Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെംഗളൂരുവിൽ കോവിഡ് മരണങ്ങൾ ഉയരുന്നത് ആശങ്കയിലേക്ക്; ഇന്നലെ രോഗബാധിതനായി മരിച്ചത് മലയാളി സോഫ്റ്റ് വെയർ എഞ്ചിനിയറായ അങ്കമാലിക്കാരൻ ലാൽ സെബാസ്റ്റ്യൻ; വിപ്രോയിലെ ജീവനക്കാരാനായ സെബാസ്റ്റ്യന്റെ മരണം രോഗ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ; ബെംഗളൂരുവിൽ രോഗവ്യാപനം രൂക്ഷം

ബെംഗളൂരുവിൽ കോവിഡ് മരണങ്ങൾ ഉയരുന്നത് ആശങ്കയിലേക്ക്; ഇന്നലെ രോഗബാധിതനായി മരിച്ചത് മലയാളി സോഫ്റ്റ് വെയർ എഞ്ചിനിയറായ അങ്കമാലിക്കാരൻ ലാൽ സെബാസ്റ്റ്യൻ; വിപ്രോയിലെ ജീവനക്കാരാനായ സെബാസ്റ്റ്യന്റെ മരണം രോഗ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ; ബെംഗളൂരുവിൽ രോഗവ്യാപനം രൂക്ഷം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് മരണങ്ങൾ ഉയരുന്നത് ആശങ്കയിലേക്ക്. ഇന്നലെ കോവിഡ് ബാധിച്ച് മലയാളി സോഫ്റ്റ് വെയർ എഞ്ചിനിയർ മരിച്ചതോടെയാണ് ബെംഗലൂരു മലയാളികൾ കൂടുതൽ ഭീതിയാഴ്ന്നിരിക്കുന്നത്. മാരുതി സേവാനഗറിൽ താമസക്കാരനായ എറണാകുളം അങ്കമാലി അരീക്കൽ ലാൽ സെബാസ്റ്റ്യൻ(49) ആണ് മരിച്ചത്. വിപ്രോയിൽ സിഐ.എസ്. ഡെലിവറി ഹെഡ്ഡായിരുന്നു.

കഴിഞ്ഞ 13-നാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോവിഡ് പരിശോധന നടത്തിയത്. പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്ന് മദർ തെരേസ റോഡ് സെയ്ന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം. ഇതോടെ കോവിഡ് ബാധിച്ച് കർണാടകത്തിൽ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി.നീതി മാണിയാണ് ലാൽ സെബാസ്റ്റ്യന്റെ ഭാര്യ. മക്കൾ: ജോയൽ, ജോഷ്വ. പിതാവ്: എ.ജെ. ദേവസിക്കുട്ടി(മുൻ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ). മാതാവ്: റോസമ്മ(മുൻ അദ്ധ്യാപിക).

അതേ സമയം ബെംഗളൂരു നഗരത്തിൽ കോവിഡ് പിടിമുറുക്കുകയാണ്. കൂടുതൽപ്പേരിലേക്ക് രോഗം വ്യാപിക്കുകയാണ്. രോഗികൾ അരലക്ഷം കടന്നതോടെ നഗരത്തിൽ ആശങ്കയേറി. മരണനിരക്കും കുത്തനെ ഉയർന്നു. രോഗികൾ കൂടിയതോടെ ചികിത്സാസൗകര്യമില്ലാത്ത അവസ്ഥയിലാണ് നഗരം. ഗരുതരരോഗികൾക്കുപോലും ആശുപത്രികളിൽ പ്രവേശനം ലഭിക്കുന്നില്ല. ചികിത്സകിട്ടാതെ മരിക്കുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. ഒരുമാസത്തിനുള്ളിൽ അഞ്ചുപേർ ചികിത്സകിട്ടാതെ മരിച്ചു.

നഗരത്തിലെ രോഗികളിൽ 90 ശതമാനവും കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരാണ്. ദിവസേന 2000-ത്തിലധികംപേർക്ക് പുതുതായി രോഗം കണ്ടെത്തുന്നു. രോഗമുക്തി 38 ശതമാനമാണ്. ചികിത്സയിലുള്ളവർ 36,000 കടന്നു. മരണം 1009 ആയി. ഗുരുതരരോഗികൾ കൂടുതലുള്ളതും നഗരത്തിലാണ്. ചികിത്സയിലുള്ള 352 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ദിവസേനയുള്ള സാംപിൾ പരിശോധന 8000 കടന്നതോടെയാണ് രോഗികളുടെ എണ്ണവും കുത്തനെ ഉയർന്നത്. രോഗം സ്ഥിരീകരിക്കുന്ന 70 ശതമാനംപേർക്കും ലക്ഷണമില്ല. ലക്ഷണമില്ലാത്തവരെ വീടുകളിൽ ഐസൊലേഷനിലാക്കിയാണ് ചികിത്സ. രോഗം ഗുരുതരമാകുമ്പോൾ ആശുപത്രിയിലേക്കു മാറ്റും.

സാംപിൾ പരിശോധനയിൽ രോഗം കണ്ടെത്തുന്നവരുടെ നിരക്കും കൂടി. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ വർധന 25 ശതമാനമാണ്. ജൂലായ് ആദ്യവാരത്തിൽ ഇത് 32 ശതമാനമായിരുന്നു. രോഗികൾ കൂടിയതോടെ സജീവ കൺടെയ്ന്മെന്റ് സോണുകൾ 14,000 കടന്നിരിക്കുകയാണ്. രോഗം കണ്ടെത്തുന്ന തെരുവുകൾ, പാർപ്പിടസമുച്ചയങ്ങൾ, റോഡുകൾ എന്നിവ കൺടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിക്കാറാണ്. ഇവിടങ്ങളിൽ അവശ്യസർവീസുകൾമാത്രമാണ് അനുവദിക്കുന്നത്. നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനുപകരം കൺടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കാനാണ് സർക്കാർതീരുമാനം. ഇതുവരെ 1,9000-ത്തോളം തീവ്രാഘാതപ്രദേശങ്ങളാണുണ്ടായിരുന്നത്. എന്നാൽ, രോഗികൾ കുറഞ്ഞതനുസരിച്ച് 4000 പ്രദേശങ്ങളെ ഒഴിവാക്കി.

സൗത്ത്, വെസ്റ്റ് സോണുകളിലാണ് കൂടുതൽ രോഗികളുള്ളത്. ആകെ രോഗികളിൽ 24 ശതമാനവും ഇവിടെയാണ്. ബെംഗളൂരു കോർപ്പറേഷനിലെ 198 വാർഡുകളിൽ 191 എണ്ണത്തിലും അമ്പതിലധികം രോഗികളുണ്ട്. ലോക്ഡൗൺ ഇളവുകളാണ് രോഗവ്യാപനത്തിനു കാരണം. ലോക്ഡൗൺ നീട്ടണമെന്ന് ആരോഗ്യവിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഐ.ടി. ഹബ്ബായ നഗരം കൂടുതൽക്കാലത്തേക്ക് അടച്ചിട്ടാൽ സാമ്പത്തികമായി കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാർവാദം. ഞായറാഴ്ചകളിൽമാത്രമാണ് ലോക്ഡൗൺ നിലവിലുള്ളത്. രാത്രികാല കർഫ്യൂ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP