Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം; മലയാള സിനിമാ ലോകം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ തീയറ്റർ ഹിറ്റ് ചിത്രം; മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം ബോക്‌സോഫീസിൽ അത്ഭുതം കാട്ടുന്നു; വിജയത്തിൽ അയ്യപ്പസ്വാമിക്ക് നന്ദി പറഞ്ഞു നടൻ ഉണ്ണി മുകുന്ദൻ; സിനിമ ഉടൻ ഒടിടിയിലും എത്തും

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം; മലയാള സിനിമാ ലോകം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ തീയറ്റർ ഹിറ്റ് ചിത്രം; മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം ബോക്‌സോഫീസിൽ അത്ഭുതം കാട്ടുന്നു; വിജയത്തിൽ അയ്യപ്പസ്വാമിക്ക് നന്ദി പറഞ്ഞു നടൻ ഉണ്ണി മുകുന്ദൻ; സിനിമ ഉടൻ ഒടിടിയിലും എത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ അത്ഭുതവിജയമായി മാറുകയാണ് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ 'മാളികപ്പുറം'. സിനിമ കലക്ഷൻ നൂറ് കോടി ക്ലബ്ബിൽ എത്തിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പടുന്നത്. ഉണ്ണിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായാണ് ഭക്തിപരിസരത്തിൽ ഒരുക്കി മാളികപ്പുറം മാറുന്നത്. സിനിമയുടെ ആഗോള കലക്ഷനിൽ നൂറ് കോടി പിന്നിട്ടു എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

നാൽപത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളിൽ ഒന്നാവുകയാണ് മാളികപ്പുറം. 2022 ലെ അവസാന റിലീസുകളിൽ ഒന്നായി ഡിസംബർ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒന്നര മാസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബിൽ എത്തി നിൽക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്.

വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ആളുകൾ സിനിമ ഏറ്റെടുത്തു. ഡിസംബർ 30 ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാർക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി.

രണ്ടാം വാരത്തിൽ കേരളത്തിലെ സ്‌ക്രീൻ കൗണ്ട് വർധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കിൽ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ 170 സ്‌ക്രീനുകളിലായി ചിത്രത്തിന്റെ പ്രദർശനം. സൂപ്പർതാരങ്ങളായ അജിത്തിന്റെയും വിജയ്യുടെയും ചിത്രങ്ങൾ കേരളത്തിലെ തിയറ്ററുകൾ കീഴടക്കിയിട്ടും മാളികപ്പുറം കുലുങ്ങിയില്ല. വീണ്ടും അതിശക്തമായി ചിത്രം തിരിച്ചെത്തി.

ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്തിരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്‌സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയത്. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്തു. ഉണ്ണി മുകുന്ദന് തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും മാളികപ്പുറത്തിന് അനുകൂലമായി. തെലുങ്കിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. സിനിമയുടെ വിജയം അയ്യപ്പാ സ്വാമിക്കാണ് ഉണ്ണി മുകുന്ദൻ സമർപ്പിക്കുന്നത്. 'നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു' എന്നാണ് സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അതേസമയം മാളികപ്പുറം ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ഫെബ്രുവരി പകുതിയോടെ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അണിയറ പ്രവർത്തകർ ഒടിടി റിലീസിനെയോ, ഒടിടി പ്ലാറ്റ്ഫോമിനെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം.

കടാവർ', 'പത്താം വളവ്', 'നൈറ്റ് ഡ്രൈവ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നു. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിക്കുന്നത് സംവിധായകൻ വിഷ്ണു ശശിശങ്കർ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP