Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏത് മതത്തിന്റെയും തീവ്രവാദ ആശയങ്ങൾ ആ മതത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ പരിക്കേൽപ്പിക്കും; ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹമാണ് ഇന്ത്യയിലേതെന്ന് ഓർമപ്പെടുത്തി 'സുപ്രഭാതം' എഡിറ്റോറിയൽ; നിരോധനത്തിൽ കലിപൂണ്ട് 'മാധ്യമം' ദിനപത്രത്തിന്റെ മുഖപ്രസംഗവും; പോപുലർ ഫ്രണ്ട് നിരോധത്തിൽ വ്യത്യസ്ത നിലപാടുകളുമായി രണ്ട് പത്രങ്ങൾ

ഏത് മതത്തിന്റെയും തീവ്രവാദ ആശയങ്ങൾ ആ മതത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ പരിക്കേൽപ്പിക്കും; ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹമാണ് ഇന്ത്യയിലേതെന്ന് ഓർമപ്പെടുത്തി 'സുപ്രഭാതം' എഡിറ്റോറിയൽ; നിരോധനത്തിൽ കലിപൂണ്ട് 'മാധ്യമം' ദിനപത്രത്തിന്റെ മുഖപ്രസംഗവും; പോപുലർ ഫ്രണ്ട് നിരോധത്തിൽ വ്യത്യസ്ത നിലപാടുകളുമായി രണ്ട് പത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് എന്ന തീവ്രനിലപാടുള്ള സംഘടനയെ കേന്ദ്രസർക്കാർ നിരോധിക്കുന്നതി മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജ്യത്തെ പ്രമുഖ മുസ്ലിം പണ്ഡിതരുടെ അഭിപ്രായങ്ങൾ തേടിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഭൂരിപക്ഷം വരുന്ന മുസ്ലിം സംഘടനകൾ നിരോധനത്തെ ശരിവെക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അതിന് കാരണം പോപ്പുലർ ഫ്രണ്ട് സമൂഹത്തിൽ ഉണ്ടാക്കിയ ഭിന്നതകളാണ്. കേരളത്തിൽ അടക്കം പോപ്പുലർ ഫ്രണ്ടിനെ തുറന്ന് എതിർത്തു കൊണ്ട് രംഗത്തുവന്നിട്ടുള്ളത് ഇവിടുത്തെ സുന്നി സംഘടനകളാണ്. ഇ കെ വിഭാഗം സുന്നികളും, എ പി വിഭാഗം സുന്നികളും പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന നിലപാടിലായിരുന്നു. എന്നാൽ, പോപ്പുലർ ഫ്രണ്ടിന് ധാർമ്മികമായി പിന്തുണ നല്കി വന്നത് ജാമാഅത്തെ ഇസ്ലാമിയായിരുന്നു.

കേരളത്തിലെ മുസ്ലിംസമൂഹത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങാണ് നിലനിൽക്കുന്നത്. രാജ്യതാൽപ്പര്യവും സമുദായ താൽപ്പര്യവും മുൻനിർത്തിയ നിലപാടാണ് ഈ വിഷയത്തിൽ സമസ്ത കൈക്കൊണ്ട്. ഇക്കാര്യം അവരുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്റോറിയലിലൂടെ അവർ വ്യക്തമാക്കിയപ്പോൾ വിഷയത്തിൽ കലിപൂണ്ട നിലപാടാണ് ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിൽ ഉള്ള 'മാധ്യമം' സ്വീകരിച്ചത്.

'ഉന്മൂലന രാഷ്ട്രീയത്തിന്റെ മറ്റൊരു വഴി' എന്ന തലക്കെട്ടിൽ നിരോധനത്തെ ശക്തമായി എതിർത്തുള്ള മുഖപ്രസംഗമാണ് മാധ്യമം ദിനപത്രം എഴുതിയത്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ആശയത്തെ പൂർണമായും തള്ളിക്കൊണ്ടും മുസ്ലിം യുവത്വത്തിന് പരിഗണന കൊടുത്തുകൊണ്ടുമാണ് സമസ്ത മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയൽ എഴുതിയത്. ലോകത്തെ ഏറ്റവും വലിയ ബഹുസ്വരസമൂഹമാണ് ഇന്ത്യയിലേത്. അതുപോലെത്തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് നമ്മുടേതെന്നു പറഞ്ഞു കൊണ്ടാണ് സുപ്രഭാതം എഡിറ്റോറിയൽ തുടങ്ങുന്നത്. ഏത് മതത്തിന്റെയും തീവ്രവാദ ആശയങ്ങൾ ആ മതത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ പരിക്കേൽപ്പിക്കുമെന്നും ഈ മുഖപ്രസംഗം വ്യക്തമാക്കുന്നു.

അതേസമയം മറുവശത്ത് മാധ്യമം ദിനപത്രമാകട്ടെ പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദത്തെ വെറും ക്രിമിനൽ കുറ്റകൃത്യങ്ങളെന്നാണ് പറയുന്നത്. കൈവെട്ട് കേസും അഭിമന്യു വധവുമെല്ലാം ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. അത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെ കൈകാര്യംചെയ്യാൻ നമ്മുടെ ശിക്ഷാനിയമത്തിൽ വകുപ്പുകളുമുണ്ട്. അല്ലാതെ സംഘടനയെ നിരോധിക്കുകയല്ല വേണ്ടതെനന്ും ഇവർ പറയുന്നു.

സുപ്രഭാതം എഡിറ്റോറിയൽ

പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പടുമ്പോൾ..

ലോകത്തെ ഏറ്റവും വലിയ ബഹുസ്വരസമൂഹമാണ് ഇന്ത്യയിലേത്. അതുപോലെത്തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് നമ്മുടേത്. ന്യൂനപക്ഷങ്ങളോട് കരുതലും ഗുണകാംക്ഷയുമുള്ള, ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവസമുദായത്തിന്റെ പിന്തുണയോടെ മാത്രമേ രാജ്യത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ കഴിയൂ. ഭൂരിപക്ഷസമുദായത്തെ അവിശ്വസിച്ചും അവരെ ശത്രുക്കളായി കണ്ടും പ്രഖ്യാപിച്ചും അവരെ മുന്നിൽനിർത്തി പൊതുസമൂഹത്തിൽ ഭീതി വിതച്ചുമുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമല്ലെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് അത് കൂടുതൽ പ്രയാസങ്ങളുണ്ടാക്കുകകൂടി ചെയ്യുമെന്നതാണ് ഇക്കാലമത്രയുമുള്ള അനുഭവം. ജനാധിപത്യപ്രക്രിയയിൽ പങ്കാളിയായി ജനാധിപത്യകക്ഷികളുടെ കൂടെനിന്ന് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അവസരമുണ്ട്. മുസ്ലിംകൾ ഒന്നിച്ചുനിന്ന് മറ്റുള്ളവരുടെ പിന്തുണയോടെ പലപ്പോഴും വിഷയങ്ങൾ ഉയർത്തിയിട്ടുമുണ്ട്. ശരീഅത്ത് നിയമവും മുസ്ലിം പള്ളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന ആരാധനാലയ നിയമവുമൊക്കെ അങ്ങനെ ഉണ്ടായതാണ്.

ഏത് മതവിഭാഗത്തിന്റേതായാലും തീവ്രവാദ ആശയങ്ങൾകൊണ്ട് ആ മതത്തിലെ തന്നെ ഭൂരിപക്ഷംവരുന്ന സാധാരണക്കാർക്കാണ് കൂടുതൽ പരുക്കേൽക്കുക എന്നത് ചരിത്രപാഠമാണ്. ഇന്ത്യയിലെ ഏറ്റവും സംഘടിതവും ശക്തവുമായ തീവ്രവാദ സാന്നിധ്യമായിരുന്നു ഒരു കാലത്ത് ഖലിസ്താൻ പ്രസ്ഥാനം. കേന്ദ്രസർക്കാർ അതിനെ നിഷ്‌കരുണം അടിച്ചമർത്തുകയായിരുന്നു. അതിന്റെ പേരിലുണ്ടായ രക്തച്ചൊരിച്ചിൽ നമുക്കു മുന്നിൽ ഉദാഹരണമായുണ്ട്. ഭൂമിയിലെ സ്വർഗമായി കരുതപ്പെടുന്ന കശ്മിരിനെ, സായുധ പോരാട്ടംകൊണ്ട് ഭൂമിയിലെ നരകമാക്കി മാറ്റിയതിന്റെ അനുഭവപാഠവും തുറന്നുവച്ച പുസ്തകം പോലെ ഇപ്പോഴും നമുക്കു മുന്നിലുണ്ട്.

രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിരിക്കുകയാണ്. ഭീകരപ്രവർത്തനങ്ങളിൽ നേരിട്ട് ബന്ധം, ഫണ്ട് സമാഹരണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് നിരോധനകാരണമായി എടുത്തുപറഞ്ഞത്. 1990കളുടെ തുടക്കത്തിൽ കേരളത്തിൽ രൂപീകരിച്ച നാഷനൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) ആണ് പിന്നീട് പോപുലർ ഫ്രണ്ട് എന്ന പേരിൽ അറിയപ്പെട്ടത്. എൻ.ഡി.എഫിന്റെ ആശയങ്ങളെയും പ്രവർത്തനശൈലിയെയും തുടക്കംമുതൽ കേരളത്തിലെ മുസ്ലിം സംഘടനകൾ എതിർത്തുപോരുകയുണ്ടായി. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അന്നത്തെ നേതാക്കളും സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫുമായിരുന്നു എൻ.ഡി.എഫിനെതിരേ ആദ്യമായി നിലപാടുയർത്തിയത്. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അതിൽ തീവ്രത കലർത്തുന്ന ഇവരുടെ രീതികൾക്കെതിരേ നിരന്തര പ്രതിരോധം നടത്തുന്നവരാണ് കേരളത്തിലെ പ്രബല മുസ്ലിം സംഘടനകളൊക്കെ.

മുസ്ലിംകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നതും പലപ്പോഴും അനീതിക്കിരയാവുന്നുണ്ടെന്നതും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ, അതിന് പരിഹാരം എൻ.ഡി.എഫ് ഉയർത്തിപ്പിടിച്ച തീവ്ര ചിന്താഗതിയായിരുന്നില്ല. അക്കാലത്തും തുടർന്നും മറ്റു മുസ്ലിം മതസംഘടനകളും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളും ഇത്തരം കൂട്ടായ്മകളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

പോപുലർ ഫ്രണ്ട് സ്ഥാപകരടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഇ.ഡിയും എൻ.ഐ.എയും രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം വരുന്നത്. എന്നാൽ സംഘടനയെ നിരോധിക്കുന്നതിനോട് പ്രമുഖരായ പലരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിയോജിക്കാനും അവകാശമുണ്ട് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം. നിരോധനം ഒന്നിനും പരിഹാരമല്ലെന്നും വർഗീയതക്കെതിരായ നിലപാടാണെങ്കിൽ ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് ഈ സന്ദർഭത്തിൽ ഏറെ പ്രസക്തമാണ്. ഇന്ത്യയിൽ നിരോധിക്കപ്പെടുന്ന ആദ്യ സംഘടനയല്ല പോപുലർ ഫ്രണ്ട്. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ മാതൃസംഘടനയായ ആർ.എസ്.എസിനെ സ്വതന്ത്ര ഇന്ത്യയിൽ മൂന്നുതവണ നിരോധിച്ചിട്ടുണ്ട്. അപകടകരമായ ആശയങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത് തടയുകയും ഒപ്പം യുവാക്കളെ തീവ്ര കൂട്ടായ്മകളിലേക്ക് ആകർഷിക്കുംവിധമുള്ള സാഹചര്യങ്ങൾ തടയുകയും ചെയ്യാനാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള നടപടികൾ ഉണ്ടാവുന്നുവെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് പോപുലർ ഫ്രണ്ട് നിരോധനം. ഈ സാഹചര്യത്തിൽ നിരോധനത്തിന്റെ മറവിൽ ന്യൂനപക്ഷവിരുദ്ധ നടപടികൾക്ക് ഊർജം പകരുന്നതും മുസ്ലിംകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ഇടപെടലുകൾ ഉണ്ടാവില്ലെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഉറപ്പുവരുത്തേണ്ടതുണ്ട്.

 മാധ്യമം എഡിറ്റോറിയൽ

ഉന്മൂലന രാഷ്ട്രീയത്തിന്റെ മറ്റൊരു വഴി

ഏതാനും ആഴ്ചകളായി അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട രാഷ്ട്രീയ കിംവദന്തികൾ ശരിയെന്നു വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസങ്ങൾ നീണ്ട എൻ.ഐ.എ റെയ്ഡുകൾക്കും കൂട്ട അറസ്റ്റുകൾക്കുംശേഷം, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും (പി.എഫ്.ഐ)അനുബന്ധ സംഘടനകൾക്കും അഞ്ചു വർഷത്തേക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമന്റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷനൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് മാതൃപ്രസ്ഥാനത്തിനൊപ്പം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അടിയന്തര വിജ്ഞാപനത്തിൽ ഗുരുതര ആരോപണങ്ങളാണ് പി.എഫ്.ഐക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് രാജ്യസുരക്ഷക്കും സമാധാനത്തിനും സംഘടന തുരങ്കംവെക്കുന്നുവെന്നാണ് ആരോപണങ്ങളുടെ ആകത്തുക. നിരോധിത സംഘടനയായ സിമിയുമായി പോപുലർ ഫ്രണ്ടിന്റെ സ്ഥാപകരിൽ ചിലർക്കുള്ള ബന്ധം, ഇറാഖിലും സിറിയയിലും ഐ.എസ് നടത്തിയ ഭീകരപ്രവർത്തനങ്ങളിൽ സംഘടനയിലെ പ്രവർത്തകർ പങ്കുകൊണ്ടുവെന്നത്, നിയമവിരുദ്ധമായി വിദേശത്തുനിന്ന് പണമെത്തിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയത്തിന് തെളിവുകൾ ലഭിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു. കേരളത്തിൽ നേരത്തേ പ്രവാചകനിന്ദ ആരോപിച്ച് കോളജ് അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവവും അഭിമന്യു കൊലപാതകവും കുറ്റപത്രത്തിൽ വായിക്കാം. നിരോധനത്തിനുപിന്നാലെ, സംഘടന പിരിച്ചുവിട്ടതായി നേതാക്കൾ അറിയിച്ചു. ഒന്നുകിൽ അവർക്ക് ഇനി മോദി സർക്കാറിന്റെ തീട്ടൂരത്തിന് കീഴ്‌പ്പെടാം; അതല്ലെങ്കിൽ നിയമവഴിയിൽ പോരാടി സംഘടനയെ വീണ്ടെടുക്കാം.

ബിജെപി ഭരിക്കുന്ന യു.പി, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ നേരത്തേതന്നെ പി.എഫ്.ഐ നിരോധനം ആവശ്യപ്പെട്ടതാണ്. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾകൂടി ഇതോടൊപ്പം ചേർത്തുവായിച്ചാൽ കേന്ദ്രനടപടിയിൽ ആശ്ചര്യമോ അത്ഭുതമോ കാണാനാവില്ല; എല്ലാം പ്രതീക്ഷിക്കപ്പെട്ടതുതന്നെ. അതുകൊണ്ടുതന്നെ, വിഷയത്തിൽ ബിജെപിയും സംഘ്പരിവാറും ആഹ്ലാദം പ്രകടിപ്പിക്കുന്നത് സ്വാഭാവികം മാത്രം. അതേസമയം, മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാമുദായിക സംഘടനകൾക്കും ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ട്. പൊതുവിൽ, നിരോധനം ഒരു പരിഹാരമല്ലെന്ന് രാജ്യത്തെ മതേതര സമൂഹം പറയുന്നു- അതിന് പലവിധ ന്യായങ്ങളും യുക്തിയുമാണ് അവർ പ്രകടിപ്പിക്കുന്നതെങ്കിലും.

പോപുലർ ഫ്രണ്ടിനൊപ്പം ആർ.എസ്.എസും നിരോധിക്കപ്പെടേണ്ടിയിരുന്നുവെന്ന നിലപാട് പങ്കുവെച്ചവരാണ് അതിലേറെപ്പേരും. പോപുലർ ഫ്രണ്ടും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന വാദമാണ് ഈ സമീപനത്തിനാധാരം. പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നുമെങ്കിലും വിശദാംശങ്ങളിൽ ആ സിദ്ധാന്തം വികലമാണെന്ന് ഉന്നയിക്കുന്നവർതന്നെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നേരത്തേ സമ്മതിച്ചിട്ടുള്ളതാണ്. ഹിന്ദുത്വയുടെ ഉന്മൂലനരാഷ്ട്രീയത്തിനെതിരായ മുഖംനോക്കാത്ത പ്രതിരോധമാണ് പോപുലർ ഫ്രണ്ടിനെ വ്യത്യസ്തമാക്കുന്നത്. വംശീയ ഉന്മൂലന സിദ്ധാന്തത്തിലധിഷ്ഠിതമായ ഹിന്ദുത്വ ഇന്ന് രാജ്യത്തെ ഭരണവർഗമാണ്. അധികാരത്തിന്റെ മറവിൽ ഏതുവിധത്തിലുള്ള രാഷ്ട്രീയ തേരോട്ടങ്ങൾക്കും അവർക്ക് കെൽപുണ്ട്. അത്തരമൊരു സംവിധാനത്തോട്, പോപുലർ ഫ്രണ്ടിനൊപ്പം സ്വന്തം കക്ഷിയെക്കൂടി നിരോധിക്കണമെന്ന് പറയുന്നത് എന്തുമാത്രം അർഥശൂന്യമായിരിക്കും. ഭരണവർഗമായ ആർ.

എസ്.എസ് ഒരിക്കലും നിരോധിക്കപ്പെടില്ല എന്ന ഉറച്ച ബോധ്യത്തിന്റെ മറവിൽകൂടിയാണ് ഈ 'സമീകരണ സിദ്ധാന്ത'മെന്ന് ചുരുക്കം. അതേസമയം, പോപുലർ ഫ്രണ്ടിനുമുന്നേ ആർ.എസ്.എസിനെ നിരോധിക്കൂവെന്ന് തുറന്നുപറഞ്ഞ ലാലു പ്രസാദ് യാദവിനെപ്പോലെയുള്ള ദേശീയ നേതാക്കളുടേത് മറ്റൊരു നിലപാടാണ്.

രാജ്യത്തെ ജനാധിപത്യമൂല്യങ്ങളുമായി ചേർത്തുവെച്ച് പി.എഫ്.ഐ നിരോധനത്തെ തള്ളിപ്പറഞ്ഞവരുമുണ്ട്. നിരോധനമേർപ്പെടുത്തി സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് അടിസ്ഥാനപരമായി ജനാധിപത്യത്തെയാണ് ദുർബലമാക്കുക; എന്നല്ല, നിലനിൽക്കുന്ന പ്രശ്‌നത്തെ അത് സങ്കീർണമാക്കുകയും ചെയ്യും. സിപിഎം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമി പോലുള്ള സമുദായ സംഘടനകളും ചില മനുഷ്യാവകാശപ്രവർത്തകരും മുന്നോട്ടുവെച്ച ഈ നിലപാടായിരിക്കും ഒരുപക്ഷേ, പുതിയ രാഷ്ട്രീയസന്ദർഭത്തെ കൂടുതൽ സംവാദോന്മുഖമാക്കുക. ആർ.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിട്ടും എന്തു ഫലമുണ്ടായി എന്ന സീതാറാം യെച്ചൂരിയുടെ ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.

വാസ്തവത്തിൽ, സംഘ്പരിവാറിന്റെ ഉന്മൂലനപരിപാടികളുടെ ഭാഗമാണിതെന്ന് തിരിച്ചറിയാവുന്നതേയുള്ളൂ. ഹിന്ദുത്വയുടെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന സകല മനുഷ്യർക്കുമെതിരെ നേരത്തേതന്നെ ഇത് തുടങ്ങിവെച്ചിട്ടുണ്ട്. അധികാരമേറ്റതിന്റെ ഒന്നാം നാൾതന്നെ മോദി സർക്കാർ സംവാദങ്ങൾക്കും ചോദ്യങ്ങൾക്കും വിലക്കേർപ്പെടുത്തിയതാണ്. ആ വിലക്ക് ലംഘിച്ചവരൊക്കെയും 'രാജ്യദ്രോഹി'കളെന്നും 'അർബൻ നക്‌സലു'കളെന്നും മുദ്രകുത്തപ്പെട്ട് ജയിലിലടക്കപ്പെട്ടുകഴിഞ്ഞു. അക്കൂട്ടത്തിൽ സ്റ്റാൻ സ്വാമിയെപ്പോലുള്ളവർ കാരാഗൃഹത്തിൽവെച്ചുതന്നെ മരണത്തിന് കീഴടങ്ങി; പതിനായിരങ്ങൾ വിചാരണയും കാത്തു കിടക്കുന്നു. അതിൽ രോഗികളും ഭിന്നശേഷിക്കാരും വയോധികരുമെല്ലാമുണ്ട്. ജനാധിപത്യത്തിന്റെ നാവറുക്കുന്ന ഈ രാഷ്ട്രീയഹത്യയുടെ തുടർച്ചയിലാണ് പോപുലർ ഫ്രണ്ടും നിരോധിക്കപ്പെട്ടിരിക്കുന്നത്. ആ സംഘടനയുടെ മുഴുവൻ പ്രവർത്തനങ്ങളിലും യോജിച്ചുകൊണ്ടല്ല ഇങ്ങനെയൊരു വിലയിരുത്തൽ.

അടിയന്തര വിജ്ഞാപനത്തിൽ പരാമർശിച്ച കൈവെട്ട് കേസും അഭിമന്യു വധവുമെല്ലാം ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. അത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെ കൈകാര്യംചെയ്യാൻ നമ്മുടെ ശിക്ഷാനിയമത്തിൽ വകുപ്പുകളുമുണ്ട്. എന്നാൽ, ഇതിന്റെയൊക്കെ പേരിൽ സംഘടനക്കും അനുബന്ധ ഘടകങ്ങൾക്കും മൊത്തമായി നിരോധനമേർപ്പെടുത്തുമ്പോൾ അത് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള ഭരണകൂടത്തിന്റെ കുതിപ്പായി കാണാനാവില്ല. ജനാധിപത്യ പ്രസ്ഥാനങ്ങൾക്കു മുന്നറിയിപ്പാകുന്ന വംശീയവേട്ടയായാണ് അത് വിലയിരുത്തപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP