Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വ്യാജ രേഖ ചമച്ച് അദ്ധ്യാപികയായ കെ. വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു; കരിന്തളം കോളേജിലെ താൽക്കാലിക അദ്ധ്യാപികയെ മൂല്യനിർണയത്തിന് ചുമതലപ്പെടുത്തിയത് ചട്ടം മറികടന്ന്; കെ വിദ്യ പങ്കെടുത്തത് ഡിഗ്രി പരീക്ഷ മൂല്യനിർണയത്തിൽ

വ്യാജ രേഖ ചമച്ച് അദ്ധ്യാപികയായ കെ. വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു; കരിന്തളം കോളേജിലെ താൽക്കാലിക അദ്ധ്യാപികയെ മൂല്യനിർണയത്തിന് ചുമതലപ്പെടുത്തിയത് ചട്ടം മറികടന്ന്; കെ വിദ്യ പങ്കെടുത്തത് ഡിഗ്രി പരീക്ഷ മൂല്യനിർണയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അദ്ധ്യാപിക നിയമനത്തിനായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തതായി കണ്ടെത്തി. 2021 22 വർഷത്തെ ഒന്ന് രണ്ട് നാല് സെമസ്റ്റർ ഡിഗ്രി പരീക്ഷ മൂല്യനിർണയ ക്യാമ്പിലാണ് വിദ്യ പങ്കെടുത്തത്. കരിന്തളം കോളേജിലെ താൽക്കാലിക അദ്ധ്യാപികയായ കെ വിദ്യയെ സർവകലാശാല ചട്ടങ്ങൾ ലംഘിച്ചാണ് മൂല്യനിർണയത്തിനായി ചുമതലപ്പെടുത്തിയത്. ഇത് സംബന്ധിച്ച സർവകലാശാല ഉത്തരവ് പുറത്തുവന്നു. എക്‌സാമിനർക്ക് മൂന്നുവർഷത്തെ യോഗ്യത വേണമെന്ന ചട്ടവുമാണ് അധികൃതർ മറികടന്നത്. സെപ്റ്റംബർ മാസം ആയിരുന്നു ക്യാമ്പ് നടന്നത്.

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്കു ശ്രമിച്ച മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അന്വേഷണം അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം. എന്നാൽ അന്വേഷണം ഏതുനിലയിൽ മുന്നോട്ടുപോകുമെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്.

കുറ്റകൃത്യം നടന്നത് അഗളിയിൽ ആണെന്ന് എഫ് ഐ ആറിൽ തന്നെ പറയുന്നതിനാൽ അന്വേഷണം അഗളി പൊലീസിന് കൈമാറിയേക്കും. എന്നാൽ, കേസ് അഗളി സ്റ്റേഷനിലേക്ക് മാറ്റുന്നതിൽ പാലക്കാട് പൊലീസിൽ അതൃപ്തിയുണ്ട്. അഭിമുഖത്തിന് എത്തി എന്നതൊഴിച്ചാൽ അട്ടപ്പാടിയുമായി കേസിന് എന്ത് ബന്ധമെന്നാണ് അഗളി പൊലീസ് ചോദിക്കുന്നത്. വിദ്യ വ്യാജരേഖ ഹാജരാക്കിയ അട്ടപ്പാടി കോളജ് ആകട്ടെ സംഭവത്തിൽ പരാതി നൽകാൻ തയ്യാറുമല്ല.വ്യാജ രേഖ ഹാജരാക്കി വിദ്യ ജോലി നേടിയ കാസർകോട് കരിന്തളം ഗവ.കോളജിലെ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം, കോളേജ് ഗസ്റ്റ് ലക്ചററാവാൻ മുൻ എസ്.എഫ്.ഐ. നേതാവുകൂടിയായ വിദ്യ വ്യാജരേഖ നിർമ്മിച്ച കേസിൽ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പ്രിൻസിപ്പൽ വി എസ്. ജോയി പ്രതികരിച്ചു. മഹാരാജാസ് കോളേജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയിൽ ഉപയോഗിച്ചിരിക്കുന്നത്. മഹാരാജാസിൽ പഠിക്കുമ്പോൾ റിസൾട്ട് പോലും വരാത്ത ആളാണ്, ആ സമയത്ത് ഗസ്റ്റ് അദ്ധ്യാപികയായി പഠിപ്പിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയത്. ഇവിടെനിന്ന് ആരുടേയും സഹായം ലഭിച്ചതായി പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചിട്ടില്ല. പൊലീസിന് കൃത്യമായി മൊഴിനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുപോലെ വേറെയാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയാൻ കൂടെയാണ് കേസ് കൊടുത്തത്. മഹാരാജാസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂടെ അന്വേഷണം നടത്താൻ ശുപാർശ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വഴി നൽകാൻ ആലോചിക്കുന്നുണ്ടെന്നും മഹാരാജാസ് പ്രിൻസിപ്പൽ അറിയിച്ചു.

വിദ്യ മറ്റ് രണ്ടുകോളേജിൽ ജോലി ചെയ്തിരുന്നു. അത്രയും കാലം എന്തുകൊണ്ട് രേഖയെക്കുറിച്ച് അന്വേഷിച്ചില്ലെന്നുൾപ്പെടെ ഉന്നത അന്വേഷണത്തിന്റെ ഭാഗമാവണം. വ്യാജരേഖ ചമച്ചത് എങ്ങനെയാണ്, വേറെയാരെങ്കിലും ചെയ്തിട്ടുണ്ടോയെന്ന തടക്കമുള്ള എല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നാണ് നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടതെന്നും വി എസ്. ജോയി വ്യക്തമാക്കി.

വിദ്യ എറണാകുളം മഹാരാജാസിൽ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ ഗെസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണുണ്ടാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗെസ്റ്റ് ലെക്ചറായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളജിൽ ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അദ്ധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജ രേഖ ഹാജരാക്കാനായില്ല.

ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് ചെല്ലുന്നത്. പത്തുവർഷമായി മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ ഗെസ്റ്റ് ലെക്ചറർ നിയമനം നടന്നിട്ടേയില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സർട്ടിഫിക്കറ്റിലെ കോളജിന്റെ എംബ്ലവും സീലും വ്യാജമാണ്.

കാലടി സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു വിദ്യ. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ.

മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി. രാജീവ് ഇടപെട്ടു എന്ന ആരോപണത്തിലും സിപിഎമ്മിന് മറുപടി പറയേണ്ടിവരും. വിവാദങ്ങളിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP