Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാ. ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവം അറിയാൻ ആദ്യം എത്തിയത് ഉദ്ദവ് താക്കറെ; മുഖ്യമന്ത്രിക്ക് പിന്നാലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ സന്ദർശിച്ചു ഗവർണർ ഭഗത് സിങ് കോഷിയാരിയും; മഹബലേശ്വറിലെ ആരോഗ്യ മോഡൽ തുടരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഗവർണർ; കോഷിയാരി മടങ്ങിയത് രോഗികളുമായി സംസാരിച്ചു കുശലാന്വേഷണം നടത്തിയും വിദ്യാർത്ഥികളും ജീവനക്കാരുമായി സംവദിച്ചതിനും ശേഷം

ഫാ. ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവം അറിയാൻ ആദ്യം എത്തിയത് ഉദ്ദവ് താക്കറെ; മുഖ്യമന്ത്രിക്ക് പിന്നാലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ സന്ദർശിച്ചു ഗവർണർ ഭഗത് സിങ് കോഷിയാരിയും; മഹബലേശ്വറിലെ ആരോഗ്യ മോഡൽ തുടരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഗവർണർ; കോഷിയാരി മടങ്ങിയത് രോഗികളുമായി സംസാരിച്ചു കുശലാന്വേഷണം നടത്തിയും വിദ്യാർത്ഥികളും ജീവനക്കാരുമായി സംവദിച്ചതിനും ശേഷം

മറുനാടൻ മലയാളി ബ്യൂറോ

മഹാബലേശ്വർ: മഹാബലേശ്വരിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്ത് പുതിയ മാതൃക തീർക്കുകയാണ്. വിപ്ലവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ആശുപത്രിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദർശിച്ചത് രണ്ടാഴ്‌ച്ച മുമ്പാണ്. ആശുപത്രിയെ മുന്നോട്ടു നയിക്കുന്ന ഫാ. ടോമി കരിയിലക്കുളത്തെയും കൂട്ടരെയും അഭിനന്ദിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത ശേഷമാണ് മടങ്ങിയത്. ഉദ്ധവ് താക്കറെയുടെ സന്ദർശനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിൽ ഇന്ത്യർ റെഡ് ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സന്ദർശിച്ചു.

ഇന്നു രാവിലെ 9.45 നു ആശുപത്രിയിൽ എത്തിയ ഗവർണറെ ആശുപത്രി ഡയറക്ടർ ഫാ. ടോമി കരിയിലക്കുളം, പാഞ്ചഗണി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ലക്ഷ്മി കരാഹ്ട്കർ, ജില്ലാ കളക്ടർ, മറ്റ് ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിച്ചു. ആശുപത്രിയുടെ ഓഫീസിൽ സ്ഥാപകന്റെ ഛായാ ചിത്രവും അദ്ദേഹത്തിനു ലഭിച്ച പത്മശ്രീ അടക്കമുള്ള ചരിത്ര സ്മാരകങ്ങളും കണ്ടതിനുശേഷം അദ്ദേഹം ആശുപത്രിയുടെ ഒരു വാർഡിൽ കഴിയുന്ന രോഗികളെയും സന്ദർശിച്ചു. രോഗികളോട് വ്യക്തിപരമായി സംസാരിക്കുകയും കുശലാന്വേക്ഷണങ്ങൾ നടത്തുകയും ചെയ്തു ഗവർണർ.

അതിനുശേഷം ആശുപത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു അദ്ദേഹം. ആശുപത്രിയിലെ പ്രത്യേക സംവിധാനങ്ങളുള്ള ലബോറട്ടറി സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നീട് ബെൽ എയർ കോളേജ് ഓഫ് നേഴ്സിങ് സന്ദർശിച്ച് വിദ്യാർത്ഥികളോട് സംവദിച്ചു. വിദ്യാർത്ഥികൾക്കൊപ്പം നിന്നും ഫോട്ടോയെടുക്കാനും അദ്ദേഹം മറന്നില്ല. ബെൽ എയർ സന്ദർശിക്കുവാൻ മാത്രമാണ് പാഞ്ചഗണിയിൽ എത്തിയതെന്നാണ് കോഷിയാരി വ്യക്തമാക്കിയത്. ബെൽ എയറിനെ അസ്ഥിരപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നു അറിഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു സന്ദർശനം നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇന്നലെ വൈകുന്നേരം മഹാബലേശ്വർ രാജ്ഭവനിൽ എത്തി വിശ്രമിച്ചതിനുശേഷം ഇന്നു രാവിലെ ബെൽ എയറിൽ എത്തുകയാിരുന്നു അദ്ദേഹം. സന്ദർശനത്തിന് ശേഷം പൂന വഴി മുംബൈയിലേക്ക് മടങ്ങി. ഇവിടെ നടക്കുന്ന ശുശ്രൂക്ഷ വളരെ മഹനീയമാണെന്നും ഇവിടുത്തെ സേവനങ്ങൾ തുടരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അതിനുള്ള പിന്തുണ തന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ടോമിയെ രാജ്ഭവനിലേയ്ക്ക് വരുത്തി ആവശ്യങ്ങൾ അറിഞ്ഞ് ഇക്കാര്യങ്ങൾ നടത്തിക്കൊടുക്കാൻ മുൻകൈയെടുക്കണം എന്നും അദ്ദേഹം കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര മുഖ്യമന്ത്രി എത്തിയ ശേഷം 15 ദിവസങ്ങൾക്കുള്ളിൽ ഉള്ള ഗവർണറുടെ സന്ദർശനം പാഞ്ചഗണിയിലെ ജനങ്ങളെയും സത്താറ ജില്ലയിലെ ഉദ്യോഗസ്ഥരെയും ഒക്കെ ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയ്യതിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അപ്രതീക്ഷിതമായി ബെൽ എയർ ആശുപത്രി സന്ദർശിച്ചത്. വളരെ വർഷങ്ങളായിട്ട് പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഈ ഗവണ്മെന്റ് ആശുപത്രി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ഇന്ത്യയിലെതന്നെ ഏറ്റം മനോഹരമായ ഒരു ആശുപത്രി പ്രൊജക്ട് ആയിട്ട് ഇതു മാറിക്കഴിഞ്ഞിരുന്നു.

എം.സി.ബി.എസ്. സഭയുടെ നേതൃത്വത്തിൽ ഫാ.ടോമി കരിയിലക്കുളം നടത്തുന്ന ബെൽ എയർ ഹോസ്പിറ്റലിനു ലഭിക്കുന്ന മറ്റൊരംഗീകാരമാണ് ഗവർണറുടെ സന്ദർശനവും. അബ്ദുൾ കലാം സാർ രാഷ്ട്രപതി ആയിരിക്കുമ്പോൾ സന്ദർശനം നടത്തി അനുഗ്രഹിച്ചതാണ് ബെൽ എയർ. അതുകൊണ്ടുതന്നെയാണ് ഈ പ്രവർത്തനരഹിതമായിരുന്ന ഗവണ്മെന്റ് ആശുപത്രിയെ ബെൽ എയർ ഹോസ്പിറ്റലിനെയും ഫാ.ടോമിയെയും ഏൽപ്പിക്കുവാൻ മഹാരാഷ്ട്ര ഗവണ്മെന്റ് തീരുമാനിച്ചത്. ഇന്ത്യയിൽതന്നെ ആദ്യമായിട്ടാണ് ഒരു ഗവണ്മെന്റ് താലൂക്ക് ആശുപത്രി ഒരു എൻജിഒയെ ഏൽപ്പിച്ചത്. മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിച്ച വൈദികനാണ് ലയാളിയായ ഫാ ടോമി കരിയിലുക്കുളം.

മഹരാഷ്ട്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വറിലെ താലൂക്ക് ആശുപത്രി ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നഴ്സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്‌കൂൾ നടത്തുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ് ഫാ. ടോമി കരിയിലുക്കുളം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം കൺസെൾട്ടന്റുമായിരുന്നു. ഈ അനുഭവ സമ്പത്ത് മഹബലേശ്വറിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയാണ് മുൻ ബിജെപി സർക്കാർ ചെയ്തത്. ഈ മാതൃക ഉദ്ദവ് താക്കറെ സർക്കാരും അംഗീകരിക്കുകയാണ് ചെയ്തത്.

ഓ.ടി., ഐ.സി.യു., ഡിജിറ്റൽ എക്സ് റേ, സോണോഗ്രഫി, തുടങ്ങി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടും കൂടി ഈ ആശുപത്രിയെ നൂതനവൽക്കരിക്കാനുള്ള ഫണ്ടുകൾ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വഴി കണ്ടെത്തുകയും ഗവണ്മെന്റ് മറ്റു കാര്യങ്ങളിൽ പിന്തുണ നൽകുകയും ചെയ്യുന്ന ഒരു മോഡൽ പ്രാവർത്തികമാക്കുന്നതിൽ ഈ മഹബലേശ്വർ ആശുപത്രി വലിയ വിജയം കണ്ടിരിക്കുകയാണ്.

പാഞ്ചാഗണിയിൽ റെഡ് ക്രോസിന് കീഴിൽ വലിയ ആശുപത്രിയുണ്ട്. നേഴ്‌സിങ് കോളേജുമുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കണ്ടെത്തക പ്രയാസകരമാകില്ല. ഈ മേഖലയിലെ സാധാരണക്കാർക്കിടയിൽ ഫാ ടോമിയും സംഘവും പ്രവർത്തിച്ചിരുന്നു. ഇതിനിടെയാണ് ആശുപത്രിയുടെ ശോചനീയവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് അപേക്ഷ നൽകി. ഇത് പരിഗണിച്ച മഹാരാഷ്ട്ര സർക്കാർ ഫാ ടോമിയോട് താലൂക്ക് ആശുപത്രി കൂടി ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എച്ച് ഐ വി ബാധിതരുടെ പുനരധിവാസത്തിന് മുൻകൈയെടുത്ത ഫാ ടോമി കോട്ടയം ജില്ലയിലെ എടക്കടത്തി സ്വദേശിയാണ്.

 

അനേകം എയ്ഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചു. വേറിട്ട വഴിയിലൂടെ സുവിശേഷ പ്രസംഗ നടത്തിയും വിശ്വാസികളിലേക്ക് ഇറങ്ങി ചെല്ലുന്ന വൈദികൻ. അബ്ദുൾ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്സ് അവാർഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ് ടേം കണ്ടീഷൻ എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. പൂനയിലെ ഗ്രാമകേന്ദ്രീകൃതമായ പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഫാ ടോമിയുടെ നേതൃത്വം കിട്ടിയതോടെയാണ് പുതുജീവൻ വന്നത്. 1912ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയാണ് ബെൽ-എയർ. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ടിബി സാനിറ്റോറിയവും ഈ ആശുപത്രിയിലാണ്. 1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ചു

ഇത്തരമൊരു ആശുപത്രിയാണ് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഏറ്റെടുത്തത്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്. ലോകാരോഗ്യ സംഘടനയുടേയും ഉപദേശകസമിതിയംഗമായിരുന്ന ഫാ. ടോമിയെക്കുറിച്ച് പെൻയിൻ പുസ്തകം ഇറക്കുകയും ചെയ്തു്. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഫാ. ടോമി നടത്തുന്ന നഴ്സിങ്ങ് കോളേജിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ വരെ ലഭ്യമാണ്. ഫാ. ടോമി കരിയിലക്കുളം കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവർത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ.

അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP