Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മലയാളത്തിന്റെ മഹാനടന് പിറന്നാൾ ദിനത്തിൽ ചാനലുകൾ നൽകിയത് അർഹിക്കുന്ന ആദരം; ഭാവാഭിനയ ചക്രവർത്തിയെ പുതുതലമുറയോട് അടുപ്പിക്കാൻ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലെ ആദരവെന്ന വാക്കിനെ ആദരാഞ്ജലിയാക്കി സൈബർ ലോകത്തെ ഞരമ്പ് രോഗികളും; ജഗതി ശ്രീകുമാറിനെ വ്യാജ പോസ്റ്ററുകളിലൂടെ പലതവണ 'കൊന്നവർ' ഇത്തവണ ഇരയായെടുത്തത് മധുവിനെ; എല്ലാം കണ്ടും കേട്ടും പരാതിയും പരിഭവവും പറയാതെ തലമുറകളെ മോഹിപ്പിച്ച അതേ ചിരിയുമായി മധു സാറും

മലയാളത്തിന്റെ മഹാനടന് പിറന്നാൾ ദിനത്തിൽ ചാനലുകൾ നൽകിയത് അർഹിക്കുന്ന ആദരം; ഭാവാഭിനയ ചക്രവർത്തിയെ പുതുതലമുറയോട് അടുപ്പിക്കാൻ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലെ ആദരവെന്ന വാക്കിനെ ആദരാഞ്ജലിയാക്കി സൈബർ ലോകത്തെ ഞരമ്പ് രോഗികളും; ജഗതി ശ്രീകുമാറിനെ വ്യാജ പോസ്റ്ററുകളിലൂടെ പലതവണ 'കൊന്നവർ' ഇത്തവണ ഇരയായെടുത്തത് മധുവിനെ; എല്ലാം കണ്ടും കേട്ടും പരാതിയും പരിഭവവും പറയാതെ തലമുറകളെ മോഹിപ്പിച്ച അതേ ചിരിയുമായി മധു സാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനാണ് മധു. 1933 സെപ്റ്റംബർ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതിൽ ആർ. പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവൻനായർ എന്ന മധു ജനിച്ചത്. മഹാനടന്റെ പിറന്നാൾ സിനിമാ ലോകം പ്രാധാന്യത്തോടെ തന്നെ ആഘോഷിച്ചു. ചില ചാനലുകൾ അന്നേ ദിനം നടന് ആദരവ് പ്രകടിപ്പിച്ച് പരിപാടികൾ സംഘടിപ്പിച്ചു. ദൂരദർശനും അഭിനയ പ്രതിഭയെ അംഗീകാരത്തിന്റെ പൂച്ചെണ്ടുകൾ കൊണ്ട് മൂടി. ആദരവായി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. എ്ന്നാൽ ഈ ടി വി പരിപാടിയെ തെറ്റായ തരത്തിൽ പ്രചരിപ്പിക്കുകയാണ് ചിലർ ചെയ്തത്. ആദരവിനെ ആദരാജ്ഞലിയാക്കി മാറ്റി. സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണവും നടന്നു. അങ്ങനെ ജീവനോടെ ഇരിക്കുന്ന മഹാനടൻ മരിച്ചതായി വ്യാജ വാർത്തകൾ എങ്ങുമെത്തി. ഇതിൽ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

മുമ്പും പല പ്രമുഖരേയും കൊല്ലാക്കൊല ചെയ്ത് വാർത്തകളെത്തിയിരുന്നു. പലപ്പോഴും ഇരയായത് ജഗതി ശ്രീകുമാറാണ്. ജഗതി മരിച്ചെന്ന വ്യാജ വാർത്തകൾ പ്രചരിച്ചതിനെതിരെ മക്കൾ പൊലീസിൽ പരാതി പോലും കൊടുത്തിരുന്നു. ഇത്തരം വ്യാജ പ്രചാരകരുടെ അവസാന ഇരയാണ് മധു. മാനസമൈനേ വരൂ'... മനസ്സുനീറി പരീക്കുട്ടി പാടുന്ന ദൃശ്യം വെള്ളിത്തിരയിലെ ഭാവാഭിനയ ചക്രവർത്തിയെന്ന പദവിയാണ് മധുവിന് നൽകിയത്. തലമുറകളെ മോഹിപ്പിച്ച അതേ ചിരിയുടെ ഉടമ. തന്റെ മരണമാഘോഷിക്കുന്ന വ്യാജ പോസ്റ്റുകളെ കുറിച്ച് കേൾക്കുമ്പോഴും മധുവിന്റെ മുഖത്ത് ചിരിമാത്രമാണുള്ളത്. അതിന് അപ്പുറത്തേക്ക് പ്രതികരണവുമില്ല.

Stories you may Like

86-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ മധുവിന് ആദരമർപ്പിച്ച് സംഘടിപ്പിച്ച 'മധു മധുരം തിരുമധുരം' പരിപാടി തലസ്ഥാനത്തിന്റെ ആദരവായി മാറിയിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മധുവിനെ പൊന്നാടയണിയിച്ചു. മലയാളസിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നടനാണ് മധു. താൻ സംവിധാനംചെയ്ത 30 ചിത്രങ്ങളിൽ 11 ലും മധുവായിരുന്നു നായകനെന്ന് ശ്രീകുമാരൻതമ്പി പറഞ്ഞു. അത്രമേൽ ആഴത്തിലുള്ള സൗഹൃദമാണ്.

മധു നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാൻ ഇപ്പോഴേ സമ്മതമാണെന്നായിരുന്നു നടൻ മുകേഷിന്റെ വാക്കുകൾ. മധുവിനെക്കുറിച്ച് മരുമകൻ പി കൃഷ്ണകുമാർ തയ്യാറാക്കിയ 'മധു ദി ആക്ടർ ഡോട്ട് കോം' എന്ന വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ ശ്രീകുമാരൻതമ്പി നിർവഹിച്ചു. മധുവിന്റെ ആദ്യസിനിമയായ 'നിണമണിഞ്ഞ കാൽപ്പാടുകളി'ലെ പ്രേംനസീറും മധുവും ചേർന്നുള്ള രംഗവും പ്രദർശിപ്പിച്ചു. അങ്ങനെ മധുവിന്റെ പിറന്നാൾ എല്ലാവരും ആഘോഷമാക്കി മാറ്റുമ്പോഴായിരുന്നു വ്യാജ പ്രചരണവും എത്തിയത്.

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. ഒരിക്കൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.

1963 ൽ കാര്യാട്ടിന്റെ മൂടുപടത്തിൽ മുഖം കാണിക്കുമ്പോൾ വയസ് മുപ്പതാണ് മധുവിന്. എന്നാൽ, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ച് എൻ എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകൾ ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റി. നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്.

തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. കവിയും സംവിധായകനുമായ പി. ഭാസ്‌കരനാണ് മധു എന്ന പേര് നിർദ്ദേശിച്ചത്. പേരിലെ രാശിയിലൊന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും മധു എന്ന രണ്ടക്ഷരം ഏറക്കാലം മലയാള സിനിമയുടെ രാശിയായി. മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി. അമ്പത്താറു കൊല്ലം കൊണ്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്. സത്യൻ മുതൽ ആസിഫലി വരെയുള്ള നായകന്മാർക്കൊപ്പം. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളറിലേയ്ക്ക് നീളുന്ന അഞ്ചു തലമുറയുടെ ദൈർഘ്യമുണ്ട് ഈ കരിയറിന്.

ഓളവും തീരത്തിലും ബാപ്പുട്ടിയും ഉമ്മാച്ചുവിലെ മായനും ഇതാ ഇവിടെ വരെയിലെ പൈലിയും കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണും ഉദയത്തിലെ രാഷ്ട്രീയക്കാരനും തീക്കനലിലെ കള്ളക്കടത്തുകാരനും യുദ്ധകാണ്ഠത്തിലെ കലാകരാനുമെല്ലാം വ്യത്യസ്തത കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച മധുവിന്റെ കഥാപാത്രങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP