Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതി പ്രവേശന വിധിയിലെ വിവാദങ്ങൾ തിരിച്ചടിയാകും; തമിഴ്‌നാട്ടിലെ അയ്യപ്പഭക്തർ കൂട്ടത്തോടെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് നീങ്ങും; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം കുറയും; നുഗമ്പാക്കത്തെ അയ്യപ്പക്ഷേത്രം പണിതത് മലയാളികൾ; താന്ത്രിക വിധിയിലൂടെ കലിയുഗവരദന്റെ ഭാവങ്ങൾ ആവാഹിക്കാൻ താഴ്മൺ കുടുംബത്തിന്റെ സഹായവും തേടും; ശബരിമലയ്ക്ക് ബദലായി മഹാലിംഗപുരം മാറുമോ?

യുവതി പ്രവേശന വിധിയിലെ വിവാദങ്ങൾ തിരിച്ചടിയാകും; തമിഴ്‌നാട്ടിലെ അയ്യപ്പഭക്തർ കൂട്ടത്തോടെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് നീങ്ങും; ശബരിമലയിലേക്ക് ഭക്തജനപ്രവാഹം കുറയും; നുഗമ്പാക്കത്തെ അയ്യപ്പക്ഷേത്രം പണിതത് മലയാളികൾ; താന്ത്രിക വിധിയിലൂടെ കലിയുഗവരദന്റെ ഭാവങ്ങൾ ആവാഹിക്കാൻ താഴ്മൺ കുടുംബത്തിന്റെ സഹായവും തേടും; ശബരിമലയ്ക്ക് ബദലായി മഹാലിംഗപുരം മാറുമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭക്തിയും ആചാരവും ഒരു വശത്തും സർക്കാരിന്റെ ധാർഷ്ട്യവും അഹന്തയുമായി കലിയുഗവരദന്റെ സന്നിധിയിൽ യുദ്ധം ചെയ്യുമ്പോൾ ഇക്കുറി ശബരിമലയിലേക്ക് ഇതരസംസ്ഥാന അയ്യപ്പഭക്തർ എത്താൻ സാധ്യത കുറവ്. തമിഴ്‌നാടിനെ തകർത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റിന് പുറമേ ശബരിമലയിലെ സംഘർഷം കൂടിയായതോടെ മൂന്നു സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ നുഗമ്പാക്കത്തെ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിലേക്ക് പോകാനാണ്് സാധ്യത. ഇതിനായുള്ള സൗകര്യങ്ങൾ മഹാലിംഗപുരത്ത് ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമലയിലെ കാനനക്ഷേത്രത്തിന്റെ എല്ലാ വിധ പരിശുദ്ധിയും ആചാരങ്ങളും നിലനിർത്തി മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെ മുന്നിൽ കണ്ട്, അയ്യപ്പചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ശബരിമല തന്ത്രിമാരുടെ സഹായവും തേടും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം താന്ത്രിക വിധി പ്രകാരമാണ് ഒരു പ്രതിഷ്ഠയുടെ ഭാവം നിശ്ചയിക്കുന്നത്. വ്യത്യസ്ഥമായ ഈ സങ്കൽപ്പങ്ങൾ ശിലയിലേക്ക് ആവാഹിച്ച് ചൈതന്യം നൽകുന്നത് തന്ത്രിയാണ്. ഭക്തരുടെ വികാരത്തിനുസൃതമായി ചൈതന്യത്തെ സൃഷ്ടിക്കുകയെന്ന കർമം ചെയ്യുന്നതിലൂടെ തന്ത്രി അദ്ദേഹത്തിന്റെ ധർമമാണ് നടപ്പാക്കുന്നത്.

മഹാലിംഗപുരത്ത് ക്ഷേത്രം കൊണ്ടുവന്നത് മലയാളികൾ

മഹാലിംഗപുരം അയ്യപ്പക്ഷേത്രം എന്നാണ്അറിയപ്പെടുന്നതെങ്കിലും ഉപപ്രതിഷ്ഠകൾ വേറെയുമുണ്ട്. നാലുപതിറ്റാണ്ടു മുമ്പാണ് ക്ഷേത്രത്തിന്റെ പിറവി. അതിന് കാരണ ഭൂതരായത് പിബി നായർ, ആർഎസ് കൈമൾ, കെ ഭാസ്‌കരൻ, സിപിജി നമ്പ്യാർ, ടിഎംജി കുറുപ്പ്, വി എസ് മണി അയ്യർ എന്നിവരായിരുന്നു. അക്കാലത്ത് ചെന്നൈ സിറ്റിയുടെ നടുവിൽ അയ്യഭക്തർക്ക് ആരാധിക്കാനായി ഒരു ക്ഷേത്രം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ മണ്ഡല-മകരവിളക്ക് കാലത്ത് ഇവിടെ നിന്ന് തീർത്ഥാടകർ ശബരിമലയിലേക്ക് കൂട്ടത്തോടെ പൊയ്ക്കൊണ്ടിരുന്നു. എന്നിരുന്നാലും ഈ കാലയളവിൽ ചെന്നൈ സിറ്റിയുടെ പലഭാഗത്തും അയ്യപ്പൻ വിളക്ക് ആഘോഷിച്ചു പോകുന്നു. ആയിരക്കണക്കിന് അയ്യപ്പഭക്തർ ഇതിൽ പങ്കെടുത്തിരുന്നു. അത്തരത്തിൽ ഏറ്റവും പ്രമുഖമായ സ്ഥലമായിരുന്നു നുഗമ്പാക്കം. ഇവിടെ മേൽപാടി മുത്തുനായ്ക്കർ തെരുവിലെ അസലത്തമ്മൻ കോവിലിന് സമീപമായിരുന്നു അയ്യപ്പൻവിളക്ക് ആഘോഷിച്ചിരുന്നത്.

1967 ലെ അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ചാണ് ഇവിടെ നിന്നുള്ള അയ്യപ്പന്മാരുടെ ശബരിമലയാത്രയിലെ ദുരിതം പരിഹരിക്കപ്പെടണമെന്ന് ഒരു ആശയം ഉരുത്തിരിഞ്ഞ് വന്നത്. അതിന് നേതൃത്വം കൊടുത്തതാകട്ടെ മേൽ പരാമർശിച്ചിരുന്ന മലയാളികളും. ഇതിന്റെ ഫലമായി 1968 ഏപ്രിൽ മൂന്നിന് ശ്രീഅയ്യപ്പഭക്ത സഭ എന്ന ഭക്തരുടെ സംഘടന രൂപീകരിച്ചു. പിബി നായർ പ്രസിഡന്റും ആർഎസ് കൈമൾ സെക്രട്ടറിയും കെ ഭാസ്‌കരൻ ജോയിന്റ് സെക്രട്ടറിയുമായി. പിന്നീട് അയ്യപ്പഭക്ത സഭയുടെ വളർച്ചയാണ് കണ്ടത്. അയ്യപ്പൻ വിളക്കും ഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയ പരിപാടികളുമായി സഭ മുന്നോട്ടു നീങ്ങി. അങ്ങനെ ഇരിക്കേ സഭയ്ക്ക് പരിപാടികൾ നടത്താൻ ഒരു ആസ്ഥാനമന്ദിരം വേണമെന്ന് തീരുമാനമായി.

ഇതിനായി യേശുദാസ്, ജയചന്ദ്രൻ, ആന്റോ, പി ലീല, എസ് ജാനകി, ലത എന്നിവരുടെ ഗാനമേള സംഘടിപ്പിച്ചു. പരിപാടിയുടെ സംവിധായകൻ വി ദക്ഷിണാമൂർത്തിയായിരുന്നു. ഓർക്കസ്ട്ര നയിച്ചത് എആർ റഹ്മാന്റെ പിതാവ് ആർകെ ശേഖറും. 15,000 രൂപയാണ് പരിപാടിയിൽ നിന്ന് സമാഹരിച്ചത്. പിന്നെ സഭയ്ക്ക് സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ ഒരു യോഗം ചേർന്നു. അതിൽ പങ്കെടുത്ത മാധവൻ നായർ എന്നയാളുടെ ഭാര്യ നുഗമ്പാക്കം മാധവൻ നായർ കോളനിയിൽ തനിക്കുള്ള രണ്ടര ഏക്കർ സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചു. പക്ഷേ, അവർക്കൊരു അഭ്യർത്ഥന ഉണ്ടായിരുന്നു. അവിടെ ഒരു അയ്യപ്പക്ഷേത്രം നിർമ്മിക്കണം. സഭയുടെ ഭാരവാഹികൾ ഉറപ്പു നൽകിയതോടെ ആ വീട്ടമ്മ സ്ഥലം വിട്ടു കൊടുത്തു.

1970 ജനുവരി 26 ന് ക്ഷേത്രനിർമ്മാണത്തിനുള്ള സ്ഥലശുദ്ധിപൂജ ആരംഭിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിലെ തന്ത്രിയാണ് കാർമികത്വം വഹിച്ചത്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിയാണ് ക്ഷേത്രത്തിന് പ്ലാൻ തയാറാക്കിയത്. ക്ഷേത്രത്തിലേക്കുള്ള പഞ്ചലോഹവിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിലായിരുന്നു. 1974 മാർച്ച് 29 ക്ഷേത്രത്തിൽ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചു. ഉപദേവതകളായി ഗണപതി,സുബ്രഹ്മണ്യൻ, ഭാര്യമാരായ വള്ളി, ദേവയാനി എന്നിവരെയും പ്രതിഷ്ഠിച്ചു. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് ശങ്കരര് ആയിരുന്നു കാർമികൻ. 1987 ഒക്ടോബർ 11 ന് ക്ഷേത്രത്തിലെ ആദ്യ ഭാഗവത സപ്താഹയജ്ഞത്തിന് ആഞ്ഞം കൃഷ്ണൻ നമ്പൂതിരി കാർമകത്വം വഹിച്ചു. 1993 ൽ ഇവിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്ററും ആരംഭിച്ചു.

എങ്ങനെ ശബരിമലയ്ക്ക് പകരമാകും?

ഇപ്പോൾ തമിഴ്‌നാട്ടിലെ വലിയ ഒരു വിഭാഗം അയ്യപ്പ ഭക്തന്മാർ ചിന്തിക്കുന്നതും അത്തരം ചൈതന്യത്തിന്റെ നാടു കടത്തലിനെക്കുറിച്ചാണ്. ഇതിന് കാരണമായത് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയമാണ്. പ്രളയകാലത്ത് നോമ്പ് നോറ്റ് ഓണക്കാലത്ത് ശബരിമലയിലെത്താൻ കഴിയാതെ പോയ ഭക്തർ അവരുടെ ചടങ്ങ് പൂർത്തിയാക്കിയത് മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ഈ സംഭവം കൂടി കണക്കിലെടുത്ത് പാരമ്പര്യത്തനിമ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരിനും അനുകൂല നിലപാടാണുള്ളത്. കാനന ക്ഷേത്രത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്ന തരത്തിൽ എല്ലാ ആചാര മര്യാദകളോടെയും ക്ഷേത്ര സങ്കേതമാക്കി നിലനിർത്താൻ കഴിഞ്ഞാൽ മികച്ച തീർത്ഥാടന അനുഭവം നൽകാൻ കഴിയുമെന്നാണ് ഭക്തർ കരുതുന്നത്.

മലകൾക്ക് മധ്യത്തിലുള്ള പീഠമാണ് അയ്യപ്പൻ തിരഞ്ഞെടുത്തത്. ഇത്തരം ഭൗതിക സാഹചര്യം ഒരുക്കാൻ വനഭൂമി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും പച്ചക്കൊടി വീശുമെന്നാണ് ഇവരുടെ വിശ്വാസം. ലഭ്യമായ വനഭൂമി വിനിയോഗിക്കാൻ കഴിയാതെ പരാജയപ്പെട്ട കേരള സർക്കാരിന് പോലും മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ ക്ഷേത്ര സങ്കേതത്തെ പരിസ്ഥിതി സൗഹൃദമായി നില നിർത്താനുള്ള കരട് പദ്ധതിയാണ് ഭക്തർ തയാറാക്കിയത്. ഇത്തരം നീക്കം വിജയിച്ചാൽ അയ്യപ്പ ചൈതന്യം ആവാഹിക്കാനുള്ള നിയോഗവും നിലവിലുള്ള തന്ത്രിമാർക്കായിരിക്കും. ആന്ധ്രാപ്രദേശത്ത് നിന്ന് കേരളത്തിലെത്തിയ താന്ത്രിക പാരമ്പര്യമുള്ള താഴമൺമഠത്തിന് നിലവിൽ ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ അവകാശങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്.

മാത്രമല്ല മാളികപ്പുറത്തമ്മയെ മധുരമീനാക്ഷിയായി സങ്കൽപ്പിച്ച് ശബരിമലയിൽ ആരാധന നടത്തുന്നവരുൾപ്പെടെ കൊച്ചുകടുത്തയുടെയും കറുപ്പായിയമ്മയുടെയും കറുപ്പസ്വാമിയുടെയും വാവരുടെയും പ്രതിനിധികൾ അവരുടെ അധികാരാവകാശങ്ങളോടെ തമിഴ് നാട് നിർമ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ പുനരാവിഷ്‌കരിക്കപ്പെടാനുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്. ഇതിനായി തമിഴ് നാട്ടിലെ പ്രമുഖ അയ്യപ്പ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ സാറ്റലൈറ്റ് സർവേ ഉൾപ്പെടെ നടത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന ജലധാര ഭക്തരുടെ സ്നാനത്തിനും ഉപയോഗിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ശബരിമല വിവാദ വിഷയങ്ങൾ ക്ഷേത്ര പരിശുദ്ധി കളങ്കപ്പെടുന്ന തരത്തിലായാൽ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തർ പശ്ചിമഘട്ട മലനിരകളിൽത്തന്നെ തനത് ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിച്ചാൽ കേരളത്തിന് റവന്യൂ വരുമാനത്തിൽ കൂറഞ്ഞത് പതിനയ്യായിരം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP