Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോയയെ കാത്ത് ഒരു കോടി രൂപ ലോട്ടറി ഓഫീസിൽ കിടക്കുമ്പോഴും വിശപ്പടക്കാൻ അമ്പലങ്ങളിലെ അന്നദാന കൗണ്ടറും കിടന്നുറങ്ങാൻ തമ്പാനൂരിലെ ബസ്റ്റാൻഡും; ലോട്ടറിയുടെ പേരിൽ ലക്ഷങ്ങളുടെ കടക്കാരനായിട്ടും വിശ്വാസം കൈവിടാതെ തേടി നടന്നപ്പോൾ ലഭിച്ചത് ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചിട്ടും ചുവപ്പുനാടയുടെ കുരുക്കിൽ പെട്ട് ഒരു മനുഷ്യൻ അനന്തപുരിയിലെ തെരുവിൽ അലയുന്നത് കടം തീർക്കാനുള്ള പണവുമായി എന്നെങ്കിലും പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ പോകാം എന്ന പ്രതീക്ഷയുമായി

കോയയെ കാത്ത് ഒരു കോടി രൂപ ലോട്ടറി ഓഫീസിൽ കിടക്കുമ്പോഴും വിശപ്പടക്കാൻ അമ്പലങ്ങളിലെ അന്നദാന കൗണ്ടറും കിടന്നുറങ്ങാൻ തമ്പാനൂരിലെ ബസ്റ്റാൻഡും; ലോട്ടറിയുടെ പേരിൽ ലക്ഷങ്ങളുടെ കടക്കാരനായിട്ടും വിശ്വാസം കൈവിടാതെ തേടി നടന്നപ്പോൾ ലഭിച്ചത് ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചിട്ടും ചുവപ്പുനാടയുടെ കുരുക്കിൽ പെട്ട് ഒരു മനുഷ്യൻ അനന്തപുരിയിലെ തെരുവിൽ അലയുന്നത് കടം തീർക്കാനുള്ള പണവുമായി എന്നെങ്കിലും പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ പോകാം എന്ന പ്രതീക്ഷയുമായി

ജാസിം മൊയ്തീൻ

തിരുവനന്തപുരം: കോഴിക്കോട് കുരുവട്ടൂർ സ്വദേശി കോയ കഴിഞ്ഞ മൂന്ന് വർഷമായി തിരുവനന്തപുരം നഗരത്തിലുണ്ട്. കോടീശ്വരനായി തിരികെ പോകാൻ വന്നതായിരുന്നു അയാൾ. അതിനുള്ള സാധ്യതകളും അവകാശവുമുണ്ടായിരുന്ന ആളാണ് കോയ. എന്നാൽ സർക്കാർ വകുപ്പുകളുടെ സാങ്കേതിക പ്രശ്നങ്ങളിൽ പെട്ട് കോയ ഇപ്പോഴും അമ്പലങ്ങളിലെ അന്നദാന കൗണ്ടറുകളിൽ നിന്ന് ഭക്ഷണം കഴിച്ചും തമ്പാനൂർ ബസ്റ്റാന്റിൽ കിടന്നുറങ്ങിയും ഈ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. നിത്യവൃത്തിക്കായി സൈക്കിൾ അഭ്യാസവും തെരുവ് സർക്കസുകളും നടത്തും.

ലോട്ടറിയാണ് കോയയുടെ ജിവിതത്തിലെ പ്രധാന ഘടകം. കോയയെ കുത്തുപാളയെടുപ്പിച്ചതും ഇനി കോടീശ്വരനാക്കാൻ സാധ്യതയുള്ളതും ലോട്ടറി തന്നെയാണ്. 1993 മുതൽ കോഴിക്കോട് കുരുവട്ടൂരിൽ ലോട്ടറി കച്ചവടമായിരുന്നു കോയക്ക്. കേരളത്തിൽ അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചതോടെയാണ് കോയയുടെ കഷ്ടകാലമാരംഭിക്കുന്നത്. കേരളസർക്കാർ ഇതരസംസ്ഥാന ലോട്ടറി നിരോധിക്കുമ്പോൾ 40 ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു കോയയുടെ കയ്യിലുണ്ടായിരുന്നത്. പണം പലിശക്കെടുത്തായിരുന്നു കോയ ലോട്ടറികച്ചവടം നടത്തിയിരുന്നത്. ഒരു സുപ്രഭാതത്തിൽ തന്റെ കയ്യിലുള്ള ടിക്കറ്റുകളെല്ലാം അസാധുവായതോടെ കോയ ലക്ഷങ്ങളുടെ കടക്കാരനായി.

അസാധുവായ 40 ലക്ഷം രൂപയുടെ ടിക്കറ്റുകൾ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ കോയക്ക് ലഭിച്ചത് സിക്കിം കോടതിയിൽ പോകാനുള്ള നിയമോപദേശമായിരുന്നു. ആ വഴിക്കുള്ള ശ്രമം നടത്തിയെങ്കിലും പരാജമായിരുന്നു ഫലം. അങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായ കോയ ലോട്ടറി വിൽപന അവസാനിപ്പിച്ചു. ഇതിനിടയിലാണ് കോയക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അറ്റന്ററായി ജോലി ലഭിക്കുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം തന്റെ ലക്ഷങ്ങളുടെ കടം വീട്ടാൻ തികയുന്നതായിരുന്നില്ല. ഇതിനിടെ പലിശക്ക് പണം നൽകിയവർ പലരും കേസുകൾ നൽകി. ചെക്ക് കേസുകളിൽ പെട്ട് 26 ദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു കോയക്ക്. കോയ ജയിലിൽ നിന്ന് വരുമ്പോൾ കാണുന്നത് കടംനൽകിയവർ പലരും തന്റെ വീട്ടിൽ കയറി താമസം തുടങ്ങിയതാണ്. ഇതോടെ കിട്ടിയ വിലക്ക് തന്റെ വീട് വിറ്റ് കോയ തന്റെ കുടുംബത്തെയും കൂട്ടി തെരുവിലേക്കിറങ്ങി. അപ്പോഴും പകുതി കടം ബാക്കിയായിരുന്നു. ഭാര്യയെയും മക്കളെയും വാടകവീട്ടിലാക്കി കോയ കടക്കാരിൽ നിന്നും രക്ഷനേടാനായി നാടുവിട്ടു. പലദേശങ്ങളിൽ പലജോലികൾ ചെയ്ത് അലഞ്ഞു നടക്കുമ്പോഴും കോയ ലോട്ടറിയിലുള്ള വിശ്വാസം അവസാനിപ്പിച്ചില്ല.

അങ്ങനെയാണ് 2016 ജൂലെ മാസത്തിൽ തന്റെ അലച്ചിനിടയിൽ കോയ മലപ്പുറം ജില്ലയിലെ അരീക്കോട് ബസ്റ്റാന്റിലെത്തുന്നത്. അവിടെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെത്തി കോയ കേരള സർക്കാറിന്റെ കാരുണ്യ ലോട്ടറിയെടുത്തു. ഇവിടെ വീണ്ടും ലോട്ടറി കോയയുടെ ജീവിതത്തിലെ മറ്റൊരു നിർണ്ണായക ഘടകമായി. 2016 ജൂലൈ ഒമ്പതിന് നടന്ന കാരൂണ്യ ഭാഗ്യക്കുറിയുടെ 249ാമത് നറുക്കെടുപ്പിൽ കോയ വാങ്ങിയ കെഇ 454045 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ഒരു കോടി രൂപ ഒന്നാം സമ്മാനമടിച്ചെങ്കിലും കോയക്ക് ഇതുവരെ അതനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എങ്ങനെയെന്നാൽ സമ്മാനമടിച്ച കോയയുടെ ടിക്കറ്റിന് അൽപം കേടുപാടുകൾ സംഭവിച്ചിരുന്നു. ലോട്ടറിക്കടയിലെ ബോർഡിൽ നിന്ന് വലിച്ചെടുക്കുമ്പോൾ പറ്റിയ പിഴവാണ്. എങ്കിലും കോയ പ്രതീക്ഷയോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടികയറി.

ലോട്ടറി ഓഫീസലത്തെി തന്റെ കാര്യങ്ങൾ വിശദീകരിച്ച കോയ അവിടെ നിന്നും നിർദ്ദേശിച്ച രീതിയിലുള്ള രേഖകകളെല്ലാം ശരിയാക്കി ടിക്കറ്റടക്കം ഓഫീസിലേൽപ്പിച്ചു. കേടുപാടുകൾ സംഭവിച്ച ടിക്കറ്റായതിനാൽ സമയമെടുക്കുമെങ്കിലും ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായ രേഖകൾ സമർപ്പിച്ചാൽ സമ്മാനത്തുക ലഭിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ രേഖകളെല്ലാം സമർപ്പിച്ച് കഴിഞ്ഞ മൂന്ന് വർഷമായി കോയ തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിൽ സ്ഥിരം കയറിയിറങ്ങുന്നു. ഓരോ ദിവസവും ഓരോ മുടന്തൻ ന്യായങ്ങളും, സാങ്കേതിക തടസ്സങ്ങളും പറഞ്ഞ് കോയയെ മടക്കി അയക്കാറാണ് പതിവ്. ഇതിനിടെ കോയ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയയെയും ധനകാര്യവകുപ്പ് മന്ത്രിയെയുമെല്ലാം പല തവണ കണ്ടു. എല്ലാവരും ഉടൻ ശരിയാക്കാമെന്ന് പറയുമെങ്കിലും കോയയുടെ പ്രശ്നം മാത്രം ഇതുവരെ ശരിയായിട്ടില്ല.

സമ്മാനത്തുകയുമായിട്ടല്ലാതെ നാട്ടിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ് കോയ ഇപ്പോൾ. കോടീശ്വരനായി തിരികെ വരുമെന്ന് പ്രതീക്ഷിച്ച് കോയയുടെ കുടുംബവും കോയ പണം നൽകാനുള്ളവരും നാട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും കോയ ലോട്ടറി ഓഫീസിന്റെ വരാന്തയിൽ നിസ്സഹായനായി ഇരിക്കുകയാണ്. 2016 ജൂലെ 13ന് ലോട്ടറി ഓഫീസിൽ നിന്ന് നിർദ്ദേശിച്ച രേഖകളുമായി എത്തിയതാണ് കോയ തിരുവനന്തപുരത്ത്. നഗരത്തിലെ വിവിധ അമ്പലങ്ങളിലെ അന്നദാന കൗണ്ടറുകളിൽ നിന്നാണിപ്പോൾ ഭക്ഷണം. ഉറക്കം തമ്പാനൂർ ബസ്റ്റാന്റിലും, നിത്യവൃത്തിക്കായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സൈക്കിൾ അഭ്യാസവും തെരുവ് സർക്കസും നടത്തുന്നു ഈ നിർഭാഗ്യവാനായ സാധ്യതാ കോടീശ്വരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP