Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

കണ്ണില്ലാത്ത ക്രൂരത! സോമാലിയൻ സ്വദേശിയായ ഭാര്യയെയും ഏഴ് മക്കളെയും സൗദിയിൽ ഉപേക്ഷിച്ച് മലയാളി; കുടുംബത്തെ പെരുവഴിയിലാക്കി നാട്ടിലേക്ക് കടന്നത് പെരിന്തൽമണ്ണ സ്വദേശി; നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം; ജീവിത ചെലവുകൾ ഏറ്റെടുത്ത് പ്രവാസി മലയാളികളുടെ 'സാന്ത്വന സ്പർശം'

കണ്ണില്ലാത്ത ക്രൂരത! സോമാലിയൻ സ്വദേശിയായ ഭാര്യയെയും ഏഴ് മക്കളെയും സൗദിയിൽ ഉപേക്ഷിച്ച് മലയാളി; കുടുംബത്തെ പെരുവഴിയിലാക്കി നാട്ടിലേക്ക് കടന്നത് പെരിന്തൽമണ്ണ സ്വദേശി; നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം; ജീവിത ചെലവുകൾ ഏറ്റെടുത്ത് പ്രവാസി മലയാളികളുടെ 'സാന്ത്വന സ്പർശം'

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സോമാലിയൻ സ്വദേശിയായ ഭാര്യയെയും ഏഴു മക്കളെയും സൗദി അറേബ്യയിൽ ഉപേക്ഷിച്ച് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവ് നാട്ടിലേക്ക് കടന്നതോടെ നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദാണ് ഭാര്യ ഹാജറ മുഅ്മിനയേയും ഏഴ് മക്കളേയും സൗദിയിൽ ഉപേക്ഷിച്ച് 13 വർഷം മുമ്പ് നാട്ടിലേക്ക് കടന്നത്. ഇയാൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ഹാജറ ഈ സമയത്ത് ഏഴാമതും ഗർഭിണിയായിരുന്നു. പിന്നീട് മജീദ് സൗദിയിലേക്ക് മടങ്ങിവന്നില്ല. തുടക്കത്തിൽ കുടുംബത്തിന് മജീദ് സഹായം എത്തിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.

സൗദിയിൽ ജീവിക്കാനുള്ള രേഖകളില്ലാത്തതിനാൽ രണ്ട് ആൺകുട്ടികളെ പൊലീസ് പിടികൂടി സൗദിയിൽ നിന്ന് സൊമാലിയയിലേയ്ക്ക് തിരിച്ചയച്ചു. റോഡരികിൽ പലഹാര കച്ചവടം നടത്തിയാണ് മുഅ്മിന കുടുംബം നോക്കിയിരുന്നത്. എന്നാൽ അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് ജോലി തുടരാനും മുഅ്മിനയ്ക്കായില്ല.

മതിയായ രേഖകളില്ലാത്തതിനാൽ യുവതിയെയും മകളെയും സൗദി പൊലീസ് പിടികൂടിയിരുന്നു. ചില സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ മുഅ്മിനയെയും മകളെയും മോചിപ്പിച്ചു. വളരെ ചെറിയ പ്രായത്തിലാണ് സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നിന്ന് മുഅ്മിന കുടുംബത്തോടൊപ്പം ജിദ്ദയിലെത്തുന്നത്. ഇതിനിടെയാണ് പെരിന്തൽമണ്ണ അമ്മനിക്കാട് സ്വദേശിയായ അബ്ദുൽ മജീദിനെ ഇവർ പരിചയപ്പെടുന്നത്.

പരിചയം പിന്നീട് പ്രണയമാവുകയും ഇരുവരും വിവാഹിതരായി ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്തു. സന്തോഷത്തോടെ അവരുടെ കുടുംബ ജീവിതം മുന്നോട്ട് പോയി. ഇതിനിടെ ഇരുവരുടെയും ജീവിത്തിലേക്ക് ആറ് കുഞ്ഞുങ്ങൾ ജനിച്ചു. ഏഴാമത്തെ മകൾ ഹാജറയെ ഗർഭം ധരിച്ച സമയത്ത് പെട്ടെന്നൊരു ദിവസം അബ്ദുൾ മജീദ് നാട്ടിലേക്ക് മടങ്ങി. മുഅ്മിന അറിയാതെയായിരുന്നു മടക്കം.

പക്ഷെ അത് എന്നത്തേക്കുമുള്ള പോക്കാണെന്ന് മുഅ്മിന കരുതിയില്ല. ഭർത്താവിന്റെ മടങ്ങി വരവിനായി ആ സ്ത്രീ കാത്തിരുന്നു. ഇതിനിടയിൽ ഏഴാമത്തെ മകൾ ജനിച്ചു. എന്നാൽ മജീദ് തിരികെയെത്തിയില്ല. മുഅ്മിനയുടെയും മക്കളുടെയും കാത്തിരിപ്പ് മാസങ്ങളും വർഷങ്ങളും നീണ്ടു. പക്ഷെ അബ്ദുൾ മജീദ് എത്തിയില്ല. നിസ്സഹായവും ഭീതിജനകവുമായി ആ കാത്തിരിപ്പ് 13 വർഷങ്ങൾ കഴിഞ്ഞു. പക്ഷെ അബ്ദുൾ മജീദ് വന്നില്ല

ഹാജറ, ഹയാത്ത്, ഫവാസ്, ഹനാൻ, ഫഹദ്, ഹൈഫ എന്നിവരാണ് മുഅ്മിനയുടെ മക്കൾ. മക്കളും ജിദ്ദ ബാഗ്ദാദിയയിലെ ഇടിഞ്ഞു പൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്. ഫവാസ് എന്ന മകൻ സൊമാലിയയിൽ മുഅ്മിനയുടെ അകന്ന ബന്ധുക്കൾക്കൊപ്പമാണ് താമസം. തന്റെ സഹോദരങ്ങൾക്കൊപ്പം കഴിയാനാണ് ഫവാസിനും ആഗ്രഹം.

എന്നാൽ സാഹചര്യങ്ങൾ അങ്ങനെയല്ല. ഏതു നിമിഷവും സൗദി അധികൃതർ പിടികൂടുമെന്ന ഭീതിയിലാണ് ഈ കുടുംബം കഴിയുന്നത്. മുഅ്മിനയുടെ മക്കൾക്കൊന്നും ജനന സർട്ടിഫിക്കറ്റുകളോ ഇഖാമയോ അടക്കമുള്ള രേഖകളൊന്നുമില്ല. ഒരിക്കൽ മക്കളിലൊരാളായ ഫൈസലിനെ യെമിനിലേക്ക് സൗദി പൊലീസ് നാടു കടത്തിയിരുന്നു. വളരെ പണിപ്പെട്ടാണ് തിരികെ സൗദിയിലെത്താൻ സാധിച്ചത്. രേഖകളില്ലാത്തതിനാൽ മക്കൾക്കാർക്കും ജോലിയും ലഭിക്കില്ല.

റോഡരികിൽ പലഹാരം വിറ്റാണ് മുഅ്മിന മക്കളെ വളർത്തിയിരുന്നത്. എന്നാൽ ഇതിനിടെ ഒരു അപകടത്തിൽ ഇവരുടെ കാലിന് പരിക്കേറ്റു. ജോലി നിർത്തേണ്ടി വന്നു. മകൾ ഹയാത്തിനെ ഒരു സൊമാലിയൻ പൗരൻ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തിലുള്ള രണ്ട് മക്കളും മുഅ്മിനയ്ക്കൊപ്പമുണ്ട്. ഇത്രയും ആളുകൾക്ക് ജീവിക്കാനുള്ള വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.

കുടുംബത്തിന് ധനസമാഹരണം കണ്ടെത്തുന്നതിനായി സാന്ത്വന സ്പർശം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകനായ അച്ചനമ്പലം സ്വദേശി അബ്ദുൽ സലാമും മുജീബ് കുണ്ടൂരും നേതൃത്വം നൽകുന്ന 10 മലയാളി പ്രവാസികളുടെ കൂട്ടായ്മയായ സാന്ത്വന സ്പർശമാണ് കുടുംബത്തിന്റെ ജീവിത ചെലവുകൾ വഹിക്കുന്നത്. പരിപാടിയിൽ ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക ജീവകാരുണ്യ പ്രവർത്തകരും പങ്കാളികളായി.ചടങ്ങ് ഡോ. മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. മുജീബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. ഷിബു തിരുവനന്തപുരം, ശിഹാബ് താമരക്കുളം, കെ.ടി.എ മുനീർ, നാണി കോട്ടക്കൽ, സലാഹ് കാരാടൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തുടർ പരിപാടികൾ തീരുമാനിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഉൾപ്പടെ വിവിധ കൂട്ടായ്മകളും വ്യക്തികളും സാമ്പത്തിക സഹായം കൈമാറി. ജിദ്ദയിലെ ഗായകരെ അണിനിരത്തി ഗാനസന്ധ്യയൊരുക്കിയാണ് ധനസമാഹരണത്തിനുള്ള വേദിയൊരുക്കിയത്. സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP