Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീനാപോളിന്റെ ഭർത്താവ് വേണുവിന്റെ 'കാർബണ്' കഴിഞ്ഞ തവണ ലഭിച്ചത് ആറ് അവാർഡുകൾ; കമലിന്റെ 'ആമി'യ്ക്ക് ലഭിച്ചത് രണ്ടു അവാർഡുകളും; ജൂറിയെ തീരുമാനിക്കുന്നതിൽ പ്രമുഖ റോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനും വൈസ് ചെയർപേഴ്‌സൺ ബീനാപോളിനും; അക്കാദമി ചട്ടങ്ങൾ കാറ്റിൽ പറത്തി ഇത്തവണ എത്തുന്നത് കമലിന്റെ മകന്റെ 'നയൻ'; ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇഷ്ടക്കാർക്ക് വാരിക്കോരിക്കൊടുക്കുന്നതിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി; ഇക്കുറി കാള വാല് പൊക്കും മുമ്പേ കയറുമായി സിനിമാലോകം

ബീനാപോളിന്റെ ഭർത്താവ് വേണുവിന്റെ 'കാർബണ്'  കഴിഞ്ഞ തവണ ലഭിച്ചത് ആറ്  അവാർഡുകൾ; കമലിന്റെ 'ആമി'യ്ക്ക് ലഭിച്ചത് രണ്ടു അവാർഡുകളും; ജൂറിയെ തീരുമാനിക്കുന്നതിൽ പ്രമുഖ റോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനും വൈസ് ചെയർപേഴ്‌സൺ ബീനാപോളിനും; അക്കാദമി ചട്ടങ്ങൾ കാറ്റിൽ പറത്തി ഇത്തവണ എത്തുന്നത് കമലിന്റെ മകന്റെ 'നയൻ'; ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇഷ്ടക്കാർക്ക് വാരിക്കോരിക്കൊടുക്കുന്നതിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി; ഇക്കുറി കാള വാല് പൊക്കും മുമ്പേ കയറുമായി സിനിമാലോകം

എം മനോജ് കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലിരുന്ന് ചെയർമാൻ കമലും വൈസ് ചെയർപേഴ്‌സൺ ബീനാപോളും നടത്തുന്ന കൂട്ടു കച്ചവടത്തിനെതിരെ എതിർപ്പുകളുമായി മലയാള സിനിമാലോകം. ബീനാ പോളിന്റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണ് ആറു അവാർഡുകളും അക്കാദമി ചെയർമാനായ കമൽ സംവിധാനം ചെയ്ത ആമിക്ക് രണ്ടു അവാർഡുകളും നൽകിയ കഴിഞ്ഞ സിനിമാ അവാർഡ് വിതരണം മുന്നിൽ നിൽക്കെ തന്നെയാണ് അവാർഡ് വിതരണത്തിനു അരങ്ങൊരുങ്ങിയിരിക്കെ എതിർപ്പുകളുമായി സിനിമാലോകം രംഗത്ത് വന്നിരിക്കുന്നത്. സംവിധായകനും മൂവ്‌മെന്റ് ഫോർ ഇൻഡിപ്പെൻഡന്റ് സിനിമ (മൈക്ക്) പ്രസിഡന്റുമൊക്കെയായ സന്തോഷ് ബാബുസേനനും സെക്രട്ടറി കെ.പി.ശ്രീകൃഷണനുമൊക്കെ ഈ വിഷയത്തിൽ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി. കമലിന്റെ മകന്റെ സിനിമയായ നയൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്താൻ സാധ്യത വരുമെന്ന ഊഹാപോഹങ്ങൾ മലയാള സിനിമാ ലോകത്ത് നിലനിൽക്കെ തന്നെയാണ് 2019-ൽ സംഭവിച്ചത് 2020-ൽ ആവർത്തിക്കാതിരിക്കാൻ 'മൈക്ക്' അടക്കമുള്ളവർ കോപ്പു കൂട്ടുന്നത്.

ചലച്ചിത്ര അക്കാദമി അവാർഡുകൾക്ക് അപേക്ഷ നൽകാനുള്ള തീയതി കഴിഞ്ഞു. ഇനി ജൂറി തിരഞ്ഞെടുപ്പാണ്. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് മെമ്പർമാരാണ് ജൂറിയെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലുള്ളത്. കമലും ബീനാ പോലും മഹേഷ് പഞ്ചുവുമൊക്കെ ഈ കമ്മറ്റിയിലുണ്ട്. ഇവർ നാമനിർദ്ദേശം ചെയ്യുന്ന ജൂറി വരുമ്പോൾ ഇവരുടെ താത്പര്യങ്ങൾ അവാർഡ് നിർണ്ണയ വേളയിലും പ്രതിഫലിക്കും. മുൻ അനുഭവം മുന്നിൽ നിൽക്കെ തന്നെയാണ് മുൻകൂറായി പരാതി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.

ഇത്തവണത്തെ മലയാള സിനിമാ അവാർഡുകൾ അട്ടിമറിക്കപ്പെടാതിരിക്കാനാണ് മലയാള സിനിമാലോകത്തെ ഒരു പ്രബല വിഭാഗത്തിന്റെ നീക്കം വന്നിരിക്കുന്നത്. സിനിമാ അവാർഡ് ജൂറിയെ തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് ബോർഡ് ആണ്. കമലും ബീനാ പോളും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവുമൊക്കെ അടങ്ങുന്നതാണ് ഈ എക്‌സിക്യുട്ടീവ് ബോർഡ്. കമലിന്റെയും ബീനാ പോളിന്റെയും സിനിമകൾ അക്കാദമി അവാർഡിന് എത്താറുണ്ട്. കഴിഞ്ഞ തവണ കമലിനും ബീനാ പോളിന്റെ ഭർത്താവ് വേണുവിനുമൊക്കെ അവാർഡ് ലഭിച്ചു. ഈ വർഷം അവാർഡ് പരിഗണനയ്ക്ക് കമലിന്റെ മകന്റെ സിനിമ നയൻ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. എക്‌സിക്യൂട്ടിവ് ബോർഡുമായി ബന്ധമുള്ളവരുടെ സിനിമ അവാർഡിന് പരിഗണിക്കരുത്. റിലീസ് ആയാലും ഇല്ലെങ്കിലും അവാർഡിന് വരരുത്. അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരുടെ, അവരുമായി ബന്ധമുള്ളവരുടെ സിനിമകൾ അവാർഡിന് പരിഗണിക്കപ്പെടാൻ പാടില്ല എന്ന് അക്കാദമിയുടെ റൂളിൽ വ്യവസ്ഥയുണ്ട്. ജൂറി മെമ്പേഴ്‌സിന്റെയോ അവരുടെ ബന്ധുക്കളുടെയോ സിനിമകളും അവാർഡ് നിർണ്ണയവേളയിൽ ജൂറിമാർക്ക് മുന്നിൽ വരരുത്. അക്കാദമി നിയമവ്യവസ്ഥ ഇങ്ങനെയായിരിക്കെ കമലും ബീനാ പോളും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവുമടങ്ങുന്നവർ ഇത് കാറ്റിൽപ്പറത്തുന്നതിനെതിരെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി വന്നിരിക്കുന്നത്. സ്വജന പക്ഷപാതിത്വം അവാർഡ് നിർണ്ണയ വേളയിൽ കടന്നുവരരുത് എന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ട പരാതിയിലെ മുഖ്യ ആവശ്യം.

എങ്ങിനെ അവാർഡ് നിർണ്ണയം അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് മൈക്ക് മുഖ്യമന്ത്രിക്ക് നൽകിയ പരാതി. കഴിഞ്ഞ തവണ കാർബൺ സിനിമയ്ക്ക് ആറ് അവാർഡുകൾ ലഭിച്ചു. ഈ സിനിമ സംവിധാനം ചെയ്തത് ബീനാ പോളിന്റെ ഭർത്താവ് വേണുവാണ്. കമലാണ് അക്കാദമി ചെയർമാൻ. കമൽ സംവിധാനം ചെയ്ത ആമിക്ക് രണ്ടു അവാർഡുകൾ ലഭിച്ചു. ചലച്ചിത്ര അവാർഡ് നിർണ്ണയിക്കുന്ന ജൂറിയിൽ ആരൊക്കെ വേണം എന്ന നിർദ്ദേശം സാംസ്‌കാരിക വകുപ്പിന് കൈമാറുന്നത് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് മെമ്പർമാരാണ്. കമലും ബീനാ പോളുമൊക്കെ ഈ കമ്മറ്റിയിലുണ്ട്. സ്വജന പക്ഷപാതിത്വമാണ് കഴിഞ്ഞ തവണ നടന്നത്. ഇതിനു തെളിവാണ് കഴിഞ്ഞ തവണത്തെ അവാർഡ് ദാനം. ഇത് ഒരിക്കലും ആവർത്തിക്കാൻ പാടില്ല.

ചലച്ചിത്ര അക്കാദമി ചെയർമാൻ, സെക്രട്ടറി, എക്‌സിക്യുട്ടീവ് ബോർഡ് മെമ്പർമാർ, അക്കാദമി ഉദ്യോഗസ്ഥർ എന്നിവരുടെ സിനിമകൾ അവാർഡുകൾക്ക് അർഹമല്ല എന്ന് അക്കാദമിയിലെ നിയമാവലിയിലുണ്ട്. (സംശയം ഉണ്ടാകാതിരിക്കാൻ റൂൾ 5 (11) എന്നും പരാതിയിൽ ചേർത്തിട്ടുണ്ട്.) കാർബൺ, ആമി അവാർഡുകൾ ഈ നിയമത്തിന്റെ ലംഘനമാണ്. ഇക്കുറി അവാർഡ് നിർണ്ണയം വരുമ്പോൾ ചലച്ചിത്ര അക്കാദമിയുമായി ബന്ധമുള്ളവർ ചെയ്ത സിനിമകൾ അക്കാദമി അവാർഡിന് പരിഗണിക്കരുത്-ഇതാണ് ഞങ്ങളുടെ അപേക്ഷ. ഈ രീതിയിലാണ് മൈക്ക് പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.

കേരളത്തിലെ ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ നിലനിൽക്കുന്നുണ്ട്. ഫിയാഫ് അപ്രൂവ്ഡ് ഫെസ്റ്റാണ് ഐഎഫ്എഫ്‌കെ. ഫിയാഫിന്റെ നിയമങ്ങളാണ് ഐഎഫ്എഫ്‌കെ മേളയിൽ ഉൾപ്പെടുത്താറ് എന്നാണ് വെപ്പ്. എന്നാൽ റിലീസ് ചെയ്ത സിനിമകൾ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തരുത് എന്ന് ഫിയാഫ് റൂൾസ് ഉണ്ട്. ഫിയാഫ് റൂൾസ് നോക്കി പോയാൽ കമലിന്റെയും ബീനാപോളിന്റെയുമൊക്കെ സിനിമകൾ ഉൾപ്പെടുത്താൻ കഴിയില്ല. ഇവരുമായി ബന്ധമുള്ളവരുടെ സിനിമകളും ഉൾപ്പെടുത്താൻ കഴിയില്ല. ഇതൊക്കെ തന്നെയാണ് സ്വജനപക്ഷപാതം. ഈ പരാതികൾ നിലനിൽക്കെ തന്നെയാണ് ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ സ്വജന പക്ഷപാതം കടന്നുവരരുത് എന്ന പരാതി മുഖ്യമന്ത്രിക്ക് തന്നെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

റിലീസ് ചെയ്ത സിനിമകൾ സിനിമാ ഫെസ്റ്റിവലുകളിലെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താറില്ല. പക്ഷെ ഐഎഫ്എഫ്‌കെ ഈ നിയമം പച്ചയായി തന്നെ ലംഘിക്കുകയാണ്. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ സിനിമകൾക്ക് അവാർഡ് നൽകാനാണ് തിയേറ്ററുകളിൽ ഓടിത്തേഞ്ഞ സിനിമകൾ ഐഎഫ്എഫ്‌കെയിൽ ഉൾപ്പെടുത്തുന്നത്. ഇതിലും ഇപ്പോൾ സമർപ്പിക്കപ്പെട്ട പരാതിയിൽ പറയുന്ന സ്വജന പക്ഷപാതം തന്നെയാണ് വില്ലൻ റോളിൽ. ആമസോണിലും നെറ്റ്ഫ്‌ളിക്‌സിലുമൊക്കെ റിലീസായ പദങ്ങളാണ് മലയാളം സിനിമാ ടുഡേ എന്ന വിഭാഗത്തിൽ ഐഎഫ്എഫ്‌കെ ഉൾപ്പെടുത്തുന്നത്. ലോകത്ത് ഒരു സിനിമാ ഫെസ്റ്റിവലിലും റിലീസായ സിനിമകൾ ഉൾപ്പെടുത്താറില്ല.

ഫിയാഫ് നിയമങ്ങൾ അനുസരിക്കുമെങ്കിലും മലയാളം സിനിമ വിഭാഗം വരുമ്പോൾ ഈ നിയമത്തിൽ വെള്ളം ചേർക്കപ്പെടും. ഫിയാഫിന്റെ 39 ഓളം ഫിലിം ഫെസ്റ്റിവലുകളുണ്ട്. അതിൽ ഐഎഫ്എഫ്‌കെ, ഗോവ ഐഎഫ്എഫ്‌ഐ എന്നിവയിൽ ഒഴികെ മറ്റെവിടെയും റിലീസ്ഡ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകാറില്ല. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഉള്ള സിനിമകളും പ്രദർശിപ്പിക്കില്ല. അടുപ്പമുള്ളവരുടെ ഓടിത്തകർത്ത സിനിമകൾ ഐഎഫ്എഫ്‌കെയിലും കാണിക്കണം. ഇതാണ് ഇതിനു പിന്നിലെ പച്ചയായ താത്പര്യം. ബാക്കി എല്ലാം ഫിയാഫ് നിയമങ്ങൾ തന്നെ നടപ്പിലാക്കും. ഫ്രാൻസ് ഫെസ്റ്റിവലിൽ ആണെങ്കിൽ പ്രധാന മത്സര വിഭാഗത്തിൽ ലോകത്ത് റിലീസ് ചെയ്ത ഒരു സിനിമയും എടുക്കില്ല. സൈഡ് എന്ട്രിയാണെങ്കിൽ ഫ്രാൻസിൽ റിലീസ് ആയിരിക്കാൻ പാടില്ല എന്ന നിബന്ധനയുമുണ്ട്. ഫിയാഫ് പറയുന്നത് ഇന്ത്യൻ സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്ത് സിനിമകൾ ആയിരിക്കരുത് എന്നാണ്. ഇത് തന്നെയാണ് മലയാള സിനിമ വിഭാഗം വരുമ്പോഴും പ്രാവർത്തികമാക്കേണ്ടത്. അത് പ്രാവർത്തികമാക്കില്ല. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സിനിമകൾ ഓടിക്കാൻ കഴിയില്ല. അതിനാൽ ഇങ്ങിനെ ഒരു റൂൾ കൊണ്ടുവരാൻ കമലും കൂട്ടരും സമ്മതിക്കില്ല. താത്പര്യങ്ങൾ പടിക്ക് പുറത്ത് നിർത്തേണ്ടി വരും.

ഇങ്ങിനെ നിയമങ്ങളിൽ വെള്ളം ചേർത്ത് വെള്ളം ചേർത്ത് തന്നെയാണ് നല്ല സിനിമകൾ മലയാളക്കരയിൽ നിന്ന് കമലിനെ പോലെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ അപ്രത്യക്ഷമാക്കിയത്. മികച്ച സംവിധായകൻ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരുന്നിട്ടും ഫലം നാസ്തി എന്നാണ് സിനിമാ രംഗത്ത് ഉള്ളവർ വിരൽ ചൂണ്ടുന്നത്. ചലച്ചിത്ര ലോകത്തെ തന്നെ അമ്പരിപ്പിച്ച അവാർഡ് വിതരണമായിരുന്നു കഴിഞ്ഞ തവണത്തേത്. വേലി തന്നെ വിളവു തിന്നുന്ന കാഴ്ച കണ്ടപ്പോഴാണ് കാള വാല് പൊക്കുന്നത് കണ്ടതോടെ കയറുമായി സിനിമാലോകം തന്നെ ഇറങ്ങിയത്. കമലിന്റെ മകൻ സംവിധാനം ചെയ്ത നയൻ അവാർഡിന് പരിഗണിക്കാനുള്ള സാധ്യതകളും ഉരുത്തിരിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇക്കുറി ചലച്ചിത്ര അവാർഡിന് പരിഗണിക്കാനുള്ള സിനിമകൾ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞയുടൻ സംവിധായകനും മൂവ്‌മെന്റ് ഫോർ ഇൻഡിപ്പെൻഡന്റ് സിനിമ (മൈക്ക്) പ്രസിഡന്റുമൊക്കെയായ സന്തോഷ് ബാബുസേനനും സെക്രട്ടറി കെ.പി.ശ്രീകൃഷണനുമൊക്കെ മുഖ്യമന്ത്രിക്ക് തന്നെ പരാതി നൽകി സിനിമാ അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ടു വിഷയങ്ങളിൽ ഇക്കുറി ജാഗ്രത പാലിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP