Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

മമ്മൂക്കയുടെയും ലാലേട്ടന്റെയും വർഷം! ലൂസിഫർ 200 കോടി ക്ലബിലെത്തി റെക്കോർഡ് ഇട്ടപ്പോൾ മധുരരാജയും മാമാങ്കവും നേടിയത് നൂറുകോടി; 2 കോടി മുടക്കി 50 കോടി നേടി ഞെട്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ; കയറി വരുന്നത് ആസിഫലിയും ഷെയിൻ നിഗവും; വെടിതീർന്ന് ദിലീപ്; പിന്നോട്ടടിച്ച് ടൊവീനോയും നിവിനും ദൂൽഖറും; മുടക്കു മുതൽ തിരിച്ചു പടിച്ചത് വെറും 30 ചിത്രങ്ങൾ; 80 ചിത്രങ്ങൾക്ക് ഒരാഴ്ചപോലും തികയ്ക്കാനായില്ല; മലയാള സിനിമയുടെ 2019ലെ ബോക്സോഫീസ് ഇങ്ങനെ

മമ്മൂക്കയുടെയും  ലാലേട്ടന്റെയും വർഷം! ലൂസിഫർ 200 കോടി ക്ലബിലെത്തി റെക്കോർഡ് ഇട്ടപ്പോൾ മധുരരാജയും മാമാങ്കവും നേടിയത് നൂറുകോടി; 2 കോടി മുടക്കി 50 കോടി നേടി ഞെട്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ; കയറി വരുന്നത് ആസിഫലിയും ഷെയിൻ നിഗവും; വെടിതീർന്ന് ദിലീപ്; പിന്നോട്ടടിച്ച് ടൊവീനോയും നിവിനും ദൂൽഖറും; മുടക്കു മുതൽ തിരിച്ചു പടിച്ചത് വെറും 30 ചിത്രങ്ങൾ; 80 ചിത്രങ്ങൾക്ക് ഒരാഴ്ചപോലും തികയ്ക്കാനായില്ല; മലയാള സിനിമയുടെ 2019ലെ ബോക്സോഫീസ് ഇങ്ങനെ

എം മാധവദാസ്

മമ്മൂക്കയുടെയും ലാലേട്ടന്റെയും വർഷം! 2019ലെ മലയാള സിനിമയുടെ ബോക്സോഫീസ് റിപ്പോർട്ട് എഴുതുമ്പോൾ ഇത്തവണയും അങ്ങനെ  തലക്കെട്ടിടാനേ കഴിയൂ. ഏതാണ്ട് 900 കോടിയുടെ ബിസിനസ് നടക്കുന്ന മലയാള സിനിമയിൽ 400 കോടിയുടെ കളക്ഷൻ കൊണ്ടുവന്നത് ഇവരുടെ മൂന്ന് ചിത്രങ്ങളാണ്. 200 കോടിയിലേറെ കളക്റ്റ്ചെയ്ത മോഹൻലാലിന്റെ ലൂസിഫർ, നൂറുകോടി എത്തിയ മമ്മൂട്ടിടെ മാമാങ്കവും, മധുരരാജയും. ഒരു യുവതാരങ്ങൾക്കും അടുത്തൊന്നും എത്താൻ കഴിയാത്ത രീതിയിൽ മലയാള സിനിമ ഈ രണ്ടു വെറ്ററൻ താരങ്ങൾ അടക്കി ഭരിക്കയാണ്. പകരം വെക്കാനില്ലാത്ത മുടിചൂടാ മന്നന്മാർ. സത്യത്തിൽ മലയാള വാണിജ്യ സിനിമയെ താങ്ങിനിർത്തുന്ന, ഈ രണ്ടുപേരുടെയും പ്രൊഫഷണലിസം,'പ്രകൃതി അനുവദിക്കുന്നില്ലെന്ന്' പറഞ്ഞ് ഷൂട്ടിങ്ങ് മുടക്കുന്ന ചില യുവതാരങ്ങളൊക്കെ കണ്ടു പഠിക്കേണ്ടതാണ്. ഈ 67ാം വയസ്സിലും പറന്നുനടന്നാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

'ആകെ മൊത്തം ടോട്ടലായി' എടുക്കുമ്പോൾ എന്നും നഷ്ടങ്ങളുടെ കണക്കാണ് മലയാള ചലച്ചിത്രലോകത്ത് കേൾക്കാനുള്ളത്. മൊത്തം ഇറങ്ങുന്ന ചിത്രങ്ങൾ പരിശോധിക്കുമ്പോൾ 15 ശതമാനംപോലും ലാഭ സാധ്യതയില്ലാത്ത വ്യവസായം. എന്നിട്ടും അത് ഓരോ വർഷവും വളരുന്നു. കഴിഞ്ഞ വർഷം 152 സിനിമകളായിരുന്നു പുറത്തിറങ്ങിയരുന്നതെങ്കിൽ, ഈ വർഷം അത് 192 ആയി ഉയർന്നു. മൊത്തം 900 കോടിയുടെ മുടക്കുമുതലാണ് ഈ വർഷം മാത്രം മലയാളസിനിമയിൽ ഉണ്ടായതെന്നാണ് പ്രൊഡ്യൂസേഴ്സ അസോസിയേഷനിൽനിന്ന് ലഭിക്കുന്ന കണക്കുകൾ.പക്ഷേ ഇതിൽ വെറും 30 സിനിമകൾക്ക് മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്. ഒരു മുന്നുറ് കോടി രൂപയുടെയെങ്കിലും നഷ്ടം ഈ വർഷം മാത്രം മലയാള സിനിമക്ക് മൊത്തം ഉണ്ടായിരിക്കും എന്നാണ് കണക്ക്.

ഇതിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്. ഇവയിൽ ഭുരിഭാഗവും ഒരാഴ്ചപോലും തീയേറ്റിൽനിന്ന് നേടാനായില്ല. എന്തിനുവേണ്ടിയാണ് ഇത്തരം ചിത്രങ്ങൾ എടുക്കുന്നതെന്ന് പിടി കിട്ടുന്നില്ല. പക്ഷേ മറ്റൊരു ആശ്വാസമായ കാര്യം സിനിമ മാർക്കറ്റ് ചെയ്യാൻ നാം പഠിച്ചിരിക്കുന്നു എന്നാണ്. മാമങ്കം ലോക വ്യാപകമായി റിലീസ് ചെയ്തത് നോക്കൂ.തീയേറ്ററിൽ കളക്ഷൻ കുറഞ്ഞാലും സാറ്റലൈറ്റിന്റെയും, ഓവർസീസ് റൈറ്റിന്റെയും മറ്റും ബലത്തിൽ സിനിമ ലാഭമാക്കാൻ കഴിയും എന്നത് ചെറിയ കാര്യമല്ല. ആമസോൺ പ്രൈമിന്റെയൊക്കെ കാലത്തും മലയാള സിനിമ പിടിച്ചു നിൽക്കുന്നുണ്ടെല്ലോ എന്നതിലും ആശ്വസിക്കാം.

കോടികളുടെ മുതൽമുടക്കുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കിടയിലും കൊച്ചു ചിത്രങ്ങൾ വൻ വിജയം കൊയ്യുന്നത് മലയാള സിനിമയുടെ കരുത്ത് തന്നെയാണ് പ്രകടിപ്പിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്നവെറും രണ്ടുകോടിയിൽ താഴെ മുതൽ മുടക്കിയ ചിത്രം അമ്പതുകോടി ക്ലബിൽ സ്ഥാനം പിടിച്ചാണ് സകലരെയും ഞെട്ടിച്ചത്. അതുപോലെ ഉയരെ, കുമ്പളങ്ങി നൈറ്റസ്, ഇഷ്‌ക്ക്, തമാശ വിജയും സൂപ്പറും പൗർണ്ണമിയും,കെട്ട്യോളാണ് എന്റെ മാലാഖ ആൻഡ്രായിഡ് കുഞ്ഞപ്പൻ, ഹെലൻ തുടങ്ങിയ നിരവധി ചിത്രങ്ങളും ലോ ബജറ്റിലിറങ്ങി വിജയിച്ചു. ആർക്കും പകരം വെക്കാൻ കഴിയുന്ന ഒരുപാട് നടന്മാർ മലയാളത്തിൽ ഉണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങളിലെ ജോജു ജോർജിന്റെ കിടിലൻ പ്രകടനം ഓർത്തുനോക്കുക. മുരളിയൊക്കെ മരിച്ചതോടെയുള്ള ഗ്യാപ്പ് പരിഹരിക്കപ്പെടുന്നത് ഇത്തരം പ്രതിഭകളിലൂടെയാണ്.

തണ്ണീർമത്തനിലെ വിനീത് ശ്രീനിവാസന്റെ പ്രകടനവും, തമാശയിലെ വിനയ്ഫോർട്ടിന്റെതും, അമ്പിളിയിലെയും കുമ്പളങ്ങിയിലെയും സൗബിൻഷാഹിറിന്റെ പ്രകടനവും മറക്കാൻ കഴിയില്ല.

ആറ് ഹിറ്റുകൾ; മുടക്കുമുതൽ തിരിച്ചുപിടിച്ചത് 30 ചിത്രങ്ങൾ

വിതരണക്കാരിൽനിന്നും നിർമ്മാതാക്കളിൽനിന്നും ലഭിക്കുക്കുന്ന അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് വെറും 14 ചിത്രങ്ങൾക്ക് മാത്രമാണ് തീയേറ്ററിൽനിന്നുള്ള കളക്ഷൻ വെച്ച് മുടക്കുമുതൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. ലൂസിഫർ, മാമാങ്കം, മധുരരാജ ,തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, ഇഷ്‌ക്ക് തമാശ, വിജയും സൂപ്പറും പൗർണ്ണമിയും, കെട്ട്യോളണ് മാലാഖ, പൊറിഞ്ചുമറിയം ജോസ്,ആൻഡ്രായിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ്ങ് ലൈസൻസ്, പ്രതിപൂവൻ കോഴി എന്നിവയാണ് ഈ ചിത്രങ്ങൾ. ( ഇതിൽ ഡ്രൈവിങ്ങ് ലൈസൻസും പ്രതി പൂവൻകോഴിയും ക്രിസ്മസ് റിലീസാണ്. പക്ഷേ ഇനീഷ്യൽ കളക്ഷനും വിവിധ റേറ്റിങ്ങ് ഏജൻസികൾ നൽകിയ റിപ്പോർട്ടും അനുസരിച്ചാണ് ഇവ മുടക്കുമുതൽ തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്)
വൈറസ്, ലൗ ആക്ഷൻഡ്രാമ, ഒരു യമണ്ടൻ പ്രണയ കഥ ,ഉണ്ട, ഹെലൻ ,ബ്രദേഴ്സ ഡേ,  കക്ഷി അമ്മിണിപ്പിള്ള, അമ്പിളി, കമല, ഫൈനൽസ് ,അർജന്റീന ഫാൻസ് കാട്ടുർക്കടവ്, ജൂൺ, ആൻഡ് ദ ഓസ്‌ക്കാർ ഗോസ് ടു, അതിരൻ, മേരാം നാം ഷാജി, കോടതി സമക്ഷം ബാലൻ വക്കീൽ, എന്നീ 16 ചിത്രങ്ങൾ സാറ്റലൈറ്റിന്റെ ബലത്തിൽ നഷ്ടക്കച്ചവടം അല്ലാതെ കാലാശിക്കും.

ഇതിൽ ഹിറ്റുകൾ എന്ന് പറയാവുന്ന രീതിയിൽ ബോക്സോഫീസിനെ ഇളക്കി മറിക്കുന്ന കളക്ഷൻ ഉണ്ടായത് വെറും ആറ് ചിത്രങ്ങൾക്ക് മാത്രമാണ്. ലൂസിഫർ, മാമാങ്കം, മധുരരാജ ,തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, എന്നിവയാണ് ആ ചിത്രങ്ങൾ. തീയേറ്റിറിൽനിന്നുള്ള കളക്ഷൻ മോശമായാലും വിജയയിപ്പിക്കാൻ കഴിയുമെന്ന രീതിയിൽ മലയാളത്തിന്റെ മാർക്കറ്റിങ്ങ് സ്ട്രാറ്റജി വളരുന്നുവെന്നതും ആശ്വാസകരമാണ്. പക്ഷേ 80ഓളം ചിത്രങ്ങൾക്ക് തീയേറ്റിൽ ഒരാഴചപോലും തികക്കാൻ ആയില്ലയെന്നതും അമ്പരിപ്പിക്കുന്നതാണ്. പ്രമേയത്തിലും അവതരത്തിലും യാതൊരു പുതുമയുമില്ലാതെ പടങ്ങൾ പടച്ചുവിട്ടാൽ ഈ വെബ്സീരീസുകളുടെ കാലത്തും ജനം കാണുമെന്ന് ധരിക്കരുത്.

ബോക്സോഫീസിലെ താരം മോഹൻലാൽ തന്നെ

മലയാള സിനിമയലെ ബോക്സോഫീസിലെ സൂപ്പർ താരം ഇത്തവണയും മോഹൻലാൽ തന്നെയാണ്. നാളിതുവരെ ഒരു മലയാള ചിത്രത്തിനും എത്തിപ്പെടാൻ കഴിയാത്ത 200 കോടി ക്ലബിൽ ഈ ചിത്രമെത്തി. മലയാള ചലച്ചിത്രത്തിന്റെ വിപണി സാധ്യതകൾ കാണിച്ചുതന്നെ ചിത്രം കൂടിയാണ്. കേരളത്തിൽ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും ദുബൈയിലും അമേരിക്കയിലുമൊക്കെ ആളുകൾ ലൂസിഫർ കാണാൻ തിക്കിത്തരക്കി. ഇന്ന് ചൈനയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർക്കറ്റ് ചെയ്യത്തക്ക രീതിയിൽ മലയാള സിനിമ വളർന്നതിന് പിന്നിൽ മോഹൻലാൽ എന്ന നടന്റെ താര സ്വാധീനത്തിന് വലിയ പങ്കുണ്ട്. കഴിഞ്ഞവർഷം 'ഒടിയൻ' കണ്ട് തലയിൽ മുണ്ടിട്ടറങ്ങിപ്പോകേണ്ടി വന്ന ലാൽ ആരാധകർ തകർത്ത് ആഘോഷിച്ച പടമായിരുന്നു ലൂസിഫർ.

എന്നാൽ തുടർന്നിറങ്ങിയ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' ലാൽ ആരാധകർക്ക് ഇടിത്തീയായി. എട്ടു നിലയിലല്ല പത്തുനിലയിലാണ് ചിത്രം പൊട്ടിയത്. പ്രത്യേകിച്ചൊരു കഥയും കഴമ്പുമില്ലാത്ത ഇത്തരം പടങ്ങളിൽ എന്തിനാണ് മോഹൽലാൽ തലവെച്ചുകൊടുക്കുന്നത് എന്നാണ് കടുത്ത ആരാധകർപോലും ചോദിക്കുന്നത്.

ഈ രണ്ടു മലയാള ചിത്രങ്ങളിൽ മാത്രമാണ് മോഹൻലാൽ ഈ വർഷം അഭിനയിച്ചത്. 'കാപ്പാൻ' എന്ന തമിഴ് പടമായിരുന്നു ഈ വർഷം ലാൽ വേഷമിട്ട മറ്റൊരു ചിത്രം. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തിൽ, സൂര്യ മോഹൻലാൽ ആര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'കാപ്പാൻ' എന്ന തമിഴ്പടം പക്ഷേ തനി കത്തിയെന്ന ഗണത്തിലാണ് പെടുത്താൻ കഴിയുക. പക്ഷേ ചിത്രം തമിഴനാട്ടിൽ സാമ്പത്തികമായി വിജയിച്ചു. ഇതിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ലാൽ എത്തിയത്. പ്രിയദർശന്റെ കുഞ്ഞാലിമരക്കാർ, സിദ്ധീഖിന്റെ ബിഗ് ബ്രദർ എന്നിവയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2020ലെ മോഹൻലാൽ ചിത്രങ്ങൾ

മധുരരാജയുടെ മാമാങ്കത്തിലൂടെ മമ്മൂട്ടി

മോഹൻലാലൊക്കെ രണ്ട് മൂന്ന് ചിത്രത്തിലേക്ക് അഭിനയം ചുരുക്കുമ്പോൾ, ഈ 67ാം വയസ്സിലും പറന്ന് നടന്ന് അഭിനയിച്ച് യുവനടന്മാരെ വെല്ലുവിളിക്കയാണ് മമ്മൂട്ടി. മധുരരാജ, ഉണ്ട, പതിനെട്ടാംപടി( ഗസ്റ്റ്), ഗാനഗന്ധർവൻ, മാമാങ്കം എന്നീ അഞ്ച് ചിത്രങ്ങളിൽ മലയാളത്തിൽ മാത്രം അഭിനയിച്ച മമ്മൂട്ടി,രണ്ട് അന്യഭാഷാചിത്രങ്ങളിലും നായകനായി. മൊത്തം എഴ് ചിത്രങ്ങൾ.

കഴിഞ്ഞ കുറേക്കാലമായി തിളക്കം മങ്ങിവരികയായിരുന്ന മമ്മൂട്ടി അതി ശക്തമായി തിരച്ചുവന്ന വർഷമായിരുന്നു 2019. മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളാണ് ഈ വർഷം നൂറുകോടി ക്ലബിൽ കടന്നത്.വേൾഡ് വൈഡ് റിലീസിലുടേയും വമ്പൻ പ്രീ പബ്ലസിറ്റിയിലൂടെയും വെറും അഞ്ചുദിവസം കൊണ്ട് നൂറുകോടി ക്ലബിൽ കയറിയ മാമാങ്കം തന്നെയാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം.  പോക്കിരിരാജയുടെ തുടർച്ചയായി ഇറങ്ങിയ മധുരരാജ ആദ്യമായി നൂറുകോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രമെന്ന് ഖ്യാതിയിലാണ്. കലാപരമായി നോക്കുമ്പോൾ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഈ വൈശാഖ് ചിത്രത്തെ പക്ഷേ ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് സൃഷ്ടിച്ച തരംഗം ബ്ലോക്ക് ബസ്റ്ററാക്കി.

ജൂണിൽ ഇറങ്ങിയ മമ്മൂട്ടിയുടെ 'ഉണ്ട' നല്ല സിനിമയെ സ്‌നേഹിക്കുന്നവർക്കുള്ള ഉപഹാരമായി. ഖാലിദ് റഹ്മാൻ എന്ന യുവ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം നിരൂപകരാൽ പ്രശംസിക്കപ്പെട്ടു. എന്നാൽ അതിനുശേഷം ഇറങ്ങിയ പതിനെട്ടാം പടിയിൽ സഹനടന്റെ വേഷമാണ് മമ്മൂട്ടിയെടുത്തത്. ചിത്രം പരാജയമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇറങ്ങിയ രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ പരാജയമായി.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിക്കാൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ നടന് കഴിഞ്ഞു. പേരന്മ്പ് എന്ന തമിഴ് ചിത്രത്തിലെ ഹൃദയംഭേദകമായ പ്രകടനത്തിന് ഈ നടനെ ഒരിക്കൽ കൂടി ദേശീയ അവാർഡ് കാത്തിരിക്കുന്നുണ്ടെന്ന് തോനുന്നു. കേരളത്തിലും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ഇത്. അതുപോലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര കേരളത്തിൽ ചലനം സൃഷ്ടിച്ചില്ലെങ്കിലും ആന്ധ്രയിൽ ഭരണമാറ്റത്തിനുവരെ കാരണമായേക്കാവുന്ന തരംഗമാണ് ഇതുണ്ടാക്കിയത്. വൈഎസ് ജഗമോഹൻ റെഡ്ഡിയായി വേഷമിട്ട മമ്മൂട്ടിയുടെ യാത്ര സിനിമ, തങ്ങൾക്ക് ഏറെ ഗുണം 
ചെയ്തുവെന്ന് ഇപ്പോഴത്തെ ആന്ധ്രാ മുഖ്യമന്ത്രിയും വൈഎസ്ആറിന്റെ മകനുമായ ജഗൻ മോഹൻ റെഡ്ഡി തന്നെ സമ്മതിച്ചതാണ്.

കയറിവരുന്നത് ആസിഫലി; വിവാദങ്ങളിൽ ഷെയിൽ നിഗവും

പോയ വർഷങ്ങളിൽ വൻ ദുരന്തമായിരുന്ന യുവനടൻ ആയിരുന്നു ആസിഫലി. പക്ഷേ ഇത്തവണ അദ്ദേഹം കയറിവരികയാണ്. ചെറിയ ബജറ്റിൽ ചിത്രങ്ങൾ ഇറക്കി വിജയം കൊയ്യുക എന്ന തന്ത്രമാണ് ആസിഫലി സ്വീകരിച്ചത്. 'വിജയും സൂപ്പറും പൗർണമിയും' എന്ന ജനുവരിൽ ഇറങ്ങിയ ആദ്യ ചിത്രംതന്നെ പേക്ഷകരെ ആകർഷിക്കുന്നതായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ച ചിത്രമായിരുന്നു 2019 ലെ ആദ്യ വിജയം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ജനുവരിലായിരുന്നു റിലീസ് ചെയ്തത്. നാല് കോടിയോളം മുടക്കിയ ചിത്രം 15 കോടിക്ക് അടുത്ത് കളക്ഷനും നേടി. ഉയരെയിൽ പാർവതിയുടെ മുഖത്ത് ആസിഡൊഴിക്കുന്ന സൈക്കോ കാമുകനെ പ്രേക്ഷകർ ഉടനെയാന്നും മറന്നുപോവില്ല. ഒരു വളരുന്നതാരത്തിന്റെ യാതൊരു
ഈഗോയുമില്ലാതെയാണ് ഈ പ്രതിനായക വേഷത്തിന് ആസിഫ് തയ്യാറായത്. ആഷിക്ക് അബുവിന്റെ വൈറസിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷമായിരുന്നു ഈ യുവനടന്. അതുപോലെ ' കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രവും, കുടുംബ പ്രേക്ഷകരെ ആകർഷിച്ചു. ഡിസംബറിൽ ഇറങ്ങിയ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രവും ഇപ്പോഴും നല്ല രീതിയിൽ
പ്രദർശനം തുടരുന്നുണ്ട്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാൽ ഭാവിയെ ഒരു സൂപ്പർതാര പദവിയാവും ഈ നടനെ കാത്തിരിക്കുന്നത്.

കുമ്പളങ്ങിനൈറ്റ്സ്, ഇഷ്‌ക്ക്, എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ഷെയിൻ നിഗം പക്ഷേ ഈ വർഷത്തെ വിവാദതാരമാണ്. ഈ രണ്ടു ചിത്രങ്ങളിലെയും സൂപ്പർ പ്രകടനം ഷെയിനിന്റെ കരിയർ ഗ്രാഫ് ഉയർത്തിയെന്നതിൽ സംശയമില്ല. ഷാജി എൻ കരുണിന്റെ 'ഓളി'ലും ശ്രദ്ധേയമായ പ്രകടനമായിരുന്നു ഷെയിനിന്റെത്. എന്നാൽ വർഷാവസാനം ഇറങ്ങിയ 'വലിയപെരുന്നാളിനെ' കുറിച്ച് അത്ര നല്ല റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. അച്ചടക്കവും, പ്രൊഫഷണലിസവും പാലിക്കയാണെങ്കിൽ തീർച്ചയായും വളർന്ന് പന്തലിക്കേണ്ട
നടൻ തന്നെയാണ് ഷെയിൻ.

 

പിടിച്ചുനിന്ന് പൃഥ്വീരാജ്; വെടിതീർന്ന് ദിലീപ്

നടൻ എന്ന നിലയിലല്ല, ലൂസിഫറിന്റെ സംവിധായകൻ എന്ന നിലയിലാവും 2019പൃഥ്വീരാജിനെ അടയാളപ്പെടുത്തുക. മലയാള സിനിമ വ്യവസായത്തിൽ കളക്ഷൻ റിക്കോർഡിട്ട ഈ പടത്തിനവേണ്ടി തന്റെ അഭിനയ ജീവിതത്തിന് ദീർഘകാലം അദ്ദേഹം അവധികൊടുത്തു. മൂന്നുസിനിമകളാണ് പൃഥ്വീരാജ് നായകനായി ഇറങ്ങിയത്. ഇതിൽ 9, എന്ന ചിത്രം പൂർണ്ണ പാരാജയം ആയപ്പോൾ ബ്രദേഴ്സ ഡേ പിടിച്ചുനിന്നുവെന്ന് മാത്രം. വർഷാവസാനം ഡ്രൈവിങ്ങ് ലൈസൻസ് മികച്ച കളക്ഷൻ കിട്ടുന്നുവെന്നതാണ് ഈ നടന് ആശ്വാസമാകുന്നത്.

ദിലീപിനും തിരിച്ചടികളുടെ വർഷമായിരുന്നു ഇത്. കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയൽ എന്നീ മൂന്നു ചിത്രങ്ങളും തീയേറ്റിൽ വിജയിച്ചില്ല. ഇതിൽ 'ശുഭരാത്രി' മികച്ച ചിത്രമെന്ന് നിരൂപകരുടെ പ്രശംസ നേടിയിരുന്നു. സാറ്റലൈറ്റിന്റെ ബലത്തിൽ ബാലൻ വക്കീൽ നിർമ്മാതാവിന് നഷ്ടമാക്കിയില്ല എന്നുമാത്രം. കുഞ്ചാക്കോബോബൻ, ജയറാം തുടങ്ങിയ മറ്റ് സീനിയർ താരങ്ങൾക്കും ഈ വർഷം ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജയറാമിന്റെ പട്ടാഭിരാമൻ തകർന്നടിഞ്ഞില്ല എന്നുമാത്രം. ബിജുമേനോൻ ചിത്രങ്ങളും പഴയതുപോലെ ക്ലച്ച് പിടിക്കുന്നില്ല.
.പിന്നോട്ടടിച്ച് മറ്റ് യുവതാരങ്ങളും

ഹിന്ദി- തമിഴ് സിനികളുടെ തിരക്കിലുള്ള ദുൽഖർ സൽമാൻ ' ഒരു യമണ്ടൻ പ്രേമ കഥ' എന്ന ഒറ്റചിത്രത്തിൽ മാത്രമാണ് ഇത്തവണ മലയാളത്തിൽ വേഷമിട്ടത്. സ്പോട്ട് കോമഡികളുടെയും ദുൽഖറിന്റെ ക്രൌഡ് പുള്ളിങ്ങ് കപ്പാസിറ്റിയുടെയും അടിസ്ഥാനത്തിൽ ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും, ഒരു മികച്ച കലാസൃഷ്ടിയായില്ല. മിഖായേൽ, ലൗ ആക്ഷൻ ഡ്രാമ, മൂത്തോൻ എന്നീ മൂന്നു ചിത്രങ്ങളാണ നിവിന്റെതായി ഈ വർഷം ഉണ്ടായത്. അറുബോറൻ പടമായിരുന്നിട്ടുകൂടി, ഇനീഷ്യൽ കളക്ഷന്റെ ബലത്തിൽ, ധ്യാൻശ്രീനിവാസൻ സംവിധാനിച്ച ലൗ ആക്ഷൻ ഡ്രാമ വിജയമായി. നിവിന്റെ ജനപ്രീതിക്ക് മികച്ച ഉദാഹരമാണിത്. ഗീതുമോഹൻദാസിന്റെ മൂത്തോനിൽ അസാധ്യമായ അഭിനയമാണ് ഈ യുവ നടൻ കാഴ്ചവെച്ചത്. സാധാരണ ഇത്തരം ചിത്രങ്ങളെ അവാർഡ് ചിത്രങ്ങൾ എന്നുപറഞ്ഞ് ജനം മാറ്റിനിർത്തുന്ന രീതിയും ഉണ്ടായില്ല. മൂത്തോന് മോശമില്ലാത്ത തീയേറ്റർ കളക്ഷനും കിട്ടുന്നുണ്ട്.

മൂൻവർഷങ്ങളിലെ വണ്ടർബോയ് ടോവീനോ തോമസും ഈ വർഷം ദുരന്തമായി.ആരാധകർ
എറെ പ്രതീക്ഷയർപ്പിച്ച ലൂക്ക, കൽക്കി, എടക്കാട് ബറ്റാലിയൻ എന്നിവക്ക് ബോക്സോഫീസിനെ ചലിപ്പിക്കാനായില്ല. സലീം അഹമ്മദിന്റെ 'ആൻഡ് ദ ഓസ്‌ക്കാർ ഗോസ് ടു' ശരാശരി വിജയമായി. പക്ഷേ ഉയരെ, ലൂസിഫർ, വൈറസ് എന്നീ ചിത്രങ്ങളിലെ ക്യാരകട്ര് വേഷമാണ് ഈ നടന്റെ വാർഷിക മുതൽക്കൂട്ട്.

കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോവില്ലൻ ഷമ്മിയായിരുന്ന ഫഹദ്ഫാസിലിന്റെ ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം. ചലച്ചിത്ര നിരൂപകരുടെ പ്രശംസ കിട്ടയ ചിത്രമായിട്ടും അതിരൻ പക്ഷേ ബോക്സോഫീസിൽ വിജയിച്ചില്ല. സൂപ്പർ ഡീലകസ് എന്ന ഒന്നാന്തരം തമിഴ് ചിത്രവും ഫഹദിന്റെതായി ഈ വർഷം പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഒന്നിലധികം മികച്ച ചിത്രങ്ങൾ പുറത്തിറക്കിയ ജയസൂര്യക്ക് ഇത്തവണ ആകെ ഒരു ചിത്രയേ ഉണ്ടായിരുന്നുള്ളൂ. വർഷാവസാനം ഇറങ്ങിയ തൃശൂർ പൂരം. ഈ ചിത്രത്തെക്കുറിച്ചും പക്ഷേ അത്ര നല്ല റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. 'വെള്ളം' അടക്കമുള്ള മികച്ച പ്രോജക്ടുകളാണ് 2020ൽ
ജയസൂര്യയെ കാത്തിരിക്കുന്നത്. താര പുത്രൻ പ്രണവിനും ഈ വർഷം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയേറ്ററിൽ ഏശിയില്ല.

അന്നാബെന്നും അനശ്വര രാജനും പിന്നെ പാർവതിയും

കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ സിനിമകളിൽ നായികായ അന്നാ ബെൻ ആണ് ഈ വർഷത്തെ വനിതാ താരം. ഇതിൽ ഹെലനിലെ അന്നയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 'ഈ ജാതിക്കാത്തോട്ടം എജ്ജാതിനോട്ടം' എന്ന പാട്ടുമൊക്കെയായി തണ്ണീർമത്തൻ ദിനങ്ങളിലെ നായിക അനശ്വര രാജൻ, പ്രേമത്തിലെ 'മലരിന്' സമാനമായ തരംഗമാണ് ഉണ്ടാക്കിയത്. മലയാളത്തിന്റെ ഭാവി താരമാണ് ഈ മിടുക്കി. ജൂണിലും, ഫൈനൻസിലും മികച്ച പ്രകടനമായിരുന്നു രജിഷ വിജയന്റെത്. ചോലയിലെ നിമഷാ സജയന്റെ പ്രകടനവും മറന്നുപോവില്ല.

ഉയരെയിലെ ആസിഡാക്രണ ഇരയുടെ വേഷം പാർവതി തകർത്തിട്ടുണ്ട്. 2019ലെ ഏറ്റവും മികച്ച സ്ത്രീ വേഷങ്ങളിൽ ഒന്നാണിത്. വൈറസിലും പാർവതിയുടെ വേഷം ശ്രദ്ധേയമായിരുന്നു. 
വൻ വിജയമായ ലൂസിഫറും, വർഷാവസാനം ഇറങ്ങിയ 'പ്രതി പൂവൻ കോഴിയുമാണ്' ലേഡിസൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ഈ വർഷത്തെ മലയാള ചിത്രങ്ങൾ. തമിഴിൽ ധനുഷിന്റെ നായികയായ അസുരനും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ പ്രതി പൂവൻ കോഴിയിൽ പഴയ മഞ്ജുവാര്യരുടെ കരിസ്മാറ്റിക്ക് പ്രകടനം നിങ്ങൾക്ക് കാണാമെന്നാണ് ആരാധകർ പറയുന്നത്.

ക്രിസ്മസ് റിലീസായി ഇറങ്ങിയ ചിത്രത്തിന് തീയേറ്ററിൽ നല്ല തിരക്കുണ്ട്. ഇതേപടത്തിൽ മഞ്ജുവിനൊപ്പം മൽസരിച്ച് അഭിനയിച്ച അനുശ്രീയും 2019ന്റെ വനിതാ താരങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്‌. മധുരരാജയിലെ നായികവേഷവും അനുശ്രീക്ക് മുതൽക്കൂട്ടാണ്. പൊറിഞ്ചു മറിയം ജോസിലെ നൈല ഉഷയുടെ പ്രകടനും അത്രപെട്ടന്ന് മറന്നപോവില്ല. ലൗ ആക്ഷൻ ഡ്രാമയിലുടെ നയൻതാര വീണ്ടും മലയാളത്തിലെത്തയതും 2019ന്റെ പ്രത്യേകതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP