Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി യൂനിറ്റിന് വേണ്ടി സ്ഥലം വാങ്ങിയപ്പോൾ പ്രൊജക്ട് മാനേജർ ഇടനിലക്കാരനായി കമ്മീഷൻ കൈപ്പറ്റി; കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കോട്ടയത്തെയും ഭൂമിയിടപാടുകളിലും മറ്റും വൻ വെട്ടിപ്പ്; എസ്.എസ്.എൽ.സി യോഗ്യതയുള്ള വ്യക്തിയെ സീനിയർ മാനേജർ തസ്തികയിൽ നിയമിച്ചപ്പോൾ പിടിപ്പുകേട് കാരണം സ്ഥാപനത്തിന് നഷ്ടം വന്നത് ലക്ഷങ്ങൾ; ജമാഅത്തെ ഇസ്ലാമിയുടെ 'മാധ്യമം' പത്രത്തിൽ അടിമുടി അഴിമതിയും വെട്ടിപ്പും

കൊച്ചി യൂനിറ്റിന് വേണ്ടി സ്ഥലം വാങ്ങിയപ്പോൾ പ്രൊജക്ട് മാനേജർ ഇടനിലക്കാരനായി കമ്മീഷൻ കൈപ്പറ്റി; കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കോട്ടയത്തെയും ഭൂമിയിടപാടുകളിലും മറ്റും വൻ വെട്ടിപ്പ്; എസ്.എസ്.എൽ.സി യോഗ്യതയുള്ള വ്യക്തിയെ സീനിയർ മാനേജർ തസ്തികയിൽ നിയമിച്ചപ്പോൾ പിടിപ്പുകേട് കാരണം സ്ഥാപനത്തിന് നഷ്ടം വന്നത് ലക്ഷങ്ങൾ; ജമാഅത്തെ ഇസ്ലാമിയുടെ 'മാധ്യമം' പത്രത്തിൽ അടിമുടി അഴിമതിയും വെട്ടിപ്പും

ജംഷാദ് മലപ്പുറം

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രത്തിൽ ജീവനക്കാർക്ക് ശമ്പളം പോലും സമയത്തിന് കൊടുക്കാൻ കഴിയാത്തത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ, കടുത്ത അഴിമതിയും, ധൂർത്തും, ക്രമക്കേടുകളും നടക്കുന്നതായി ജമാഅത്തെ ഇസ്ലാമി ശൂറാ കമ്മിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട്. സ്ഥലം വാങ്ങിയതിലും പ്രസ് വാങ്ങിയതിലുമൊക്കെ എല്ലാ യൂണിറ്റിലും അഴിമതി നടന്നിട്ടുണ്ട്. കൊച്ചി യൂനിറ്റിന് വേണ്ടി സ്ഥലം വാങ്ങിയപ്പോൾ പ്രൊജക്ട് മാനേജർ കോർഡിനേറ്റർ വി.എ.സലീം ഇടനിലക്കാരനായി കമ്മീഷൻ കൈപ്പറ്റിയതായി ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ ശൂറ നിയോഗിച്ച കമ്മിറ്റി അംഗങ്ങളോട് വ്യക്തമാക്കി. ഇതിലൂടെ മാത്രം സലീം 80,000 രൂപ കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പറയുന്നത്. എന്നാൽ ഇതിനേക്കാൾ വലിയ സാമ്പത്തിക തട്ടിപ്പുകൾ മാധ്യമത്തിൽ അരങ്ങുവാഴുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കോട്ടയത്തെയും ഭൂമിയിടപാടുകളിലും മിഷനറി സ്ഥാപനങ്ങൾ സ്ഥാപിച്ചതിലും വെട്ടിപ്പും പിടിപ്പുകേടും വഴി സ്ഥാപനത്തിനുണ്ടായ നഷ്ടം റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്.

മാധ്യമം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ജമാഅത്തെ ഇസ്ലാമി ശൂറാ തീരുമാന പ്രകാരം ഇവയെ കുറിച്ചു പഠിക്കാൻ നിയോഗിച്ച അബ്ദുൽ ഹക്കീം നദ്വി കൺവീനറും, കൂട്ടിൽ മുഹമ്മദാലി, കെ.എ യൂസുഫ് ഉമരി, ടി.മുഹമ്മദ് വേളം എന്നിവർ അംഗങ്ങളുമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. 2019 ജനുവരി ഒമ്പതിലെ ശൂറാ തീരുമാനപ്രകാരമാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. ഈ റിപ്പോർട്ട് പുറത്തുവിട്ടതിന്റെ പേരിലാണ് നേരത്തെ കൗൺസിൽ അംഗമായ ഖാലിദ് മൂസാ നദ്വിയെ സംഘടന സസ്പെൻഡ് ചെയ്തത്. 20 പേജുള്ള റിപ്പോർട്ട് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പ്രതിസന്ധി മറികടക്കാനായി ജീവനക്കാരുടെ എണ്ണം ചുരുക്കണമെന്നും ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് യൂണിയനുകളുടെ പിന്തുണ ആവശ്യമായ രീതിയിൽ ലഭിക്കുന്നില്ല. മജീദിയ വേജ്ബോർഡ് ക്ലാസ് നാലുപ്രകാരം ശമ്പളം സകെയിൽ നടപ്പാക്കിയതും തിരിച്ചടിയായി. ദേശാഭിമാനി അടക്കമുള്ള പത്രങ്ങൾ ക്ലാസ് ആറു പ്രകാരം മാത്രമാണ് ശമ്പളം നൽകുന്നത്. ആവശ്യമായ സാധ്യതാ പഠനം നടത്താതെ പുതിയ യൂണിറ്റുകൾ തുടങ്ങിയതും വൻ തിരിച്ചടിക്ക് കാരണമായതായും റിപ്പോർട്ട് പറയുന്നു. ഇതോടൊപ്പമാണ് വലിയ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മാധ്യമത്തിൽ നടക്കുന്നതായി സമിതി കണ്ടെത്തിയത്.

സ്ഥലമെടുപ്പിൽ വ്യാപക അഴിമതി

മാധ്യമത്തിന്റെ വിവിധ യൂണിറ്റുകളിൽ നടന്ന സ്ഥലമെടുപ്പിലെ അഴിമതിയെ പറ്റി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്. കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിനു സമീപം എടുത്ത സ്ഥലത്തിന്റെ ഇടപാടിൽ വൻ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന് സ്ഥലമെടുപ്പിന് ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന സുബൈർ സാഹിബ് കരിക്കോട് ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിൽ സ്ഥലം വാങ്ങിയ വകയിൽ ഒരു ഉന്നതൻ കമ്മീഷൻ പറ്റിയ കാര്യം ജീവനക്കാർക്കിടയിൽ പാട്ടാണ്. കോഴിക്കോട് വെസ്റ്റിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഓറിയന്റൽ പ്രിന്റിങ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവും 30 സെന്റ് സ്ഥലവും പ്രൊഡക്ഷൻ മാനേജർ റഷീദലിയുടെ താൽപര്യാർത്ഥം വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന ആരോപണം ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നു. 30 സെന്റ് വിലകൊടുത്തു വാങ്ങിയ ഈ സ്ഥലം അളന്ന് നോക്കിയപ്പോൾ 24.7 മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് പ്രിന്റിങ് ടെക്‌നോളജി സ്ഥാപിക്കുവാനായി വാങ്ങിയ സ്ഥലത്തിന് കമ്മീഷൻ വാങ്ങിയെന്ന് കെ. റഷീദ് അലി സമ്മതിച്ചിട്ടുണ്ട്. കമ്മീഷൻ തുക എസ്ജിഎം സിറാജ് അലിയെ എൽപ്പിച്ചുവെന്നും, മനേജ്മെന്റിന്റെ അനുമതി പ്രകാരം ആ തുക അദ്ദേഹത്തിനുതന്നെ തി്രിച്ചു നൽകുകയും ചെയ്തു.

മാധ്യമം കോഴിക്കോട് സിറ്റി യൂണിറ്റ് മീഡിയവൺ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം കോഴിക്കോട് പ്രിന്റിങ് ടെക്‌നോളജിക്കു വേണ്ടി വാങ്ങിയ സ്ഥലം എന്നിവ ഉൾപ്പെടെയുള്ള കച്ചവടങ്ങളിൽ അനീസ് എന്ന ജീവനക്കാരനും കമ്മീഷൻ ലഭിച്ചിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം സ്ഥാപനങ്ങളിലും സമാനമായ ക്രമക്കേട് നടനനിട്ടുണ്ട്.കൊച്ചി യൂണിറ്റിൽ 5 കോടി വിലപിടിപ്പുള്ള പ്രസ്സും ഒരു കോടിയോളം വിലമതിക്കുന്ന ജനറേറ്ററും രണ്ടു വർഷം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമായിട്ടില്ല. ഇതുവരെയും പ്രവർത്തിപ്പിക്കാൻ കഴിയാത്ത പ്രസ്സിലേക്കാണ് രണ്ടു വർഷം മുമ്പ് ജീവനക്കാരെ പ്രൊഡക്ഷൻ മാനേജർ നിയമിച്ച് ശമ്പളം കൊടുത്തു കൊണ്ടിരിക്കുന്നത്. ബിൽഡിങ്ങിന്റെ ഉയരക്കുറവ് മൂലം പ്രസ്സ് നടത്താൻ അനുമതി ലഭ്യമാക്കാത്തതിനാൽ ഏതാണ്ട് പത്തു കോടി രൂപ ഡെഡ്മണിയാായി കിടക്കുകയാണ്.

എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ള സീനിയർ മാനേജർ

എസ്.എസ്.എൽ.സി മാത്രം യോഗ്യത മാത്രമുള്ള കെ. റഷീദലിയെ പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് സീനിയർ മാനേജർ തസ്തികയിൽ നിയമിച്ചതും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടല്ല എന്ന മുറുമുറുപ്പ് ജീവനക്കാർക്കിടയിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ തസ്തികയിലേക്ക് കഴിവുറ്റ നിരവധി പേർ യോഗ്യരായിരുന്നിട്ടും മുൻ ചെയർമാന്റെ (ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ആരിഫലിയുടെ) ഭാര്യാസഹോദരൻ എന്ന പരിഗണന മാത്രം വച്ചാണ് അദ്ദേഹത്തെ ഈ തസ്തികയിൽ നിയമിച്ചത്. എഴുത്തുകുത്തുകൾ നടത്താനും മറ്റു ഉന്നത ഇടപെടലുകൾ നടത്താനും ഭാഷാനൈപുണ്യമില്ലാത്ത റഷീദലി മൂന്നു പേരെയാണ് തന്റെ സഹായികളായി നിർത്തി ശമ്പളം നൽകി വരുന്നത്. മലപ്പുറം പ്രസ്സിലെ പാക്കിങ് കൗണ്ടിങ് മെഷീനും ക്വാർട്ടർ ഫോൾഡർ മെഷീനും ഉപയോഗശൂന്യമായി കിടക്കുന്നതും കൊച്ചി യൂണിറ്റിൽ പ്രസ്സ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതിന് മുമ്പ് മെഷിനുകളുടെ വാറണ്ടി കാലയളവ് അവസാനിക്കുന്ന സ്ഥിതിയും പ്രസ്സ് ആരംഭിക്കുന്നതിന് മുമ്പ് പുതിയ സ്റ്റാഫുകളെ നിയമിച്ചതും ഉൾപ്പടെ മാധ്യമത്തിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിന്റെ നടപടികൾ കാരണം കൂടിയാണെന്ന് മനസ്സിലാകുന്നു.

സ്ഥാപനത്തിനു വേണ്ടി ഊണും ഉറക്കവുമില്ലാതെ അധ്വാനിക്കുന്ന സാധാരണക്കാരായ ജീവനക്കാർ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകളിൽ മനംനൊന്ത് ഒതുക്കപ്പെട്ട അവസ്ഥയിലാണുള്ളത്. സ്ഥാപനത്തിന്റെ ചെലവിൽ തടിച്ചുകൊഴുക്കുന്നതും ഉയർച്ച നേടുന്നതും ജനറൽ മാനേജർമാർ ഉൾപ്പെടെ ഏതാനും ഉന്നതർ മാത്രമാണ്. മൂന്ന് ജനറൽ മാനേജർമാർ മാധ്യമത്തിന് ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. മനോരമക്കും മാതൃഭൂമിക്കും മീഡിയ വണ്ണിനുമെല്ലാം ഒന്നിലധികം ജനറൽ മാനേജർമാരുണ്ട്. എന്നാൽ ദേശാഭിമാനിക്ക് അങ്ങനെയില്ല. സിപിഐ (എം) സെക്രട്ടേറിയേറ്റ് മെമ്പറായ കെ.ജെ. തോമസാണ് ദേശാഭിമാനിയുടെ ജനറൽ മാനേജർ. അതിനു പുറമെ ഒരു ഡെപ്യൂട്ടി ജനറൽ മാനേജർ മാത്രമാണുള്ളത്. ഇതിൽ ഏതാണ് അഭികാമ്യമെന്ന് ഇനിയും ആലോചിക്കേണ്ടതാണ്.

പ്രൊജക്ട് മാനേജർ കോർഡിനേറ്റർ വി.എ.സലീമിനെ കുറിച്ചു കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങിനെയാണ്:

1. മാധ്യമം പ്രൊജക്ട് കോഡിനേറ്ററായി നിലവിൽ സേവനമനുഷ്ടിക്കുന്ന വി.എ സലീം സാഹിബ് നേരത്തെ സാമ്പത്തിക ഇടപാടുകളിലെ സൂക്ഷ്മതക്കുറവ് കാരണം പ്രസ്ഥാനം പലതവണ നടപടി സ്വീകരിച്ചയാളാണ്. എറണാകുളം ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് മൂലം മാധ്യമം റസിഡന്റ് മാനേജർ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കിയതാണ്.

2 ഇന്ന് അദ്ദേഹമാണ് മാധ്യമത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ മുഴുവൻ ഫയലുകളും കൈകാര്യം ചെയ്യുന്നത്. മാധ്യമം പോലെ ഒരു ക്രഡിബിൾ ബ്രാൻഡ് വാല്യൂ ഉള്ള സ്ഥാപനത്തിന്റെ മാനേജർ അതീവ സൂക്ഷ്മതയും സുതാര്യതയും സത്യസന്ധതയും പുലർത്തുന്ന ഒരാളായിരിക്കേണ്ടത് അനിവാര്യമാണ്.

3 അദ്ദേഹത്തിന്റെ ഭാര്യ റംലയുടെ നേത്യത്വത്തിലുള്ള ഇസ്സർ അസോസിയേറ്റ്സ് എന്ന സ്ഥാപനമാണ് മാധ്യമത്തിന്റെ പ്രധാന കൺസൾട്ടന്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിക്കുന്നതും ഫൈനൽ ചെയ്യുന്നതും അദ്ദേഹത്തിന്റെ ഭാര്യയുടെ സ്ഥാപനമാണ്.

4 സാമ്പത്തിക ഇടപാടുകളിൽ കുറ്റാരോപിതനായ ഒരാൾ പാജക്ട് കോഡിനേറ്ററാകുകയും അദ്ദേഹത്തിന്റെ ഭാര്യയുടെ സ്ഥാപനം തന്നെ കൺസൾട്ടന്റ് ആകുകയും ചെയ്യുന്നതിലെ സുതാര്യ ഇല്ലായ്മ പ്രകടമാണ്.

5. ഫലത്തിൽ പ്രൊജക്ട് മാനേജറും കൺസൾട്ടൻസിയും ഒന്നാകുക വഴി ഒരു കൺസൾട്ടൻസിയെ നിശ്ചയിക്കുന്നതിന്റെ ഫലം ലഭിക്കാതെ പോകുന്നു. അതോടൊപ്പം നേരത്തെ സാമ്പത്തിക കാര്യങ്ങളിൾ സൂക്ഷ്മത പാലിക്കാത്ത ഒരാൾക്ക് വീണ്ടും സാമ്പത്തിക തിരിമറി നടത്തുവാൻ പറ്റും വിധം അദ്ദേഹത്തിന് മുമ്പിൽ വാതിലുകൾ തുറന്നിടുകയാണ് ചെയ്യുത്.

6. സലീം സാഹിബിന്റെ നേതൃത്വത്തിലാണ് കൊച്ചി യൂനിറ്റിന് വേണ്ടി സ്ഥലം വാങ്ങിയത്.പ്രസ്തുത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 80,000 രൂപ കമ്മീഷൻ വാങ്ങിയിട്ടുെണ്ടന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പറയുന്നു.

7. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മതയില്ലാത്ത ഇദ്ദേഹത്തെ മാനേജ്മന്റ് ഇത്രയും വലിയ പോസ്റ്റിൽ നിയമിച്ചത് എന്തടിസ്ഥാനത്തിലാണ്? അദ്ദേഹത്തെ പ്രസ്തുത തസ്തികയി നിയമിക്കുതിനായി അന്നത്തെ എറണാകുളം ജില്ലാ പ്രസിഡാന്റായിരുന്ന വ്യക്തിക്ക് ജമാഅത്ത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടായതായി അദ്ദേഹം പറയുന്നു.

8. വി.എ സലീം സാഹിബിനെ പ്രൊജക്ട് മാനേജർ തസ്തികയി നിന്നും അദ്ദേഹത്തിന്റെ ഭാര്യ റംലയുടെ നേതൃത്വത്തിലുള്ള എസ്സാർ അസോസിയേറ്റ്സിനെ കൺസൾട്ടൻസിയി നിന്നും ഒഴിവാക്കി മാധ്യമത്തിന്റെ ക്രെഡിബിലിറ്റി നിലനിർത്തേത് അനിവാര്യമാണ്.

ഇൻസെന്റീവ് ഇനത്തിലും ചിലർ വലിയ തുകകൾ കൈപറ്റി

ജീവനക്കാർക്ക് നൽകുന്ന ഇൻസെന്റീവ് ഇനത്തിലും വൻതട്ടിപ്പ് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

1, ഒരു പത്ര സ്ഥാപനം എന്ന നിലയിൽ മുഖ്യമായും അതിന്റെ ബിസിനസ് സർക്കുലേഷനും പരസ്യവും ആസ്പദമാക്കിയാണ്നിലനിൽക്കുന്നതെന്നും. ആയതിനാൽ ആ മേഖലയിൽ അധ്വാനിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ പ്രാത്സാഹനം ലഭിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇൻസെന്റീവ് സമ്പ്രദായം നടപ്പിലാക്കിയത്. എന്നാൽ ഇതിന്റെ ഗുണഫലം ഫീൽഡിൽ പ്രവർത്തിക്കുന്ന ബിസിനസ് എക്സിക്യൂട്ടീവുകൾക്ക് ലഭ്യമാകുന്നതിനേക്കാൾ മജീദിയ ബോർഡ് പ്രകാരം ഉയർന്ന ശമ്പളം വാങ്ങുന്ന മാനേജർമാർക്കാണ് ലഭിച്ചുപോന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ പ്രയാസപ്പെടുന്ന സന്ദർഭങ്ങളിൽ പോലുംഉയർന്ന ശമ്പളം ലഭിക്കുന്നവർ ഇൻസെന്റീവ് ഇനത്തിൽ വലിയ തുകകൾ കൈപറ്റിയിട്ടുണ്ട്.

2, 2017-2018 സാമ്പത്തിക വർഷം മാധ്യമത്തിന്റെ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയ കാലമാണ്. ശമ്പളം ക്യത്യ സമയത്ത് നരികുന്നതിൽ വീഴ്ച സംഭവിച്ച് തുടങ്ങിയത് 2018 ആദ്യ മാസങ്ങളിലാണ്. ഈ കാലയളവിൽ പരസ്യ വിഭാഗത്തിലെ ) വ്യക്തികൾ മാത്രം
2541000 രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ കൈപറ്റിയത്. പരസ്യ വിഭാഗത്തിൽ, 612219500 രൂപയും സർക്കുലേഷൻ വിഭാഗത്തിൽ 2,001,35,00 രൂപയുമാണ് 2017-18 വർഷത്തിൽ ഇൻസെന്റീവ് നൽകിയത്. 2014-2015 സാമ്പത്തിക വർഷത്തിൽ 190859400 രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ പരസ്യ വിഭാഗത്തിലെ ജീവനക്കാർക്ക് വേണ്ടി ചെവഴിച്ചത്. ഇതിൽ 144141900 രൂപ വെറും 5 വ്യക്തികൾ മാത്രം കരസ്ഥമാക്കിയതാണ്.
2016-17 സാമ്പത്തിക വർഷം 212010200 രൂപയാണ് സർക്കുലേഷൻ വിഭാഗത്തിൽ ഇൻസന്റീവ് കൊടുത്തതെങ്കിൽ അതിൽ കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ കൈപറ്റിയത് 486146,00 രൂപയാണ്. അത് വർഷം പരസ്യ വിഭാഗത്തിൽ ഇൻസെന്റീവ് നൽകിത് 612319503രൂപയുമാണ്.


നൈറ്റ് അലവൻസിലും സാമ്പത്തിക തട്ടിപ്പ്

1.നൈറ്റ് അലവൻസിലും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് സംഘടനക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രാത്രി 11 മണിക്ക് ശേഷം ജോലി ചെയ്യുന്നവർക്ക് നൽകുന്ന പ്രത്യക അലവൻസായ നൈറ്റ് അലൻവസ് ദുരുപയോഗം ചെയ്യുന്നത് തടയുവാൻ ചില ക്രമീകരണങ്ങൾ ഉണ്ടാക്കിയത്. എന്നാൽ ക്രമീകരണങ്ങൾ തൊഴിലാളി വിരുദ്ധ സമീപനങ്ങൾ എന്നാരോപിച്ച് ഇന്നും എതിരിക്കുകയാണ് യൂനിയൻ ചെയ്യുന്നത്. ഇതിൽ വരുത്തിയ ക്രമികരണം വഴി മാസം 20,000 രൂപ വരെ പാഴാകുന്നത് തടയുവാൻ സാധിച്ചിട്ടുണ്ട്.

2. എൽ.ഒ.പി: ജോലിക്ക് ഹാജരാകാതിരിക്കുകയും ലീവിന് അപേക്ഷിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ സമയത്താണ് ഇത് നിയന്ത്രിക്കുവാനായി അങ്ങനെ ചെയ്യുന്നവരുടേത് ആബ്സൈറ്റ് ആയി പരിഗണിക്കുമെന്ന് നോട്ടി നൽകണ്ടി വന്നത്. ഇത് നടപ്പിലാക്കുവാൻ ആവശ്യത്തിലധികം സമയം അനുവദിച്ച് കൊടുത്തിട്ടും നിരന്തരം ഓർമ്മപ്പെടുത്തിയിട്ടും ചില ജീവനക്കാർ തയ്യാറാകാതെ വന്നപ്പോഴാണ് IOP
നടപ്പിലാക്കുവാൻ തിരുമാനിക്കുന്നത്. ഇത് അംഗീകരിക്കുവാനും യൂനിയൻ തയ്യാറായിട്ടില്ല.

അഴിമതിയും അധാർമികതയും കെടുകാര്യസ്ഥതതയുമാണ് മാധ്യമത്തിന്റെ നില വഷളാക്കിയിരിക്കുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്. കൃത്യസമയത്ത് ശമ്പളം കൊടുക്കാൻ കഴിയാത്തത് മൂലം ജീവനക്കാരുടെ അസംതൃപ്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഗൾഫ് വരുമാനം നിലക്കാത്ത സ്രോതസ്സല്ല എന്ന് തിരിച്ചറിഞ്ഞ് വരുമാനം സൂക്ഷ്മമായി വിനിയോഗിക്കുന്നതിൽ തലപ്പത്തുള്ളവർ പരാജയപ്പെട്ടതാണ് പ്രതിസന്ധിയുടെ ഒരു കാരണം. അഴിമതിക്കെതിരെ നിരന്തരം അച്ചടിമഷി നിരത്തുന്നതിനിടയിൽ സ്വന്തം സ്ഥാപനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും കാണാതെ പോകുകയോ അവയ്ക്കു നേരെ ഉത്തരവാദപ്പെട്ടവർ കണ്ണടക്കുകയോ ചെയ്തതാണ് ഈ അപചയം രൂക്ഷമാക്കിയത്.

പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ:-

1.ഏതാനും ചിലരുടെ താൽപ്പര്യത്തിനനുസരിച്ച് നടപ്പിലാക്കിയ അശാസ്ത്രീയവും അനാവശ്യവുമായ നവീകരണ പ്രവൃത്തികൾ

2.കണ്ണിലെ കരടായവരെ നിശ്ചലരും നിശബ്ദരുമാക്കി ഒതുക്കി നിർത്താനായി സൃഷ്ടിച്ച പുതിയ തസ്തികകൾ

3.ഏതാനും വ്യക്തികൾക്ക് ലാഭം കിട്ടത്തക്കവിധം നടത്തിയ ഭൂമി ഇടപാടുകൾ

മാനേജരുടെ പിടിവാശി മൂലം കൊച്ചിയിലെ പ്രസ്സിൽ പഴയ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിക്കുകയും തുടർന്ന് പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാത്ത പ്രസ്സിലെ ജീവനക്കാർക്ക് മതിയായ ജോലി ചെയ്യാതെ ശമ്പളം നൽകേണ്ടിവന്നതുമായ അവസ്ഥ

വ്യക്തികളുടെ താൽപര്യവും അവർക്കുള്ള ലാഭവും മാത്രം ആസ്പദമാക്കി അനുയോജ്യമല്ലാത്ത പ്രദേശങ്ങളിൽ യൂണിറ്റ് ആരംഭിക്കാൻ വേണ്ടി സ്ഥലം എടുത്ത നടപടി.

മൂന്നിൽ രണ്ട് ജീവനക്കാർ മാത്രം മതി

മാധ്യമം ഹെൽത്ത് കെയർ, എംപ്ലോയീസ് വെൽഫെയർ ഫണ്ട് എന്നിവ സംബന്ധിച്ച് ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുകയോ അർഹരിലേക്ക് എത്താതിരിക്കുകയോ ചെയ്യുന്നുണ്ടെന്ന പരാതിയും യൂണിയനുകൾ ഉന്നയിച്ചിരുന്നു. അതിനെ പറ്റി അന്വേഷിക്കാൻ സമയപരിമിതി കാരണം ഈ സമിതിക്ക് സാധിച്ചിട്ടില്ല. മാധ്യമത്തിന്റെ ഏറ്റവും വലിയ ബാധ്യത ജീവനക്കാരുടെ ശമ്പളമാണ്. 2017 ൽ 942 ജീവനക്കാരാണ് മാധ്യമത്തിലുണ്ടായിരുന്നത്. എച്ച്. ആർ കോസ്റ്റ് കുറക്കുന്നതിന്റെ ഭാഗമായി നിയമന നിരോധനം ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നിലവിൽ 850 ജീവനക്കാരാണുള്ളത്. ഇവർക്ക് ശമ്പളയിനത്തിൽ മാത്രം പ്രതിമാസം 3.19 കോടി രൂപയാണ് ചെലവാകുന്നത് (ഒരു വർഷം 38.28 കോടി!). മാധ്യമം നടന്നു പോകണമെങ്കിൽ ഇപ്പോൾ ഉള്ളതിന്റെ മുന്നിൽ രണ്ട് ജീവനക്കാർ മതിയാകുമെന്നാണ് പ്രാഥമിക പഠനത്തിൽ നിന്നും ബോധ്യപ്പെടുന്നത്. അൽപം ഞെരുങ്ങിയാൽ പകുതി സ്റ്റാഫുകളെക്കൊണ്ടും മാധ്യമം വേണമെങ്കിൽ നടത്തുവാൻ സാധിക്കും.

2019 ജനുവരി 9 ലെ ശൂറാ (ഉന്നത കൂടിയാലോചനാ സമിതി)തീരുമാനപ്രകാരമാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. ഇവർ തെയ്യാറാക്കിയ റിപ്പോർട്ടിലാണ് മേൽപറഞ്ഞ അഴിമതിക്കതകൾ വ്യക്തമാക്കുന്നത്. മാധ്യമം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാതലത്തിൽ ശമ്പളം വൈകുന്നതുൾപ്പടെ പ്രതിസന്ധി പ്രകടമായ സാഹചര്യത്തിൽ യൂനിയൻ നൽകിയ കത്തിന്റെ വെളിച്ചത്തിലാണ് ഈ വസ്തുതാന്വേഷണ സമിതി രൂപീകരിക്കപ്പെട്ടത്. 'ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ട്. അതിന് സഹായകമാകുന്ന പ്രാഥമിക രേഖ മാത്രമാണ് ഈ റിപ്പോർട്ട്. മാധ്യമത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കഴിഞ്ഞ 32 വർഷക്കാലത്തിന്റെ ഒരു സോഷ്യൽ ഓഡിറ്റിങ് അനിവാര്യമാണ്. മാധ്യമം അതിന്റെ ഭൂതകാലത്തെ കുറിച്ച് ആത്മപരിശോധനയും നടത്തേണ്ടതുണ്ട്. അത് വീഴ്ചകൾ തിരിച്ചറിയുവാനും തിരുത്തുവാനും കൂടുതൽ ഉണർവോടെ മുന്നേറാനും സഹായകമാകുമെന്ന് ഈ സമിതി വിശ്വസിക്കുന്നു. ആ നിലക്ക് ഇതൊരു ആത്മപരിശോധനയാണ്. ചെറിയ തോതിലുള്ള സോഷ്യൽ ഓഡിറ്റ് കൂടിയാണ് '- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അബ്ദുൽ ഹകീം നദ്വി കൺവീനറായ തെയ്യാറാക്കിയ റിപ്പോർട്ട് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP