Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താനൂരിൽ കിണറിടിഞ്ഞ് വീണതോടെ അനാഥമായത് രണ്ട് കുടുംബങ്ങൾ; വേലായുധനും അച്യുതനും മരിച്ചത് ആദ്യ റിങ്ങിന്റെ പടവ് പൂർത്തിയാക്കി വെള്ളം വറ്റിക്കാനുള്ള ഒരുക്കത്തിനിടെ മണ്ണിടിഞ്ഞ് വീണ്; നാലുപേർക്ക് ജീവൻ തിരിച്ചുകിട്ടിയത് നിമിഷങ്ങളുടെ വ്യത്യാസത്തിലും

താനൂരിൽ കിണറിടിഞ്ഞ് വീണതോടെ അനാഥമായത് രണ്ട് കുടുംബങ്ങൾ; വേലായുധനും അച്യുതനും മരിച്ചത് ആദ്യ റിങ്ങിന്റെ പടവ് പൂർത്തിയാക്കി വെള്ളം വറ്റിക്കാനുള്ള ഒരുക്കത്തിനിടെ മണ്ണിടിഞ്ഞ് വീണ്; നാലുപേർക്ക് ജീവൻ തിരിച്ചുകിട്ടിയത് നിമിഷങ്ങളുടെ വ്യത്യാസത്തിലും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കഴിഞ്ഞ ദിവസം കിണറിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചതോടെ അനാഥമായത് രണ്ട് കുടുംബങ്ങളാണ്. ലോക് ഡൗണിനിടെ കിട്ടിയ ജോലി ചെയ്യാന‍ സന്തോഷത്തോടെ വീട്ടിൽ‌ നിന്നും ഇറങ്ങിയ ഓലപ്പീടിക മേറിൽ വീട്ടിൽ വേലായുധൻ (63), പൂരപ്പുഴ പെരുവലത്ത് അച്യുതൻ (58) എന്നിവർക്ക് അത് അന്ത്യയാത്ര ആകുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സമീപം ഇവരടക്കം 6 പേരാണു കിണർ നിർമ്മാണത്തിലുണ്ടായിരുന്നത് ആദ്യ റിങ്ങിന്റെ പടവു പൂർത്തിയാക്കി വെള്ളം വറ്റിക്കാനുള്ള ഒരുക്കത്തിനിടെ കിണറ്റിലേക്കു മണ്ണിടിയുകയായിരുന്നു.

ലോക് ഡൗൺ കാരണം കിണർ പണി നീണ്ടുപോവുകയായിരുന്നു. പി.കഞ്ഞിമോൻ, പി.ബജീഷ്, വാലിൽ ദാസൻ, കാർക്കോളിദാസൻ എന്നിവർ നിമിഷങ്ങൾക്കു മുൻപ് കയറി. മാത്രമല്ല ചായയ്ക്ക് ജോലി നിർത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു. പുലർച്ചെയുണ്ടായ മഴയിൽ കുതിർന്ന മണ്ണ് ഇടിയുകയായിരുന്നു. 2 മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയെങ്കിലും എടുക്കുന്തോറും മണ്ണിടിഞ്ഞതും മഴവെള്ളംകൂടി കുഴഞ്ഞ് ചെളിയായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. 4 മണിക്കൂർ പരിശ്രമിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

താനൂർ മൂലക്കൽ കിണർ ദുരന്തത്തിൽ കണ്ടത് നാടൊരുമിച്ച രക്ഷാപ്രവർത്തനം. സമീപവാസികൾ നിമിഷങ്ങൾക്കകം ഓടിയെത്തി. ഇവരാണ് ദുരന്തം പുറംലോകത്തെ അറിയിച്ചത്. സിഐ പി.പ്രമോദ്, എസ്ഐ നവീൻ ഷാജ് എന്നിവരും സംഘവും ചെളിയിലിറങ്ങി മണിക്കൂറുകളോളം ദൗത്യത്തിൽ മുഴുകി. ജയ്സലും സംഘവും ഇആർഎഫ് വൊളൻറിയർ കൺവീനർ കോട്ടിൽ സക്കീറും പ്രവർത്തകരും കിണറ്റിലിറങ്ങി മണ്ണെടുത്തു. തിരൂരിൽനിന്നെത്തിയ അഗ്നിശമന വിഭാഗവും സിവിൽ ഡിഫൻസ് ടീമും സജീവമായിരുന്നു. വി.അബ്ദുറഹ്മാൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എൻ.മുജീബ് ഹാജി, നഗരസഭാധ്യക്ഷ സി.കെ.സുബൈദഎന്നിവർ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മണ്ണു മാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഗ്നിരക്ഷാസേനയും ട്രോമാ കെയർ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ 4 മണിക്കൂറിനുശേഷമാണു മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹങ്ങൾ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്മിതയാണു മരിച്ച അച്യുതന്റെ ഭാര്യ. മക്കൾ: അഖിലേഷ്, ആതിര. ലക്ഷ്മിയാണു വേലായുധന്റെ ഭാര്യ. മക്കൾ: ദിൻഷ, സുബീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP