Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശീന്ദ്രനെ കുടുക്കിയത് കോഴിക്കോട് പഠിച്ച കൊല്ലം ജില്ലക്കാരിയായ 24കാരിയായ പത്രപ്രവർത്തകയെന്ന് ഇന്റലിജൻസ്; വിവാഹ മോചിതയായ പത്രപ്രവർത്തകയുടെ ഷോർട്ട് ഫിലിം സംവിധായകനായ കാമുകനും പൊലീസ് നിരീക്ഷണത്തിൽ; രണ്ട് മന്ത്രിമാർ കൂടി ഹണി ട്രാപ്പിൽ പെട്ടു

ശശീന്ദ്രനെ കുടുക്കിയത് കോഴിക്കോട് പഠിച്ച കൊല്ലം ജില്ലക്കാരിയായ 24കാരിയായ പത്രപ്രവർത്തകയെന്ന് ഇന്റലിജൻസ്; വിവാഹ മോചിതയായ പത്രപ്രവർത്തകയുടെ ഷോർട്ട് ഫിലിം സംവിധായകനായ കാമുകനും പൊലീസ് നിരീക്ഷണത്തിൽ; രണ്ട് മന്ത്രിമാർ കൂടി ഹണി ട്രാപ്പിൽ പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മംഗളം ടിവിയിലെ അശ്ലീല സംഭാഷണ വിസ്‌ഫോടനത്തിന് പിന്നിൽ ഹണി ട്രാപ് തന്നെയെന്ന് പൊലീസും. ചാനലിലൂടെ പുറത്തു വന്ന ശബ്ദം ശശീന്ദ്രന്റേത് തന്നെയെന്നും വ്യക്തമായിട്ടുണ്ട്. താൻ ആരോടും ഇത്തരത്തിൽ സംസാരിച്ചതായി ഓർക്കുന്നില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മംഗളത്തിലെ തന്നെ പത്രപ്രവർത്തകയാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയയിലും മറ്റും സജീവമായി ഇടപെടുന്ന ഈ മാധ്യമ പ്രവർത്തകയേയും കാമുകനേയും പൊലീസ് നിരീക്ഷിക്കുന്നുമുണ്ട്. പൊലീസിലെ ഇന്റലിജൻസിനെ ഉദ്ദരിച്ച് കേരള കൗമുദിയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോഴിക്കോടാണ് ഈ യുവതി ജേർണലിസം പഠിച്ചത്. കൊല്ലം സ്വദേശിയായ ഈ ഇരുപത്തിനാലുകാരി മറ്റൊരു ചാനലിലും ജോലി നോക്കിയിട്ടുണ്ട്. വിവാഹ മോചിതയുമാണെന്നാണ് സൂചന. യുവതിയുടെ കാമുകനും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾ ഷോർട് ഫിലിം സംവിധായകനാണെന്നും സൂചനയുണ്ട്. ധാർമികതയുടെ പേരിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഫോൺവിളി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശശീന്ദ്രനും ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് വലിച്ചിട്ട സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള അജ്ഞാത ആരാണ് ? ഒരു ശബ്ദശകലം പോലും പുറത്തുവിടാതെ സ്വകാര്യ ചാനൽ യുവതിയെ സംരക്ഷിക്കുകയാണെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന് ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു. മന്ത്രിക്ക് പരാതി നൽകാനെത്തിയ യുവതിയെ ലൈംഗിക താത്പര്യത്തിനുപയോഗിച്ചെന്ന ആക്ഷേപം രഹസ്യാന്വേഷണ വിഭാഗം തള്ളുന്നു. ശശീന്ദ്രനെ കുടുക്കിയതാണെന്നാണ് നിഗമനം. കോഴിക്കോട് വിദ്യാഭ്യാസം നേടിയ കൊല്ലം ജില്ലക്കാരിയായ 24കാരിയാണ് ഫോൺ സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ളതെന്നാണ് ഇന്റലിജൻസ് പറയുന്നത്. മാധ്യമപ്രവർത്തനവുമായി ബന്ധമുള്ളയാളാണ് ഈ യുവതി. നേരത്തേ വിവാഹമോചിതയായ യുവതിയുടെ ഇപ്പോഴത്തെ കാമുകനായ ഷോർട്ട്ഫിലിം രംഗത്തുള്ള യുവാവിനെ ഇന്റലിജൻസ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം മറ്റു രണ്ടുമന്ത്രിമാർ കൂടി ചാനൽ കെണിയിൽ പെട്ടതായി അഭ്യൂഹം പ്രചരിക്കുകയാണ്. സഭ്യമല്ലാത്ത ശബ്ദം സംപ്രേഷണം ചെയ്തതിന് ചാനലിനെതിരേ കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.-ഇങ്ങനെയാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. 

സംഭവത്തിൽ അനിൽ അക്കരെ എംഎൽഎ പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭാഷണത്തെ കുറിച്ച് ഗൗരവത്തോടെ അന്വേഷണം നടത്താൻ ഫോൺ സംഭാഷണം വന്നപ്പോൾ തന്നെ ധാരണയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരങ്ങൾ കണ്ടെത്തിയത്. അതിനിടെയാണ് ജ്യൂഡീഷ്യൽ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചാനലിന്റെ കൈയിൽ രണ്ട് മന്ത്രിമാർക്കെതിരെയുള്ള ഫോൺ സംഭാഷണം കൂടിയുണ്ടെന്നാണ് സൂചന. ഇത് പുറത്തുവരാതിരിക്കാനും ചാനലിനെ സമ്മർദ്ദത്തിലാക്കാനുമാണ് ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന. ഇതിനിടെയാണ് ഹണിട്രാപ്പാണ് ഉണ്ടായതെന്നും വനിതാ മാധ്യമ പ്രവർത്തകയാണ് ഇതിന് പിന്നിലെന്നും പൊലീസും കണ്ടെത്തുന്നത്. ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ ഈ കേസിൽ പൊലീസിന്റെ ഇടപെടലൊന്നും തൽക്കാലം ഉണ്ടാകില്ല. റിട്ടയേർഡ് ജില്ലാ ജഡ്ജിയെ ഉടൻ നിയോഗിച്ച് അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ചാനലിൽ നിന്ന് ടെലിഫോൺ സംഭാഷണത്തിന്റെ പൂർണ്ണ രൂപവും ജ്യുഡീഷ്യൽ കമ്മീഷൻ ആവശ്യപ്പെട്ടേക്കും.

സംഭാഷണത്തിന്റെ ആധികാരികരത ഉറപ്പായ സ്ഥിതിക്ക് ജ്യൂഡീഷ്യൽ അന്വേഷണത്തിന്റെ പ്രസക്തിയിലും ചോദ്യം ഉയരുന്നുണ്ട്. സ്ത്രീ സുരക്ഷയുടെ പേരിലെ അന്വേഷണാത്മക പത്രപ്രവർത്തനമാണ് നടത്തിയതെന്ന വാദം മംഗളത്തിന് ഉന്നയിക്കാം. വളരെ ഗുരുതരമായ പദപ്രയോഗങ്ങൾ മന്ത്രി നടത്തിയതു കൊണ്ട് തന്നെ ധാർമികമായി മന്ത്രി തെറ്റു ചെയ്തുവെന്നും വ്യക്തമാണ്. എന്നാൽ രണ്ട് മന്ത്രിമാരുടെ ഫോൺ സംഭാഷണം പുറത്തുവരാതിരിക്കാനും ഭാവിയിൽ ഹണി ട്രാപ്പുകൾ ആവർത്തിക്കാതിരിക്കാനുമുള്ള തന്ത്രമാണ് ഇപ്പോൾ ജ്യുഡീഷ്യൽ അന്വേഷണ പ്രഖ്യാപനത്തിലൂടെ നടക്കുന്നതെന്നാണ് സൂചന.

ഏതായാലും പുറത്തുവന്ന വിവാദ ഫോൺസംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാകും ജ്യഡീഷ്യൽ കമ്മീഷനിലും ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരിൽ ഉന്നതർക്കെതിരെ മുമ്പുണ്ടായിട്ടുള്ള ആരോപണങ്ങളിലെല്ലാം പരാതിക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇവിടെ പരാതിക്കാരി ഇല്ല. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യൽ അന്വേഷണ നീക്കം. ചാനൽ വാർത്ത പുറത്തു വിടുമ്പോൾ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന മന്ത്രിയെന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹണി ട്രാപ്പിന്റെ സാധ്യതകൾ ചർച്ചയായത്. പൊലീസിലെ സൈബർ ഡോം സംഭാഷണം റിക്കോർഡ് ചെയ്തു നൽകിയതാണോ എന്ന സംശയവും ഉയർന്നു. എന്നാൽ സൈബർ ഡോമിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് അസന്നിഗ്ധമായി കണ്ടെത്തുകയും ചെയ്തു.

മംഗളം ടിവിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടോ എന്നും ജ്യൂഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. പുറത്തുവന്ന വിവാദ ശബ്ദരേഖയിൽ സ്ത്രീശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അപമാനിക്കുകയായിരുന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കണം. സ്ത്രീ വിളിച്ചതിനു പുരുഷൻ മറുപടിനൽകുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ. അതുകൊണ്ട് തന്നെ ജ്യൂഡീഷ്യൽ കമ്മീഷനെത്തിയാൽ സ്ത്രീയേയുടേയും മറ്റും വിവരങ്ങൾ മംഗളത്തിന് കമ്മീഷന് നൽകേണ്ടി വരും. ബോധപൂർവമായി ആരെങ്കിലും ഫോൺവിവാദം സൃഷ്ടിച്ചതാണെങ്കിൽ കടുത്ത നടപടിയുണ്ടാകും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം.

എൻസിപിയിലെ ചിലർ ഇതിന് പിന്നിൽ പ്രവർത്തിച്ചതായി സൂചനകളുണ്ടായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 27 പേരുടെ ഫോണുകൾ ചോർത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സൈബർ ഡോമും സംശയ നിഴലിലായത്.  ഇതിനൊപ്പമാണ് രണ്ട് മന്ത്രിമാർ കൂടി ഹണിട്രാപ്പിൽ പെട്ടെന്ന സുപ്രധാന വിവരവും പൊലീസിന് കിട്ടുന്നത്. ഈ മന്ത്രിമാർക്കെതിരായ ശബ്ദം ചാനൽ പുറത്തുവിടുമോ എന്നതും സംശയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP