Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാത്രാസ് ഇരയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തു പൊലീസ്; ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത് കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിയൻ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ; സിദ്ദിഖ് കാപ്പനൊപ്പം കാമ്പസ് ഫ്രണ്ട് നേതാക്കളെയും തടഞ്ഞുവെച്ചു പൊലീസ്

ഹാത്രാസ് ഇരയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തു പൊലീസ്; ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത് കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിയൻ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ; സിദ്ദിഖ് കാപ്പനൊപ്പം കാമ്പസ് ഫ്രണ്ട് നേതാക്കളെയും തടഞ്ഞുവെച്ചു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയുടെ വീടു സന്ദർശിക്കാനുള്ള യാത്രക്കിടെ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാത്രാസിലേക്കുള്ള യാത്രക്കിടെ ടോൾപ്ലാസയിൽ വച്ചാണ് സിദ്ദിഖ് കാപ്പിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധീഖ് കാപ്പൻ. തൽസമയം ദിനപത്രത്തിന്റെ ഡൽഹി ലേഖകനായിരുന്ന ഇദ്ദേഹം ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. സിദ്ദിഖിനൊപ്പം കാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖ് റഹ്മാൻ യുപി തുടങ്ങി നാലോളം പേരെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ ഹാത്രാസ് സംഭവവുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ടു ചെയ്തിരുന്നു സിദ്ദിഖ് കാപ്പൻ. ഇന്ന് ഹാത്രാസിലേക്ക് പോകുന്നതിനിടെയാണ് സിദ്ദിഖിനെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞതും കസ്റ്റഡിയിൽ എടുത്തതതും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി എന്ന നിലയിലും ചുമതലകൾ വഹിച്ചിരുന്നു ഇദ്ദേഹം. നേരത്തെ തേജസ് ദിനപത്രത്തിലും ജോലി നോക്കിയിരുന്നു.

കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി കൂടി ആയതിനാൽ സിദ്ധിഖുമായി ബന്ധപ്പെടാൻ ഡൽഹിയിലെ മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതുകൊണ്ടു തന്നെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഹാത്രാസിലേക്ക് പോകുന്ന മാധ്യമപ്രവർത്തകരെ തടയുന്ന സംഭവം ആദ്യമായിട്ടല്ല. ഇവിടേക്കു അധികം മാധ്യമ പ്രവർത്തകരെ യുപി പൊലീസ് കടത്തിവിടുന്നില്ല.

അതിനിടെ ഹാത്രാസിൽ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഉണ്ടായ പ്രതിഷേധങ്ങൾ യോഗി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആസൂത്രണം ചെയ്തതാണെന്നാരോപിച്ച് രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും രാജ്യാന്തര ഗൂഢാലോചന നടന്നെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 109, 120 ബി( ക്രിമിനൽ ഗൂഢാലോചന), 124 എ(രാജ്യദ്രോഹം), 153 എ( മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ പേരിൽ രണ്ട് സംഘങ്ങൾക്കുള്ളിൽ ശത്രുതയുണ്ടാക്കുക), 153 ബി, 420 (വഞ്ചനാകുറ്റം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഹാത്രാസിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിന്റെ സത്യം അന്വേഷിച്ച് കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഹാത്രാസ് വിഷയത്തിൽ കൃത്യമായ നടപടിയെടുക്കുന്നതിൽ യോഗി സർക്കാർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. സിപിഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഹാത്രാസ് കേസിൽ യോഗി സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന ഘട്ടത്തിൽ തന്നെ യു.പി പൊലീസ് ഇത്തരത്തിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP