Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മകരവിളക്കിന്റെ പ്രഭയിൽ മനം നിറഞ്ഞ് അയ്യപ്പഭക്തർ; പൊന്നമ്പലമേട്ടിൽ മകരസംക്രമനക്ഷത്രം തെളിഞ്ഞപ്പോൾ ശരണം വിളികളാൽ മുകരിതമായി സന്നിധാനം; വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടും മൂടൽ മഞ്ഞ് കനത്തപ്പോൾ പുൽമേട്ടിൽ ജ്യോതി ദൃശ്യമായില്ല; ഇതര സംസ്ഥാന ഭക്തരോട് പൊലീസ് ബലംപ്രയോഗിച്ചെന്നും പരാതി; ഒരു മണ്ഡലകാലം കൂടി പരിസമാപ്തിയിലെത്തുമ്പോൾ

മകരവിളക്കിന്റെ പ്രഭയിൽ മനം നിറഞ്ഞ് അയ്യപ്പഭക്തർ; പൊന്നമ്പലമേട്ടിൽ മകരസംക്രമനക്ഷത്രം തെളിഞ്ഞപ്പോൾ ശരണം വിളികളാൽ മുകരിതമായി സന്നിധാനം; വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടും മൂടൽ മഞ്ഞ് കനത്തപ്പോൾ പുൽമേട്ടിൽ ജ്യോതി ദൃശ്യമായില്ല; ഇതര സംസ്ഥാന ഭക്തരോട് പൊലീസ് ബലംപ്രയോഗിച്ചെന്നും പരാതി; ഒരു മണ്ഡലകാലം കൂടി പരിസമാപ്തിയിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ഒരു തീർത്ഥാടനകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ട സായൂജ്യത്തിൽ ഭക്തർ മലയിറങ്ങി. ദിവസങ്ങളായി പർണശാലകൾ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷവും മറ്റ് കാരണങ്ങൾ കൊണ്ടും പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നുവെങ്കിലും തീർത്ഥാടകർ അയ്യപ്പനെ കണ്ട സന്തോഷത്തിൽ തന്നെയാണ് മടക്കം.

അതേ സമയം മലകയറിയെത്തിയ നിരവധി ഭക്തർക്ക് പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാൻ കഴിഞ്ഞില്ല. കനത്ത മൂടൽമഞ്ഞു കാരണമാണ് മകരജ്യോതി ദർശിക്കാൻ കഴിയാതിരുന്നത്.സന്നിധാനവും പൊന്നമ്പലമേടും ഒരുപോലെ കാണാവുന്ന പുല്ലുമേട്ടിൽ ആയിരങ്ങളാണ് മകരജ്യോതി ദർശിക്കാനെത്തിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. വനം വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തവണ 4126 പേരാണ് പുല്ലുമേട്ടിൽ എത്തിയത്. പുല്ലുമേട്ടിലെ കുന്നുകളിൽ തിങ്കളാഴ്ച രാവിലെ മുതൽ അയ്യപ്പഭക്തർ എത്തിത്തുടങ്ങിയിരുന്നു. വണ്ടിപ്പെരിയാറിൽനിന്ന് രാവിലെ മുതൽ 60 കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് നടത്തിയത്. ഇതുകൂടാതെ സത്രത്തിൽനിന്ന് കാൽനടയായും ഭക്തരെത്തി.

പുല്ലുമേട്ടിൽ വിപുലമായ സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. ജ്യോതി കാണാവുന്ന സ്ഥലത്ത് സുരക്ഷാവേലിയുണ്ട്. മകരജ്യോതി ദർശനം കഴിഞ്ഞ് മടക്കയാത്ര കോഴിക്കാനം വഴിമാത്രമായിരുന്നു സജ്ജീകരിച്ചിരുന്നത്.ജില്ലാ കളക്ടർ കെ.ജീവൻ ബാബു, അഡീഷണൽ ജില്ലാ പൊലീസ് മേധാവി എം.ഇക്‌ബാൽ, വിവിധ വകുപ്പുമേധാവികൾ എന്നിവരെത്തിയിരുന്നു.മകരവിളക്ക് ദർശനം കഴിഞ്ഞുള്ള അയ്യപ്പന്മാരുടെ മലയിറക്കം സുഗമമായി. തിരക്കു മുഴുവൻ പൊലീസിന്റെ നിയന്ത്രണത്തിലൊതുങ്ങി. പൊലീസും ആർ.എ.എഫും എൻ.ഡി.ആർ.എഫും ഉൾപ്പെടെ സന്നിധാനത്ത് 2350 സുരക്ഷാജീവനക്കാരുണ്ടായിരുന്നു.

മകരജ്യോതി തെളിഞ്ഞ് അധികം വൈകാതെ തന്നെ ഭക്തരെ ദർശനത്തിന് കയറ്റിത്തുടങ്ങി. ജ്യോതി കാണാൻ രണ്ടു ദിവസമായി കഴിഞ്ഞിരുന്നവരെ മാളികപ്പുറം ഭാഗത്തുനിന്ന് ഒറ്റവരിയായാണ് കടത്തിവിട്ടത്. വടക്കേനട വരെയുള്ള ഭാഗം പൊലീസും മറ്റ് സേനാ വിഭാഗങ്ങളുംചേർന്ന് ബാരിക്കേഡുവെച്ചും വടംകെട്ടിയും അടച്ചു. പാണ്ടിത്താവളത്തിൽ ജ്യോതി കാണാനിരുന്ന മുഴുവൻപേരും മാളികപ്പുറത്തുവന്ന് സിവിൽ ദർശനവരി വഴി ദർശനം നടത്തി. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായാണ് ഭക്തരെ കടത്തിവിട്ടത്. വാവര്‌നടയ്ക്കു മുൻപിൽ തിരക്കു കൂടിയതോടെ ഐ.ജി. ബൽറാം കുമാർ ഉപാധ്യായ തന്നെ നേരിട്ട് നിയന്ത്രിക്കാനെത്തി.

ദർശനം കഴിഞ്ഞ ഭക്തരെ മൂന്നു വഴികളിലൂടെയാണ് ഇറക്കിയത്. കോപ്രാക്കളം ഭാഗത്തുനിന്നവരെ നടപ്പന്തലിന് പിറകിലൂടെയും പാണ്ടിത്താവളം ഭാഗത്ത് നിന്നവരെ ബെയ്ലി പാലം വഴിയും കുറച്ചുപേരെ വാവര്‌നടയ്ക്കു മുൻപിലൂടെയും ഇറക്കി. രാത്രി 11-ന് നട അടയ്ക്കുന്നതുവരെയും ദർശനത്തിന് നല്ല തിരക്കായിരുന്നു. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയ ശേഷമാണ് ഭക്തരെ പമ്പയിൽനിന്ന് മലയിലേക്കു കയറ്റിയത്.

മകരവിളക്ക് ദർശനത്തിനെത്തിയ തീർത്ഥാടകർക്കുനേരേ പൊലീസ് ബലം പ്രയോഗിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ തിരുമുറ്റത്തും വാവരുസ്വാമി നടയ്ക്കു മുൻപിലുംനിന്ന തങ്ങളോട് പൊലീസ് മോശമായി പെരുമാറിയതായി ഇതരസംസ്ഥാനക്കാരായ തീർത്ഥാടകരാണ് പരാതിപ്പെട്ടത്. മാളികപ്പുറം താഴെമുറ്റത്ത് നിന്നവർക്കുനേരേയും പൊലീസ് ബലംപ്രയോഗിച്ചു.ഉച്ചയ്ക്ക് ഒന്നരയോടെ വലിയ നടപ്പന്തലിലും ഭക്തരുടെ പ്രതിഷേധമുണ്ടായി. തൊഴുതിറങ്ങാൻ തുടങ്ങിയ ഭക്തരെ തേങ്ങയുടയ്ക്കാൻ അൻവദിച്ചില്ലെന്നായിരുന്നു പരാതി. ചില തീർത്ഥാടകർ പ്രതിഷേധസൂചകമായി വലിയ നടപ്പന്തലിൽ തേങ്ങയുടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP