Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഏത് നിമിഷവും ജീവൻ നഷ്ടപ്പെടും എന്ന മരണഭയത്തോടെ കഴിഞ്ഞ ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ എന്താകും? മാതാപിതാക്കൾ പേടിച്ച് വിറയ്ക്കുന്നത് കണ്ട് കുരുന്നു മനസിലും ഭയം നിറഞ്ഞിരിക്കും; ആ ഭയം മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാതെ ശ്രദ്ധിക്കണം; കൗൺസിലിങ് നടത്തിയ ശേഷം വേണം അവരെ വീട്ടിലേക്ക് തിരികെ വിടാൻ; ദുരിത ബാധിതരായ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുക്കാൻ മജീഷ്യൻ മുതുകാട്

ഏത് നിമിഷവും ജീവൻ നഷ്ടപ്പെടും എന്ന മരണഭയത്തോടെ കഴിഞ്ഞ ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ എന്താകും? മാതാപിതാക്കൾ പേടിച്ച് വിറയ്ക്കുന്നത് കണ്ട് കുരുന്നു മനസിലും ഭയം നിറഞ്ഞിരിക്കും; ആ ഭയം മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാതെ ശ്രദ്ധിക്കണം; കൗൺസിലിങ് നടത്തിയ ശേഷം വേണം അവരെ വീട്ടിലേക്ക് തിരികെ വിടാൻ; ദുരിത ബാധിതരായ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുക്കാൻ മജീഷ്യൻ മുതുകാട്

ആർ പീയൂഷ്

തിരുവനന്തപുരം: പ്രളയദുരന്തത്തിൽ കേരളം വിറങ്ങലിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയവരായിരുന്നു ഏറെ. ജീവൻ ഏത് നിമിഷവും നഷ്ടപ്പെടുമെന്ന ഭീതിയും ആയുഷ്‌ക്കാല സമ്പാദ്യമെല്ലാം വെള്ളത്തിൽ പോകുമെന്ന ആശങ്കയും ചേർന്ന് വല്ലാത്തൊരു മാനസികാവസ്ഥ. എവിടെ നോക്കിയാലും വെള്ളം മാത്രം. ആരും ആശ്രയമില്ലാതെ ഭയചകിതരായി നിന്നപ്പോൾ മുതിർന്നവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞു മനസ്സുകളിലാകട്ടെ ഭയം ഇരട്ടിച്ചു. ആശ്രയമാകേണ്ട മാതാപിതാക്കൾ പേടിച്ചു വിറയ്ക്കുന്നത് കണ്ട ഇളം കുരുന്നുകളുടെ ഉള്ളിലെ ഭയം ഇനിയും വിട്ടുമാറിയിട്ടില്ല. വെള്ളം ഇറങ്ങിയപ്പോൾ എല്ലാവരും സാധാരണ നിലയിലേക്ക് മാറിയെങ്കിലും കുഞ്ഞുങ്ങളുടെ സ്ഥിതി അതല്ല. പുറമേ കാണില്ലെങ്കിലും അവരുടെ ഉപബോധ മനസ്സിൽ ഒളിച്ചു കിടക്കുന്ന ഭയം കണ്ടില്ലെന്ന് നടിക്കരുത്. ഇത് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളിലേക്ക് കുട്ടികളെ നയിക്കും- മജീഷ്യൻ ഗോപിനാഥ് മുതുകാട് മറുനാടൻ മലയാളിയോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്.

 

Stories you may Like

'മഹാ പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾ വസിക്കുന്ന ക്യാംപുകളിൽ സന്ദർശനം നടത്തിയപ്പോഴാണ് കുട്ടികളുടെ മനസ്സിലെ ഭയം കൂടുതൽ അറിയാൻ കഴിഞ്ഞത്. ചിരിച്ചുല്ലസിച്ചാണ് ക്യാംപുകളിൽ കഴിയുന്നതെങ്കിലും ഒറ്റയ്ക്ക് അവരെ മാറ്റി നിർത്തി സംസാരിക്കുമ്പോൾ ഉള്ളിലുള്ള ഭയം തൊട്ടറിയാൻ സാധിക്കും. തങ്ങൾക്ക് ആശ്രയമാകേണ്ട മാതാപിതാക്കൾ അലമുറയിട്ട് കരയുന്നത് കണ്ട കുട്ടികൾ തീർച്ചയായും ഏറെ പേടിച്ചാണ് ഇരിക്കുന്നത്. കൂടാതെ പലരും കാലങ്ങളായി കാത്ത് വച്ച ചില മൂല്യങ്ങൾ ഈ പ്രളയത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാവാം. ഇവയൊന്നും സർക്കാരിനോ മറ്റുള്ളവർക്കോ തിരികെ കൊടുക്കാൻ കഴിയില്ല. ഇതൊക്കെ മാതാപിതാക്കളുടെ ഉള്ളിലും വലിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇവിടൊക്കെ ഇത് മാറ്റി എടുക്കാനായിട്ട് യാതൊരു സംവിധാനങ്ങളുമില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ ദൂഷ്യ ഫലങ്ങളാവും നേരിടേണ്ടി വരിക', ഗോപിനാഥ് മുതുകാട് പറയുന്നു.

മുതുകാടിന്റെ വാക്കുകൾ വളരെ ശരിയാണ്. ഉപബോധ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഭയം ഇനിയൊരു ഞെട്ടൽ ഉണ്ടാകുമ്പോൾ എങ്ങനെ ഇനി പ്രകടിപ്പിക്കുമെന്നറിയാൻ സാധ്യമല്ല. മാനസിക വിഭ്രാന്തി, ലഹരികൾക്ക് അടിമയാകുക അങ്ങനെ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഇത് മൂലം ഉണ്ടാവും. അതിനാൽ വിദേശ രാജ്യങ്ങളിൽ ചെയ്യുന്ന പോലെ ദുരന്ത ശേഷം കുട്ടികൾക്ക് മികച്ച കൗൺസിൽ നൽകി അവരുടെ മനസ്സിലെ പേടിയെ പൂർണ്ണമായും മാറ്റിയെടുക്കുക. അതിനെ പറ്റി മുതുകാട് പറയുന്നതിങ്ങനെ:

'മനസ്സിൽ തളം കെട്ടി കിടക്കുന്ന ഭയം...കുട്ടികൾ ഒറ്റയ്ക്കാകുമ്പോൾ പുറത്തേക്ക് വരും. ഇത് വലിയ മാനസിക സംഘർഷങ്ങൾക്ക് കാരണമാകും. എന്തെങ്കിലും മാനസിക പിരിമുറുക്കമുണ്ടാകുമ്പോൾ ഇത് മറി കടക്കാനായി ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാനായി പ്രേരിപ്പിക്കും. ഇവയൊക്കെ തടയിടാൻ ജപ്പാൻ പോലെയുള്ള വികസിത രാജ്യങ്ങളിൽ കുട്ടികൾക്ക് നൽകുന്ന കൗൺസിലിങ് നൽകണം. അവന്റെ ഉപബോധ മനസ്സിലെ ഭയത്തിന്റെ അവസാന ചീളും പുറത്തെടുത്ത് കഴിഞ്ഞതിന് ശേഷം മാത്രമേ ക്യാംപുകളിൽ നിന്നും വീടുകളിലേക്ക് അയക്കാവൂ. അങ്ങനെ ചെയ്താൽ അവർക്ക് ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിനെയെല്ലാം അതി ജീവിക്കാനുള്ള കഴിവ് ലഭ്യമാകും.

കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ മാറ്റിയെടുക്കാനായി സർക്കാർ മാത്രം പ്രവർത്തിക്കണമെന്നില്ല. മാതാപിതാക്കളും സ്‌ക്കൂളുകളും സന്നദ്ധ സംഘടനകളും പരിശ്രമിക്കണം. കലാപരമായുള്ള ആശയങ്ങൾ വഴിയും മികച്ച കൗൺസിലിങ് വഴിയും അവർക്ക് ധൈര്യം പകരണം. സൈക്കോളജിസ്റ്റുകളെയും കലാകാരന്മാരെയും കൊണ്ടൊക്കെ ഇവ പരിഹരിക്കാനാവും.' എന്ത് സംഭവിച്ചാലും എല്ലാവരും ഒപ്പമുണ്ടാകും എന്ന ചിന്ത മനസ്സിൽ ഉടലെടുത്തുകഴിഞ്ഞാൽ പിന്നെ പേടിക്കേണ്ട കാര്യമില്ല എന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. അത് പോലെ മാതാപിതാക്കൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സുകളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യൂണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) എന്ന സംഘടനയുമായി ചേർന്ന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നൂറോളം ക്യാംപുകളിൽ മുതുകാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ഇത്തരം ബോധവൽക്കരണ ക്ലാസ്സുകൾ നൽകി വരികയാണ്. എന്നാൽ കൂടുതൽ ഇടങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല എന്നതാണ് ഇവരുടെ ന്യൂനത. അതിനാൽ കുട്ടികളെ ഒരുമിച്ച് ഒരു നിശ്ചിത സ്ഥലത്തെത്തിച്ചാൽ ഇത്തരം ക്ലാസ്സുകൾ സൗജന്യമായി എടുത്ത് നൽകുമെന്ന് മുതുകാട് അറിയിച്ചിട്ടുണ്ട്. അതിനായി പഞ്ചായത്ത്, സ്‌ക്കൂൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ സംഘടിപ്പിച്ചാൽ മതി. ശേഷം 9447535535,0471-2358910 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ക്ലാസ്സുകൾ എടുക്കാൻ എത്തും എന്ന് അദ്ദേഹം അറിയിച്ചു. ഒരു രൂപ പോലും ഇതിനായി തനിക്ക് നൽകേണ്ട എന്നും മുതുകാട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP