Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ലാസ് മുറികളിൽ ഇനി ഇന്ദ്രജാലത്തിന്റെ മധുരവുമാകാം; ശാസ്ത്രവും ഗണിതവുമെല്ലാം മാന്ത്രിക കലയിലൂടെ വളരെയെളുപ്പം; അദ്ധ്യാപകർക്കു പരിശീലനം നൽകി മാജിക് പ്ലാനറ്റും എസ്എസ്എയും

ക്ലാസ് മുറികളിൽ ഇനി ഇന്ദ്രജാലത്തിന്റെ മധുരവുമാകാം; ശാസ്ത്രവും ഗണിതവുമെല്ലാം മാന്ത്രിക കലയിലൂടെ വളരെയെളുപ്പം; അദ്ധ്യാപകർക്കു പരിശീലനം നൽകി മാജിക് പ്ലാനറ്റും എസ്എസ്എയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ദ്രജാലത്തിന്റെ സഹായത്തോടെ ക്ലാസ് മുറികളിൽ പഠനം എളുപ്പമാക്കുന്ന സമയം അധിക ദൂരെയല്ല. മാജിക് പ്ലാനറ്റും സർവ ശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസ് ഇത്തരമൊരു സൂചന നൽകിയാണ് അവസാനിച്ചത്. ശാസ്ത്രവും ഗണിതവുമെല്ലാം മാന്ത്രിക കലയിലൂടെ വളരെയെളുപ്പം കുട്ടികളുടെ മനസിൽ പതിപ്പിക്കാമെന്നു തെളിയിക്കുന്നതായിരുന്നു ഈ ക്ലാസ്.

വ്യത്യസ്തതയാർന്ന ഇന്ദ്രജാല പ്രകടനവുമായാണു ഓറിയന്റേഷൻ ക്ലാസിനെത്തിയ അദ്ധ്യാപകരെ മാന്ത്രികർ വിസ്മയിപ്പിച്ചത്. തവിട്ടുനിറത്തിലുള്ള ലായനി മറ്റൊരു ഗ്ലാസിലേയ്ക്ക് ഇന്ദ്രജാലക്കാരൻ പകർന്നപ്പോൾ ശുദ്ധജലമായി മാറി. കണ്ണാടി പോലെ തെളിഞ്ഞ ജലം കണ്ട് അമ്പരപ്പിന്റെ പാരമ്യതയിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകർ കൈയടിച്ചു സന്തോഷം പങ്കിടുകയായിരുന്നു.

മാജിക് പ്ലാനറ്റും സർവ ശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസിലായിരുന്നു അദ്ധ്യാപകരെ വിസ്മയിപ്പിച്ച ഈ ഇന്ദ്രജാല പ്രകടനം. ലായനികളുടെ സ്വഭാവം, അതുണ്ടാക്കുന്ന രീതി, പ്രത്യേകതകൾ എന്നിവ കുട്ടികളെ പഠിപ്പിക്കുവാൻ ഇന്ദ്രജാലത്തിലൂടെ വളരെയെളുപ്പം സാധിക്കുമെന്ന് രഹസ്യസഹിതം ഇന്ദ്രജാലക്കാരൻ പറഞ്ഞതോടെ അദ്ധ്യാപകർക്ക് ഇരട്ടി സന്തോഷം. കൂടാതെ ഗുരുത്വാകർഷണം, ഘർഷണബലം, കാഴ്ച, ഐ വിഷൻ, കാന്തിക അകാന്തിക വസ്തുക്കൾ, സർഫസ് ടെൻഷൻ, സെന്റർ ഓഫ് ഗ്രാവിറ്റി, അരത്തമറ്റിക് പ്രോഗ്രഷൻ, ഗുണിതങ്ങൾ, സംഖ്യകളുടെ പരസ്പര ബന്ധം, ലഘുസമവാക്യങ്ങൾ തുടങ്ങി ശാസ്ത്രത്തിലെയും ഗണിതത്തിലെയും നിരവധി വസ്തുതകൾ കുട്ടികളെ ഇന്ദ്രജാലത്തിലൂടെ എങ്ങനെ പഠിപ്പിക്കാമെന്ന് മാന്ത്രികൻ അവതരിപ്പിച്ചു കാണിച്ചു.

ശാസ്ത്ര ഗണിതശാസ്ത്ര താൽപ്പര്യം വർധിപ്പിക്കുന്നതിന് ഇന്ദ്രജാലം ഒരുപകരണമാക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഇന്ദ്രജാല പഠനം ലക്ഷ്യമാക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും ക്ലാസ് മുറികളിൽ ഇത്തരം ഇന്ദ്രജാലങ്ങൾ ഒരു പഠന സഹായി എന്ന നിലയിൽവേണം അവതരിപ്പിക്കുവാനെന്നും മാന്ത്രികൻ പറഞ്ഞു.

ഓറിയന്റേഷൻ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മെമ്പർ ജി.വിജയരാഘവൻ മാജിക് പ്ലാനറ്റ് തയ്യാറാക്കിയ എഡ്യൂക്കേഷണൽ സയൻസ് മാജിക് കിറ്റ് ഡി.പി.ഐ എം.എസ് ജയ ഐ.എ.എസിന് കൈമാറി നിർവഹിച്ചു.

അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ആരോഗ്യകരമാക്കാനുള്ള നല്ലൊരു മാദ്ധ്യമമാണ് ജാലവിദ്യയെന്ന് ഓറിയന്റേഷൻ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർഹിച്ചുകൊണ്ട് വിജയരാഘവൻ അഭിപ്രായപ്പെട്ടു. കേരള യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോമാറ്റിക്‌സ് വകുപ്പ് മേധാവി ഡോ.അച്യുത്ശങ്കർ എസ്.നായർ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ ജിൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല സ്വാഗതവും എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.ഇ.പി മോഹൻദാസ് നന്ദിയും പറഞ്ഞു. ഓറിയന്റേഷൻ ക്ലാസിന് മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല നേതൃത്വം നൽകി. ഇതാദ്യമായാണ് പാഠ്യവിഷയങ്ങളും ഇന്ദ്രജാലവും സമന്വയിപ്പിച്ചുകൊണ്ട് ഒരു പദ്ധതിക്ക് തുടക്കമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP