Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

ഇന്നലെ തീരേണ്ട ഓപ്പറേഷൻ ഇന്ന് വരെ നീണ്ടത് എന്താണ്? ദുരന്ത നിവാരണസേനയുടെ തലപ്പത്ത് തലയിൽ ആൾത്താമസം ഉള്ളവരെ വയ്ക്കണം; ഹെലികോപ്ടർ ഉപയോഗിച്ചത് അപ്രായോഗികമായ രീതിയിൽ; മലമ്പുഴ റസ്‌ക്യു ഓപ്പറേഷനിൽ വിമർശനവുമായി മേജർ രവി

ഇന്നലെ തീരേണ്ട ഓപ്പറേഷൻ ഇന്ന് വരെ നീണ്ടത് എന്താണ്? ദുരന്ത നിവാരണസേനയുടെ തലപ്പത്ത് തലയിൽ ആൾത്താമസം ഉള്ളവരെ വയ്ക്കണം; ഹെലികോപ്ടർ ഉപയോഗിച്ചത് അപ്രായോഗികമായ രീതിയിൽ; മലമ്പുഴ റസ്‌ക്യു ഓപ്പറേഷനിൽ വിമർശനവുമായി മേജർ രവി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മലമ്പുഴ ചെറായി മലയിൽ കുടുങ്ങിയ ആർ.ബാബു എന്ന യുവാവിനെ രക്ഷിച്ചതിൽ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനങ്ങൾ ചൊരിയുന്നതിനൊപ്പം ദുരന്ത നിവാരണസേനക്കെതിരെ വിമർശനവും. മുൻ സൈനിക ഉദ്യോഗസ്ഥനും, സിനിമാ സംവിധായകനുമായ മേജർ രവിയാണ് ഫേസ്‌ബുക്ക് ലൈവിൽ പാളിച്ചകൾ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന് അറിയുന്നവരെ ദുരന്ത നിവാരണ സേനയിൽ നിയമിക്കണമെന്ന് മേജർ രവി കുറ്റപ്പെടുത്തി. യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസത്തെയാണ് മേജർ വിമർശിച്ചത്. ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്ത മേജർ രവി ബാബുവിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു.

'ബാബു ജീവനോടെ തിരിച്ചുവന്നതിൽ സന്തോഷം. ഇന്ത്യൻ ആർമി അവരുടെ കടമ നിർവ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാർക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സർക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാർട്ടി അനുഭാവി ആയതുകൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാർത്തകൾ നമ്മൾ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്തോളു. എന്നാൽ ദുരന്തനിവാരണ വകുപ്പിൽ ഒരു ദുരന്തം വരുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ആളുകളെ, തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്.' മേജർ രവി പറഞ്ഞു.

അപ്രായോഗികമായ രീതിയിൽ ഹെലികോപ്റ്റർ ഉപയോഗിച്ചതിനേയും മേജർ രവി വിമർശിച്ചു. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥർ ദുരന്ത നിവാരണ വകുപ്പിൽ ഉണ്ടായിരുന്നെങ്കിൽ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യൻ ആർമിയേയും കൂടി ഫോണിൽ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റർ വാടകക്കെടുത്തിട്ട വെള്ളാനയെപോലെ ഇട്ടതൊന്നും ആർക്കും അറിയേണ്ടതില്ലെന്നും മേജർ രവി പറഞ്ഞു.

'ഇന്ന് ബാബു എന്ന വ്യക്തി അവിടെ ഇരുന്ന സാഹചര്യം നിങ്ങൾ മനസ്സിലാക്കണം. കുന്നിന്റെ കുടുസ്സായ തുളയിലാണ് അദ്ദേഹം ഇരുന്നത്. പാലക്കാട് മലമ്പുഴയിലെ ഏറ്റവും മോശപ്പെട്ട ചൂടിലാണ് അദ്ദേഹം ഇരിക്കുന്നത്. ഈ സമയത്ത് ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കും. ഈ ഒരൊറ്റക്കാരണം മതി അദ്ദേഹം വീഴാൻ. ഒരുമിനിറ്റെങ്കിലും നേരത്തെ രക്ഷിക്കുകയാണ് വേണ്ടത്. വിവരമില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. ബാബു ഇരിക്കുന്ന പൊസിഷൻ ഇന്ന് പത്രത്തിലൂടെയാണ് ഞാൻ കണ്ടത്.

ഹെലികോപ്റ്ററിലൂടെ രക്ഷിച്ചെടുക്കാൻ കഴിയുന്ന ഒരു പൊസിഷനിലല്ല അദ്ദേഹം ഇരിക്കുന്നതെന്ന് തലയിൽ ആള് താമസമുള്ള ആർക്കും മനസ്സിലാവും. കാരണം ഹെലികോപ്റ്ററിൽ നിന്നും കയറിട്ട്് കൊടുത്താൽ അദ്ദേഹത്തിന് അത് പിടിക്കാൻ കഴിയില്ല. ഇത് മനസ്സിലാക്കാൻ കഴിയുന്ന ആളായിരിക്കണം സേനയിലുള്ളത്. അല്ലെങ്കിൽ മലയുടേയും മുകളിൽ ഹെലികോപ്റ്റർ പറന്ന് ബാബുവിന് കയർ ഇട്ട് കൊടുക്കണം. അത്രയും അകലമുള്ള റോപ്പും വേണം. അത് പ്രായോഗികമല്ല. വലിയ ഹെലികോപ്റ്റർ ആണെങ്കിൽ ഇത് സാധിക്കും. അത്തരം ഹെലികോപ്റ്റർ നേവിയുടെ കൈയിലാണുള്ളത്.' മേജർ രവി കുറ്റപ്പെടുത്തി.

കോസ്റ്റ് ഗാർഡിനെ വിളിക്കുന്ന സമയത്ത് അവരുടെ കൈയിലുള്ള സംവിധാനങ്ങളുടേയും ഹെലികോപ്റ്ററിന്റേയും കപ്പാസിറ്റി എന്താണെന്ന് അറിഞ്ഞിരിക്കണം. ആ കപ്പാസിറ്റിയിൽ ഈ ഓപ്പറേഷൻ നടക്കുമോയെന്ന് അറിയണം. ഇതിനെല്ലാം തലയിൽ കുറച്ച് ആള് താമസം വേണം. സാങ്കേതിക ജ്ഞാനം വേണം. തൊട്ടപ്പുറത്ത് നേവി ഉണ്ടായിരുന്നു, പാങ്കോട് ആർമിയുണ്ടായിരുന്നു. അവരെ വിളിച്ചിരുന്നെങ്കിൽ അവർ വെല്ലിങ്ടണിലേക്ക് വിളിക്കുമായിരുന്നു. തിരുവനന്തപുരത്ത് നിന്നും പോകുന്നതിനേക്കാൾ എളുപ്പം അതായിരുന്നു. ഇന്നലത്തെ കൊണ്ട് തീർക്കേണ്ട കാര്യം ഇന്ന് വരെ നീണ്ടത് എന്താണ്. ഇത് രാത്രി ചെയ്യേണ്ട ഓപ്പറേഷൻ അല്ല. എന്നാലും ആർമിക്കാർ വന്നിരുന്നെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ പയ്യനെ സേവ് ചെയ്ത് മുകളിലെത്തിക്കുമായിരുന്നുവെന്നും മേജർ രവി പറഞ്ഞു.ചില സാങ്കേതിക കാര്യങ്ങളിലെങ്കിലും അക്കാര്യത്തിൽ വൈദഗ്ധ്യം ഉള്ള ആളുകളെ പിടിച്ചിരുത്തുകയെന്നതാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP