Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ 43.63 ശതമാനം ആളുകളുടേയും മാതൃഭാഷ ഹിന്ദിതന്നെ; 52.83 കോടിയാളുകൾ ഹിന്ദി സംസാരിക്കുമ്പോൾ രണ്ടാമതായി ബംഗാളി സംസാരിക്കുന്നത് 9.72 കോടിയാളുകൾ; മറാത്തിക്കും, തെലുങ്കിനും,ഗുജറാത്തിക്കും, ഉറുദിനും ,കന്നഡയ്ക്കും ഒഡിയയ്ക്കും പിന്നാലെ 3.48കോടി ജനങ്ങളുമായി മലയാളം

ഇന്ത്യയിലെ 43.63 ശതമാനം ആളുകളുടേയും മാതൃഭാഷ ഹിന്ദിതന്നെ; 52.83 കോടിയാളുകൾ ഹിന്ദി സംസാരിക്കുമ്പോൾ രണ്ടാമതായി ബംഗാളി സംസാരിക്കുന്നത് 9.72 കോടിയാളുകൾ; മറാത്തിക്കും, തെലുങ്കിനും,ഗുജറാത്തിക്കും, ഉറുദിനും ,കന്നഡയ്ക്കും ഒഡിയയ്ക്കും പിന്നാലെ 3.48കോടി ജനങ്ങളുമായി മലയാളം

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: മലയാളവുമല്ല, ഇംഗ്ലീഷുമല്ല രണ്ടും കലർന്ന സ്വരത്തിൽ മലയാളത്തെ വികലവൽക്കരിക്കുന്ന പുതിയ കാലഘട്ടത്തിലും ഭാഷാസ്‌നേഹം കാത്തുസൂക്ഷിക്കുന്ന മലയാളികൾക്ക് അഭിമാനിക്കാം. ഇന്ത്യയിൽ ഏറ്റവും അധികംപേർ സംസാരിക്കുന്ന ഭാഷകളിൽ പത്താം സ്ഥാനം നിലനിർത്തി മലയാളം. 2011ലെ ജനസംഖ്യാ കണക്കെടുപ്പിനെ അടിസ്ഥാനമാക്കി രജിസ്റ്റ്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫിസ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 3.48 കോടി ജനങ്ങളാണ് മലയാളം സംസാരിക്കുന്നത്. 2001ലെ കണക്കുപ്രകാരം ഇത് 3.30 കോടിയായിരുന്നു. കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിൽ മാതൃഭാഷ സംസാരിക്കുന്ന കുട്ടികൾക്ക് ഫൈൻ ഈടാക്കുമ്പോഴും ഭാഷാ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന ഒരുകൂട്ടം സമൂഹം ഇവിടെയുണ്ടെന്ന് ഈ കണക്കുകൾ ഓർമപ്പെടുത്തുകയാണ്.

സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സങ്കരപുത്രിയായി രൂപം കൊണ്ട മലയാളത്തെ ഇത്രയധികം ആളുകൾ അംഗീകരിക്കുന്നതും നേട്ടമാണ്. മലയാളത്തിന്റെ മാതാവ് സംസ്‌കൃതഭാഷ ഇന്ത്യയിൽ സംസാരിക്കുന്നത് കാൽലക്ഷത്തോളം ജനങ്ങളാണ്. ഇവരിൽ മലയാളികളും ഉൾപ്പെടുന്നു.

രാജ്യത്ത് 43.63% പേർ സംസാരിക്കുന്ന (52.83 കോടി) ഹിന്ദിയാണ് മുന്നിൽ. തൊട്ടുപിന്നിലായി ഇന്ത്യൻസാഹിത്യത്തിന് നിർണായക സ്ഥാനം വഹിച്ച ബംഗാളി ഭാഷയും. 9.72 കോടി ജനതയാണ് ബംഗാളി സംസാരിക്കുന്നത്. മറാത്തി (8.3), തെലുഗു (8.11), തമിഴ് (6.9), ഗുജറാത്തി (5.54), ഉറുദു (5.07), കന്നഡ (4.37), ഒഡിയ (3.7 കോടി) ഭാഷകളാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ. ഉറുദുവിനെ പിന്തള്ളി ഗുജറാത്തി ആറാം സ്ഥാനത്തെത്തിയതു മാത്രമാണ് കഴിഞ്ഞ തവണത്തേതിൽ നിന്നുള്ള വ്യത്യാസം. 2.6 ലക്ഷം പേരാണ് ജനസംഖ്യാ കണക്കെടുപ്പിൽ മാതൃഭാഷയായി ഇംഗ്ലിഷ് രേഖപ്പെടുത്തിയത്.

ഇവരിൽ ഒരു ലക്ഷം പേർ മഹാരാഷ്ട്രയിലാണ്. കാൽലക്ഷത്തോളം പേരുടെ മാതൃഭാഷയായ സംസ്‌കൃതമാണ് ഏറ്റവും പിന്നിൽ. കർണാടകയിലെ കൊടവ, കർണാടകയിലും കേരളത്തിലും സംസാരിക്കുന്ന തുളു, കൊങ്കിണി ഭാഷകളും പിന്നിലാണ്. ഈ ഭാഷാ സമുദായത്തിലെ ഭൂരിഭാഗവും മലയാളം അല്ലെങ്കിൽ കന്നഡയ്ക്കാണ് മാതൃഭാഷയെക്കാൾ പ്രാമുഖ്യം നൽകുന്നത്.

അതേസമയം മലയാളത്തിന്റെ വളർച്ചാ നിരക്ക് 3.21ൽ നിന്ന് 2.97 ശതമാനമായി കുറഞ്ഞു. ദക്ഷിണേന്ത്യയിൽ കന്നഡയാണ് വളർച്ചാനിരക്കിൽ വർധനയുണ്ടായ ഏകഭാഷ. തമിഴ്‌നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഹിന്ദി, ബെംഗാളി, ആസാമി, ഒഡിയ ഭാഷകൾ സംസാരിക്കുന്നവർ കൂടിയതു കുടിയേറ്റത്തിലെ വിപരീത പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. ബംഗാളി സംസാരിക്കുന്ന അഞ്ചിലൊരാൾ ഇതര സംസ്ഥാനത്താണ് ജീവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP