Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും വെറും വോട്ടിന് വേണ്ടിമാത്രം; ക്രൂരവും ലജ്ജാകരവുമായ സംഭവത്തെ അപലപിക്കാൻ വാക്കുകളില്ല; ഹഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്ര​ദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി; പത്തൊൻപതുകാരിയുടെ കുടുംബത്തെഅഗാധമായ അനുശോചനം അറിയിക്കുന്നു എന്നും മമത ബാനർജി

മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും വെറും വോട്ടിന് വേണ്ടിമാത്രം; ക്രൂരവും ലജ്ജാകരവുമായ സംഭവത്തെ അപലപിക്കാൻ വാക്കുകളില്ല; ഹഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്ര​ദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി; പത്തൊൻപതുകാരിയുടെ കുടുംബത്തെഅഗാധമായ അനുശോചനം അറിയിക്കുന്നു എന്നും മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഹഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി പത്തൊൻപതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്ര​ദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും വെറും വോട്ടിന് വേണ്ടിമാത്രമാകുന്നുവെന്ന് മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു. ക്രൂരവും ലജ്ജാകരവുമായ സംഭവത്തെ അപലപിക്കാൻ വാക്കുകളില്ല. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു എന്നും മമത കുറിച്ചു. കുടുംബത്തിന്റെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ ബലം പ്രയോഗിച്ച സംസ്‌കരിച്ച നടപടി ലജ്ജാകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ഹഥ്​രസ്​ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന നിലപാടിലാണ് ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ സാംപിളുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ ബീജം കണ്ടെത്താനായില്ലെന്ന് ഡിജിപി പ്രശാന്ത് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴുത്തിലേറ്റ പരിക്കിനെത്തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫൊറൻസിസ് റിപ്പോർട്ടും പറയുന്നു. സ്ഥലത്ത് ജാതിസംഘർഷം ഉണ്ടാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ പറഞ്ഞു.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും പ്രശാന്ത് കുമാർ വ്യക്തമാക്കുന്നു. കഴുത്തൊടിഞ്ഞ്, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ആദ്യം സംഭവത്തിൽ കൊലപാതകശ്രമത്തിന് മാത്രമാണ് യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൊഴിയിൽ നാല് പേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് പറഞ്ഞതിനെത്തുടർന്നാണ് ഇതിൽ ബലാത്സംഗക്കുറ്റം കൂടി ചുമത്താൻ പൊലീസ് തയ്യാറായത്. പ്രതികളെ സംരക്ഷിക്കാനാണ് യുപി പൊലീസ് ആദ്യം മുതലേ ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പല തവണ ആരോപിച്ചതാണ്. പല തവണ പരാതി നൽകിയിട്ടാണ് കേസെടുക്കാൻ പോലും പൊലീസ് തയ്യാറായത് എന്നും അവർ ആരോപിച്ചിരുന്നു.

പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടങ്ങിയ സമയത്ത് തന്നെ അലിഗഢ് ഐജിയാണ് ഇത് സംബന്ധിച്ച് ആദ്യപ്രസ്താവന നടത്തുന്നത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാൻ മെഡിക്കൽ റിപ്പോർട്ടിൽ കഴിയാത്തതിനാൽ ഫോറൻസിക് പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ അയക്കുകയാണെന്ന് അലിഗഢ് ഐജി അന്ന് പ്രസ്താവനയിറക്കിയത് തന്നെ വിവാദമായിരുന്നു.

ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

പെൺകുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം ഉയരുകയാണ്. ഹഥ്റസിലെ ദളിത് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിൽനിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖർ ആസാദിനെ ഉത്തർ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സഹാറൻപൂറിൽ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖർ ആസാദുള്ളതെന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രംഗത്തെത്തി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സർക്കാർ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. 'ഹഥ്റസ് നിർഭയ' എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സർക്കാർ പദ്ധതിയിലൂടെ വീടും കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. യമുന എക്സ്‌പ്രസ് വേയിൽ ഡൽഹി-യുപി അതിർത്തിയിൽ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 188 ചുമത്തിലാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഹാഥ്‌രസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിന് പിന്നാലെ നേതാക്കൾ നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതും പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കളും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു. ഇതിന് പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തി ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കാൽനടയായി പോകാനുള്ള തങ്ങളുടെ ശ്രമത്തെ പൊലീസ് പലപ്രാവശ്യം തടഞ്ഞ് ലാത്തി ചാർജ് നടത്തിയെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അഹങ്കാരിയായ സർക്കാരിന്റെ ലാത്തികൾക്ക് തങ്ങളെ തടയാൻ സാധിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഒരു കുടുംബത്തിന്റെ വിലാപത്തിനൊപ്പം പങ്കുചേരുന്നതു പോലും യുപിയിലെ ജംഗിൾ രാജ് സർക്കാരിനെ ഭയപ്പെടുത്തുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP