽ വിളിച്ച പെൺകുട്ടിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതെല്ലാം മംഗളം സിഇഒ അജിത് കുമാറിന് ഊരാക്കുടുക്കായി മാറും. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടത്താൻ അഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി രാജിവച്ചതിനു പിന്നാലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിൽ ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിരുന്നു. ചാനൽ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരും.

അതിനിടെ തന്നെ കുടുക്കിയതാണെന്നു ചാനൽ തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ചാനൽ ഖേദപ്രകടനം നടത്തിയതിനെത്തുടർന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോടാണ് ശശീന്ദ്രൻ നിലപാട് അറിയിച്ചത്. തുടർന്നുള്ള കാര്യങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനം. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാർട്ടി തീരുമാനിക്കും. ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം രംഗത്തിറങ്ങിയതിൽ ദുരൂഹത

ലൈംഗികാരോപണത്തെ തുർന്ന് എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിൽ പുതിയ മന്ത്രി ഉടനെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തത്. കുട്ടനാട് എംഎ‍ൽഎ തോമസ് ചാണ്ടിയാണ് എൻ.സി.പിയുടെ പുതിയ മന്ത്രി. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുമ്പ് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എൻ.സി.പി നേതാക്കൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇക്കാര്യം ചർച്ച ചെയ്യുമെന്നും മംഗളം പറയുന്നു.

കഴിഞ്ഞ ദിവസം ചേർന്ന എൻ.സി.പി നേതൃയോഗം മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയുടെ പേര് നിർദ്ദേശിച്ചിരുന്നു. എൻ.സി.പി ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെയാണ് തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പായത്. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ സി.പി.എം ജനറൽ സെക്രട്ടറി യെച്യൂരിയോട് ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും ശരത് പവാർ ആവശ്യപ്പട്ടു. എന്നാൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനോട് യോജിപ്പില്ല. ശശീന്ദ്രനെ തിരിച്ചുകൊണ്ടു വന്നാലും തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്നതാണ് പിണറായിയുടെ നിലപാട്. ഈ സാഹചര്യത്തിനിടെയിലും മംഗളം തോമസ് ചാണ്ടിയുടെ മന്ത്രിപദം ഉറപ്പിക്കുകയാണെന്നതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.

എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി. സംസ്ഥാന നേതൃയോഗം നിർദേശിച്ചെങ്കിലും പ്രതിബന്ധങ്ങളുയർന്നതോടെ ഗോവ പാർട്ടി ഘടകത്തിന്റെ ഇടപെടലുണ്ടായെന്നും പറയുന്നു. കേരളത്തിൽ നിന്നുള്ള ചില പ്രമുഖ നേതാക്കളുടെ താൽപ്പര്യപ്രകാരം തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാട് ദേശീയ അധ്യക്ഷൻ ശരത്പവാർ സ്വീകരിച്ചതോടെയാണ് കടുത്ത സമ്മർദവുമായി ഗോവ ഘടകത്തിന്റെ രംഗപ്രവേശം. പാർട്ടിക്കു രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം നഷ്ടമാക്കരുതെന്നും തോമസ് ചാണ്ടിക്ക് ഉടൻ അവസരം നൽകണമെന്നുമാണ് എൻ.സി.പിയുടെ ഗോവ സംസ്ഥാന പ്രസിഡന്റും രണ്ടുതവണ റവന്യുമന്ത്രിയുമായിരുന്ന ജോസ് ഫിലിപ് ഡിസൂസ ആവശ്യപ്പെട്ടിരിക്കുന്നത്.

തീരുമാനം വൈകിയാൽ താനടക്കം നേതൃനിരയിലുള്ളവർ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും അവർ ദേശീയ നേതൃത്വത്തിന് നൽകിയെന്നാണു വിവരം. തോമസ് ചാണ്ടിയുമായി അടുപ്പം പുലർത്തുന്ന ഗോവ എൻ.സി.പിയിലെ കോ-ഓർഡിനേറ്ററായ കുട്ടനാട് സ്വദേശി ബെൻസി അറയ്ക്കൽ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കാൻ പിന്തുണ തേടി ജോസ് ഫിലിപ് ഡിസൂസയെ സമീപിച്ചതെന്നും പറയുന്നു. അശ്ലീല സംഭാഷണക്കേസിൽ ജുഡീഷ്യൽ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാകുമെന്നിരിക്കെ അതുവരെ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ശരത് പവാറിനെ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ ധരിപ്പിച്ചത്. ഇതിനെ അപ്രസക്തമാക്കുന്നത തരത്തിലായിരുന്നു മംഗളത്തിന്റെ വാർത്ത.

അതിനിടെ രാഷ്ട്രീയ കോളിളക്കങ്ങൾ കടന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് തിരികെയെത്തി. പാർട്ടി പ്രവർത്തകരും സിഐടിയു തൊഴിലാളികളും ചേർന്നു മുൻ ഗതാഗതമന്ത്രിയെ കെഎസ്ആർടിസി ബസ് ടെർമിനലിൽ സ്വീകരിച്ചു. പുലർച്ചെ അഞ്ചേകാലിനാണ് കെഎസ്ആർടിസിയുടെ സ്‌കാനിയ ബസിൽ ശശീന്ദ്രനും ഭാര്യ അനിതയും കോഴിക്കോട്ടെത്തിയത്. പ്രതിസന്ധിയിൽ പിന്തുണ നൽകിയ പൊതു സമൂഹത്തോടു നന്ദിയുണ്ടെന്നു ശശീന്ദ്രൻ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കാനായിരുന്നു ഭാര്യയുമൊത്തുള്ള ബസ് യാത്ര. തിരുവനന്തപുരത്തു ശശീന്ദ്രനെ യാത്രയാക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ശശീന്ദ്രൻ നിരപരാധിത്വം തെളിയിച്ചു മന്ത്രിക്കസേരയിൽ മടങ്ങിയെത്തുമെന്ന് ഉഴവൂർ വിജയൻ പറഞ്ഞിരുന്നു. ഇതിനിടെയിലും തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം വാർത്ത എഴുതുന്നുവെന്നതാണ് സംശയത്തിന് ബലം കൂട്ടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP