Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

വീട്ടിൽ വലംപിരിശംഖു വാങ്ങിവച്ചതുകൊണ്ടോ കൈയിൽ ഏലസ് കെട്ടിയതു കൊണ്ടോ നിലവറയ്ക്കുള്ളിൽ നാഗമാണിക്യമോ സ്വർണവെള്ളരിയോ വച്ചതു കൊണ്ടോ ഐശ്വര്യം വരില്ല: താരങ്ങളെ കൊണ്ട് പച്ചക്കള്ളം പറയിപ്പിക്കാൻ കോടികൾ മുടക്കുന്നു; ദുർബല മനസുകൾ കീഴടക്കാൻ മാദ്ധ്യമങ്ങളും വാങ്ങുന്നു കോടികൾ: മജീഷ്യൻ മുതുകാടിന്റെ പ്രസംഗം വൈറലാകുമ്പോൾ

വീട്ടിൽ വലംപിരിശംഖു വാങ്ങിവച്ചതുകൊണ്ടോ കൈയിൽ ഏലസ് കെട്ടിയതു കൊണ്ടോ നിലവറയ്ക്കുള്ളിൽ നാഗമാണിക്യമോ സ്വർണവെള്ളരിയോ വച്ചതു കൊണ്ടോ ഐശ്വര്യം വരില്ല: താരങ്ങളെ കൊണ്ട് പച്ചക്കള്ളം പറയിപ്പിക്കാൻ കോടികൾ മുടക്കുന്നു; ദുർബല മനസുകൾ കീഴടക്കാൻ മാദ്ധ്യമങ്ങളും വാങ്ങുന്നു കോടികൾ: മജീഷ്യൻ മുതുകാടിന്റെ പ്രസംഗം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ചു മജീഷ്യൻ ഗോപിനാഥ് മുതുകാട്. വീട്ടിൽ വലംപിരിശംഖ് വാങ്ങിവച്ചതുകൊണ്ടോ കൈയിൽ ഏലസ് കെട്ടിയതു കൊണ്ടോ നിലവറയ്ക്കുള്ളിൽ നാഗമാണിക്യമോ സ്വർണവെള്ളരിയോ വച്ചതു കൊണ്ടോ വീട്ടിൽ ഐശ്വര്യം വരില്ലെന്ന് മുതുകാട് പറഞ്ഞു. ഇഷ്ട താരങ്ങളെ കൊണ്ട് പച്ചക്കള്ളം പറയിപ്പിക്കാൻ കോടികളാണ് മുടക്കുന്നത്. സാധാരണക്കാരുടെ ദുർബല മനസിനെ കീഴടക്കാൻ മാദ്ധ്യമങ്ങളും വാങ്ങുന്നതു കോടികളാണെന്നും മുതുകാട് പറഞ്ഞു.

മാജിക് പ്ലാനറ്റിലെ ജീവനക്കാർക്കുള്ള റിഫ്രഷ്‌മെന്റ് കോഴ്‌സിലാണു മുതുകാടിന്റെ ഈ പരാമർശങ്ങൾ. ഫേസ്‌ബുക്ക് പേജിൽ മുതുകാട് പോസ്റ്റ് ചെയ്ത പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ആറുലക്ഷത്തോളം പേരാണ് മൂന്നു ദിവസത്തിനിടെ ഈ വീഡിയോ കണ്ടത്.

Stories you may Like

നരകത്തിലേക്കു പോകാനുള്ള പരസ്യത്തിന്റെ കഥ പറഞ്ഞു വളരെ രസകരമായും സരസമായുമാണു മുതുകാടിന്റെ പ്രസംഗം. കരവിരുതിന്റെ മായാജാലം കാട്ടി ഏവരെയും കൈയിലെടുക്കുന്ന ഈ മാന്ത്രികൻ സാമൂഹ്യ-കാലിക പ്രസക്തിയുള്ള വിഷയം ജനങ്ങളിലെത്തിക്കുമ്പോഴും അതേ ആകർഷകത്വം നിലനിർത്തുന്നുണ്ട്. കൃത്യമായ ഭാഷയും സരസമായ അവതരണവും കൂടിയാകുമ്പോൾ പ്രസംഗത്തിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികം തടസമില്ലാതെ തന്നെ കേൾക്കുന്നവരിലേക്ക് എത്തിച്ചേരുന്നുണ്ട്. ഈ സ്വീകാര്യതയാണ് മുതുകാടിന്റെ പ്രസംഗത്തെ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്.

'എത്രമാത്രം ദൃഢമായ മനസ്സ് ഉണ്ടെന്ന് അവകാശപ്പെടുന്നവന്റേയും ഉള്ളിന്റെ ഉള്ളിൽ ദുർബലമായ കേന്ദ്രമുണ്ട്. അത് നമ്മൾ വളർന്നുവരുന്ന സാഹചര്യങ്ങൾ സമ്മാനിക്കുന്നതാണ്. അത് നമ്മൾക്ക് മാറ്റാനും സാധിക്കില്ല. പക്ഷെ ഈ ദുർബലമായ കേന്ദ്രത്തെ പിടിച്ചുകൊണ്ട് ഇത്രമാത്രം സാധനങ്ങൾ, ആവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കപ്പെടുന്നു എന്ന് പറയുന്നതാണ് പരസ്യത്തിന്റെ തന്ത്രം. അതിനുവേണ്ടിയാണ് ഈ കമ്പനികൾ കോടികൾ മുടക്കുന്നത്.'- മുതുകാട് പറയുന്നു.

'മനുഷ്യ മനസ്സിന്റെ ദുർബലമായ കേന്ദ്രം ഏതാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ഗവേഷണം നടത്തുന്നതിന് വേണ്ടി കൊടുക്കുന്ന ലക്ഷങ്ങൾ, നമ്മുടെ ഇഷ്ട താരങ്ങളെ കൊണ്ട് പച്ചക്കള്ളം പറയിപ്പിക്കാൻ വേണ്ടി അവർക്ക് കൊടുക്കുന്ന കോടികൾ, അവർ പറയുന്ന കാര്യങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ മനസ്സിന്റെ അഗാധതലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ വേണ്ടി പരസ്യം തയ്യാറാക്കുന്നതിന് വേണ്ടി പരസ്യകമ്പനികൾക്ക് കൊടുക്കുന്ന കോടികൾ തുടങ്ങിയ ചെലവുകൾ ഒരു പരസ്യത്തിനു പിന്നിലുണ്ട്.

ഈ പരസ്യങ്ങൾ പലതവണ നമ്മുടെ മനസ്സിലേക്ക്, നമ്മുടെ കണ്ണുകളിലേക്കും കാതുകളിലേക്കും എത്തിക്കുന്നതിന് വേണ്ടി ചാനലുകൾക്കും പത്രങ്ങൾക്കും കൊടുക്കുന്ന കോടികളും ഒരു ഭാഗത്തുണ്ട്. ഇത്രമാത്രം പണം ഇവർ ചെലവഴിക്കുന്ന സമയത്ത് ഇവർക്ക് കൃത്യമായി അറിയാം നമ്മൾ പാവങ്ങൾ ഈ പരസ്യം കണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടി ഈ പണം തിരിച്ചുനൽകുമെന്ന്.

പരസ്യം എന്ന വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നത് എന്നാണ്. പരസ്യം ആവശ്യമാണ്. ഒരു പ്രസ്ഥാനം തുടങ്ങുന്ന സമയത്ത്, ഒരു പ്രോഡക്ട് ലോഞ്ച് ചെയ്യുന്ന സമയത്ത് അത് ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പരസ്യം ആവശ്യമാണ്. പക്ഷെ ആ പരസ്യം ഒരുപരിധി വരെയെങ്കിലും സത്യസന്ധമായിരിക്കണം. അല്ലാതെ പച്ചക്കള്ളം പറഞ്ഞുകൊണ്ട് ആളുകളെ ചതിയിൽ പെടുത്തുന്ന രീതിയിലേക്ക് പരസ്യം ചെയ്യുക എന്ന് പറയുന്നത് തീർച്ചയായും കുറ്റകരമാണ്. ആ ഒരു ബോധം നമ്മുക്കുണ്ടാകണം. അല്ലെങ്കിൽ നമ്മൾ പോകുന്നത് ഈ സാധനങ്ങൾ വാങ്ങിച്ചുകൂട്ടി നരകതുല്യമായ ജീവിത്തിലേക്കായിരിക്കും. യാഥാർത്ഥ്യവും പരസ്യവും തിരിച്ചറിയാൻ നമ്മൾക്ക് സാധിക്കണം. പരസ്യങ്ങളിൽ അഭിരമിക്കാതെ നമ്മുക്ക് പുതിയൊരു ലോകം കെട്ടിപ്പടുക്കണം. യാഥാർത്ഥ്യം എന്തെന്ന് സ്വയം അന്വേഷിച്ച് മനസ്സിലാക്കാനുള്ള ബുദ്ധിവൈഭവം നമുക്ക് വേണം.'- മുതുകാട് പറഞ്ഞു.

'പല പരസ്യങ്ങളും സ്ത്രീകളേയും കുട്ടികളേയുമാണ് ഫോക്കസ് ചെയ്യുന്നത്. പണ്ട് നമ്മുടെ വീട്ടിൽ എന്തു വാങ്ങണം എന്ത് വാങ്ങിക്കേണ്ട എന്ന തീരുമാനമെടുക്കുന്നത് മാതാപിതാക്കളാണ്. പക്ഷെ അണുകുടുംബത്തിലേക്ക് മാറിയതോടെ കുട്ടികളാണ് തീരുമാനമെടുക്കുന്നത്. കുട്ടികൾ വാശിപിടിച്ചാൽ അച്ഛനമ്മമാർ വാങ്ങിച്ചുകൊടുക്കും. അത് പരസ്യ കമ്പനികൾക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ്ട് ഫ്രൈഡ് ചിക്കനും മാഗിയും കൊക്കക്കോളയുമെല്ലാം വേണമെന്ന് കുട്ടികൾ വാശി പിടിക്കുമ്പോൾ മാതാപിതാക്കൾ വാങ്ങികൊടുക്കുന്നത്. പക്ഷെ ഒരുകാര്യം എനിക്ക് പറയാനുള്ളത് മാതാപിതാക്കൾക്ക് കുട്ടികളോട് സ്നേഹമുണ്ടെങ്കിൽ ദയവായി ഇതൊന്നും വാങ്ങിച്ചുകൊടുക്കരുത്. അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇത് പരസ്യക്കാരുടെ തന്ത്രമാണെന്ന്. ഇതിലൊന്നും യാഥാർത്ഥ്യമില്ലെന്ന്. അതിനുമുമ്പായി നമ്മൾ മനസ്സിലാക്കണം. പരസ്യം കാണുന്ന സമയത്ത് വിവേചന ബുദ്ധിയോട് കൂടി ഓരോ കാര്യവും നിരീക്ഷിക്കുക. അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് സ്വയം ചോദിച്ച് തിരിച്ചറിഞ്ഞതിന് ശേഷം വാങ്ങിക്കുക. വീട്ടിൽ ഐശ്വര്യം വരണമെങ്കിൽ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയണ'മെന്നും മുതുകാട് പറയുന്നു.

മുമ്പും കാലികപ്രസക്തിയുടെ വിഷയങ്ങൾ മുതുകാട് വീഡിയോ സന്ദേശമായി അവതരിപ്പിച്ചിരുന്നു. അവതരിപ്പിക്കുന്ന വിഷയങ്ങളുടെ ഗൗരവവും അവതരണശൈലിയും മുതുകാടിന്റെ വീഡിയോകൾ ജനപ്രിയമാക്കുന്നുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP