Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം പൊന്നാനിയിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപന ഭീതി; ബുധനാഴ്ച സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 21 പേർക്ക്; കടുത്ത നിയന്ത്രണം; പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും; പുറത്തിറങ്ങാൻ റേഷൻ കാർഡ് നിർബന്ധം; ഞായാറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ജില്ലയിൽ വ്യാഴാഴ്ച 55 പേർക്ക് കൂടി കോവിഡ്

മലപ്പുറം പൊന്നാനിയിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപന ഭീതി; ബുധനാഴ്ച സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 21 പേർക്ക്; കടുത്ത നിയന്ത്രണം; പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും; പുറത്തിറങ്ങാൻ റേഷൻ കാർഡ് നിർബന്ധം; ഞായാറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ജില്ലയിൽ വ്യാഴാഴ്ച 55 പേർക്ക് കൂടി കോവിഡ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ പല മേഖലകളിലും സമ്പർക്കത്തിലൂടെ കോവിഡ്-19 രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നൽകി. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് കൂടുതലായ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനു പുറമെ പൊന്നാനി നഗരസഭയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി തീരുമാനിച്ചു. നിയന്ത്രണങ്ങളുമായി ജനങ്ങൾ പൂർണമായി സഹകരിക്കണം. രോഗലക്ഷണങ്ങളില്ലാത്തവരിൽ നടത്തിയ സാമ്പിൾ സർവേയിൽ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നുണ്ട്. ജൂണിൽ നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയിൽ വട്ടം കുളം പഞ്ചായത്തിൽ 10 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പൊന്നാനിയിലും പരിസരങ്ങളിലുമായി മാത്രം ഇപ്പോൾ 50 പോസിറ്റീവ് കേസുകളുണ്ട്.ജൂലൈ ആറിന് വട്ടം കുളം പഞ്ചായത്തിൽ 151 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഒരാൾക്കും ജൂലൈ എട്ടിന് കാലടിയിൽ 152 പേരെ പരിശോധിച്ചതിൽ ഒരാൾക്കും ജൂലൈ ആറിന് ആലങ്കോട് പഞ്ചായത്തിൽ 93 പേരെ പരിശോധിച്ചതിൽ രണ്ട് പേർക്കും പൊന്നാനി നഗരസഭയിൽ ജൂലൈ ആറിന് 107 പേരെ പരിശോധിച്ചതിൽ രണ്ട് പേർക്കും ജൂലൈ ഏഴിന് 299 പേരെ പരിശോധിച്ചതിൽ ആറ് പേർക്കും ജൂലൈ എട്ടിന് 310 പേരെ പരിശോധിച്ചതിൽ 15 പേർക്കും പോസിറ്റീവാണെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.മാറഞ്ചേരി പഞ്ചായത്തിൽ 120 പേരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഒരാൾക്കും പെരുമ്പടപ്പിൽ 149 പേരെ പരിശോധിച്ചതിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മേഖലയിൽ വെറും മൂന്ന് ദിവസം കൊണ്ട് 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പത്ത് വയസിനും 60 വയസിനുമിടയിലുള്ളവരും വീടിന് പുറത്തിറങ്ങരുത്. ജീവിത ശൈലി രോഗങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവർ ചികിത്സാർഥമല്ലാതെ പുറത്തിറങ്ങാൻ പാടില്ല. രോഗപ്രതിരോധത്തിനായി മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.

പൊന്നാനി നഗരസഭാ പരിധിയിൽ കടുത്ത നിയന്ത്രണം

സമ്പർക്കത്തിലൂടെ രോഗ വ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾക്കേ ഒത്തു കൂടാൻ അനുമതിയുള്ളൂ. പാൽ, പത്രം, മീഡിയ, മെഡിക്കൽ ലാബ് എന്നിവയ്ക്ക് പ്രവർത്തിക്കാം.

ഹൈവേയിലൂടെ കടന്ന് പോകുന്ന ദീർഘദൂര യാത്രാവാഹനങ്ങൾ 30 മിനിറ്റിൽ കൂടുതൽ സമയം ഈ പ്രദേശ പരിധിയിൽ ഉണ്ടാവാൻ പാടുള്ളതല്ല. അവശ്യവസ്തുക്കൾ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങൾ) ഗതാഗതം അനുവദിക്കും. നഗരസഭാ പരിധിയിൽ റേഷൻ കടകൾക്ക് പുറമെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവർത്തിക്കാൻ പാടുള്ളൂ. കടയിൽ ഒരേ സമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളിൽ കൂടുതൽ പാടില്ല. കടയിലും പരിസരത്തും സർക്കാർ മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാ അകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങൾ (45 സെ.മി ഡയാമീറ്റർ സർക്കിൾ) രേഖപ്പെടുത്തണം. സാനിറ്റെസർ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകും. ലംഘനം കണ്ടെത്തുന്നതിന് പ്രത്യേകമായി നിയോഗിച്ച സ്‌ക്വാഡുകൾക്ക് ഇതിനുള്ള പ്രത്യേക അധികാരം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നിലവിലെ സ്‌ക്വാഡിന് പുറമേ രണ്ട് സ്‌ക്വാഡുകൾ കൂടി നിയോഗിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ പണമിടപാട് പരമാവധി ഒഴിവാക്കി ഓൺലൈൻ പേയ്‌മെന്റ് നടത്തണം. ഈ മേഖലകളിൽ ഫുട്‌ബോൾ ഉൾപ്പടെയുള്ള കായിക വിനോദങ്ങൾ, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടറഫിലെ കളികൾ എന്നിവ നിരോധിച്ചു. മത്സ്യ മാംസാദികളുടെ വിൽപന, വിതരണം എന്നിവ നിരോധിച്ചു. ഹോട്ടലുകളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ ഭക്ഷണം പാഴ്‌സലായി നൽകാം. ഇരുന്ന് കഴിക്കാൻ പാടില്ല.

കോവിഡ് 19 രോഗനിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ, അവശ്യ സേവനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിപ്പിക്കുവാൻ പാടുള്ളു. അവശ്യ സർവീസിൽ ഉൾപ്പെടാത്ത സർക്കാർ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്.
ബാങ്ക്, ഇൻഷൂറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടില്ല. പെട്രോൾ പമ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാവിലെ ഏഴ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള

പെട്രോൾ പമ്പുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല

ആരാധനാലയങ്ങൾ തുറക്കുവാൻ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ തുടരാൻ അനുവദിക്കും. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ എന്നിവയും അനുവദിക്കും.

പുറത്തിറങ്ങാൻ റേഷൻ കാർഡ് നിർബന്ധം

പൊന്നാനി നഗരസഭാ പരിധിയിൽ അവശ്യവസ്തുക്കൾ വാങ്ങുന്നതുൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്ന ആളുകൾ നിർബന്ധമായും റേഷൻ കാർഡ് കൈവശം വെക്കണം. റേഷൻ കാർഡില്ലാത്ത ആളുകൾ നഗരസഭ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ളവരുമല്ലാത്ത റേഷൻ കാർഡിൽ പേരുള്ള ആളുകൾ മാത്രമേ പുറത്തിറങ്ങാവൂ. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷൻ കാർഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടുള്ളതല്ല.

ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

പൊന്നാനി നഗരസഭാ പരിധിയിൽ ഞായാറാഴ്ച സമ്പൂർണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടർ അറിയിച്ചു. നഗരസഭാ പരിധിയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ, ജില്ലാപൊലീസ് മേധാവി യു.അബ്ദുൾ കരീം, എ.ഡി.എം എൻ.എം മെഹറലി, ജില്ലാമെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ടി ഗീത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം ജില്ലയിൽ ഇന്ന് 55 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 55 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയവരാണ്. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 30 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.ജൂൺ 28 ന് രോഗബാധിതനായ ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ വട്ടംകുളം നടുവട്ടം സ്വദേശിനി (58), ജൂൺ 30 ന് രോഗബാധ സ്ഥിരീകരിച്ച താനാളൂർ സ്വദേശിയുമായി ബന്ധമുണ്ടായ താനാളൂർ സ്വദേശി (18), പൊന്നാനിയിലെ ട്രോമ കെയർ വളണ്ടിയർ പൊന്നാനി കെ.കെ. ജംഗ്ഷൻ സ്വദേശി (24), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പൊന്നാലി ഈശ്വരമംഗലം സ്വദേശി (45), വട്ടംകുളം സ്വദേശി (33), കരുനാഗപ്പള്ളി സ്വദേശി (34), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരൻ പൊന്നാനി സ്വദേശി (53), ബാങ്ക് ജീവനക്കാരനായ പൊന്നാനി സ്വദേശി (38), പൊന്നാനി വെള്ളേരി സ്വദേശിയായ പാചക വാതക വിതരണക്കാരൻ (29), കുറ്റിപ്പുറം പേരശനൂർ സ്വദേശിനി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (42), പൊന്നാനി നഗരസഭാ ജീവനക്കാരിയായ പൊന്നാനി പള്ളിപ്പുറം സ്വദേശിനി (23), പൊന്നാനി വെള്ളേരി സ്വദേശിയായ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ (29), പൊന്നാനി നഗരസഭ കൗൺസിലർ പൊന്നാനി കറുകത്തിരുത്തി സ്വദേശി (43), ജൂൺ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിനിയുമായി ബന്ധമുണ്ടായ എടപ്പാൾ കൊട്ടംകുളം സ്വദേശിനി (25), പൊന്നാനി സ്വദേശിയായ ബാങ്ക് ജിവനക്കാരൻ (51), വേങ്ങര സ്വദേശി (17), സാമൂഹ്യ പ്രവർത്തകയായ പൊന്നാനി സ്വദേശിനി (49), പൊന്നാനി പാണ്ടിതുറ സ്വദേശി ബി.എസ്.എൻ.എൽ. ജീവനക്കാരൻ (38), എടപ്പാൾ കണ്ടനകം സ്വദേശി പന്തൽ തൊഴിലാളി (51), പെരുമ്പടപ്പ് സ്വദേശി (54), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (42), പൊന്നാനി മരക്കടവ് സ്വദേശിയായ കോസ്റ്റൽ വാർഡൻ (25), എടപ്പാൾ ആശുപത്രിയുമായി ബന്ധപ്പെട്ട ആലങ്കോട് സ്വദേശിനി (22) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജൂൺ 21 ന് ഛത്തിസ്ഗഡിൽ നിന്നെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി (36), ജൂലൈ ഒന്നിന് ബംഗളൂരുവിൽ നിന്നെത്തിയ മൂന്നിയൂർ സ്വദേശി (70) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.ജൂലൈ ആറിന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മങ്കട സ്വദേശി (54), ജൂൺ 19 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ പുൽപറ്റ കളത്തുംപടി സ്വദേശി (36), ജൂൺ 25 ന് സൗദിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി (65), ജൂൺ 23 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മൂന്നിയൂർ സ്വദേശി (30), ജൂൺ 12 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വണ്ടൂർ കാപ്പിൽ സ്വദേശിനി ഒരു വയസുകാരി, ജൂൺ 25 ന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പൊന്മള ചെങ്ങാട്ടൂർ സ്വദേശി (46), ജൂൺ 25 ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കാളികാവ് സ്വദേശിനി (21), ജൂൺ എട്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരൂരങ്ങാടി തേഞ്ഞിപ്പലം സ്വദേശി (29), ജൂലൈ ഏഴിന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചുങ്കത്തറ മണ്ണിപ്പൊയിൽ സ്വദേശി (31), ജൂൺ 19 ന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താഴേക്കോട് സ്വദേശി (55), ജൂലൈ ഏഴിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മൂന്നിയൂർ വെളിമുക്ക് സ്വദേശി (54), ജൂൺ 22 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുളിക്കൽ കൊട്ടപ്പുറം സ്വദേശി (30), ജൂൺ 19 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി മൂന്ന് വയസുകാരൻ, ജൂലൈ അഞ്ചിന് ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കുറ്റിപ്പുറം സ്വദേശി (27), ജൂൺ 19 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മലപ്പുറം പനക്കാട് സ്വദേശി (36), ജൂലൈ എട്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുൽപ്പറ്റ സ്വദേശിനി (54), ജൂൺ 19 ന് റാസൽഖൈമയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താഴേക്കോട് സ്വദേശി (23), ജൂൺ 20 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (38), ജൂൺ 25 ന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മൂന്നിയൂർ ആലിൻചുവട് സ്വദേശി (ഏഴ് വയസ്), ജൂലൈ നാലിന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി നെടുവ സ്വദേശി (30), ജൂൺ 23 ന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മൂന്നിയൂർ ആലിൻചുവട് സ്വദേശിനി (38), ജൂൺ 19 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുലാമന്തോൾ ചെമ്മലശേരി സ്വദേശി (41), ജൂൺ 27 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരുനാവായ കന്മനം സ്വദേശി (23), ജൂൺ 26 ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുഴത്താട്ടിരി കടുങ്ങപുരം സ്വദേശിനി (24), ജൂൺ 25 ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മഞ്ചേരി താമരശ്ശേരി സ്വദേശിനി (20), ജൂലൈ നാലിന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വാഴക്കാട് ആക്കോട് സ്വദേശി (48), ജൂൺ 22 ന് ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുലാമന്തോൾ സ്വദേശിനി (19), ജൂൺ 30 ന് സൗദിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (17), ജൂൺ 24 ന് ജിദ്ദയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ കാളികാവ് പൂങ്ങോട് സ്വദേശി (29), ജൂലൈ അഞ്ചിന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആലങ്കോട് ഒതളൂർ സ്വദേശി (40) എന്നിവർക്ക് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയിൽ ചികിത്സയിലുള്ളത് 431 പേർ

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്ന ആറ് പേർ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 431 പേർ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 862 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 962 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.39,706 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 506 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 404 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാല് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നാല് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 55 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 18 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 21 പേരുമാണ് കഴിയുന്നത്. 36,842 പേർ വീടുകളിലും 2,358 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.ജില്ലയിൽ നിന്ന് ഇതുവരെ 12,602 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 10,763 പേരുടെ ഫലം ലഭിച്ചു. 10,027 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,839 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 430 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP