Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കോവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും? അതികഠിനമായ വേദന അനുഭവിച്ച് ലേബർ റൂമിൽ ഭയപ്പാടോടെ കഴിയുമ്പോൾ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞാൽ വേദനിക്കാത്തവരുണ്ടാകുമോ? ഇതെല്ലാം അനുഭവിച്ചു എന്റെ പെണ്ണ്; ഇത് സംഭവിച്ചത് യുപിയിൽ അല്ല..മലപ്പുറത്തും കോഴിക്കോടുമാണ്; ഇരട്ട കുഞ്ഞുങ്ങളുടെ മൃതദേഹം അടക്കം ചെയ്യുമ്പോൾ വിതുമ്പി കരഞ്ഞ് മുഹമ്മദ് ഷരീഫ്

ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കോവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും? അതികഠിനമായ വേദന അനുഭവിച്ച് ലേബർ റൂമിൽ ഭയപ്പാടോടെ കഴിയുമ്പോൾ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞാൽ വേദനിക്കാത്തവരുണ്ടാകുമോ? ഇതെല്ലാം അനുഭവിച്ചു എന്റെ പെണ്ണ്;  ഇത് സംഭവിച്ചത് യുപിയിൽ അല്ല..മലപ്പുറത്തും കോഴിക്കോടുമാണ്; ഇരട്ട കുഞ്ഞുങ്ങളുടെ മൃതദേഹം അടക്കം ചെയ്യുമ്പോൾ വിതുമ്പി കരഞ്ഞ് മുഹമ്മദ് ഷരീഫ്

ജംഷാദ് മലപ്പുറം

മലപ്പുറം: യുവതിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്ന് മരണപ്പെട്ട് ഇരട്ടകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ സംസ്്കരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ചികിത്സ നൽകാതെ തിരിച്ചയച്ച് തുടർന്ന് ആശുപതികൾ തട്ടിക്കളിച്ചതോടെയാണ് വിലപ്പെട്ട ജീവനുകൾ നഷ്ടമായത്.

കൊണ്ടോട്ടി കിഴിശേരി സ്വദേശി ഷെരീഫിന്റെ ഇരട്ടക്കുട്ടികളുടെ മൃതദേഹം കഴിശേരി തവനൂർ വലിയ ജുമഅത്ത് പള്ളി ഖബർസ്ഥാനിലാണ് മറവ് ചെയ്തത്. പിതാവ് എൻ.സി ഷരീഫ് കുഞ്ഞുങ്ങളുടെ പൊതിഞ്ഞ മൃതദേഹം കബർസ്ഥാനിൽനിന്നും കൈമാറിയപ്പോൾ സങ്കടം സഹിക്കാനാവാതെ വിതുമ്പുകയായിരുന്നു. കൂടെയുള്ളവർക്കും സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ഭാര്യ ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. ഇതിന് പുറമെ വെന്റിലേറ്റർ സഹായം കിട്ടാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ചിരുന്നു.

സർക്കാർ ആശുപത്രിയിൽ നിന്ന് പോലും നീതി ലഭിച്ചില്ലെന്നും സംഭവം നടന്നത് യുപിയിൽ അല്ല മലപ്പുറത്തും കോഴിക്കോടുമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ വൈകിയതിനെ തുടർന്ന് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഷരീഫ്, പുളിയക്കോട് മേൽമുറി ഷഹ്ല തസ്‌നി ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. സംസ്ഥാന സർക്കാർ ആന്റിജൻ പരിശോധനയിലൂടെ കോവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളിൽ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസൾട്ട് സ്വകാര്യ ആശുപത്രികൾ അംഗീകരിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പ്രസവവേദനയാൽ കരയുന്ന പ്രിയതമയ്ക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഗർഭ പാത്രത്തിന്റെ ഉള്ളിൽ നിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കോവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും? അതികഠിനമായ വേദന അനുഭവിച്ച് ലേബർ റൂമിൽ ഭയപ്പാടോടെ കഴിയുമ്പോൾ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞാൽ വേദനിക്കാത്തവരുണ്ടാകുമോ? ഇതെല്ലാം അനുഭവിച്ചു എന്റെ പെണ്. സർക്കാർ ആശുപത്രിയിൽ നിന്ന് പോലും നീതി ലഭിച്ചില്ല. ഒൻപത് മാസം ഗർഭിണിയായ അവൾക്ക് ചികിത്സ ലഭ്യമാകാൻ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു. ഇത് യുപിയിൽ അല്ല. മലപ്പുറത്തും കോഴിക്കോടുമാണ്.

ജീവിതത്തിൽ ആദ്യമായി ഞാൻ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു ഇന്നലെ. എന്റെ ഭാര്യ ഒൻപത് മാസം ഗർഭിണിയാണ്. സെപ്റ്റംബർ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡിഎംഒ ഡോ.സക്കീന, നോഡൽ ഓഫിസർ ഡോ.പി.ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.രഹന എന്നിവർ അവൾക്ക് എല്ലാ പിന്തുണയും നൽകി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മഞ്ചേരിയിൽ അഡ്‌മിറ്റ് ചെയ്തു. ലേബർ റൂമിൽ പ്രവേശിപ്പിച്ച അവളോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. പക്ഷേ അതൊരു വിഷയമാക്കി എടുക്കാതെ ഞങ്ങൾ മറക്കാൻ ശ്രമിച്ചു.

ഇനി മഞ്ചേരി മെഡിക്കൽ കോളജിൽ കാണിക്കേണ്ടെന്നും എനിക്ക് പേടിയാണെന്നും അവൾ കരഞ്ഞുപറഞ്ഞു. ഇതേത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ വിവരങ്ങളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഞാൻ എടവണ്ണ ഇഎംസി ആശുപത്രിയിൽ ചെന്നു. ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയിച്ചു. ഞാൻ മനസുരുകി പ്രാർത്ഥിച്ചു. കോവിഡ് ബാധിച്ചത് അവളുടെ തെറ്റല്ലല്ലൊ, അവൾക്ക് പ്രസവ സംബന്ധമായ ചികിത്സ ലഭിക്കണം'. പക്ഷേ നിരാശയായിരുന്നു ഫലം. ഒരു തവണ കോവിഡ് ബാധിച്ചതിനാൽ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങൾ വേറെ ആശുപത്രികളിൽ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇഎംസിയിൽ നിന്നുള്ള പ്രതികരണം. (സർക്കാർ നൽകുന്ന ആന്റിജൻ പരിശോധനാ സർട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാൻ ഇവർ തയ്യാറായില്ല).

ശനിയാഴ്ച പുലർച്ചെ അടിവയറ്റിലും ഊരക്കും ശക്തമായ വേദന അനുഭവപ്പെട്ടു. പുലർച്ചെ 4.30ന് ഞാൻ അവളെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും അവളെ ഉൾക്കൊള്ളാൻ മനസില്ലാത്ത രീതിയിലായിരുന്നു ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കോവിഡ് രോഗികൾക്ക് മാത്രമേ ചികിത്സ നൽകുകയുള്ളൂ എന്നും അവർ പറഞ്ഞു. മറ്റു മാർഗമില്ലെന്നും സ്വകാര്യ ആശുപത്രിയിൽ എടുക്കുന്നില്ലെന്നും പറഞ്ഞു നോക്കി. പക്ഷേ ചികിത്സ നൽകാനാവില്ലെന്ന വാശിയായിരുന്നു അവർക്ക്.

അവൾക്ക് വേദന ഇല്ലന്നും നിങ്ങളെ ഡിസ്ചാർജ് ചെയ്യുകയാണെന്നും ലേബർ റൂമിൽ നിന്ന് പറഞ്ഞു. എവിടേക്കെങ്കിലും റഫർ ചെയ്ത് തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്റെ ആവശ്യപ്രകാരം രാവിലെ 8.30ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് തയ്യാറാക്കി. എന്നാൽ പിന്നീട് വന്ന ഡോക്ടർ അവളെ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോൾ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. (ആ ഡോക്ടർക്ക് അവളുടെ പ്രയാസങ്ങൾ തിരിച്ചറിയാൻ സാധിച്ചു). എന്നാൽ ഇതിനിടയിൽ അവളെ കോഴിക്കോട്ടേക്ക് റഫർ ചെയ്തു. അവൾ പ്രസവ വേദനയാൽ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നീതി ലഭിച്ചില്ല.

ഞങ്ങളെ അവിടെ നിന്ന് പറഞ്ഞുവിടുമ്പോൾ സമയം 11.45 ആയിക്കാണും. കോഴിക്കോട് കോട്ടപറമ്പിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ അവൾ ഉറക്കെ കരയാൻ തുടങ്ങി. ഞാൻ അവളെ ചേർത്തുപിടിച്ചു. പക്ഷേ അവൾ അനുഭവിക്കുന്ന വേദനയെ തോൽപ്പിക്കാൻ എന്റെ ആശ്വാസ വാക്കുകൾക്ക് ആയില്ല. ഇരിപ്പുറക്കാതെ അവൾ വാഹനത്തിൽ നിന്ന് എണീറ്റ് നിൽക്കാൻ ശ്രമിച്ചു. ഞങ്ങൾ കോട്ടപറമ്പ് ആശുപത്രിയിൽ എത്തുമ്പോൾ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കിൽ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

ഇതേത്തുടർന്ന് ഞാൻ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. കോവിഡ് സർട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആർടിപിസിആർ വേണമെന്നും അവർ നിർബന്ധം പിടിച്ചു. പ്രിയപ്പെട്ടവൾക്ക് ചികിത്സ ലഭിക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്നായതോടെ ഞാൻ കോഴിക്കോട് അശ്വനി ലാബിൽ കയറി കോവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങൾ തേടി. 24 മണിക്കൂറിന് ശേഷമേ റിസൾട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഞാൻ ഓമശ്ശേരി ആശുപത്രിയിൽ വിളിച്ചുപറഞ്ഞു. എന്നിട്ടും അവർ ചികിത്സ നൽകാൻ തയ്യാറായില്ല. അവൾ കഠിനമായ വേദനയാൽ കരയാൻ തുടങ്ങി. ഞാൻ വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു. സഹായിക്കണമെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടു. പക്ഷേ ആർടിപിസിആർ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവർ തീർത്തുപറഞ്ഞു.

പിന്നീട് മുക്കം കെഎംസിടിയിൽ വിളിച്ചു. എന്റെ ദയനീയാവസ്ഥ മനസിലാക്കിയ അവർ ചികിത്സ നൽകാൻ തയ്യാറായി. ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം. സ്‌കാൻ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

ആശുപത്രികളിൽ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജയും മലപ്പുറം ഡിഎംഒ ഡോ.സക്കീനയും എന്നെ വിളിച്ച് വിവരങ്ങൾ തിരക്കി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പു നൽകി. മന്ത്രിയും ഡിഎംഒയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിളിച്ചു.

ഇനി ഇത് ആവർത്തിക്കരുത്. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരെ നടപടി വേണം. സംസ്ഥാന സർക്കാർ ആന്റിജൻ പരിശോധനയിലൂടെ കോവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളിൽ നിന്ന് വീട്ടിലേക്ക് അയക്കുന്നത്. ഈ റിസൾട്ട് സ്വകാര്യ ആശുപത്രികൾ അംഗീകരിക്കാൻ നടപടി വേണം. ഇത് നടപ്പായില്ലെങ്കിൽ കോവിഡ് ഭേദമായ ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കുന്നത് തുടർക്കഥയാകും. ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകും. കുറ്റക്കാർ രക്ഷപ്പെടരുത്. ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്.'

സംഭവത്തിൽ വ്യാപക പ്രതിഷേധം

അതേ സമയം വ്യാപക പ്രതിഷേധമാണ് സംഭവത്തെ തുടർന്ന് ഉയർന്നിട്ടുള്ളത്. കോവിഡ് മുക്തയായ ഗർഭിണിയോട് പ്രസവ ചികിൽസക്കു നേരെ മുഖം തിരിഞ്ഞു നിന്ന ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിത സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സർക്കാർ അങ്ങേയറ്റം ഗൗരവമായി ഇതു കാണണമെന്നും എസ്.കെ.എസ്. എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.
കോവിഡ് മുക്തയായതിനാൽ ചികിൽസയില്ലെന്നും, കോവിഡ് ഉണ്ടായിരുന്നതിനാൽ ചികിൽസിക്കാനാവില്ലെന്നും പറഞ്ഞു രോഗിയെ വെച്ചു തട്ടിക്കളിക്കുന്ന ഗൗരവത്തെ ഉൾകൊണ്ടു വേണം ഈ സംഭവത്തിലെ തുടർ നടപടി. മണിക്കൂറുകളോളം കഴിഞ്ഞ ശേഷവും വേദനയോടെ രോഗിയെ ഡിസ്ചാർജ് ചെയ്തതും, ഒപി. സമയം കഴിഞ്ഞതിന്റെ പേരിലും കോവിഡ് റിസൾട്ടിന്റെ പേരിലും , മടക്കി വിട്ടതും മനുഷ്യത്വപരമായ സമീപനമല്ല. വകുപ്പ് മന്ത്രി പ്രഖ്യാപിച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.

സമരങ്ങൾക്കിടയിലെ താൽകാലിക നടപടികളോ, കേവല അന്വേഷണം നടത്തി മാറ്റി നിർത്തലോ , രാഷ്ട്രീയ ഇടപെടലുകളോ മുഖേനെ അന്വേഷണവും നടപടികളും കളങ്കപ്പെട്ടുകൂടാ. അർഹമായ ചികിൽസക്കുള്ള അവകാശം നിഷേധിക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടി ഉടൻ കൈകൊള്ളണം. അതോടൊപ്പം അടിയന്തര ഘട്ടങ്ങളിലും, കോവിഡ് പോലുള്ള രോഗങ്ങൾ ഭേദമായവരുടെയും തുടർ ചികിൽസ നിഷേധിക്കാനോ, സാങ്കേതിക തടസ്സങ്ങൾ കാണിച്ചു ചികിൽസ വൈകാനോ ഇടയാവാത്ത വിധം , എല്ലാവർക്കും ചികിൽസ ഉറപ്പു വരുത്തുന്നതിനു, ആരോഗ്യ രംഗത്ത് കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപെട്ടു. പ്രസിഡന്റ്
പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.സെക്രട്ടറി ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി, ട്രഷറർ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സഹ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി

ചികിത്സനൽകാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും തിരിച്ചയച്ച ഗർഭിണിയുടെ ഇരട്ട കുട്ടികൾ പ്രസവനന്തരം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.കറുത്ത തുണി തലയിൽ ധരിച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചത്. പ്രകടനമായെത്തിയ പ്രവർത്തകരെ മെഡിക്കൽ കോളേജ് കവാടത്തിന് മുമ്പിൽ പൊലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.മഞ്ചേരി മെഡിക്കൽ കോളേജ് ആതുര കേന്ദ്രത്തിന് പകരമായി മരണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മഞ്ചേരി മെഡിക്കൽ കോളേജിനു മുമ്പിൽ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സൈഫുദ്ധീൻ കണ്ണനാരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ ഹനീഫ മേച്ചേരി, റഷീദ് ഊർങ്ങാട്ടിരി,കെ പി ശറഫുദ്ധീൻ കെ എസ് യു ജില്ലാ സെക്രട്ടറി ഇകെ അൻഷിദ്, സുബൈർ വീമ്പൂർ, നൗഷർ കല്ലട, അനീസ് കളത്തിങ്ങൽ, നൗഫൽ വണ്ടൂർ, വിജീഷ് എളങ്കുർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP