Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

പിണറായി - മോദി സംഭാഷണം മിമിക്രിയാക്കി കയ്യടി നേടിയ അതുല്യ കലാകാരൻ; 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി; കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത് മുഖത്ത്; ഒമ്പതു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ പൂർത്തിയായി; ബിനു അടിമാലിയുടെ ആരോഗ്യനിലയിലും പുരോഗതി

പിണറായി - മോദി സംഭാഷണം മിമിക്രിയാക്കി കയ്യടി നേടിയ അതുല്യ കലാകാരൻ; 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി; കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത് മുഖത്ത്; ഒമ്പതു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ പൂർത്തിയായി; ബിനു അടിമാലിയുടെ ആരോഗ്യനിലയിലും പുരോഗതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂർത്തിയായി. മുഖത്ത് പരിക്കേറ്റ മഹേഷിന് ഇന്നലെ ഒമ്പത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയാണ് വേണ്ടിവന്നത്. മഹേഷിന്റെ ശസ്ത്രക്രിയ പൂർത്തിയായതായി നടൻ ബിനീഷ് ബാസ്റ്റിൻ ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞുവെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരുക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒൻപത് മണിക്കൂർ നീണ്ടു നിന്നു. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയിൽ തുടരുകയാണ്.

മിമിക്രിയിൽ പുതിയ സാധ്യതകൾ തെളിയിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. അനായാസമായി സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടേയും മറ്റ് പ്രമുഖരുടെയും ശബ്ദം അനുകരിക്കുന്ന മഹേഷിന്റെ വീഡിയോകൾ വൈറലാകാറുണ്ട്. ഹൃദയം സിനിമയിൽ പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും സംസാരിക്കുന്നത്, കോവിഡ് കാലത്ത് ഹിറ്റായ പിണറായി വിജയന്റേയും നരേന്ദ്ര മോദിയുടേയും 'പെർഫെക്ട് ഓകെ' ഗാനം എന്നിവ മഹേഷ് കുഞ്ഞുമോന്റെ ശ്രദ്ധ നേടിയ വീഡിയോകളാണ്.

മഹേഷിന്റെ ശബ്ദാനുകരണത്തിലെ പൂർണത എല്ലാവരെയും വിസ്മയിപ്പിച്ചു. 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. വടകരയിൽ നടന്ന പരിപാടിയിലും നിരവധി താരങ്ങളെ അനുകരിച്ചതിനു ശേഷമുള്ള മടക്കത്തിലാണ് അപകടമുണ്ടായത്. എറണാകുളം ജില്ലയിൽ പുത്തൻ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛൻ കുഞ്ഞുമോൻ, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ് എന്നിവരാണ് മഹേഷിനുള്ളത്.

കഴിഞ്ഞ ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലത്ത് വച്ചായിരുന്നു അപകടം നടന്നത്. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

കാറിന്റെ മുൻസീറ്റിലിരുന്ന കൊല്ലം സുധിക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്. ഇന്നലെയായിരുന്നു കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകൾ കഴിഞ്ഞത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കലാലോകവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP