Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളികളുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിയായ ജാസിം ഈസയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി യുവാക്കൾ; പച്ച മലയാളം പറഞ്ഞ് സ്‌നേഹത്തോടെ സ്വീകരിച്ച് കേരളത്തിന്റെ ആദരവിന് നന്ദി അറിയിച്ച് എമിറേറ്റി കുടുംബം; കണ്ണു നയിക്കുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്‌ച്ചയുടെ കഥ..

മലയാളികളുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിയായ ജാസിം ഈസയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി യുവാക്കൾ; പച്ച മലയാളം പറഞ്ഞ് സ്‌നേഹത്തോടെ സ്വീകരിച്ച് കേരളത്തിന്റെ ആദരവിന് നന്ദി അറിയിച്ച് എമിറേറ്റി കുടുംബം; കണ്ണു നയിക്കുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്‌ച്ചയുടെ കഥ..

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ കത്തിയമർന്ന എമിറേറ്റ്‌സ് വിമാനത്തിൽ സഞ്ചരിച്ച മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ രക്ഷസാക്ഷിയായ യുഎഇ പൗരന് ജാസിം ഈസ മുഹമ്മദ് ബലൂഷിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി ഒരു പറ്റം മലയാളി യുവാക്കളും. നൂറോളം വരുന്ന മലയാളികളുടെ ജീവൻ രക്ഷിച്ച ജാസിമിന് ആദരാജ്ഞലി അർപ്പിച്ച് സൈബർ ലോകത്ത് അനുശോചന പ്രവാഹം ഉണ്ടാകുന്നതിനിടെയാണ് ജാസിമിന്റെ വീട്ടിലെത്തി ബന്ധുക്കളെ സാന്ത്വനിപ്പിക്കാൻ മലയാളി  യുവാക്കൾ എത്തിയത്.

കേരളത്തിന്റെ പേരിൽ ജാസിമിന് ആദരാഞ്ജലികളും പ്രാർത്ഥനകളും അർപ്പിച്ച മലയാളി യുവാക്കൾക്ക് ഹൃദ്യമായ സ്വീകരണമാണ് ആ എമിറേറ്റി കുടുംബത്തിൽ നിന്നും ലഭിച്ചത്. യാതൊരു വിവേചനവും കൂടാതെ ഹൃദയത്തിന്റെ ഭാഷയിൽ തന്നെ ജാസിമിന്റെ കുടുംബം പെരുമാറി. റാസൽ ഖൈമയിലെ വീട്ടിലെത്തിയാണ് കാസർകോട് പടന്ന സ്വദേശി ഷബീർ അലിയും കൂട്ടുകാരും ജാസിമിന്റെ കുടുംബത്തിന് സാന്ത്വനം അരുളിയത്. ജാസിമിന്റെ രക്തസാക്ഷിത്വത്തിൽ കേരളത്തിനുള്ള ദുഃഖവും യുവാക്കൾ കുടുംബത്തെ അറിയിച്ചു.

അതേസമയം പച്ച മലയാളത്തിൽ തന്നെ സംസാരിച്ച് ജാസിമിന്റെ കുടുംബാംഗങ്ങൾ ഈ യുവാക്കളെ ഞെട്ടിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയുമൊക്കെ അറിയുമെന്നാണ് ജാസിമിന്റെ അമ്മാവനായ ഹസ്സൻ ബലൂഷി വ്യക്തമാക്കിയത്. ബലൂഷി കുടുംബത്തിന് മലയാളികളുമായുള്ള ബന്ധവും അദ്ദേഹം പറഞ്ഞു. ഹൃദ്യമായ ഈ കൂടിക്കാഴ്‌ച്ചയെ കുറിച്ച് ഷബീർ അലി കുറിച്ചത് ഇങ്ങനെയാണ്:

300 ൽപരം ജീവനുകൾ രക്ഷിച്ച് സ്വന്തം ജീവൻ ബലി നൽകിയ ജാസിം എന്ന ഹീറോയുടെ വീട്ടുകാരെ കണ്ട് സ്വാന്തനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇന്നത്തെ റാസൽ ഖൈമ യാത്രയിൽ ഉണ്ടായിരിന്നു. സുഹൃത്തും നാട്ടുകാരനുമായ ബദറിനെയും കൂട്ടി ജാസിം ജീവിച്ച അഖ്രാൻ എന്ന സ്ഥലത്തേക്ക് പോയി. ആദ്യമായിട്ടാണു ഒരു എമറാത്തിയുടെ മരണവീട്ടിൽ പോകുന്നത് അതിന്റെ എല്ലാ വ്യകുലതകളും എന്നിലുണ്ട്. ബദർ മുമ്പും സന്ദർശിച്ചിട്ടുണ്ട് അതാണാകെയുള്ള സമാധാനം.

കൂടുതൽ ആരോടും വഴി ചോദിക്കാതെ തന്നെ താൽകാലികമായി ഉണ്ടാക്കിയ വലിയൊരു ടെന്റിലേക്ക് എത്തി,ജാസിമിന്റെ വീടിന്റെ മുന്നിലായിരുന്നു ആ ടെന്റ്. ഒരു പത്ത് വയസ്സുകാരൻ അറബി പയ്യൻ നമ്മളെ ടെന്റിനകത്തേക്ക് കൂട്ടികൊണ്ട് പോയി.വാർത്തകളിൽ കണ്ട് കൊണ്ടിരിക്കുന്ന ജാസിമിന്റെ ഉപ്പയെ,മൂത്താപ്പയെ,സഹോദരന്മാരെ ആരും എനിക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥ വന്നില്ല. ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ക്ഷേമം അന്വേഷിച്ച് വരുന്നവരെ സലാം ചൊല്ലി സൽകരിച്ച് ബഹുമാനത്തോടെ ഇരുത്തുന്നു.കൂട്ടത്തിൽ നമ്മളേയും സൽകരിച്ചിരുത്തി.

മലയാളിയാണെന്നും ദുബായിൽ നിന്നുമാണെന്നും പറഞ്ഞപ്പോൾ ഉപ്പയുടെ മുഖം സന്തോഷം കൊണ്ട് വിവർണ്ണമായി. ആരും അറിയാതെ ഇരുന്ന എന്റെ മകനു അങ്ങ് ദൂരെ നിന്ന് പോലും ആൾക്കാർ വന്ന് പ്രാർത്ഥിക്കുന്നു എന്ന് ആ ഉപ്പ പറയാതെ പറയുന്ന ഒരു അനുഭവം. ഇളയ സഹോദരൻ സൽമാൻ എന്നെ വാരിപ്പുണർന്നു. കണ്ണീർ പൊഴിയാൻ പിശുക്ക് കാണിക്കുന്ന എന്റെ കണ്ണുകൾ എന്തോ അറിയാതെ കണ്ണീർ പൊഴിഞ്ഞ് പോയി..

എല്ലാവരോടും സലാം ചൊല്ലി നടന്ന് നീങ്ങുമ്പോൾ കന്തൂറ ധരിച്ച ഒരാൾ മലയാളിയോണൊ? എന്ന് ചോദ്യം.. അതെ എന്ന് ചിരിച്ച് ഉത്തരം പറഞ്ഞു. ഞാൻ ഹസ്സൻ ബലൂഷി ജാസിമിന്റെ അമ്മാവൻ!!! പച്ച മലയാളത്തിൽ അറബിയായ ഹസ്സൻ ബലൂഷി സംസാരിക്കുന്നത് കേട്ട് ഞാൻ തരിച്ചു പോയി. അസർ നിസ്‌കാരത്തിലേക്ക് പുള്ളി ക്ഷണിച്ചു. നിസ്‌കാര ശേഷം ഹസ്സൻ ബലൂഷി അടുത്ത് വന്നിരുന്നു. മലയാളം കേട്ട തരിപ്പ് മാറാത്ത ഞാൻ ചോദിച്ചു, മലയാളം എങ്ങനെ പഠിച്ചു? അതൊക്കെ അറിയാം എനിക്ക് ഒരു പാട് മലയാളി സുഹൃത്തുക്കൾ ഉണ്ട്. കേരളത്തിൽ വനിട്ടുണ്ട് എന്നൊക്കെ.

ജാസിമിന്റെ ഉമ്മയുടെ സഹോദരനാണു ഹസ്സൻ ബലൂഷി. ജാസിമിന്റെ മരണത്തിൽ നമ്മൾ ആരും ദുഃഖിതരല്ല, അവൻ രക്തസാക്ഷിയാണു!! രക്തസാക്ഷിയുടെ കുടുംബം ദുഃഖിക്കാൻ പാടില്ല എന്നോക്കെ ഹസ്സൻ പറയുന്നുണ്ടെങ്കിലും സംസാരം ഇടക്ക് മുറിയുന്ന പോലെ എനിക്ക് തോന്നി.അവൻ മറ്റുള്ളവരെ സഹായിക്കാൻ എപ്പോൾ വേണമെങ്കിലും ഇറങ്ങും, ഒന്നിനോടും ഭയമില്ലായിരുന്നു അല്ലാഹു അവനു സ്വർഗ്ഗം നൽകട്ടെ എന്ന് ഹസ്സൻ പിറുപിറുത്തുകൊണ്ടിരുന്നു.

കേരളവുമായി എനിക്കും കുടുംബത്തിനും മുറിച്ച് കളയാൻ പറ്റാത്ത ബന്ധമുണ്ട്. എന്റെ കുടുംബക്കാർ ചേർന്ന് നിലമ്പൂരിൽ എന്റെ ഉപ്പാപ്പയുടെ പേരിൽ ഇബ്രാഹിം അബ്ദുല്ല ഹസ്സൻ എന്ന ഒരു മസ്ജിദ് പണിതിട്ടുണ്ട്. അങ്ങനെ കേരളത്തെ കുറിച്ച് വാചാലനായി ഹസ്സൻ.മോഹൻലാലാണു എനിക്കിഷ്ടപ്പെട്ട നടൻ കുഞ്ഞാലികുട്ടി ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരൻ. കുഞ്ഞാലികുട്ടിയെ കാണാൻ നാട്ടിൽ വന്നിരുന്നു പക്ഷെ പറ്റിയില്ല. എല്ലാം നല്ല മലയാളത്തിൽ ഹസ്സൻ പറഞ്ഞു.

മരണവീട്ടിലേക്ക് ജാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അതിഥികളെ സ്വീകരിക്കാൻ വേണ്ട പാനീയങ്ങളും ഈത്തപ്പഴവും കൊണ്ട് കൊടുക്കുന്ന തിരക്കിലാണു. ദുഃഖ വാർത്തയറിഞ്ഞ് ആൾക്കാർ വന്ന് കൊണ്ടിരിക്കുന്നു. ഓരോരുത്തരേയും പരമ്പരാഗത ശൈലിയിൽ കൈ കൊടുത്തും മുത്തിയും ജാസിമിന്റെ ബന്ധുക്കൾ സ്വീകരിക്കുന്നു. മൂകത തളം കെട്ടിയ ടെന്റിൽ കുറച്ച് സമയം കൂടിയിരുന്നു. ഹസ്സൻ ബലൂഷി ഇങ്ങോട്ട് വന്ന് ഫോട്ടോ എടുക്കാൻ പറഞ്ഞു. നിങ്ങൾ ഈ വരുന്നതും നമ്മളോട് സംസാരിക്കുന്നതും വല്ലാത്ത ഒരു അനുഭൂതിയാണു തരുന്നത് അത് പറഞ്ഞറിയിക്കാൻ പറ്റില്ല എന്ന് ഹസൻ ബലൂഷി പറഞ്ഞു.

ജാസിമിന്റെ മൂത്താപ്പയുടെ മകൻ 20 വയസ്സ് തോന്നിക്കുന്ന ആദം അവസാനം വാട്‌സപ്പ് ഡിപിയായി ജാസിം വച്ചിരുന്ന ഫോട്ടോ കാണിച്ചു, ഒരു ജേഷ്ടനെ അല്ലെങ്കിൽ അവരുടെയൊക്കെ ലീഡറെ നഷ്ടപ്പെട്ട വേദന അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം... പോകാൻ നേരം ഒന്ന് കൂടി ഉപ്പയേയും സഹോദരന്മാരേയും കണ്ട് കൈ കൊടുത്ത് നടക്കാൻ പോകുമ്പോൾ ഒന്ന് കൂടി എന്നെ കെട്ടിപിടിച്ച് സൽമാൻ ബലൂഷി എന്ന ജാസിമിന്റെ കൊച്ചനുജൻ വല്ലാതെ കരയിപ്പിച്ചു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP