Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൂവീലറിലെ മടക്കി വയ്ക്കാവുന്ന നമ്പർ പ്ലേറ്റ് 'ഒടിവിദ്യ' ടിക്ക് ടോക്ക് വീഡിയോയിൽ പകർത്തി; സംഗതി വൈറലായതിന് പിന്നാലെ 'ഫ്രെയിം' ഡിസൈൻ ചെയ്ത വാഹന ഉടമയ്‌ക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ നമ്പർ പ്ലേറ്റ് കടയിലും പരിശോധന; വീഡിയോ നിമിഷങ്ങൾക്കകം ഫേസ്‌ബുക്കിൽ കണ്ടത് ലക്ഷക്കണക്കിനാളുകൾ

ടൂവീലറിലെ മടക്കി വയ്ക്കാവുന്ന നമ്പർ പ്ലേറ്റ് 'ഒടിവിദ്യ' ടിക്ക് ടോക്ക് വീഡിയോയിൽ പകർത്തി; സംഗതി വൈറലായതിന് പിന്നാലെ 'ഫ്രെയിം' ഡിസൈൻ ചെയ്ത വാഹന ഉടമയ്‌ക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ നമ്പർ പ്ലേറ്റ് കടയിലും പരിശോധന; വീഡിയോ നിമിഷങ്ങൾക്കകം ഫേസ്‌ബുക്കിൽ കണ്ടത് ലക്ഷക്കണക്കിനാളുകൾ

ആർ. പീയൂഷ്

ആലപ്പുഴ: ന്യൂ ജനറേഷൻ ബൈക്കിൽ മടക്കി വയ്ക്കാവുന്ന തരത്തിൽ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന യുവാവിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊക്കി. ആലപ്പുഴ ആര്യാട് സ്വദേശിയായ മുബാറക്ക് എന്ന യുവാവിനെയാണ് ആലപ്പുഴ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സ്‌ക്വാഡിലെ എം വിഐ ദിലീപ് കുമാർ, എ.എം വിഐമാരായ ശ്രീജി നമ്പൂതിരി, ഷെമീം, അനസ് മുഹമ്മദ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത് കേസ് ചാർജ്ജ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയായി ഫെയ്‌സ് ബുക്കിൽ നമ്പർ പ്ലേറ്റ് പെട്ടെന്ന് അകത്തേക്ക് മടക്കി വയ്ക്കാൻ തരത്തിലുള്ള ഒരു ബൈക്കിന്റെ വീഡിയോ വൈറൽ ആയിരുന്നു. ടിക് ടോക് എന്ന ആപ്ലിക്കേഷൻ വഴി ചെയ്ത വീഡിയോ ആയിരുന്നു.

വീഡിയോ ദൃശ്യങ്ങളിൽ ഒരാൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് അകത്തേക്ക് മടക്കി വയ്ക്കുന്നതും പിന്നീട് പൂർവ്വസ്ഥിതിയിലാക്കുന്നതുമാണ് ദൃശ്യമാകുന്നത്. വീഡിയോ ദൃശ്യത്തിൽ കെ.എൽ 04 എ.എം 6178 എന്ന നമ്പർ വ്യക്തമായിരുന്നു. ഇത് ശ്രദ്ധയിൽപട്ട ആലപ്പുഴ സ്‌ക്വാഡ് അംഗം എ.എം വിഐ ദിലീപ് കുമാർ അന്വേഷണമാരംഭിച്ചു. വണ്ടി നമ്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോമളപുരം ആര്യാട് സൗത്തിലുള്ള അമൽ എന്നയാളുടെ പേരിലുള്ള പൾസർ എൻ.എസ് 200 എന്ന ബൈക്കാണെന്ന് കണ്ടെത്തി.

വാഹനം അന്വേഷിച്ച് അമലിന്റെ വീട്ടിലെത്തിയപ്പോൾ തന്റെ വാഹനം മുബാറക്ക് എന്നയാൾക്ക് രണ്ടു മാസം മുൻപ് വിറ്റു എന്ന വിവരം ലഭിച്ചു. വിൽപ്പന നടത്തിയെങ്കിലും സ്വന്തം പേരിൽ നിന്നും മാറ്റിയില്ല എന്നും അയാൾ ഉദ്യോഗസ്ഥരോട് അറിയിച്ചു. ഇതോടെ അമലിനെ ബന്ധപ്പെട്ട് വാഹനം ഉടൻ ഹാജരാക്കണമെന്നറിയിച്ചു. ഇയാൾ വാഹനം വിറ്റ മുബാറക്കിനെ ബന്ധപ്പെട്ടപ്പോൾ സ്ഥലത്തില്ലെന്നും രണ്ട് ദിവസം കഴിഞ്ഞെത്താമെന്നും അറിയിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞും മുബാറക്ക് എത്താതിരുന്നതിനെ തുടർന്ന് വീണ്ടും വാഹന ഉടമ അമലിനെ ഉദ്യോഗസ്ഥർ ബന്ധപ്പെടുകയും വാഹനം ഹാജരാക്കിയില്ലെങ്കിൽ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഇയാൾ മുബാറക്കിനെ ഇന്ന് തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മോട്ടോർ വാഹന ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു.

വാഹനം കസ്റ്റഡിയിലെടുക്കുമ്പോൾ വീഡിയോയിൽ കണ്ടിരുന്ന നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി സാധാരണ പോലെ ആക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോൾ അമൽ അത് അഴിച്ചുമാറ്റി പഴയത് വയ്ക്കുകയായിരുന്നു എന്ന് സമ്മതിച്ചു. മടക്കി വയ്ക്കുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റ് വാങ്ങിയത് ആലപ്പുഴ നഗരത്തിലെ ഒരു ഷോപ്പിൽ നിന്നാണെന്ന് മുബാറക്ക് സമ്മതിച്ചു. ഇയാളുമായി വാങ്ങിയ ഷോപ്പിലെത്തി വിവരം സ്ഥിരീകരിച്ചു. കടയുടമയെ ചോദ്യം ചെയ്തപ്പോൾ മിക്ക ഷോപ്പുകളിലും ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റ് കിട്ടുമെന്നും ഡൽഹിയിൽ നിന്നാണ് ഇത് വരുന്നതെന്നും പറഞ്ഞു.

ഈ വിധത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഇനി വിൽക്കരുതെന്നും അങ്ങനെയുണ്ടായാൽ നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥർ കടയുടമയ്ക്ക് താക്കീത് നൽകി. ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് ആൾക്കാർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ആര്യാട് സ്വദേശി ആയ മുബാറക്ക് ആണ് വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വാഹനങ്ങൾ ക്രിമിനൽ കുറ്റങ്ങൾക്ക് ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ നമ്പർ പ്ലേറ്റ് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന ഈ രീതി തെറ്റായ സന്ദേശമാണ് വാഹനം ഉപയോഗിക്കുന്നവരിലേക്ക് എത്തിക്കുന്നത് എന്നും ഇത് കണ്ട് മറ്റു പലരും ഇത്തരത്തിൽ ചെയ്യാൻ ഇടയാമെന്നും എ.എം വിഐ ദിലീപ് കുമാർ പറയുന്നു.

ചെക്കിംഗിനിടയിൽ കൈ കാണിച്ചിട്ട് നിർത്താതെ പോകുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി എടുക്കുക ദുഷ്‌ക്കരമാണ്. വീഡിയോ പ്രചരിപ്പിച്ചു മുബാറക്കിന്റെ മൊഴിയിൽ നമ്പർ ബോർഡ് രൂപമാറ്റം വരുത്തുവാൻ വേണ്ട ഉപകരണങ്ങൾ നൽകിയ ആലപ്പുഴ നഗരത്തിലെ കടയിൽ ചെന്ന് അന്വേഷണം നടത്തുകയും മേലിൽ ഇത്തരം ഉപകരണങ്ങൾ വിൽക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. നമ്പർ ബോർഡ് രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും വാഹന ഉടമ ആയ അമലിനെതിരെയും, മുബാറക്കിനെതിരെയും കേസ് എടുത്തുവെന്നും നാളെ പൊലീസിൽ വിവരം അറിയിക്കുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP