Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

അമൽജ്യോതി കോളേജിനെപ്പോലുള്ള നിരവധി ക്യാമ്പസുകൾ കേരളത്തിലുണ്ട്; ഒരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ എന്ന രീതിയിൽത്തന്നെയാണ് ശ്രദ്ധയുടെ മരണത്തെ കാണേണ്ടതെന്ന് ദേശാഭിമാനി; മഹാരാജാസിൽ ആർഷോയെ കുടുക്കിയത് അമൽ ജ്യോതിയോ? ക്ലാസിൽ കയറാത്ത എസ് എഫ് ഐ നേതാവിന്റെ പരീക്ഷ എഴുത്തും വിവാദമാകുമ്പോൾ; മഹാരാജാസിൽ 'ഗവർണ്ണർ' ഇടപെടുമോ?

അമൽജ്യോതി കോളേജിനെപ്പോലുള്ള നിരവധി ക്യാമ്പസുകൾ കേരളത്തിലുണ്ട്; ഒരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ എന്ന രീതിയിൽത്തന്നെയാണ് ശ്രദ്ധയുടെ മരണത്തെ കാണേണ്ടതെന്ന് ദേശാഭിമാനി; മഹാരാജാസിൽ ആർഷോയെ കുടുക്കിയത് അമൽ ജ്യോതിയോ? ക്ലാസിൽ കയറാത്ത എസ് എഫ് ഐ നേതാവിന്റെ പരീക്ഷ എഴുത്തും വിവാദമാകുമ്പോൾ; മഹാരാജാസിൽ 'ഗവർണ്ണർ' ഇടപെടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ഇതും ഒരു ഒറ്റപ്പെട്ട സംഭവമാണ്. ക്ലാസിൽ കയറാതെ പരീക്ഷയെഴുതാൻ മഹാരാജാസിൽ എസ്എഫ്‌ഐ നേതാവിന് പ്രിൻസിപ്പൽ അനുമതി നൽകിയതും ചർച്ചകളിൽ. കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫ് ഐ ഭരണമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് പുതിയ ചർച്ച. എസ് എഫ് ഐ നേതാവായിരുന്ന വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിലും ദുരൂഹത ഏറെയാണ്. ഇതിലും മഹാരാജാസിന്റെ പേര് ചർച്ചകളിലുണ്ട്.

വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് പി.പി.അമൽജിത്ത് ബാബുവിനാണ് പരീക്ഷയെഴുതാൻ കോളജ് അധികൃതർ അനുമതി നൽകിയത്. പരീക്ഷയ്ക്ക് ഹാജരാകാൻ ഒരു വിദ്യാർത്ഥിക്ക് 75% ഹാജർ വേണം. അമൽജിത്ത് ബാബുവിന് കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന ഹാജർ 2% മാത്രം. മെഡിക്കൽ സർട്ടിഫിക്കറ്റ്, മാഗസിൻ പ്രവർത്തനങ്ങൾക്കായി എത്തിയ ദിവസങ്ങൾ എന്നിവ കണക്കാക്കി ഹാജർ 47% എന്ന് രേഖപ്പെടുത്തി. അങ്ങനെ ചട്ടങ്ങൾ അട്ടിമറിച്ചു. സ്വയം ഭരണമുള്ള കോളേജായതു കൊണ്ട് മഹാരാജാസിൽ എന്തും നടക്കും. അതിനെ 'ഒറ്റപ്പെട്ട' സംഭവമായി വിലയിരുത്തുകയും ചെയ്യും.

പരീക്ഷയെഴുതാൻ അനുമതി നൽകാനാവില്ലെന്നാണ് ബിഎ ഹിസ്റ്ററി വകുപ്പിലെ ഡിപ്പാർട്‌മെന്റ് കൗൺസിൽ യോഗം തീരുമാനിച്ചത്. ഇക്കാര്യം മിനിറ്റ്‌സിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, യോഗതീരുമാനം അട്ടിമറിച്ച് പ്രിൻസിപ്പൽ അമൽജിത്തിന് പരീക്ഷയെഴുതാൻ അനുമതി നൽകി. ഇതിന് പിന്നിലും രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് സൂചന. കാട്ടാക്കടയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നേതാവിനെ യൂണിയൻ കൗൺസിലറാക്കിയ പ്രിൻസിപ്പലിന്റെ നടപടിക്ക് സമാനമാണ് ഹാജറില്ലാത്ത കുട്ടിയെ പരീക്ഷയ്ക്കിരുത്തിയതും. വിദ്യയുടെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫക്കറ്റും രാഷ്ട്രീയ പിൻബലത്തിലാണെന്ന വാദം സജീവമാണ്. പക്ഷേ ഈ വിഷയത്തിലൊന്നും പൊലീസ് മതിയായ നടപടികൾ എടുക്കില്ല. അതുകൊണ്ട് തന്നെ പ്രതികൾ സുരക്ഷിതരാവുകയും ചെയ്യും.

എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി യുജിസി.ക്കും ഗവർണർക്കും നിവേദനം നൽകിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്നും മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷാനടത്തിപ്പുൾപ്പെടെയുള്ള ചുമതല എം.ജി. സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നും സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഗവർണ്ണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

മഹാരാജാസ് വിവാദങ്ങളിൽ ഗൂഢാലോചനയാണ് സിപിഎം കാണുന്നത്. കെഎസ്‌യു നേതാവായ വിദ്യാർത്ഥിനിയെ റീവാല്യുവേഷനിലുടെ വിജയിപ്പിച്ചതിൽ ഒരു ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്ററുടെ ഇടപെടലിനെപ്പറ്റി അന്വേഷിക്കാൻ കോളേജ് യൂണിയനും വിദ്യാർത്ഥികളും നൽകിയ പരാതി പൂഴ്‌ത്തിവച്ചപ്പോഴും പരാതി കൊടുത്ത വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയപ്പോഴും അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ആർഷോ ഒന്നിലധികം തവണ ഇടപെട്ടിരുന്നു. അന്വേഷണത്തിനുശേഷം ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്ററെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതും ഇപ്പോഴത്തെ വിവാദവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. അതുമാത്രമല്ല, കാഞ്ഞിരപ്പള്ളി രൂപതയ്ക്കുകീഴിലുള്ള അമൽജ്യോതി എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിൽ എസ്എഫ്ഐ സമരത്തിന് നേതൃത്വം നൽകുന്ന ഘട്ടത്തിലാണ് വിവാദം ഉയർത്തിക്കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്-ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു.

വിദ്യാർത്ഥി സംഘടനാരാഷ്ട്രീയം നിരോധിച്ചശേഷം വിദ്യാർത്ഥികളോട് ക്യാമ്പസിലും ഹോസ്റ്റലിലും കടുത്ത മനുഷ്യാവകാശലംഘനം നടത്തുന്ന സ്വാശ്രയ മാനേജ്മെന്റുകൾക്ക് കുടപിടിക്കുകയാണ് യുഡിഎഫും മാധ്യമങ്ങളും. ശ്രദ്ധയുടെ മരണത്തിനിടയാക്കിയ സംഭവങ്ങൾ അമൽ ജ്യോതി എൻജിനിയറിങ് കോളേജിൽമാത്രം ഒതുങ്ങുന്ന പ്രശ്നമല്ല.? അമൽജ്യോതി കോളേജിനെപ്പോലുള്ള നിരവധി ക്യാമ്പസുകൾ കേരളത്തിലുണ്ട്. ഒരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ എന്ന രീതിയിൽത്തന്നെയാണ് ശ്രദ്ധയുടെ മരണത്തെ കാണേണ്ടത്. ക്യാമ്പസുകളെ അരാഷ്ട്രീയമാക്കി ഒറ്റതിരിച്ചുനിർത്തുന്നതിന്റെ ദുരന്തംകൂടിയാണ് ശ്രദ്ധയുടെ മരണം-ഇതാണ് മഹാരാജാസിലെ വിവാദങ്ങളിൽ ദേശാഭിമാനി ചർച്ചയാക്കുന്ന വാദം. അതായത് എസ് എഫ് ഐ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് സിപിഎം നിലപാട്. ആർഷോ വിവാദത്തിൽ മാത്രമാണ് പ്രതികരണം. വിദ്യയെ അവർ എസ് എഫ് ഐക്കാരിയായി ഇപ്പോൾ കാണുന്നില്ല.

അതിനിടെയാണ് ഹാജറില്ലാത്ത നേതാവിന്റെ പരീക്ഷ എഴുത്ത്. അതിനിടെ മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളി എഐഎസ്എഫ് രംഗത്തു വന്നു. ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. എൽഡിഎഫ് ഭരിക്കുമ്പോൾ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാർത്ഥി അദ്ധ്യാപക നിയമനങ്ങൾ അടക്കം സർക്കാർ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് ആവശ്യപ്പെട്ടു.

വ്യാജരേഖാ വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കും മുൻ നേതാവ് വിദ്യക്കുമെതിരെ ഉയരുന്നത് പലതരം ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസിൽ വിദ്യയെ കൈവിട്ട് ഗൂഢാലോചനവാദം ഉയർത്തുന്ന ആർഷൊക്കോപ്പമാണ് പാർട്ടിയും സർക്കാറും. നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിക്ക് ആർഷോ നൽകിയ വിശദീകരണം കണക്കിലെടുത്താണ് പിന്തുണ.

അതിനിടെ, തിരിമറി അന്വേഷിക്കണമെന്ന ആർഷോയുടെ പരാതി സംസ്ഥാന പൊലീസ് മേധാവി അതിവേഗം തുടരന്വേഷണത്തിന് കൊച്ചി കമ്മീഷണറർക്ക് കൈമാറി. എന്നാൽ എങ്കിലും എന്റെ വിദ്യേ എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട പികെ ശ്രീമതിക്ക് പിന്നാലെ സിപിഎം നേതൃത്വം കൂട്ടത്തോടെ വിദ്യക്കെതിരെ പരസ്യ നിലപാടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP