Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുരനന്വേഷണം വരുന്നു; അമിത്ഷായെ വെട്ടിലാക്കി മഹാരാഷ്ട്ര സർക്കാറിന്റെ പുതിയ നീക്കം; സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജിയുടോ മരണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃരന്വേഷിക്കുമെന്ന് മന്ത്രി നവാബ് മാലിക്; ശിവ സൈനികരോട് കളിച്ചാൽ കളി പഠിപ്പിക്കുമെന്ന സന്ദേശം നൽകാൻ തിരിച്ചടി ആവശ്യമെന്ന നിഗമനത്തിൽ ഉദ്ധവ് താക്കറെയും; പവാറും അനുകൂല നിലപാട് കൈക്കൊണ്ടാൽ കേസിൽ കളി മാറും

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുരനന്വേഷണം വരുന്നു; അമിത്ഷായെ വെട്ടിലാക്കി മഹാരാഷ്ട്ര സർക്കാറിന്റെ പുതിയ നീക്കം; സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജിയുടോ മരണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃരന്വേഷിക്കുമെന്ന് മന്ത്രി നവാബ് മാലിക്; ശിവ സൈനികരോട് കളിച്ചാൽ കളി പഠിപ്പിക്കുമെന്ന സന്ദേശം നൽകാൻ തിരിച്ചടി ആവശ്യമെന്ന നിഗമനത്തിൽ ഉദ്ധവ് താക്കറെയും; പവാറും അനുകൂല നിലപാട് കൈക്കൊണ്ടാൽ കേസിൽ കളി മാറും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽ വെച്ച് നടന്ന എൻസിപി യോഗത്തിന് ശേഷം മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരദ് പവാറിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് തീരുമാനം. സൊഹ്റാബുദ്ദീൻ ഷെയ്ക്ക് ഏറ്റുമുട്ടൽ കേസ് പരിഗണനയിൽ ഇരിക്കവേയാണ് 2014 ഡിസംബർ ഒന്നിന് ജഡ്ജ് ലോയയുടെ മരണം സംഭവിക്കുന്നത്. വ്യക്തമായ തെളിവുകളോടെ ആരെങ്കിലും പരാതി നൽകിയാൽ കേസ് പുനഃരന്വേഷിക്കുമെന്നും കാരണം കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് പറഞ്ഞു.

മഹാരാഷ്ട്രയിൽ ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസിൽ പുനരന്വേഷണം നടത്താൻ മഹാരാഷ്ട്ര സർക്കാർ തയ്യാറാകുമോ എന്ന ചോദ്യവും ഉയർന്നിരുന്നുവെന്നും കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നാൽ തീർച്ചയായും കേസ് അന്വേഷിക്കുമെന്നാണ് ശരദ് പവാർ അന്ന പറഞ്ഞതെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു. 2017 നവംബറിൽ 'ദ കാരവ'നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നത്. ലോയയുടെ കുടുംബം തന്നെ അദ്ദേഹത്തിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്.

മരണത്തിന്റെ സാഹചര്യങ്ങൾ സംശയാസ്പദമാണെന്നും കേസിൽ അനുകൂലമായ വിധി പുറപ്പെടുവിക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ ലോയയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് 2018 ജൂലൈയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറും കേസിൽ പുനരന്വേഷണം നടത്താൻ തയ്യാറാണെന്ന നിലപാടിലാണ്.

മരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ശേഷിക്കുന്നുണ്ടെന്നാണ് ശരദ് പവാർ വ്യക്തമാക്കിയത്. നേരത്തെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് എടുത്തയാളാണ് ഉദ്ധവ് താക്കറെ. അതുകൊണ്ട് തന്നെ ഇതിനെ രാഷ്ട്രീയ വൈരാഗ്യമായി ആരും ചിത്രീകരിക്കില്ല. മഹാരാഷ്ട്രയിലെ സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന വിധത്തിൽ നീക്കങ്ങളുമായി മുന്നോട്ടു പോയാൽ അതിനെ തടയിടുക എന്ന ലക്ഷ്യമാണ് ലോയ കേസിന്റെ പുനരന്വേഷണത്തിന് പിന്നിലും. പി ചിദംബരത്തെ അടക്കം ജയിലിൽ അടച്ചതിന് പിന്നിൽ അമിത്ഷായുടെ പ്രതികാര ബുദ്ധി ആയിരുന്നു. അതുകൊണ്ട് ഇനി ബിജെപിയോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനും ഉള്ളത്. അതുകൊണ്ട് ലോയയുടെ മരണം അന്വേഷിക്കുന്നതിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വവും പച്ചക്കൊടി കാണിക്കുന്നു.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു. മരണകാരണം ഹൃദയാഘാതമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ബിജെപി. അധ്യക്ഷൻ അമിത് ഷാ പ്രതിയായ ഈ കേസിൽ വിചാരണയ്ക്കിടെ ദുരൂഹസാഹചര്യത്തിലാണ് ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടത്. അമിത്ഷായ്ക്ക് അനുകൂലമായി വിധിക്കാൻ നൂറുകോടി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ലോയയുടെ മരണത്തിന് ആഴ്ചകൾക്കുശേഷം അമിത് ഷായെ കോടതി വെറുതേവിടുകയും ചെയ്തു.

സൊറാബുദ്ദീൻ ഷെയ്ഖ് കേസും ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവും

സൊറാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദിൽ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തിൽ 2006 ഡിസംബറിൽ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസും സൊഹ്‌റാബുദീൻ കേസും ഒരുമിച്ചാക്കാൻ 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളിൽ 15 പേരെ കോടതി വിട്ടയച്ചു. ഇതിൽ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.

കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ബി.എച്ച്.ലോയയ്ക്ക് പണവും സമ്പത്തും വാഗ്ദാനങ്ങളായി ലഭിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷനും വെളിപ്പെടുത്തിയിരുന്നു 'നിരവധി തവണ പണവും ഭൂമിയും വീടും വാഗ്ദാനങ്ങളും ലഭിച്ചു. എന്നാൽ അതെല്ലാം ലോയ തള്ളിക്കളയുകയായിരുന്നു. ആ കേസ് ലോയയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ജോലി രാജിവെച്ച് ഒഴിയാനോ സ്ഥലംമാറ്റം ലഭിക്കാനോ ലോയ ആഗ്രഹിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷൻ ആരോപിച്ചിരുന്നു.

ലോയയുടെ മരണത്തിനു പിന്നാലെ ഇത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. പിന്നീട് എംബി ഗോസാവിയാണ് കേസ് കൈകാര്യം ചെയ്തത്. ഡിസംബർ 15 മുതൽ ഗോസാവിയാണ് കേസിൽ വാദം കേട്ടത്.ലോയയുടെ മരണം കഴിഞ്ഞ ഒരു മാസം പൂർത്തിയാവുന്ന് ഡിസംബർ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നു.അമിത് ഷായ്‌ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സിബിഐ അനുമാനങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവിൽ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സിബിഐ പ്രതിചേർത്തിരുന്നു.

ലോയയ്ക്ക് ലഭിച്ച മോഹന വാഗ്ദാനങ്ങൾ

കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി. 2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസും സൊഹ്‌റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങൾ, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ, മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉൾപ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയർത്തുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാൻ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂർണമായി കേൾക്കണമെന്നും ഉത്തരവിട്ടു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാഞ്ഞതിനെ ലോയ വിമർശിച്ചിരുന്നു. ഡിസംബർ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. ഡിസംബർ ഒന്നിനായിരുന്നു ലോയയുടെ മരണം.

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസിൽ അമിത് ഷാ നിരന്തരം കോടതിയിൽ ഹാജരാകാത്തത്ിൽ എതിർപ്പ് വ്യക്തമാക്കിയ ജഡ്ജി ജെ.ടി.ഉത്പത്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ബി.എച്ച്.ലോയ വിചാരണ കോടതി ജഡ്ജിയായി എത്തുന്നത്. ലോയയുടെ ദുരൂഹ മരണത്തിന് ശേഷം വിചാരണ കോടതി അമിത് ഷായെ കുറ്റ വിമുക്തനാക്കി. എന്നാൽ, വിചാരണക്കോടതി വിധിക്കെതിരെ സിബിഐ പോലും മേൽകോടതിയെ സമീപിച്ചില്ല. ഈ കേസാണ് പുനരന്വേഷിക്കാൻ ഉദ്ധവ് താക്കറെ തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP