Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈറസ് സ്ഥിരീകരിച്ച 22 പേരും രോഗമുക്തരായി; രണ്ടുപേർ തുടർ നിരീക്ഷണത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ആരോഗ്യ പ്രവർത്തകർക്ക് നൊമ്പരമായത് നാലുമാസം പ്രായമായ കുട്ടിയുടെ മരണം മാത്രം; ജാഗ്രത കൈവിടാതുള്ള പ്രവർത്തനം തുടരും; കോവിഡിൽ നിന്നും മലപ്പുറം മുക്തമായത് ഇങ്ങനെ

വൈറസ് സ്ഥിരീകരിച്ച 22 പേരും രോഗമുക്തരായി; രണ്ടുപേർ തുടർ നിരീക്ഷണത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ; ആരോഗ്യ പ്രവർത്തകർക്ക് നൊമ്പരമായത് നാലുമാസം പ്രായമായ കുട്ടിയുടെ മരണം മാത്രം; ജാഗ്രത കൈവിടാതുള്ള പ്രവർത്തനം തുടരും; കോവിഡിൽ നിന്നും മലപ്പുറം മുക്തമായത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിച്ച് മരിച്ചത് നാലുമാസം പ്രായമായ കുട്ടിമാത്രം. വൈറസ് ബാധ സ്ഥിരീകരിച്ച 22പേരും മുക്തരായി വീട്ടിലേക്ക് മടങ്ങി. കോവിഡിൽ നിന്നും മലപ്പുറം മുക്തരായത് ഇങ്ങനെ. സർക്കാറിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തുടരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒടുവിൽ അർഹമായ ഫലപ്രാപ്തിയായാണ് ഇന്ന് മലപ്പുറം ജില്ല കോവിഡ് വിമുക്തമായത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ഇനി ആരും കോവിഡ് ബാധിതരായി ചികിത്സയിലില്ല. ജില്ലയിൽ ഇനിയാരും കോവിഡ് 19 ബാധിതരായി ചികിത്സയിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. ജില്ലയിൽ ഇതുവരെ 22 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. രണ്ട് പേർ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 17 പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 2,111 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 88 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കോവിഡ് ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടർന്ന് രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. മുംബൈയിൽ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരൻ, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരൻ എന്നിവർക്കാണ് രോഗം ഭേദമായത്. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

ജില്ലയിൽ നിലവിൽ ആരും കോവിഡ് ബാധിതരായില്ലെന്നത് അശ്വാസകരമാണ്. എന്നാൽ ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് നിരവധി മലപ്പുറം സ്വദേശികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും വരും ദിവസങ്ങളിൽ ജില്ലയിലെത്തും. ഈ സാഹചര്യത്തിൽ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ ആവർത്തിച്ച് അഭ്യർത്ഥിച്ചു.

ആരോഗ്യ ജാഗ്രത ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ പൊലീസും ദ്രുത കർമ്മ സംഘങ്ങളും നിരീക്ഷണം തുടരുകയാണെന്നുംമുംബൈ താനെ ജില്ലയിലെ ബിവണ്ടിയിൽ ഇളനീർ വിൽപ്പന കേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാൾ കാലടി സ്വദേശിയും ഏപ്രിൽ 11 ന് ചരക്ക് ലോറിയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കൽപ്പറ്റ വഴി ഏപ്രിൽ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയിൽ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30 ന് ചേളാരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര തിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകം സ്വദേശിയും വീട്ടിലെത്തി.

ഇരുവരും മുംബൈയിൽ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് ഏപ്രിൽ 16 ന് ഇവരെ വിവിധ കോവിഡ് കെയർ സെന്ററുകളിലാക്കുകയായിരുന്നു. കാലടി സ്വദേശിയെ ഏപ്രിൽ 23 നും മാറഞ്ചേരി സ്വദേശിയെ ഏപ്രിൽ 26 നും 108 ആംബുലൻസുകളിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കാലടി സ്വദേശിക്ക് മാർച്ച് 27 നും മാറഞ്ചേരി സ്വദേശിക്ക് ഏപ്രിൽ 30 നും രോഗബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിൾ പരിശോധനകൾക്കും ശേഷമാണ് ഇന്ന് ഇരുവരും രോഗമുക്തരായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയിടെ നേതൃത്വത്തിൽ സർക്കാർ ഒരുക്കിയ കരുതലിന്റെ വിജയമാണിതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും കോവിഡ് പ്രതിരോധത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും പൊതു ജനങ്ങളുടേയും നേട്ടമാണിത്. ജില്ലയെ കോവിഡ് വിമുക്തമാക്കാൻ പരിശ്രമിച്ച മുഴുവനാളുകളുടേയും സേവനങ്ങൾക്ക് കലക്ടർ നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു. ഇനി രോഗബാധയുണ്ടാകാതിരിക്കാൻ നിലവിൽ തുടരുന്ന ജാഗ്രത ഇതേ ഊർജ്ജത്തോടെ സർക്കാറിനൊപ്പം നിന്ന് തുടരണമെന്നും ജില്ലാ കലക്ടർ ആഹ്വാനം ചെയ്തു.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നു മുതൽ 70 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,741 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 21 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 19, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 1,661 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 59 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.

നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കർമ്മ സംഘങ്ങൾ പരിശോധിച്ച് ഉറപ്പാക്കുന്നു.ദ്രുത കർമ്മ സംഘങ്ങൾ ഇന്നലെ സന്ദർശിച്ച പ്രത്യേക നിരീക്ഷണത്തിലുള്ളവർ കഴിയുന്ന വീടുകൾ - 1,019. ഇന്നലെ കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെട്ടവർ - 141. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് - 21കൗൺസലിങ് നൽകിയത് - മൂന്ന് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്‌സുമാർ ഇന്നലെ കണ്ടെത്തിയ മുതിർന്ന പൗരന്മാർ - 124

നിരീക്ഷണത്തിലുള്ളവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ജില്ലാതല കൺട്രോൾ സെല്ലിൽ നിന്ന് കോണ്ടാക്ട് ട്രെയ്സിങ് വിഭാഗം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചുവരുന്നു.കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ താലൂക്ക് തഹസിൽദാർമാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി നിയമിച്ച് ജില്ലാ കലക്ടർ ജാഫർ മലിക് ഉത്തരവിറക്കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാർ നിരോധനാജ്ഞ നിലനിൽക്കുന്ന ഏപ്രിൽ 17 അർധരാത്രി വരെ മുഴുവൻ സമയവും താലൂക്ക് പരിധികളിൽ ഉണ്ടാകണം. പൊലീസുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര സാഹചര്യങ്ങളിൽ സബ് ഡിവിഷൻ മജിസ്‌ട്രേറ്റുമാരുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 78 കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 105 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 48 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3,386 ആയി. 4,271 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,012 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു വരുന്നു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 168 കേസുകൾ രജിസ്റ്റർ ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കാത്തത് പൊലീസ് നിരീക്ഷിച്ചുവരികയാണ്. ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP