Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകരവിളക്കിന് തീർത്ഥാടകർ തിക്കിതിരക്കുമ്പോൾ ഓടിക്കേണ്ടത് പരമാവധി ബസുകൾ; പമ്പയിലും നിലയ്ക്കലിലും കുമളിയിലും എരുമേലിയിലും ഓടിക്കാതെ ബസുകൾ വെറുതെയിട്ടത് കെഎസ്ആർടിസിയിലെ ഏമാന്മാർ; കഴിഞ്ഞ വർഷം 4741 ബസുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇക്കുറി ഓടിയത് 3925 ബസുകൾ മാത്രം; മൊത്തം രണ്ടേകാൽ കോടിയുടെ നഷ്ടം; കോർപ്പറേഷനെ തകർക്കുന്ന നയങ്ങൾ തുടരുന്ന എംഡി ദിനേശിന് നേരേ മുഖം കറുപ്പിച്ച് ധനമന്ത്രിയും മുഖ്യമന്ത്രിയും

മകരവിളക്കിന് തീർത്ഥാടകർ തിക്കിതിരക്കുമ്പോൾ ഓടിക്കേണ്ടത് പരമാവധി ബസുകൾ; പമ്പയിലും നിലയ്ക്കലിലും കുമളിയിലും എരുമേലിയിലും ഓടിക്കാതെ ബസുകൾ വെറുതെയിട്ടത് കെഎസ്ആർടിസിയിലെ ഏമാന്മാർ; കഴിഞ്ഞ വർഷം 4741 ബസുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇക്കുറി ഓടിയത്  3925 ബസുകൾ മാത്രം; മൊത്തം രണ്ടേകാൽ കോടിയുടെ നഷ്ടം; കോർപ്പറേഷനെ തകർക്കുന്ന നയങ്ങൾ തുടരുന്ന എംഡി ദിനേശിന് നേരേ മുഖം കറുപ്പിച്ച് ധനമന്ത്രിയും മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട: ഇത്തവണത്തെ മകരവിളക്ക് ദിവസം കെഎസ്ആർടിസിയുടെ വരുമാനവർദ്ധനവിന്റെ വഴിയടച്ചത് കെഎസ്ആർടിസി അധികൃതർ തന്നെ. പിടിപ്പുകേട് കൊണ്ട് മാത്രം കോടികളാണ് മകരവിളക്ക് ദിവസം മാത്രം കെഎസ്ആർടിസി നഷ്ടമാക്കിയത്. ശബരിമല സീസണിൽ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്നത് മകരവിളക്ക് ദിവസമാണ്. എന്നാൽ പതിവിൽ നിന്നും വിപരീതമായി മകരവിളക്ക് ദിവസം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആർടിസി ചെയ്തത്.

ബസുകൾ വെറുതെ കിടക്കുമ്പോൾ അവ തീർത്ഥാടകർക്ക് പ്രയോജനകരമാം വിധം ഉപയോഗപ്പെടുത്തുന്നതിൽ ഓപ്പറേഷൻസ് വിഭാഗത്തിനു വന്ന പാളിച്ചയാണ് കെഎസ്ആർടിസിക്ക് കോടികളുടെ വരുമാനനഷ്ടം വരുത്തിയത്. തിങ്കൾ-വെള്ളി ദിവസങ്ങളിൽ ലഭിക്കുന്ന വരുമാനം പോലും ലഭിക്കാത്ത ആദ്യമകരവിളക്ക് ദിവസമാണ് ഇത്തവണയുണ്ടായത്. കെഎസ്ആർടിസി എംഡി ദിനേശിന്റെ ഉപദേശകരായ ചന്ദ്രബാബു, ഭദ്രാനന്ദൻ, സാങ്കേതിക വിഭാഗം മേധാവി ടെക്നിക്കൽവിഭാഗം മേധാവി പ്രദീപ്കുമാർ എന്നിവർക്ക് നേരെയാണ് മകരവിളക്ക് ദിവസത്തെ വരുമാനനഷ്ടത്തിന് ആരോപണം വരുന്നത്. സ്വന്തം ഉപദേശകർക്കെതിരെയുള്ള ആരോപണം ഇപ്പോൾ എംഡിക്ക് നേരെയും തിരിയുകയാണ്.

മകരവിളക്ക് ദിവസം നിരത്തുകളിൽ നിന്ന് ബസുകൾ പിൻവലിച്ച് ആവശ്യമില്ലാതെ പമ്പയിലും നിലക്കലിലും കുമളിയിലും എരുമേലിയിലും പാർക്ക് ചെയ്തു. ഈ ബസുകളോന്നും തീർത്ഥാടകർക്ക് പ്രയോജനമില്ലാതെ വെറുതെ പാർക്കിങ് സ്ഥലത്ത് കിടന്നു. അതേസമയം ബസുകൾക്ക് തീർത്ഥാടകർ തിക്കിത്തിരക്കുകയും ആവശ്യത്തിനു ബസുകൾ ഇല്ലാത്ത അവസ്ഥ വരുകയും ചെയ്തു. ഓപ്പറേഷൻ വിഭാഗം പരാജയമായപ്പോൾ രണ്ടേകാൽ കോടി രൂപയാണ് ഒരൊറ്റ ദിവസം മാത്രം കോർപറേഷന് നഷ്ടമായത്. ഓപ്പറേഷൻസ് ആസൂത്രണം ചെയ്ത മെക്കാനിക്കൽ വിഭാഗത്തിന്റെ നേർക്കാണ് നഷ്ടത്തിന്റെ പേരിൽ വിരൽ ചൂണ്ടൽ വരുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അയ്യപ്പന്മാർ തുണയ്ക്കുമെന്ന വിശ്വാസമാണ് അധികൃതർ തന്നെ മകരവിളക്ക് ദിവസം കെടുത്തിക്കളഞ്ഞത്. 4741 ബസുകൾ 17.44 ലക്ഷം കി മി ഓടി 8.30 കോടി രൂപ വരുമാനം നേടിയിടത്ത് മകരവിളക്ക് ദിവസമായ 15 ന് 3925 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഈ മകരവിളക്ക് സർവീസ് വഴി 5.91 കോടി മാത്രമാണ് കെഎസ്ആർടിസിക്ക് നേടാനായത്. നേരത്തെ നേടിയ 8.30 കോടി രൂപ ഇക്കുറി കുത്തനെ കൂട്ടേണ്ടിയിരുന്ന ഇടത്താണ് ലഭിക്കേണ്ടിയിരുന്ന രണ്ടേകാൽ കോടി രൂപയോളം അധികൃതർ നഷ്ടമാക്കിയത്.

മകരവിളക്ക് ദിവസത്തിൽ ജനുവരി 14-15 തീയതികളിൽ മലയിറങ്ങുന്ന അനേകം ഭക്തരാണ് കെഎസ്ആർടിസിയുടെ പ്രധാന വരുമാന ശ്രോതസ്. ഇവർക്കായി നൂറുകണക്കിന് ബസുകളാണ് നിലക്കലും പമ്പയിലും കുമളിയിലും എരുമേലിയിലും കെഎസ്ആർടിസി സജ്ജീകരിക്കുന്നത്. വർഷങ്ങളായി ഇതൊക്കെ നിയന്തിച്ചിരുന്നത് ഓപ്പറേഷൻ വിഭാഗത്തിൽ ഏറെക്കാലത്തെ പരിചയമുള്ള യൂണിറ്റ്ഓഫീസർമാരായിരുന്നു. ഓപ്പറേഷൻ വിഭാഗത്തിൽ കണ്ടക്ടർമാരിൽ നിന്നും പ്രമോഷൻ വഴി കയറിവരുന്നവരാണ് യൂണിറ്റ് ഓഫീസർമാർ. ഇവർക്ക് ശബരിമല സർവീസിന്റെ എല്ലാ വശങ്ങളും കൈവെള്ളയിലെ നെല്ലിക്കപോലെ സുപരിചിതമാണ്. ഇവരെ ഒഴിവാക്കി ഈ തിരക്കുള്ള സീസണിൽ അധികൃതർ നടത്തിയ അഴിച്ചുപണിയാണ് കെഎസ്ആർടിസിയെ നഷ്ടത്തിന്റെ വക്കിലേക്ക് അടുപ്പിച്ചത്. ഇത്തവണ ശബരിമല സർവീസുകളുടെ നിയന്ത്രണം ഏറ്റെടുത്തത് സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്ക്നിക്കൽ/മെക്കാനിക്കൽ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. സർവീസ് സംബന്ധമായ യാതൊരു പരിചയവുമില്ലാത്ത ഇവരാണ് തച്ചങ്കരി പോയ ശേഷം വന്ന പുതിയ എംഡി ദിനേശിന്റെ ഉപദേശകർ. ശബരിമല സർവീസുകളുടെ നിയന്ത്രണം ഇവർ ഏറ്റെടുത്തപ്പോൾ മകരവിളക്ക് ദിവസം കെഎസ്ആർടിസിക്ക് ഏറ്റവുമധികം വരുമാനനഷ്ടം നേരിടുന്ന വർഷമായി ഇവർ മാറ്റുകയും ചെയ്തു.

എം ഡിയുടെ പിഎയുടെ ഉപദേശകരായി പ്രവർത്തിക്കുന്ന ചന്ദ്രബാബു ഓപ്പറേഷൻ വിഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനാണ് എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. കെഎസ്ആർടിസിയിൽ ആവശ്യമില്ലാത്തതുകൊണ്ട് ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്ന ചന്ദ്രബാബുവിനെ തച്ചങ്കരിയാണ് ഡപ്യൂട്ടേഷൻ റദ്ദാക്കി തിരികെ കൊണ്ടുവന്നത്. പക്ഷെ നീക്കം പാളിയപ്പോൾ അധികാരങ്ങൾ ഒന്നും കൊടുക്കാതെ മൂലക്കിരുത്തിയിരിക്കുകയായിരുന്നു. ഇതേ ചന്ദ്രബാബുവിനു ദിനേശ് എത്തിയപ്പോൾ പുതിയ റോളുകളും അധികാരവുമായി. ചന്ദ്രബാബുവിനൊപ്പം കാര്യങ്ങൾ ഏറ്റെടുത്തത് ഭദ്രാനന്ദനാണ്.

പരിചയ സമ്പന്നരല്ലാത്ത ഇരുവരും അവർക്ക് ഒപ്പം പുതുതായി എത്തിയ സാങ്കേതിക വിഭാഗം ജീവനക്കാരും ഒത്തു ചേർന്നപ്പോൾ മകരവിളക്ക് സർവീസ് കുളമായി മാറുകയും ചെയ്തു. ഇവർ കാരണമാണ് കെഎസ്ആർ്ടിസി ബസുകൾ ഓടിക്കാതെ പമ്പയിലും നിലക്കലിലും കുമളിയിലും എരുമേലിയിലും പാർക്ക് ചെയ്തിടാൻ കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം സർവീസ് കാര്യക്ഷമമാക്കാൻ സാധിക്കാത്ത നിലവിലെ എം ഡി ദിനേശിന്റെ കസേരയ്ക്ക് ഇളക്കവും തട്ടുന്നുണ്ട്. മകരവിളക്ക് ദിവസത്തെ ഓപ്പറേഷൻ പാളിയത് തന്നെ ദിനേശിന്റെ പിഴവിലെക്കും വിരൽ ചൂണ്ടുകയാണ്. അതേസമയം പൊതുപണിമുടക്ക് നടന്ന ജനുവരി എട്ടിന് മാത്രം കെഎസ്ആർടിസിക്ക് വന്ന നഷ്ടം നാലുകോടി രൂപയാണ് വന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP