Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി ലഭിക്കാൻ പരിശോധനയ്ക്ക് നൽകിയ രക്തത്തിലെ സ്റ്റിക്കർ മാറ്റി ഒട്ടിച്ച് ബംഗ്ലാദേശി; കൈക്കൂലി വാങ്ങി തിരിമറി നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് രക്തം പരിശോധിക്കാൻ എടുത്ത നഴ്‌സിനെ: കുവൈറ്റിൽ മലയാളി യുവാവ് നാലു മാസമായി ജയിലിൽ

ജോലി ലഭിക്കാൻ പരിശോധനയ്ക്ക് നൽകിയ രക്തത്തിലെ സ്റ്റിക്കർ മാറ്റി ഒട്ടിച്ച് ബംഗ്ലാദേശി;  കൈക്കൂലി വാങ്ങി തിരിമറി നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് രക്തം പരിശോധിക്കാൻ എടുത്ത നഴ്‌സിനെ: കുവൈറ്റിൽ മലയാളി യുവാവ് നാലു മാസമായി ജയിലിൽ

തൊടുപുഴ: രോഗിയായ അമ്മയ്ക്കും ജോലി ഒന്നും എടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ള വികലാംഗനായ ജ്യേഷ്ഠനും സുഖമായി ജീവിക്കാൻ വേണ്ടിയാണ് തൊടുപുഴ സ്വദേശിയായ എബിൻ തോമസ് എന്ന ചെറുപ്പക്കാരൻ കുവൈറ്റിലേക്ക് പോയത്. കൃഷിയിൽ നിന്ന് മാത്രം ലഭിക്കുന്ന തുച്ഛ വരുമാനത്തിൽ ജീവിച്ചിരുന്ന ഈ കുടുംബത്തിന് വളരെ ആശ്വാസമായിരുന്നു എബിൻ മാസം തോറും നാട്ടിലേക്ക് അയച്ചിരുന്ന പണം. എന്നാൽ ഇപ്പോൾ നാലു മാസമായി ചെയ്യാത്ത കുറ്റത്തിന് കുവൈറ്റ് ജയിലിൽ കഴിയുകയാണ് എബിൻ. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫഹീൽ ക്ലീനിക്കിലായിരുന്നു എബിൻ ജോലി നോക്കിയിരുന്നത്.

ആരെയും സങ്കടത്തിലാക്കുന്നതാണ് എബിന്റെ കഥ. ബംഗ്ലാദേശിയായ യുവാവ് ഇഖാമ ലഭിക്കാൻ മെഡിക്കൽ ചെക്കപ്പിനായി നൽകിയ രക്തം ആരോ മാറ്റിവെച്ചതാണ് എബിന്റെ തലവര മാറ്റി മറിച്ചത്. അസുഖ ബധിതനായ ബംഗ്ലാദേശി കൈക്കൂലി നൽകി തന്റെ രക്ത സാമ്പിളിലെ സ്റ്റിക്കർ മാറ്റി മറ്റാരുടേതുമായി മാറ്റി ഒട്ടിക്കുകയായിരുന്നു. എന്നാൽ ഈ ബംഗ്ലാദേശിയുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് എടുത്തത് എബിൻ ആയിരുന്നു. ഇതിന് ശേഷമാണ് ആരോ ബ്ലഡ് സാമ്പിൾ മാറ്റിയത്.

എന്നാൽ ഈ ബംഗ്ലാദേശിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടുകയും വീണ്ടും രക്ത സാമ്പിൾ പരിശോധന നടത്തുകയും ചെയ്തതോടെയാണ് എബിൻ പിടിയിലായത്. ഇതോടെ എബിൻ കൈക്കൂലി വാങ്ങി രക്തസാമ്പിളിൽ തിരിമറി നടത്തി എന്നാരോപിച്ച് പൊലീസ് കസ്‌ററഡിയിൽ എടുത്തു. കഴിഞ്ഞ ഫെബ്രുവരി 27നാണ് എബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൂരമായ ശാരീരിക പീഡനം അഴിച്ചു വിട്ട പൊലീസ് എബിനെ നിർബന്ധിച്ച് കുറ്റ പത്രത്തിൽ ഒപ്പിടീക്കുകകയും ചെയ്തു.

എന്നാൽ ഈ ബംഗ്ലാദേശി ഒരിക്കൽ പോലും എബിന്റെ പേര് പറഞ്ഞിട്ടില്ലെന്നും എബിന്റെ സഹോദരൻ പറയുന്നു. നിർദ്ധനരായ എബിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ഈ വാർത്ത. കുവൈറ്റിലുള്ള എബിന്റെ സുഹൃത്തുക്കളും ഒരു ബന്ധുവും ചേർന്നാണ് കേസ് നടത്തുന്നത്. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചയ്ക്കകം ഇവർ തന്നെ പൈസ മുടക്കി വക്കീലിനെ വയ്ക്കുകയും കേസ് നടത്തുകയും ചെയ്യുന്നുണ്ട്. ശനിയാഴ്ചയും എബിന്റെ വിസ്താരം നടക്കും. എല്ലാത്തിനും പണവും താങ്ങുമായി നിൽക്കുന്നത് എബിന്റെ സുഹൃത്തുക്കൾ തന്നെയാണ്. ' ചേട്ടൻ ഒന്നു കൊണ്ടും വിഷമിക്കണ്ട, കേസൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം' എന്ന് എബിന്റെ സുഹൃത്തുക്കൾ പറയുന്നതeണ് ഈ സഹോദരന്റെ ഏക ആശ്വാസം.

കുവൈറ്റിൽ ചെന്ന ശേഷം ശമ്പളത്തിൽ നിന്നും മൂന്നര വർഷത്തെ കാലയളവിലേക്ക് ഒരു ലോണും എബിൻ എടുത്തിരുന്നു. ഒരു വർഷം കൂടി ഉണ്ട് ഈ ലോണിന്റെ കാലാവധി. എബിൻ ജയിലിൽ ആയതോടെ എബിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ലോണും അടയ്ക്കുന്നത്. മറ്റൊരു കേസ് കൂടി എബിന്റെ പേരിൽ വന്നാലോ എന്ന് പേടിച്ചാണ് സുഹൃത്തുക്കൾ ഈ ലോണും അടയ്ക്കുന്നത്.

എബിന്റെ സഹോദരൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പരാതി നൽകി എങ്കിലും കേസ് രജിസ്റ്റർ ആയിപ്പോയതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് എമ്പസിയിൽ നിന്നും അറിയിച്ചത്. നോർക്ക വഴിയും ബന്ധപ്പെട്ടെങ്കിലും നിയമം വിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അവിടെ നിന്നും കിട്ടിയ മറുപടി.

രക്തസാമ്പിൾ മാറ്റുന്നതിനായി ബംഗ്ലാദേശിയായ ഹസൻ എന്ന ആൾ വഴിയാണ് ഇയാൾ ആശുപത്രിയിലുള്ള സ്റ്റാഫിനെ സ്വാധീനിച്ചതെന്നാണ് റിപ്പോർട്ട്. പുറത്തു നിന്നും എത്തുന്ന ആളുകൾക്ക് വേണ്ടി ഒരു സഹായി ആയി പ്രവർത്തിച്ചിരുന്ന ആളാണ് ഹസൻ. മറ്റ് രണ്ട് ബംഗ്ലാദേശികൾ മുഖേനയാണ് ഇയാൾ ഹസനെ പരിചയപ്പെടുന്നത്. ഹസനെ പരിചയപ്പെടുത്തി കിട്ടുന്നതിനായി ഇവർക്കും ഇയാൾ പൈസ കൊടുത്തതായാണ് റിപ്പോർട്ട്.

ജയിലിൽ കഴിയുന്ന എബിന് കുവൈറ്റിലുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നാല് മിനറ്റ് ഫോണിൽ സംസാരിക്കാനുള്ള അവസരം ഉണ്ട്. ആഴ്ചയിൽ ഒരിക്കൽ ജയിലിൽ ചെന്ന് കാണാനും സാധിക്കും. എന്നാൽ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് എബിന്റെ അമ്മയും സഹോദരനും. എബിന്റെ വരുമാനം ഇല്ലാതായതോടെ കൃഷിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടണ് ഈ കുടുംബം ജീവിച്ച് പോകുന്നത്. 2015 മാർച്ചിലാണ് എബിൻ ജോലിക്കായി കുവൈറ്റിൽ എത്തുന്നത്. എബിന്റെ മോചനത്തിനായി പ്രാർത്ഥനയിലണ് വയോധികയായ അമ്മയും രോഗിയായ സഹോദരനും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP