Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനാഥ മന്ദിരത്തിൽ താമസിക്കുന്ന കോട്ടയത്തെ കോടീശ്വരിയെ കാണാൻ സഹോദരന്റെ ഭാര്യ എത്തും; ബന്ധുക്കൾക്കൊപ്പം മടങ്ങാൻ ആഗ്രഹിച്ചാൽ മാഗിയെ തിരിച്ചയക്കുമെന്നും അനാഥാലയം നടത്തിപ്പുകാർ: സഹോദരനും ബന്ധുക്കളും പറയുന്നത് മാഗിയെ വർഷങ്ങളായി കാണാനില്ലെന്ന്

അനാഥ മന്ദിരത്തിൽ താമസിക്കുന്ന കോട്ടയത്തെ കോടീശ്വരിയെ കാണാൻ സഹോദരന്റെ ഭാര്യ എത്തും; ബന്ധുക്കൾക്കൊപ്പം മടങ്ങാൻ ആഗ്രഹിച്ചാൽ മാഗിയെ തിരിച്ചയക്കുമെന്നും അനാഥാലയം നടത്തിപ്പുകാർ: സഹോദരനും ബന്ധുക്കളും പറയുന്നത് മാഗിയെ വർഷങ്ങളായി കാണാനില്ലെന്ന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഉറ്റവരും ഉടയവരും ഇല്ലാതെ ചെന്നൈയിലെ തെരുവുകളിൽ അലഞ്ഞു നടന്ന് ഒടുവിൽ അനാഥ മന്ദിരത്തിൽ എത്തിയ മാഗിക്ക് വേണമെങ്കിൽ ഇനി വീട്ടുകാരൊടൊപ്പം മടങ്ങാം. എട്ട് വർഷത്തോളമായി അനാഥത്വം പേറി കഴിഞ്ഞ മാഗിയെ തേടി ബന്ധുക്കൾ എത്തും. സഹോദരന്റെ ഭാര്യ ബെല്ല ഉടൻ തന്നെ മാഗിയെ കാണാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ബെല്ല മാഗിക്ക് സഹോദരന്റെ ഭാര്യ മാത്രമല്ല. കൂട്ടുകാരി കൂടിയാണ്. ഇവർ ഒരു മിച്ചാണ് പഠിച്ചത്. പിന്നീടാണ് മാഗിയുടെ സഹോദരൻ മനോജിന്റെ ഭാര്യയായി ബെല്ല മാഗിയുടെ കുടുംബത്തിലേക്കും എത്തുന്നത്. എന്നാൽ ബെല്ലയെ കുറിച്ചോ കുടുംബക്കാരെ കുറിച്ചോ വലിയഓർമ്മകളൊന്നും ഇപ്പോൾ മാഗിക്ക് ഇല്ല. ഭർത്താവിനെ കുറിച്ച് പോലും അവ്യക്തമായ ഓർമകൾ മാത്രമാണ് മാഗിക്ക് ഉള്ളത്.

മനോജും ബെല്ലയും ചെന്നൈയിൽ തന്നെയാണുള്ളത്. ചെന്നൈയിലെ തെരുവിൽ അലഞ്ഞു നടന്ന മാഗിയെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പൊലീസ് 'അൻപകം' അഗതിമന്ദിരത്തിൽ എത്തിച്ചത്. ഒരു മാസം മുൻപ് അൻപകം കോഓർഡിനേറ്ററായ റസിയ, മാഗിയോട് സംസാരിക്കുമ്പോഴാണു കോട്ടയത്തെ തൂമ്പിൽ കുടുംബാംഗമാണെന്നു പറഞ്ഞത്. തുടർന്ന് കോട്ടയം പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ കോടീശ്വരിയാണ് മാഗി എന്ന സത്യം അഗതി മന്ദിരം നടത്തിപ്പുകാർ തിരിച്ചറിയുന്നത്.

ഇസ്രയേൽ എന്നാണ് അനാഥാലയത്തിന്റെ രജിസ്റ്ററിൽ മാഗിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സുവിശേഷപ്രവർത്തകനായ ഭർത്താവ് വിവാഹശേഷമാണു തനിക്ക് ഇസ്രയേൽ എന്ന പേരിട്ടതെന്നും മാഗി പറയുന്നു. ഭർത്താവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാഗി പറയുന്നില്ല. ഇവരുടേതു പ്രണയ വിവാഹമായിരുന്നു. മാഗി നൽകിയ വിവരങ്ങൾ ശരിയാണോയെന്ന് അറിയുന്നതിനു കോട്ടയം പൊലീസിനു റസിയ വിവരം കൈമാറിയപ്പോഴാണ് ഇവർ തൂമ്പിൽ കുടുംബാംഗമാണെന്നു സ്ഥിരീകരിച്ചത്. ബന്ധുക്കളോടൊപ്പം പോകാൻ മാഗി താൽപര്യം പ്രകടിപ്പിച്ചാൽ കൂടെ വിടുമെന്ന് അൻപകം അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാസം ചെന്നൈ പൊലീസ് മാഗിയുടെ ചിത്രവും മറ്റു വിവരങ്ങളും കോട്ടയം പൊലീസിനു കൈമാറിയിരുന്നു. തുടർന്നു കോട്ടയം പൊലീസ് ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു റോഡരികിൽ 20 സെന്റ് സ്ഥലം മാഗിയുടെ കുടുംബത്തിന്റെ പക്കലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം കോട്ടയത്തെ ബന്ധുക്കൾ മാഗിയുടെ സഹോദരനെ ബന്ധപ്പെട്ടിരുന്നതായാണ് അറിവ്. മാഗിയെ വർഷങ്ങളായി കാണാനില്ലെന്നാണു സഹോദരനും ബന്ധുക്കളും പറയുന്നത്.

അൻപകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്. മാഗിയുടെ പിതാവ മാത്തൻ വ്യോമസേനയിലായിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്ത ശേഷം ഇയാൾ ചെന്നൈയിൽ സ്ഥിരതാമസമാക്കി. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള മാഗിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും പറയുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

മാഗിക്കും കുടുംബത്തിനും കൂടി കോട്ടയം തിരുനക്കരയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്താണ്. 15 ലക്ഷത്തോളം വിലവരുന്ന 20 സെന്റ് സ്ഥലമാണ് കോട്ടയം ടൗണിനു നടുവില്ലുള്ളതെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. അതേസമയം കോട്ടയത്തുള്ള സ്വത്ത് മാതാപിതാക്കൾ സഹോദരന്റെ പേരിൽ എഴുതിനൽകിയെന്നും മാഗി പറയുന്നുണ്ട്. എന്നാൽ, മുമ്പ് മനോജ് ഈ സ്ഥലം വില്ക്കാൻ ശ്രമിച്ചെങ്കിലും മാഗിക്കുകൂടി അവകാശപ്പെട്ടതായതിനാൽ വിൽപ്പന നടന്നില്ലെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP