Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി പൊന്നമ്പലമേട്ടിൽ മകരവിളക്ക് കൊളുത്തുന്നത് മലയരയർ; ഒ രാജഗോപാലിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ; നിയമസഭയിൽ മകരവിളക്ക് കൊളുത്തൽ ചർച്ചയാക്കി ആചാരലംഘനം നടത്തുന്നതിനെ ചോദ്യം ചെയ്ത് മന്ത്രി എകെ ബാലൻ; സത്യങ്ങൾ പുറത്തു വരുന്നത് നല്ലതാണെന്നും അത് രേഖയിൽ തന്നെ കിടക്കണമെന്നും സ്പീക്കർ; മകരവിളക്ക് കൊളുത്തുന്നതോ തെളിയുന്നതോ എന്ന ചോദ്യം ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ

ഇനി പൊന്നമ്പലമേട്ടിൽ മകരവിളക്ക് കൊളുത്തുന്നത് മലയരയർ; ഒ രാജഗോപാലിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ; നിയമസഭയിൽ മകരവിളക്ക് കൊളുത്തൽ ചർച്ചയാക്കി ആചാരലംഘനം നടത്തുന്നതിനെ ചോദ്യം ചെയ്ത് മന്ത്രി എകെ ബാലൻ; സത്യങ്ങൾ പുറത്തു വരുന്നത് നല്ലതാണെന്നും അത് രേഖയിൽ തന്നെ കിടക്കണമെന്നും സ്പീക്കർ; മകരവിളക്ക് കൊളുത്തുന്നതോ തെളിയുന്നതോ എന്ന ചോദ്യം ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് മനുഷ്യനിർമ്മിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ 2011ലാണ് സത്യവാങ്മൂലം നൽകിയത്. കാലങ്ങളായി ആദിവാസികൾ നടത്തുന്ന ദീപാരാധനയാണിതെന്നും മകരജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചതോടെയാണ് മരവിളക്കുമായി ബന്ധപ്പെട്ട ആശയ വ്യക്തത വരുന്നത്. മകരവിളക്ക് പൊന്നമ്പലമേട്ടിൽ തെളിയുന്നതാണെന്ന വാദമാണ് ഇതോടെ നിരാകരിക്കപ്പെട്ടത്. ഇന്നലെ ഇതിൽ നിയമസഭയിൽ സർക്കാരും സ്ഥിരീകരണം നൽകി. ഏതായാലും ഇനി പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിക്കുക മലയരയരാകും. ബിജെപിയുടെ എംഎൽഎ ഒ രാജഗോപാലിന്റെ ആവശ്യം സർക്കാർ അതേ പടി അംഗീകരിച്ചു. ഇതോടെ ശബരിമല തീർത്ഥാടനത്തിൽ പുതിയ ചർച്ചകളും സജീവമാകും. മകരവിളക്ക് തെളിയിക്കാൻ മലയരയരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നായിരുന്നു രാജഗോപാലിന്റെ ആവശ്യം. എന്നാൽ, പ്രാതിനിധ്യം ഉറപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ശബരിമലയുടെ പുരാവൃത്തവുമായി വളരെയധികം ബന്ധമുള്ള ഒരു സ്ഥലമാണ് സന്നിധാനത്തിന് കിഴക്കുള്ള പൊന്നമ്പലമേട്. മകരസംക്രമസന്ധ്യയിൽ മകരവിളക്ക് തെളിയുന്ന പൊന്നമ്പലമേട് ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനമായാണ് കരുതുന്നത്. ശബരിമല ക്ഷേത്രത്തിന് കിഴക്ക് പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട കുന്നിൻപ്രദേശമാണ് പൊന്നമ്പലമേട്... പണ്ടുകാലത്ത് ഈ മേട്ടിൽ വസിച്ചിരുന്ന ഋഷിവര്യന്മാരും വനവാസികളും മകരവിളക്ക് ദിവസം ഇവിടെ നിന്ന് ശബരിമല ശാസ്താവിന് കർപ്പൂരാരതി നടത്തിയിരുന്നുവത്രേ. ഇതിന്റെ തുടർച്ചയായാണ് ഇന്നും മകരവിളക്ക് ദിവസം ശബരിമലയിൽ ദീപാരാധന നടക്കുന്ന വേളയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കുന്നത്. അങ്ങനെ ഈ പുതിയ കാലഘട്ടത്തിലും മിത്തും യാഥാർഥ്യവും നിറയുന്ന ഒരു പുണ്യഭൂമിയാണ് പൊന്നമ്പലമേട്. ഇവിടെ ദേവസ്വം ബോർഡാണ് ഇപ്പോൾ ദീപം തെളിയിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഈ ചടങ്ങ് ചെയ്യാനാണ് മലയരയർക്ക് സർക്കാർ ഇനി അവസരമൊരുക്കുക.

ശബരിമലയിൽ മകരവിളക്ക് തെളിക്കാൻ മലയരയർക്ക് അവകാശം നൽകണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ഇക്കാര്യത്തിൽ മലയരയരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. മകരവിളക്ക് തെളിയിക്കുന്നതു സംബന്ധിച്ചു വർഷങ്ങളായി കാത്തുസൂക്ഷിച്ച സത്യം ഔദ്യോഗികമായി വെളിപ്പെടുത്തുന്നതു ശരിയാണോയെന്നു നിയമമന്ത്രി എ.കെ. ബാലൻ തടസവാദം ഉന്നയിച്ചു. സത്യം പുറത്തുവരുന്നതു നല്ലതാണെന്നും ഇതു നിയമസഭാ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മലയരയരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ബിജെപി. അംഗം ഒ. രാജഗോപാൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലാണു മകരവിളക്കു സംബന്ധിച്ച ചർച്ചയ്ക്കു കളമൊരുക്കിയത്.

മകരവിളക്ക് ചിലർ കൊളുത്തുകയാണെന്നതു വസ്തുതയാണെന്നും അതിലുള്ള അവകാശമാണു മലയരയർ ചോദിക്കുന്നതെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിച്ചയുടൻ മന്ത്രി ബാലൻ പ്രതിഷേധവുമായിഎഴുന്നേറ്റു. ആവശ്യം പരിഗണിച്ചാൽ, മലയരയരാണു മകരവിളക്ക് തെളിയിക്കുന്നതെന്നു നിയമസഭയിൽ ഔദ്യോഗിക വെളിപ്പെടുത്തലാകുമെന്നു മന്ത്രി വിമർശിച്ചു. എന്നാൽ, മകരവിളക്കുമായി ബന്ധപ്പെട്ടു നിരവധിപേർ അപകടങ്ങളിൽപെട്ടിട്ടുണ്ടെന്നും സത്യം പുറത്തുവരുന്നതു നല്ലതാണെന്നും സ്പീക്കർ വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ചു മലയരയസംഘടനകൾ നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി മറുപടി നൽകി. ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലും മലയരയരുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. അതിനാൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ അയ്യപ്പൻ മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭയുടെ വാദമാണ് നിയമസഭയിലെ ചർച്ചയിലൂടെ വീണ്ടും ഉയരുന്നത്. ചരിത്രത്തെ തമസ്‌കരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് മല അരയ സഭ പറയുന്നത്. ചോള സൈനികർക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പൻ. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോളസാന്നിധ്യത്തിന് ചരിത്രത്തിൽ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വർഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പൻ മാതാപിതാക്കൾക്കു കൊടുത്ത വാക്ക്. അതിന്റെ ഓർമ്മയിലാണ് മലയരയർ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചുവെന്നാണ് അവർ പറയുന്നത്. ഈ ഐതീഹ്യത്തിന് കരുത്ത് പകരുന്നതാണ് രാജഗോപാലിന്റെ ആവശ്യവും സർക്കാരിന്റെ നിലപാടും. ഇതോടെ ശബരിമലയിൽ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം മലഅരയ സമൂദായവും ശക്തമാക്കും.

അയ്യപ്പന്റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു. വളർത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവർ എന്തു കൊണ്ട് അയ്യപ്പന് ജന്മം നൽകിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് അവർ ചോദിക്കുന്നു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് ആരോപിച്ചിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു.

മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ൽ സാമുവൽ മറ്റീർ എഴുതിയ നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറഞ്ഞിരുന്നു. ഈ ചരിത്രത്തെ വീണ്ടും ചർച്ചയാക്കുന്നതാണ് രാജഗോപാലിന്റെ നിയമസഭയിലെ ഇടപെടൽ. ശബരിമലയിൽ ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാതെയാണ് യുവതി പ്രവേശനത്തിന് ഉത്തരവിട്ടതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് വിശദീകരിച്ചിരുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വിശ്വഹിന്ദു പരിഷതിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ശബരിമല വിഷയം പരാമർശിച്ചത്. തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമാണ് പരമാധികാരമെന്നാണ് ആർഎസ്എസ് നിലപാട്. ഇത് ചോദ്യം ചെയ്യുന്ന തരത്തിലാണ് രാജഗോപാലിന്റെ ഇടപെടൽ.

പൊന്നമ്പലമേടിലെ ജ്യോതിയുമായി ബന്ധപ്പെട്ട് പലവിവാദങ്ങൾ ഉണ്ടായി. യുക്തിവാദികൾ കോടതിയെ സമീപിച്ചു. ഇതോടെയാണ് ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടാകുന്നത്. 2011ലാണ് ദേവസ്വം ബോർഡിന് പൊന്നമ്പലമേട്ടിൽ ദീപാരാധന നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ ദീപാരാധനയ്ക്കായി സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്നും ദേവസ്വം ബോർഡിന്റെ പണം ഉപയോഗിച്ചുവേണം ദീപാരാധന നടത്താനെന്നും കോടതി നിർദ്ദേശിച്ചു. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത തരത്തിലാവണം അനുഷ്ഠാനങ്ങളും ദീപാരാധനയും. മകരവിളക്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമില്ല. ദീപാരാധനയ്ക്ക് പൊലീസിന്റെയും വനംവകുപ്പിന്റെയും സഹായം ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പൊന്നമ്പലമേട്ടിൽ ശാന്തിക്കാരെ വച്ച് ആരാധന നടത്തുമെന്നും ദീപാരാധനയുടെ എല്ലാ പവിത്രതയും നിലനിർത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഈ ശാന്തിമാരുടെ സംഘത്തിനൊപ്പമാകും ഇനി മലയരയരേയും മകരജ്യോതി തെളിയിക്കാൻ കൊണ്ടു പോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP