Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസിന് 75 ലക്ഷവും ഡെന്റലിന് 45 ലക്ഷവും; എൻജിനീയറിംഗിനും നഴ്‌സിംഗിനുമുൾപ്പെടെ തുകകൾ നിശ്ചയിച്ച് ആളെപിടിത്തം തുടങ്ങി ഏജന്റുമാർ; നീറ്റ് വന്നിട്ടും പ്രൊഫഷണൽ കോഴ്‌സുകൾക്കു വേണ്ടി വലവീശൽ തുടരുന്നു; പള്ളികളെയും വികാരിമാരേയും കൂട്ടുപിടിച്ച് കരിയർ ഗൈഡൻസ് സെമിനാർ നടത്തിയും തട്ടിപ്പിന് കളമൊരുക്കി കോഴ്‌സ് മാഫിയ

എംബിബിഎസിന് 75 ലക്ഷവും ഡെന്റലിന് 45 ലക്ഷവും; എൻജിനീയറിംഗിനും നഴ്‌സിംഗിനുമുൾപ്പെടെ തുകകൾ നിശ്ചയിച്ച് ആളെപിടിത്തം തുടങ്ങി ഏജന്റുമാർ; നീറ്റ് വന്നിട്ടും പ്രൊഫഷണൽ കോഴ്‌സുകൾക്കു വേണ്ടി വലവീശൽ തുടരുന്നു; പള്ളികളെയും വികാരിമാരേയും കൂട്ടുപിടിച്ച് കരിയർ ഗൈഡൻസ് സെമിനാർ നടത്തിയും തട്ടിപ്പിന് കളമൊരുക്കി കോഴ്‌സ് മാഫിയ

ബി രഘുരാജ്

ബംഗളൂരു: ദേശീയതലത്തിൽ മെഡിക്കൽ പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷയെന്ന നിലയിൽ നീറ്റ് വന്നിട്ടും മെഡിക്കലിനുൾപ്പെടെ പ്രൊഫഷണൽ കോഴ്‌സുകളിൽ സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികൾ കൊയ്യുന്ന മാഫിയ ഇപ്പോഴും പഴയപടി വിലസുന്നു. മെഡിക്കൽ, ഡെന്റൽ, ഹോമിയോപ്പതി, ഫാർമസി, ആയുർവേദ, നഴ്സിങ്, ഫിസിയോതെറാപ്പി , പാരാമെഡിക്കൽ, എഞ്ചിനീറിങ്, ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് സീറ്റ് വാഗദാനം ചെയ്താണ് സംസ്ഥാന വ്യാപകമായി പണപ്പിരിവ് തുടങ്ങിയിരിക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ ഇതിനായി ഇരകളെ തേടി സീറ്റ് മാഫിയ വലവീശിക്കഴിഞ്ഞു. പ്‌ളസ് ടു റിസൽട്ട് ഇന്ന് വന്നതോടെ വരും ദിവസങ്ങളിൽ ഇവർ കൂടുതൽ കെണിയൊരുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സ്‌കൂളുകളിൽ നിന്നും എന്ട്രൻസ് കോച്ചിങ് സെന്റ്രെറുകളിൽ നിന്നും വിദ്യാർത്ഥികളുടെ പേരും വിലാസവും ഫോൺ നമ്പറും സംഘടപ്പിച്ച ഏജന്റുമാർ മാതാപിതാക്കളെ ഫോൺ വിളിച്ചും നേരിട്ട് കണ്ടും ആണ് വലയിൽ വീഴ്‌ത്തുന്നത്.

അടുത്ത പടിയെന്ന നിലയിൽ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായിത്തന്നെ മുൻനിര പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പരസ്യങ്ങളും നൽകുമെന്നാണ് വിവരം. അടുത്തിടെയായി വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിശ്വാസത്തിൽ എടുക്കാൻ നൂതന രീതിയിൽ ഉള്ള അഡ്‌മിഷൻ പ്രവർത്തനങ്ങൾ ഇവർ ആസൂത്രണം ചെയ്തിട്ടുണ്ട്. ക്രിസ്തീയ സഭകളിലെ വികാരിമാരെയും പാസ്റ്റർമാരെയും കൂട്ടുപിടിച്ച് അഡ്‌മിഷൻ ഏജന്റുമാർ സഭയുടെ അല്ലെങ്കിൽ പള്ളികളുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ മറവിൽ കരിയർ ഗൈഡൻസ് സെമിനാർ കേരളത്തിന്റെ അങ്ങോളമിങ്ങോളം ഇപ്പോൾ നടത്തുന്നുണ്ട്.

വികാരിമാരും പാസ്റ്റർമാരും ഇടനിലക്കാർ ആകുമ്പോൾ ആളുകൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാകും. ഇത് മുതലെടുത്താണ് ഇപ്പോൾ ഈ സംഘങ്ങൾ പലരും പുരോഹിതരെയും പാസ്റ്ററുമാരെയും കൂട്ടുപിടിക്കുന്നത്. സ്‌കൂളുകളിലും എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലും ചെന്ന് അഡ്‌മിഷൻ ഏജന്റുമാർ സ്‌കോളർഷിപ് പരീക്ഷ നടത്തുകയും പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഗവണ്മെന്റ് ഫീസിൽ അവരുടെ കോളേജിൽ അഡ്‌മിഷൻ കിട്ടും എന്ന് പറഞ്ഞു വിശ്വസിപ്പിക്കും.

കഴിഞ്ഞവർഷം കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകൾ സീറ്റുകൾ നിറയ്ക്കാൻ പെടാപ്പാട് പെട്ടപ്പോൾ കർണാടകത്തിലെ എഞ്ചിനീയറിങ് കോളേജുകൾ ആകട്ടെ 75 ശതമാനത്തിൽ മേലെ സീറ്റുകൾ നിറഞ്ഞു. മറ്റു പ്രൊഫഷണൽ കോഴ്‌സുകളിലും കേരളത്തിലെ കോളേജുകളെക്കാളും കർണാടകയിലെ കോളേജുകളിൽ നല്ല ശതമാനം എന്റോൾമെന്റ് ഉണ്ടായിരുന്നു.

കേരളത്തിൽ 32 മെഡിക്കൽ കോളേജ്, 164 എഞ്ചിനീയറിങ് കോളേജ് എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കർണാടകത്തിൽ 55 മെഡിക്കൽ കോളേജ്, 192 എഞ്ചിനീയറിങ് കോളേജ്, 274 നഴ്‌സിങ് കോളേജ് എന്നിവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കർണാടകത്തിലെ കോളേജുകളിൽ സീറ്റ് നിറയാൻ പ്രധാന കാരണം കോളേജ് ലോബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപെടെയുള്ള ഹൈടെക് ഏജന്റുമാർ ആണ്.

ബംഗളൂരു, ബൽഗാം, റയ്ച്ചൂർ, ബിജാപുർ, ധാർവാഡ്, മൈസൂർ, ഷിമോഗ, ഹാസൻ, കൊപ്പൽ, ഉഡുപ്പി, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ ഉള്ള കോളേജ് ലോബികൾക്കു വേണ്ടി ആണ് അഡ്‌മിഷൻ ഏജന്റുമാർ പ്രവർത്തിക്കുന്നത്. ബംഗളൂരുവും മംഗലാപുരവും ആണ് ഏജന്റുമാരുടെ കർണടാകത്തിലെ ആസ്ഥാന കേന്ദ്രങ്ങൾ. എഡ്യൂക്കേഷണൽ കൺസൾട്ടൻസി എന്ന പേരിൽ നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ ആണ് ഇവരുടെ ആഡംബര ഓഫീസുകൾ പ്രവർത്തിക്കുന്നത്.

എം.ബി.ബി.എസ് സീറ്റിനു 75 ലക്ഷം മുതൽ, ബി.ഡി.എസ് സീറ്റിനു 45 ലക്ഷം രൂപ മുതൽ, നഴ്സിങ് സീറ്റിനു 3.75 ലക്ഷം രൂപ മുതൽ, ഫിസിയോതെറാപ്പി 4 ലക്ഷം രൂപ മുതൽ, എഞ്ചിനീറിങ് സീറ്റിനു 4.80 ലക്ഷം രൂപ മുതൽ മുകളിലോട്ടു ആണ് ഫീസ്. മാതാപിതാക്കളോട് ആദ്യം കോളേജ് വന്നു കണ്ടിട്ട് സീറ്റ് എടുത്താൽ മതി എന്ന് പറയും. കോളേജും ഹോസ്റ്റലും കാണാനും മറ്റു വിവരങ്ങൾ അന്വഷിക്കാനും വരുന്നവരെ ഈ സംഘങ്ങൾ അവരുടെ ആഡംബര കാറുകളിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്റ്റാന്റിൽ നിന്നും വന്നു കൂട്ടിക്കൊണ്ട് പോകും. അവരുടെ ഓഫീസിലേക്കായിരിക്കും ആദ്യയാത്ര. അവിടെ കോളേജുകളെ പറ്റി വിവരണം കൊടുക്കുന്നതിനോടൊപ്പം ചായസൽകാരം നടത്തും.

പിന്നീട് കോളേജുകൾ കാണിക്കാൻ അവരുടെ ആഡംബരകാറുകളിൽ കൊണ്ടുപോകും. ഏജന്റുമാർക്ക് കൂടുതൽ കമ്മിഷൻ കിട്ടുന്ന കോളേജിൽ ചേരാൻ മാതാപിതാക്കളെ നിർബന്ധിക്കും. സീറ്റുകൾ എല്ലാം തീരാറായി പെട്ടന്ന് തന്നെ തീരുമാനം എടുത്തു സീറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞു വിശ്വസിപ്പിക്കും. മാനേജ്മെന്റുകൾ ഏജന്റുമാരെ വച്ച് മുൻകൂർ ആയി തുക വാങ്ങി സീറ്റ് വാഗദാനം ചെയ്യുന്നുണ്ട്. സീറ്റ് നഷ്ടപ്പെട്ടാലോ എന്ന ഭയം കൊണ്ട് മാതാപിതാക്കൾ സർട്ടിഫിക്കറ്റും പൈസയും നൽകി സീറ്റ് ബുക്ക് ചെയ്തു മടങ്ങും.

ഒരിക്കൽ ഏജന്റുമാരുടെ കൈയിലോ കോളേജിലോ പണവും സർട്ടിഫിക്കറ്റുകളും കൊടുത്തു കഴിഞ്ഞാൽ പിന്നീട് വേറെ കോഴ്‌സിന് ചേരാനോ കോളേജ് മാറാനോ ആലോചിക്കുകയേ വേണ്ട. സർട്ടിഫിക്കറ്റ് തിരികെ ചോദിച്ചാൽ ഇവർ മടക്കി നൽകില്ല. കോഴ്‌സ് ഫീ മുഴുവൻ ആയി അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് തിരിച്ചു നൽകാൻ സാധിക്കുകയുള്ളു എന്ന് പറയും. ഇത്തരത്തിൽ അനേകം വിദ്യാർത്ഥികൾ യാതൊരു നിവൃത്തിയും ഇല്ലാതെ ഇവരുടെ കോളേജിൽ പഠിക്കാൻ നിർബന്ധിതർ ആയിട്ടുണ്ട് മുൻകാലങ്ങളിൽ.

അഡ്‌മിഷൻ സമയത്ത് നൽകിയ സർട്ടിഫിക്കറ്റുകളും പണവും എപ്പോൾ ചോദിച്ചാലും യാതൊരു ഫീസും ഈടാക്കാതെ തിരിച്ചു നൽകണം എന്ന് കർണാടക ഹൈക്കോടതിയുടെ ഉൾപ്പെടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. യുജിസിയുടെ കർശന മാർഗനിർദ്ദേശവും ഇക്കാര്യത്തിൽ ഉണ്ട്. അഡ്‌മിഷൻ ആവശ്യങ്ങൾക്ക് രാജ്യത്ത് ഒരു പ്രൊഫഷണൽ കോളേജുകളിലും മാർക്‌സ് കാർഡ് ഉൾപ്പെടെ ഒരു ഒറിജിനൽ സർട്ടിഫിക്കറ്റും കോളേജുകൾക്ക് വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ആവശ്യപ്പെടാൻ പാടില്ല പകരം അറ്റസ്റ്റഡ് കോപ്പിയേ സ്വീകരിക്കാവൂ.

പക്ഷെ മിക്ക കോളേജുകളും ഈ നിയമങ്ങൾ പാലിക്കാറില്ല. കടുത്ത മനുഷ്യവകാശ ലംഘനം ആണ് കോളേജുകളിൽ അഡ്‌മിഷൻ സമയത്ത് നടക്കുന്നത്. കോളേജുകളിലെ ഫീസ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അഡ്‌മിഷൻ മാഫിയാ സംഘങ്ങൾ ആണ്. ഏത് തന്ത്രം പ്രയോഗിച്ചും സീറ്റ് നിറയ്ക്കുക, പണം ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേയുള്ളൂ. കോളേജ് ലോബ്ബികൾക്കും അഡ്‌മിഷൻ സംഘങ്ങൾക്കും.



ഏജന്റുമാർക്ക് 40,000 മുതൽ 5 ലക്ഷം രൂപ വരെ ആണ് മാനേജ്മെന്റുകൾ കമ്മിഷൻ ആയി ഏജന്റുമാർക്ക് നൽകുന്നത്. ഒരു വിദ്യാർത്ഥിയെ അവരുടെ കോളേജിലെ കോഴ്സിന് ചേർത്താൽ ഇത്രയും തുക കിട്ടുമെന്നതിനാൽ അതിനായി നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് നല്ല ശതമാനം ചെറുപ്പക്കാർ പെട്ടെന്ന് പൈസ ഉണ്ടാക്കി ആഡംബര ജീവിതം നയിക്കാൻ വേണ്ടിയുള്ള കുറുക്കുവഴി ആയി ആണ് അഡ്‌മിഷൻ ഏജന്റുമാർ ആകുന്നത്.

സമൂഹത്തിലെ ഉന്നതരായ ബിസ്സിനസ്സുകാർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, എൻജിനീയർമാർ എന്നിവരുടെ മക്കൾക്ക് വേണ്ടി മാത്രം അല്ല ഈ സംഘങ്ങൾ വല വിരിക്കുന്നത്. ദിവസ വരുമാനം ഉള്ളവരുടെയും പാവപ്പെട്ടവരുടെയും മക്കളും ഇവരുടെ ഇരകൾ ആണ്. ബാങ്ക് ലോൺ, ഗവ. ഫീസിന് അഡ്‌മിഷൻ, ഫീസ് തവണകൾ ആയി അടക്കാൻ ഉള്ള സൗകര്യം, സ്‌കോളർഷിപ്, കേരളീയ ഭക്ഷണം തുടങ്ങിയവ പറഞ്ഞ് ആണ് എൻജിനീയറിങ് - പാരാ മെഡിക്കൽ കോഴ്‌സുകളിലേക്ക് ഉൾപ്പെടെ ഇവരെ ആകർഷിക്കുന്നത്.

ഒരു അദ്ധ്യയന വർഷം വിദ്യാഭ്യാസ മാഫിയാ സംഘങ്ങൾക്ക് 400 മുതൽ 500 കോടി രൂപ വരെ ആണ് കർണാടകത്തിലെ കോളേജ് ലോബികൾ കമ്മിഷൻ ഇനത്തിൽ മാറ്റിവയ്ക്കുന്നതെന്നാണ് വിവരം. ഏജന്റുമാർ അവരുടെ കമ്മിഷൻ തുക ഘട്ടംഘട്ടം ആയിട്ടാണ് കോളേജുകളിൽ നിന്ന് കൈപ്പറ്റുന്നത്. ഇങ്ങനെ ചെയ്യുന്നതിന് കാരണം ബാങ്ക് അക്കൗണ്ടിൽ പണമിട്ടാൽ ഇൻകം ടാക്‌സ് ഫയൽ ചെയ്യേണ്ടി വരും. ടാക്‌സ് വെട്ടിക്കാൻ വേണ്ടി പണം കൈയിൽ സൂക്ഷിക്കുകയോ വലിയതുകകൾ ബാങ്കിൽ ഇടുകയോ ഇവർ ചെയ്യാറില്ല. മാഫിയ സംഘങ്ങൾ കൂടുതൽ പേരും ആഡംബര ജീവിതത്തിനു വേണ്ടിയാണ് പണം ചെലവഴിക്കുന്നത്. അതിന്റെ ഭാഗമാആയി ആഡംബര കാറുകൾ വാങ്ങുക, വിദേശ രാജ്യങ്ങളിൽ കറങ്ങുക തുടങ്ങിയ കാര്യങ്ങളിൽ ഇവർ സജീവമാണുതാനും.

കർണാടക സർക്കാരിന്റെ കീഴിലുള്ള ആരോഗ്യ സർവകലാശാല - രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് ബാംഗ്ലൂർ (RGUHS), ടെക്‌നോളോജിക്കൽ സർവകലാശാല - വിശ്വേശ്വരയ്യ ടെക്‌നോളോജിക്കൽ യൂണിവേഴ്സിറ്റി ബെൽഗാം (VTU) എന്നിവയുടെ കീഴിൽ ആണ് കർണാടകത്തിൽ ഉള്ള 90 ശതമാനം കോളേജുകളും. അഡ്‌മിഷൻ കാര്യങ്ങൾക്ക് ഇടനിലക്കാരെ സമീപിക്കാതെ കോളേജുമായി നേരിട്ട് അഡ്‌മിഷന് ബന്ധപെടുക എന്ന് സർവകലാശാലകളുടെ കർശന നിർദ്ദേശം ഉണ്ട്.

ഈ നിയമം കാറ്റിൽ പറത്തിയാണ് അഡ്‌മിഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നത്. മിക്ക ഇടനിലക്കാരും അവർ കോളേജ് സ്റ്റാഫ്, അഡ്‌മിഷൻ കോ-ഓർഡിനേറ്റർ, പി.ർ.ഓ, എഡ്യൂക്കേഷണൽ കൺസൾറ്റന്റ് എന്നിങ്ങനെയെല്ലാം ആണെന്ന് പറഞ്ഞ് ആണ് വിദ്യാർത്ഥികളുടെ മാതപിതാക്കളെ നേരിട്ടും പത്രപരസ്യം വഴിയും പരിചയപെടുത്തുന്നതും അഡ്‌മിഷന് ആളെ പിടിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP