Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിരാലംബരായ തെരുവോര കലാകാരന്മാർക്ക് വീടിന്റെ തണലൊരുക്കി ഗോപിനാഥ് മുതുകാട്; ആർട്ടിസ്റ്റ് വില്ലേജ് എന്നു പേരിട്ട ഭവന സമുച്ചയത്തിൽ ഒരു വർഷം കൊണ്ടു തീർത്തത് 16 വീടുകൾ; ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് സ്വയം തൊഴിൽ നൽകിയതിന് പിന്നാലെ തെരുവോര കലാകാരന്മാർക്ക മാജിക് പ്ലാനറ്റിൽ ജോലി നൽകിയും വീടുവെച്ചു നൽകിയും മുതുകാടിന്റെ നന്മയുടെ മാജിക്

നിരാലംബരായ തെരുവോര കലാകാരന്മാർക്ക് വീടിന്റെ തണലൊരുക്കി ഗോപിനാഥ് മുതുകാട്; ആർട്ടിസ്റ്റ് വില്ലേജ് എന്നു പേരിട്ട ഭവന സമുച്ചയത്തിൽ ഒരു വർഷം കൊണ്ടു തീർത്തത് 16 വീടുകൾ; ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് സ്വയം തൊഴിൽ നൽകിയതിന് പിന്നാലെ തെരുവോര കലാകാരന്മാർക്ക മാജിക് പ്ലാനറ്റിൽ ജോലി നൽകിയും വീടുവെച്ചു നൽകിയും മുതുകാടിന്റെ നന്മയുടെ മാജിക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരുവോര കലാകാരന്മാർക്ക് വീടുവെച്ച് നൽകി മജീഷ്യൻ മുതുകാടിന്റെ നന്മയുടെ മാജിക്. തെരുവോര കലാകാരന്മാർക്ക് മാജിക് അക്കാദമിയിൽ ജോലി നൽകിയും അവർക്ക് വേണ്ടി ഭവന സമുച്ചയം പണി കഴിപ്പിച്ചുമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. നിരാലംബരായ കലാകാരന്മാർക്ക് വേണ്ടി വീടിന്റഎ തണലൊരുക്കിയ ഗോപിനാഥ് ആർട്ടിസ്റ്റ് വില്ലേജ് എന്നാണ് ഈ ഭവന സമുച്ചയത്തിന് പേരിട്ടിരിക്കുന്നത്.

16 വീടുകളാണ് ആർട്ടിസ്റ്റ് വില്ലേജിലുള്ളത്. ഇന്നലെ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് വില്ലേജ് എന്നു പേരിട്ട ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം ന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നേരത്തെ ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് സ്വയം തൊഴിൽ നൽകിയും മുതുകാട് നന്മയുടെ ഒരായിരം പൂക്കൾ വിതറിയിരുന്നു. തെരുവോരങ്ങളിൽ കലാപ്രകടനം നടത്തിവന്ന കുടുംബങ്ങൾക്കു മാജിക് പ്ലാനറ്റിൽ ജോലി നൽകിയതിനൊപ്പം വീടും നിർമ്മിച്ചു നൽകിയതു മുതുകാട് എന്ന കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണെന്നു തോമസ് ഐസക് പറഞ്ഞു. ഒരു വർഷം കൊണ്ടു 16 വീടുകൾ ഒരുക്കിയതു നന്മയുടെ മാജിക്കാണെന്ന് അധ്യക്ഷത വഹിച്ച അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കഴക്കൂട്ടം ചന്തവിളയിലെ ആർട്ടിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ഇന്ദ്രജാല സർക്കസ് കലാകാരന്മാർക്കു മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മന്ത്രി കെ.കെ.ശൈലജയും വീടുകളുടെ താക്കോലുകൾ കൈമാറി. സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകർ, ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ്, കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ കൃഷ്ണമൂർത്തി, എൻബിടിസി സിഇഒ: വി.ടി. മാത്യു, മലബാർ ട്രേഡിങ് കമ്പനി ചെയർമാൻ യൂസഫ്, മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ എന്നിവർ പ്രസംഗിച്ചു.

തെരുവുകളിൽ ചെറിയ ചെറിയ മാജിക്കുകൾ കാട്ടി ഉപജീവനം നടത്തി പോന്ന കലാകാരന്മാരെ മുതുകാടും മാജിക് അക്കാദമിയും ഏറ്റെടുക്കുക ആയിരുന്നു. ഇതിനു പുറമേ കഴിവുകൾ ഇല്ലെന്ന് പറഞ്ഞ് ജനക്കൂട്ടം മാറ്റി നിർത്തുന്ന ഭിന്ന ശേഷിക്കാരെയും മാജിക്ക് അക്കാദമി ഇരുകൈയും നീട്ടി സ്വീകരിച്ചും മാതൃകയായിരുന്നു. ഇവർക്ക് ഇന്ദ്രജാലത്തിന്റെ ലോകത്ത് സ്വയം തൊഴിൽ നൽകി പാപ്തരാക്കി മാറ്റുകയും ചെയ്തു. ഇതെല്ലാം മജീഷ്യൻ മുതുകാട് എന്ന വ്യക്തിയുടെ മനസ്സിന്റെ നന്മ മാത്രമാണ്.

45 വർഷത്തോളമായി താൻ മാജിക് രംഗത്ത് പ്രവർത്തിക്കുന്നു ജീവിതത്തിൽ ഇത്രയും പുണ്യമായ ഒരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞാൽ തീരാത്ത സന്തോഷമാണുള്ളത്. ഒരുവർഷത്തിനു മുൻപാണ് അദ്ദേഹത്തിനു ഇങ്ങനെ ഒരു ചിന്ത വന്നത്. ആസമയം തന്നെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുമായി സംസാരിച്ചു. അതിനു ശേഷമാണ് തന്റെ ചിന്ത യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്.

അങ്ങനെയാണ് ഭിന്ന ശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളിൽ മുതുകാടും സഹപ്രവർത്തകരും എത്തിയത്. അവിടെയുള്ള വിദ്യാർത്ഥികളോടു സംസാരിക്കുകയും ചെറിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗശേഷി പരീക്ഷിക്കുകയും ചെയ്ത് 23 പേരെയാണ് തെരഞ്ഞെടുത്തത്. ഈ കുട്ടികളെ പൂജപ്പുര മാജിക് അക്കാഡമിയിൽ നിന്നും 5മാസം കൊണ്ട്്് ഇന്ദ്രജാലം പഠിപ്പിച്ചു. അതിൽ നിന്നും തിരഞ്ഞെടുത്ത പ്രഗത്ഭരായ അഞ്ചു കുട്ടികളെയാണ് അദ്ദേഹത്തിന്റെ സ്ഥാപനമായ മാജിക് പ്ലാനറ്റിൽ, ഷോ നടത്തുവാൻ തെരഞ്ഞെടുത്തത്.

എംപവർ എന്ന് പേരുള്ള പ്രത്യേകം നിർമ്മിച്ച സ്റ്റുഡിയോയിലാണ് ഷോ നടക്കുന്നത്. ചീട്ടുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന രാഹുലും, പൂക്കൾ കൊണ്ട് മായാജാലം കാട്ടുന്ന ശ്രീലക്ഷ്മിയും, വിഷ്ണുവും ഷോയുടെ മുത്തുകളാണ്. മൂവരും തിരുവനന്തപുരം സ്വദേശികളും വഴുതക്കാട് ഭിന്ന ശേഷി കുട്ടികൾ പഠിക്കുന്ന റോട്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്. ഇന്ദ്രജാലത്തിലെ ഷോയിലെ മറ്റു പ്രധാനികളായ ശിൽപയും, രാഹുൽ ആർ ഉം പാങ്ങാപ്പാറ എസ്ഐഎം സി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. നിറഞ്ഞ കയ്യടിയാണ് ഇവരുടെ മായാജാലങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്.

ഒരു ദിവസം മൂന്ന് ഷോയാണ് നടക്കുന്നത്. രാവിലെ 10;15 നു തുടങ്ങുന്ന ഷോ 45 മിന്റ് ആണ് ദൈർഖ്യമുണ്ട്.സ്‌കൂളിൽ നിന്ന് വരുന്ന കുട്ടികളും,അവരുടെ മാതാപിതാക്കളും ടീച്ചർമാരും, മാണ് ദിവസേനയുള്ള സന്ദർശകർ.മികച്ചതാണ് ഇവരുടെ പ്രതികരണവും.

മലപ്പുറം സ്വദേശിയായ ഷിഹാബുദീൻ ആണ് ഷോയുടെ താരവും അവതാരകനും. ജനിച്ചപ്പോൾ തന്നെ രണ്ടു കാലുകളും കയ്യും നഷ്ടപെട്ട ശിഹാബുദ്ധീൻ ടിവി ഷോകളിൽ പരിചിതനാണ്. ബിഎ.എം.ഐ.സി മലപ്പുറം കോളേജിൽ പൂർത്തിയാക്കിയ ശേഷം, എംഎ കോഴിക്കോട് സർവകലാശാലയിലും പൂർത്തീകരിച്ചു, പഠനത്തിലും മിടുക്കു തെളിയിച്ച ചെറുപ്പക്കാരനാണ് ഷിഹാബുദ്ധീൻ. കൈമുട്ടിൽ ഡ്രംസിന്റെ സ്റ്റിക്കുകൾ കെട്ടിവച്ച് ഷിഹാബുദ്ധീൻ ഡ്രംസ് വായിക്കുന്നത് അത്ഭുത കാഴ്ചയാണ്.

മാസ ശമ്പളവും ഈ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് മാജിക് ഷോ നടത്തുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ഒരു കുട്ടിക്ക് ശമ്പളമായി നൽകുന്നത്. ഇത് കൂടാതെ ഭക്ഷണവും യാത്ര സൗകര്യങ്ങളും എല്ലാം തന്നെ ഇവിടെ ഇവർക്ക് ഒരുക്കിയിട്ടുണ്ട്. ഇവരുടെ പഠനത്തെ ബാധിക്കാതെയാണ് മാജിക് പരിശീലനവും മുമ്പോട്ട് കൊണ്ടു പോകുന്നത്. അത് മാത്രമല്ല ഇപ്പോൾ അവരെ ഒരു പഠനം നടത്തുകകൂടി ചെയ്യുകയാണ് ഒരു വർഷം കൊണ്ട് അവരുടെ മാനസിക നിലയിലോ, ബുദ്ധിയിലോ ഒരു മാറ്റം കണ്ടെത്തിയാൽ അത് ഒരു ചരിത്രമായി തീരുകയും , മാജിക് തെറാപ്പി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP