Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇസ്ലാമിൽ ആകൃഷ്ടയായിട്ടല്ല പ്രണയത്തിനുവേണ്ടിയായിരുന്നു മാധവിക്കുട്ടിയുടെ മതം മാറ്റം; സൗദിയിൽനിന്ന് ഇതിനായി പത്തുലക്ഷം ഡോളർ കൈപ്പറ്റിയ സാദിഖലി ആരാണ്; ഒരു അന്വേഷണം ഉണ്ടായാൽ സ്വാഗതം ചെയ്യുമെന്ന് വിവാദം പുറത്തുകൊണ്ടുവന്ന എം പി അഹമ്മദ്; 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിന്റെ ഓരോ വരിയിലും ഉറച്ചു നിൽക്കുന്നുവെന്ന് പ്രശസ്ത കനേഡിയൻ എഴുത്തുകാരി മെറിലി വെയ്സ്ബോർഡ്; മരണത്തിന് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ദുരുഹത മാറാതെ മാധവിക്കുട്ടിയുടെ മതപരിവർത്തനം

ഇസ്ലാമിൽ ആകൃഷ്ടയായിട്ടല്ല പ്രണയത്തിനുവേണ്ടിയായിരുന്നു മാധവിക്കുട്ടിയുടെ മതം മാറ്റം; സൗദിയിൽനിന്ന് ഇതിനായി പത്തുലക്ഷം ഡോളർ കൈപ്പറ്റിയ സാദിഖലി ആരാണ്; ഒരു അന്വേഷണം ഉണ്ടായാൽ സ്വാഗതം ചെയ്യുമെന്ന് വിവാദം പുറത്തുകൊണ്ടുവന്ന എം പി അഹമ്മദ്; 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിന്റെ ഓരോ വരിയിലും ഉറച്ചു നിൽക്കുന്നുവെന്ന് പ്രശസ്ത കനേഡിയൻ എഴുത്തുകാരി മെറിലി വെയ്സ്ബോർഡ്; മരണത്തിന് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ദുരുഹത മാറാതെ മാധവിക്കുട്ടിയുടെ മതപരിവർത്തനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്നെന്നും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും തടവുകാരിയായിരുന്നു ലോകമെമ്പാടും ആരാധകർ ഉണ്ടായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി. കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിലും എഴുതി ഒരുഘട്ടത്തിൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന്റെ നോമിനേഷനിൽപോലും പരിഗണിക്കപ്പെട്ട ഈ അസാമാന്യ പ്രതിഭയുടെ പത്താം ചരമ വാർഷികമാണ് മെയ് 31. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, മരിച്ചിട്ട് ഒരു ദശാബ്ദം കഴിയുമ്പോഴും മാധവിക്കുട്ടി കേരളത്തിൽ കത്തി നിൽക്കുന്നത് അവരുടെ മതം മാറ്റത്തിന്റെ പേരിലാണ്. മാധവിക്കുട്ടിയുടെ മതപരിവർത്തനത്തിനു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളർ കിട്ടിയെന്നും ആരോപിച്ച് എഴുത്തുകാരനും പ്രാസംഗികനും സിപിഐയുടെ സാംസ്‌കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ എ.പി. അഹമ്മദിന്റെ പ്രസംഗം വൈറലായതോടെയാണ് ഈ വിഷയം സോഷ്യൽ മീഡിയയിലടക്കം സജീവ ചർച്ചയായത്.

യുക്താദികളുടെ കൂട്ടായമായ 'സ്വതന്ത്രലോകം' സെമിനാറിൽ അദ്ദേഹം കഴിഞ്ഞ വർഷം നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സൗദി അറേബ്യയിലെ ഒരു സംഘടനയിൽ നിന്നും പത്തു ലക്ഷം ഡോളർ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവർത്തനം നടത്തിയത്. ഇക്കാര്യം മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെറിലി വെയ്സ് ബോർഡിന്റെ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിൽ ഉണ്ടെന്നും അഹമ്മദ് വ്യക്തമാക്കി. ഈ പുസ്തകം ആരും ചർച്ച ചെയ്തില്ലെന്നും, എത്രകാലം മൂടിവച്ചാലും സത്യം പുറത്തുവരുമെന്നതിന്റെ സൂചനയാണ് ഇതെന്നും അഹമ്മദ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു.

മാധവിക്കുട്ടിയുടെ പത്താം ചരമവാർഷികം കടന്നുപോകുന്ന ഈ അവസരത്തിലും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കയാണെന്ന് എപി അഹമ്മദ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടന്നാൽ സ്വാഗതം ചെയ്യും. ആ പുസ്തകത്തിന്റെ മലയാളം പരിഭാഷയായ 'പ്രണയത്തിന്റെ രാജകുമാരി' ഇറങ്ങിയപ്പോൾ സമദാനി ബിജെപിയുടെ ശ്രീധരൻ പിള്ള വഴി ഒരു കോടിക്ക് ഗ്രീൻ ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പിന്നെ സമദാനി അനങ്ങിയില്ല. ഈ മൗനം തന്നെ സംഭവം സത്യമാണെന്നതിന്റെ തെളിവാണ്-അഹമ്മദ് പറയുന്നു. സോഷ്യൽ മീഡിയയാണ് എന്റെ പ്രസംഗത്തിൽ വളരെ എക്സ്പ്ലോസീവ് ആയ കണ്ടന്റ് ആണെന്ന് തിരിച്ചറിയുന്നത്. ഇപ്പോൾ മാധവിക്കുട്ടിയുടെ മരണത്തിനു ഒരു പതിറ്റാണ്ടു പൂർത്തിയാകുന്ന വേളയിലാണ് ഈ വിവാദം ഉയരുന്നത്. ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും മാധവിക്കുട്ടിയുടെ ജീവിതം, മരണം, മതപരിവർത്തനം, തുടങ്ങിയ സംഭവങ്ങളുടെ ദുരൂഹത നീങ്ങുന്നില്ല എന്നോർക്കണം. വലിയ കുറ്റവാളികൾ ഇങ്ങിനെ പുറത്ത് സർവതന്ത്ര സ്വതന്ത്രരായി നടക്കുമ്പോൾ മാധവിക്കുട്ടിയുടെ ആത്മാവ് പൊറുക്കുന്നില്ലാ എന്നോർക്കേണ്ടിയിരിക്കുന്നു.- അഹമ്മദ് ചൂണ്ടിക്കാട്ടി.

അഹമ്മദിന്റെ പ്രസംഗം വൈറലായതോടെ മെറിലി വെയ്സബോർഡിന്റെ ' ദ ലൗവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിന്റെ വിവർത്തനമായ 'പ്രണയത്തിന്റെ രാജകുമാരിയെന്ന പുസ്തകവും ഇപ്പോൾ നന്നായി വിറ്റുപോകുന്നുണ്ട്. എ.പി അഹമ്മദ് ഉന്നയിക്കുന്ന ആരോപണങ്ങൾ പുസ്തകവും ശരിവെക്കുകയാണ്. പ്രണയത്തിന് വേണ്ടി മാത്രമാണ് മാധവിക്കുട്ടി മതം മാറിയതെന്നും, ഇസ്ലാമിക ആശയങ്ങളോട് അവർക്ക് യാതൊരു യോജിപ്പുണ്ടായിരുന്നില്ലെന്നും അവസാന കാലത്ത് അവർ തിരിച്ച് ഹിന്ദുമതത്തിലേക്ക് മതം മാറാൻ ആഗ്രഹിച്ചിരുന്നുവെന്നും പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

മതം മാറ്റത്തിന് സൗദിയിൽനിന്ന വന്ന പണത്തെക്കുറിച്ചുള്ള സൂചനകളും പുസ്തകം നൽകുന്നുണ്ട്. ചില തീവ്ര ഇസ്ലാമിക സംഘടനകൾ ബന്ദിയാക്കിയ രീതിയിൽ ആയിരുന്നു, മതം മാറ്റത്തിനുശേഷമുള്ള അവരുടെ ജീവിതമെന്നും പുസ്തകം കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. മാധവിക്കുട്ടിയുടെ അത്മ സുഹൃത്തുകൂടിയായ കവിയും എഴുത്തകാരിയുമായ മെറിലി വെയ്സ്ബോർഡ്, വർഷങ്ങളായുള്ള മാധവിക്കുട്ടിയുമായുള്ള നേരിട്ടുള്ള ബന്ധത്തെ തുടർന്നാണ് പുസ്തകം തയ്യാറാക്കിയത്. താൻ പറഞ്ഞതിൽ നൂറുശതമാനവും ഉറച്ചു നിൽക്കുന്നുവെന്ന് മെറിലി വെയ്സബോർഡ് മുമ്പ് 'ആമി' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ സമയത്ത് വ്യക്തമാക്കിയിരുന്നു. പുതിയ വിവാദത്തിന്റെ സമയത്ത് അവരുടെ പ്രതികരണം ആരാഞ്ഞ ഇന്ത്യൻ സാഹിത്യകാരന്മാരോടും ആക്റ്റീവിസ്റ്റുകളോടും താൻ എഴുതിയതിൽ ഒരു തരിപോലും ഭാവനയില്ലെന്നാണ് അവർ പ്രതികരിച്ചത്.

മതം മാറ്റത്തിന്റെ അടിസ്ഥാനം പ്രണയം തന്നെ

രണ്ട് എഴുത്തുകാരികൾ തമ്മിലുള്ള സൗഹൃദത്തിൽ നിന്നുണ്ടായ ഒരപൂർവ്വ ആഖ്യാനമാണ് കനേഡിയൻ എഴുത്തുകാരിയും ഡോക്യുമെന്ററി സിനിമ നിർമ്മാതാവുമായ മെറിലി വെയ്സ് ബോർഡിന്റെ 'The Love Queen of Malabar'.പത്തുവർഷത്തോളം നീണ്ടുനിന്ന കമലയുടെയും മെറിലിയുടെയും ഊഷ്മളമായ സൗഹൃദം, കാനഡയിൽ നിന്നും കൊച്ചിയിലേക്കുള്ള മെറിലിയുടെ യാത്രകൾ, മതം മാറ്റത്തിന് മുമ്പും ശേഷവുമുള്ള കമലയുടെ കാനഡ യാത്രകൾ, കമലയും മെറിലിയും തമ്മിലുള്ള ഫോൺ വിളികൾ, അവരുടെ കത്തുകൾ, കമലയുടെ കവിതകൾ എല്ലാം ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ ആഖ്യാനം ഒരു ഡയറി എഴുത്തുപോലെയും യാത്രാവിവരണം പോലെയും ചിലപ്പോൾ രണ്ടുപേർ തമ്മിലുള്ള സ്വാഭാവിക സംഭാഷണമായും കമലയുമായുള്ള മെറിലിയുടെ അഭിമുഖമായും മുന്നോട്ടുപോകുന്നു.

മാധവിക്കുട്ടിയുടെ മതംമാറ്റത്തിന്റെ അടിസ്ഥാനം പ്രണയം മാത്രമായിരുന്നെന്ന് 'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകം അടിവരയിട്ടു പറയുന്നു. അല്ലാതെ ആശയപരമായി അവർക്ക് ഇസ്ലാമിനോട് യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. പുനർ വിവാഹത്തിനുവേണ്ടി തന്നെയായിരുന്നു അവരുടെ മതം മാറ്റം. സാദിഖലി എന്ന പേരിൽ പുസ്തത്തിൽ വിശേഷിപ്പിക്കപ്പെടുന്ന മലബാറുകാരനായ എം പി അബ്ദുസമദ് സമദാനി തന്നെയാണെന്ന് പുസ്തകം വായിക്കുന്ന ആർക്കും മനസ്സിലാവും. ഭർത്താവിൽ നിന്നൊക്കെ വളരെ മോശമായ ലൈംഗിക അനുഭവങ്ങൾ മാത്രമുണ്ടായിരുന്ന മാധവിക്കുട്ടി എന്നും സ്നേഹത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു. വിധവയായ അവരുടെ മനസ്സിലേക്ക് ഉറുദു കവിതയും ഗസലുമായി വന്ന് സാദിഖലി ഹൃദയം കീഴടക്കുകയും പിന്നീട് ശാരീരികമായി ബന്ധപ്പെടുകയും ആയിരുന്നു. അതിനുശേഷമാണ് മതം മാറിയാൽ വിവവാഹം കഴിക്കാമെന്ന ഓഫർ അയാൾ മുന്നോട്ടുവെക്കുകയും അതനുസരിച്ച് മാധവിക്കുട്ടി നീങ്ങുകയുമായിരുന്നെന്ന് പുസ്തകം അടിവരയിടുന്നു. എന്നാൽ മതം മാറ്റം കഴിഞ്ഞ് വിവാഹം എന്ന ഓഫറിൽ നിന്ന് സാദിഖലി പിന്മാറുകയായിരുന്നു. അയാളുടെ ഭാര്യ മാധവിക്കുട്ടിയെ വിളിച്ച് പല തവണ വഴക്ക് പറയുന്നതിന് താൻ സാക്ഷിയാണെന്നും പുസ്തകത്തിൽ മെറിലി വെയ്സ്ബോർഡ് ചൂണ്ടിക്കാട്ടുന്നു.

മതം മാറിയതിന് ശേഷം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ മഹിളാ ചന്ദ്രികയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മെറിലി വെയിസ് ബോർഡും സംസാരിച്ചിരുന്നു. കമല സുരയ്യയായ മാധവിക്കുട്ടിക്ക് ഒപ്പം അക്കാലത്ത് അവർ ഒപ്പമുണ്ടായിരുന്നു. തീവ്രവാദികളായ ചിലരാണ് ഇപ്പോൾ തന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതെന്നും അവർ കൊല്ലാൻപോലും മടിക്കില്ലെന്ന് മാധവിക്കുട്ടി പറഞ്ഞതും അവർ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

ചില മത പണ്ഡിതരുടെ നേതൃത്വത്തിൽ തത്തയെ പഠിപ്പിക്കുന്നപോലെ മതം പഠിപ്പിക്കുകയായിരുന്നു. തന്റെ പ്രണയവും പൂവണിഞ്ഞില്ല, ഇല്ലാത്ത പൊല്ലാപ്പ് എടുത്ത് തലയിൽ വെക്കുകയും ചെയ്യേണ്ടി വന്നു എന്നായിരുന്നു അക്കാലത്ത് അവരുടെ നിലപാട്. എന്നാൽ സൗദിയിൽനിന്ന് സാദിഖലിക്ക് ഈ മതംമാറ്റത്തിന് പത്തുലക്ഷം ഡോളർ കിട്ടിയെന്നതിന് തെളിവുകൾ ഒന്നും പുസ്തകം മുന്നോട്ടുവെക്കുന്നില്ല. മാധവിക്കുട്ടിയുടെ ബന്ധുവായ ഒരാൾ സാദിഖലി അങ്ങനെ സമ്മതിച്ചു എന്ന് തന്നോട് പറഞ്ഞുവെന്നാണ് മെറിലി വെയ്സബോർഡ് പറയുന്നത്. പക്ഷേ അന്നത്തെ സാഹചര്യം വെച്ച് ഈ സാധ്യത വിദൂരമല്ലെന്ന് പിന്നീട് പലരും വിലയിരുത്തിയിട്ടുണ്ട്. ലോകം അറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഇസ്ലാമിലേക്ക് കൊണ്ടുവന്നതിന് വലിയ ഫണ്ട് കിട്ടിയിട്ടുണ്ടെന്ന് സംഘപരിവാർ സംഘടനകൾ നേരത്തെ ആരോപിച്ചിട്ടുണ്ട്. അത് ശരിവെക്കുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തൽ വരുന്നത്.

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് മെറിലി

ഇക്കാര്യത്തിൽ വളരെ നേരത്തെ തന്നെ മെറിലി വെയ്സബോർഡ്് നിലപാട് വ്യക്തമാക്കിയിരുന്നു. ആമി എന്ന തന്റെ സിനിമയെക്കുറിച്ച് 'ചിത്രഭൂമി' ക്കു നൽകിയ അഭിമുഖത്തിൽ സംവിധായകൻ കമൽ പറഞ്ഞ ഒരു പരാമർശത്തിൽ നിന്നാണ് നേരത്തെയുണ്ടായ വിവാദങ്ങളുടെ തുടക്കം. 'മാധവിക്കുട്ടിയോടൊപ്പം അതിഥിയായി താമസിച്ച് പുസ്തകം എഴുതിയ മെറിലി വെയ്‌സ്‌ബോർഡിന്റെ കൃതിയും ഞാൻ വായിച്ചു. പ്രണയത്തിന്റെ രാജകുമാരി എന്ന ആ ഗ്രന്ഥത്തിൽ ഒരുപാട് ഇല്ലാക്കഥകൾ ഉണ്ടായിരുന്നു...' എന്നായിരുന്നു കമലിന്റെ പരാമർശം. അതാണ് ഗ്രന്ഥകാരിയായ മെറിലി വെയ്‌സ്‌ബോർഡിനെ ചൊടിപ്പിച്ചത്.

തുടർന്ന് മെറിലി കമലിനെതിരെ വിയോജനക്കുറിപ്പ് എഴുതി. തന്നെ വിമർശിക്കാൻ കമലിന് എന്തധികാരം എന്നായിരുന്നു മെറിലിയുടെ ചോദ്യം. 'എന്റെ പുസ്തകം പ്രണയത്തിന്റെ രാജകുമാരി വസ്തുതാവിരുദ്ധമാണെന്ന് സംവിധായകൻ കമൽ പറയുന്നതിലെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല. ഞാനും കമലയും അടുത്ത സുഹൃത്തുക്കളായിരുന്നു..' എന്നു പറഞ്ഞു കൊണ്ടാണ് മെറിലി കമലിനെ വിമർശിച്ചത്. അതോടെ ആ പുസ്തകം മാധവിക്കുട്ടിയെ ലൈംഗികതൃഷ്ണയുള്ള സ്ത്രീയായി ചിത്രീകരിക്കുന്നതാണെന്ന മറുപടിയുമായി കമൽ തിരിച്ചടിച്ചു. കമലിന് തുറന്ന കത്തെഴുതി മെറിലിയും ഒരിക്കൽ കൂടി രംഗത്തു വന്നു. കത്തിൽ മാധവിക്കുട്ടിയുടെ കുടുംബത്തെയും പ്രത്യേകിച്ച് മകൻ ജയസൂര്യയെ, മെറിലി പേരെടുത്ത് പരാമർശിച്ചിരുന്നു.

കാനഡയിൽ ജനിച്ച എഴുത്തുകാരിയും ഡോക്യുമെന്റി - സിനിമാ നിർമ്മാതാവുമാണ് മെറിലി വെയ്സ്ബോർഡ്. ഇന്ത്യയിൽ മാധവിക്കുട്ടിയെ പോലെ തന്നെ ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരിയായിരുന്നു അവർ. ദ ഡോഗ്‌സ് വിത്ത് ജോബ്, ദ വലോർ ആൻഡ് ഹൊററർ, തുടങ്ങിയ പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. സിനിമാ രംഗത്തും എഴുത്തുകാരുടെ കൂട്ടായ്മയിലും സജീവമായ ഇവർ ക്യൂബേക്ക് റൈറ്റേസ ഫെഡറേഷൻ വർക്ക്ഷോപ്പ്്് കമ്മറ്റിയുടെ കോഡിനേറ്ററുമാണ്.

'എന്നിലേക്ക് പ്രവേശിക്കുവാനായി എനിക്കവിടെ ഒരു ദ്വാരമില്ല'

കുടുംബത്തെ വിഷമിപ്പിക്കാതിരിക്കാൻ എഴുത്തുകാരികൾ എത്രത്തോളം സ്വയം സെൻസർ ചെയ്യേണ്ടിവരും എ്ന്ന് സംഭാഷണത്തിനിടയിൽ കമലാദാസ് മെറിലിയോട് പറയുന്നുണ്ട്. പൂർണ്ണമായും എഴുത്തിൽ സ്വയം സമർപ്പണം നടത്തണമെങ്കിൽ സ്ത്രീകൾ എല്ലാ ബന്ധങ്ങളിൽ നിന്നും പുറത്ത് കടക്കേണ്ടിവരും. അല്ലാത്ത പക്ഷം സ്വയം സെൻസർ ചെയ്ത് എഴുതേണ്ടിവരും. പലപ്പോഴും കുടുംബത്തെ വേദനിപ്പിക്കാതിരിക്കാനും സമൂഹത്തെ ഭയന്നും സ്വയം സെൻസർ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുമ്പോഴും കുടുംബത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഒരു പരിധിവരെ തുറന്നെഴുതാൻ ധൈര്യം കാണിച്ചിട്ടുണ്ട് മാധവിക്കുട്ടി. ദാമ്പത്യത്തെക്കുറിച്ചും പ്രണയങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മതം മാറ്റത്തെ കുറിച്ചും മതം മാറ്റത്തിന് ശേഷം അനുഭവിച്ച മാനസിക സംഘർഷത്തെ കുറിച്ചുമൊക്കെ സുഹൃത്തും എഴുത്തുകാരിയുമായ മെറിലിയോടുള്ള കമലാദാസിന്റെ തുറന്നു പറച്ചിലും അടുത്തുനിന്ന് കണ്ടറിഞ്ഞതുമായ യാഥാർത്ഥ്യങ്ങളുമാണ് ഈ പുസ്തകം.

ഔദ്യോഗിക രേഖകൾ പ്രകാരം പതിനഞ്ചാം വയസ്സിലാണെങ്കിലും യഥാർത്ഥത്തിൽ തന്റെ വിവാഹം നടന്നത് പതിമൂന്നാം വയസ്സിലാണെന്ന് കമല മെറിലിയുടെ അച്ഛനോട് പറയുന്ന ഭാഗം പുസ്തകത്തിലുണ്ട്. പ്രഗത്ഭനും പ്രശസ്തനും വിദ്യാസമ്പന്നനുമായ അച്ഛന്റെയും പ്രശസ്ത കവയത്രി ബാലാമണി അമ്മയുടെയും മകളായിട്ടുപോലും കണക്കിൽ തോറ്റുപോയതിന് തന്നെക്കാൾ ഇരട്ടിയിലധികം പ്രായമുള്ള ഒരാളുമായി കമലയുടെ വിവാഹം നടക്കുന്നു. കുട്ടിയായ കമലയ്ക്ക് സ്ത്രീപുരുഷ ബന്ധങ്ങളെ കുറിച്ച് തന്റെ വീട്ടിലെ പ്രാർത്ഥനാപുസ്തകത്തിൽ വായിച്ച അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഭർത്താവ് തന്നെ കൈകളിൽ കൊരിയെടുക്കുമെന്നും, മുഖത്തും തലമുടിയിലും തടവി ആനന്ദിപ്പിക്കുമെന്ന്, തന്റെ ചെവിയിൽ നാണം വരുത്തുന്ന വാക്കുകൾ മന്ത്രിക്കുമെന്നുമൊക്കെ അവർ വിചാരിച്ചിരുന്നു. എന്നാൽ അവർക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരവും ദാരുണവുമായ ലൈംഗികാനുഭവങ്ങളായിരുന്നു.

'അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് എന്നിലേക്ക് പ്രവേശിക്കുവാനായി എനിക്കവിടെ ഒരു ദ്വാരമില്ല'' കമല വീട്ടിലെ വേലക്കാരിയോട് പറഞ്ഞു. ആർത്തവത്തിന്റെ അഞ്ചാം ദിവസം ലിംഗ-യോനി ബന്ധത്തിന് ശ്രമിക്കുവാൻ ആ വേലക്കാരി ഉപദേശിച്ചു. അന്ന് ഒരു കാട്ടുപോത്തിനെ പോലെ അയാൾ കമലയിലേക്ക് പ്രവേശിച്ചു. 'അത് ഭയങ്കരമായിരുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഭീകരമായ ശിക്ഷ. അയാളുടെ ലിംഗം എന്റെ അടിവയർ തുളച്ച് കയറി. എന്നിൽ നിന്നു രക്തം ഒഴുകുവാൻ തുടങ്ങി''. തന്റെ ഭർത്താവിൽ നിന്നുണ്ടായ അനുഭവം കമല ഇങ്ങനെയാണ് വ്യക്തമാക്കുന്നത്.

ഒരർത്ഥത്തിൽ അതൊരു ക്രൂരമായ ബാലാത്സംഗം തന്നെയായിരുന്നു. തന്റെ ഭർത്താവിന്റെ ലൈംഗികാസക്തിയെകുറിച്ചും സ്വവർഗാനുരാഗത്തെക്കുറിച്ചും കമല തുറന്നുപറയുന്നുണ്ട്. 'അപമാനിതയായ ഒരു സ്ത്രീത്വത്തിന്റെ അവസ്ഥയാണ് ഏറെക്കാലമായി ഞാൻ അനുഭവിച്ചത്.'' എന്നാണ് കമല അക്കാലത്തെ തന്റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. പത്തൊൻപത് വയസ്സായപ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായ കമലയുടെ ഗർഭപാത്രവും യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം തകർന്നുപോയിരുന്നു. അമിതമായ രക്തവാർച്ച കാരണം അത് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ഒന്നുരണ്ട് തവണ കമല ഭർത്താവിൽ നിന്നു രക്ഷപ്പെടാൻ നാലപ്പാട് മുത്തശ്ശിയുടെ അടുത്തു പോയി നിൽക്കുന്നുണ്ട്. എന്നാൽ 'തിരിച്ചുപോയി ദാസ് പറഞ്ഞത് അനുസരിക്ക്. നാലപ്പാട്ടെ പെണ്ണുങ്ങൾ നല്ല ഭാര്യമാരായി ജീവിച്ചവരാണ്.'' എന്നു പറഞ്ഞു കമലയെ ദാസിന്റെ അടുത്തേക്ക് തന്നെ പറഞ്ഞുവിടുകയായിരുന്നു മുത്തശ്ശി ചെയ്തത്.

കമലയ്ക്ക് എഴുത്ത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. തടഞ്ഞു നിർത്തപ്പെട്ട വികാരങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും ഒരൊഴുക്കായിരുന്നു അവരുടെ കഥകളിലും കവിതകളിലും ഓർമ്മക്കുറിപ്പുകളിലും ഓരോ വായനക്കാരും അനുഭവിച്ചറിഞ്ഞത്. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നില്ല അത്. മറിച്ച് സ്ത്രീയുടെ ആന്തരികവും വൈകാരികവുമായ അനുഭവലോകമാണ് അത് നമുക്ക് കാണിച്ചു തന്നത്.

പത്താം വയസ്സിൽ തന്നെ എഴുതിത്ത്ത്ത്ത്തുടങ്ങിയ കമലയുടെ എഴുത്ത് കരുത്തുറ്റതാക്കാൻ ദാമ്പത്യ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ സഹായിക്കുന്നുണ്ട്. കമല 'എന്റെ കഥ' പ്രസിദ്ധീകരിക്കുന്നത് മുപ്പത്തിയേഴാം വയസ്സിലാണ്. പ്രണയത്തിനു വേണ്ടിയുള്ള ഒരു സ്ത്രീയുടെ ഭാവനാത്മകമായ സാഹസിക യാത്രകളുടെ പ്രതിഫലനമായിരുന്നു അത്. 'എന്റെ കഥ' പുറത്തുവന്നപ്പോൾ കമലയ്ക്ക് പേരും പ്രശസ്തിയും ഉണ്ടായി. ഒരുപാട് വിമർശനങ്ങളെയും നേരിടേണ്ടിവന്നു. സർക്കാർ ഉദ്യോഗസ്ഥർ അവർക്ക് പ്രേമലേഖനങ്ങളയച്ചു, പുരുഷന്മാർ അവരെ വിളിക്കുവാൻ തുടങ്ങി, സെക്സ് എന്ന വിഷയത്തെക്കുറിച്ച് എഴുതുവാൻ മാത്രമായി പത്രാധിപർ അവരെ സമീപിച്ചു തുടങ്ങി. 'The old playhouse and other poems' എന്ന കവിതാസമാഹാരം പുറത്തുവരുമ്പോൾ കമലയ്ക്ക് നാല്പതു വയസ്സ് തികഞ്ഞിരുന്നില്ല. വിവാഹ ജീവിതത്തിലെ യാഥാസ്ഥിതിക ചട്ടക്കൂടുകളെ ചോദ്യം ചെയ്യുന്നതോടൊപ്പം അമിത ലൈംഗികത, ഏകാന്തത, കാത്തിരിപ്പ് തുടങ്ങിയ വിഷയങ്ങൾ കവിതകൾക്ക് വിഷയമായിരുന്നു.

എഴുത്തുകാരി എന്ന നിലയിൽ കമല പ്രശസ്തയായപ്പോൾ ഭർത്താവിന് അവരോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാകുന്നു. ഭർത്താവ് കമലയുടെ പുസ്തകങ്ങളും പ്രസാധന കാര്യങ്ങൾ നോക്കി നടത്തുകയും കരാറുകൾ കൈകാര്യം ചെയ്യുകയും അവർ പങ്കെടുക്കുന്ന പൊതുപരിപാടികൾക്ക് പിന്തുണ നല്കുകയും ചെയ്യുന്നു. കമല ഒരു പുതിയ കാർ ഭർത്താവിന് ജന്മദിന സമ്മാനമായി വാങ്ങിക്കൊടുത്തു. തന്റെ സമ്പാദ്യം മുഴുവൻ ഭർത്താവിന് നല്കി. തന്റെ സ്രീത്വത്തെ/വ്യക്തിത്വത്തെ അങ്ങേയറ്റം ഹനിക്കുന്ന പ്രവർത്തികൾ ഭർത്താവിൽ നിന്നുണ്ടായിട്ടും കമല അദ്ദേഹത്തെ വെറുക്കുന്നില്ല. തന്റെ കുട്ടികൾക്ക് തന്നോടുണ്ടായേക്കാവുന്ന ബഹുമാനം ഇല്ലാതാക്കുവാൻ ആഗ്രഹിക്കാത്തതുകൊണ്ട് മാത്രമാണ് സ്വന്തം ഭർത്താവിനെ ഉപേക്ഷിക്കാതിരുന്നതെന്ന് കമല പറയുന്നുണ്ട്.

സ്നേഹത്തിനുവേണ്ടി യാചിച്ചു; പക്ഷേ എല്ലാവരും വഞ്ചിച്ചു

കമല പറയുന്നു. 'അദ്ദേഹത്തിനാവശ്യം വലിയ ജനസമ്മിതിയുള്ള ഒരു ഭാര്യയെയായിരുന്നു. ഞാൻ പ്രശസ്തയായപ്പോൾ അദ്ദേഹം എന്നെ ബഹുമാനിക്കുവാൻ തുടങ്ങി. എന്നെ ആലിംഗനം ചെയ്യുവാനും എന്റെ കാലുകൾ തടവിത്തരാനും തുടങ്ങി. അതിനുശേഷം തന്റെ ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതായി.'' രോഗബാധിതനായ ഭർത്താവിനെ ശുശ്രൂഷിച്ചും നിരന്തരം എഴുതിയും കഠിനാധ്വാനം ചെയ്യുന്ന കമലയോട് മരണം അടുത്തെത്തിയെന്ന ബോധ്യം വന്ന സമയത്ത് ഭർത്താവ് 'നീ എനിക്കൊരു ജീവിതം തന്നു നന്ദി'' എന്ന് പറയുന്നു. നന്ദിയോ അതെന്തിന് എന്ന ചോദ്യത്തിന് എനിക്കുതന്ന സ്നേഹത്തിനും എന്നെ ശുശ്രൂഷിച്ചതിനും എന്നാണ് ഉത്തരം കിട്ടുന്നത്. ഭർത്താവിൽ നിന്നു കമല അനുഭവിച്ച അവഗണയും സ്നേഹ ശൂന്യതയും എകാന്തതയും തിരസ്‌ക്കരണങ്ങളും കഠിനമായിരുന്നു എന്നിട്ടും കമല ഭർത്താവിനെ തളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല തനിക്കാവുന്ന രീതിയിൽ ഭർത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുമുണ്ട്. അതുകൊണ്ടുള്ള കുറ്റബോധത്തിൽനിന്നായിരിക്കാം ഈ നന്ദി പറച്ചിൽ ഉണ്ടാവുന്നത്.

കമലാദാസ് എന്നപേരിലും മാധവിക്കുട്ടി എന്നപേരിലും എഴുതിയിരുന്ന മാധവിക്കുട്ടി കമല സുരയ്യ എന്നപേരിൽ ഇസ്ലാം മതത്തിലേക്ക് ചേക്കേറിയപ്പോൾ മത തീവ്രവാദികൾ അവർക്കെതിരെ വാളോങ്ങി. അവരുടെ തലയ്ക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിച്ചു. എന്നാൽ ഒരുവിഭാഗം അവരുടെ മതം മാറ്റത്തെ മുതലെടുക്കാനും ശ്രമിച്ചു. അവരാഗ്രഹിച്ചതൊന്നും അവർക്ക് നേടാൻ കഴിഞ്ഞുമില്ല. മാധവിക്കുട്ടിയുടെ 'എന്റെ കഥ' സദാചാര/യാഥാസ്ഥിതിക സമൂഹത്തെയാണ് പിടിച്ച് കുലുക്കിയതെങ്കിൽ അറുപത്തിയേഴാമത്തെ- വയസ്സിൽ അവരുടെ പെട്ടെന്നുള്ള മതം മാറ്റം മത തീവ്രവാദികളെയാണ് പ്രകോപിച്ചത്.

കമല മതം മാറിയെന്ന വാർത്തകേട്ടപ്പോൾ മെറിലിക്ക് ഒന്നും മനസ്സിലായില്ല. അതിനെകുറിച്ച് മെറിലി എഴുതുന്നു. 'ഇതെപ്പോൾ സംഭവിച്ചു എന്നെനിക്കറിയില്ല. എന്തുകൊണ്ടെന്ന് ഊഹിക്കാനുമാകുന്നില്ല. യാഥാസ്ഥിതികയായ, ഹിന്ദു മതത്തിലെ ഉന്നത ജാതിയിൽ പിറന്ന, കൃഷ്ണനെ സ്നേഹിക്കുന്ന, രാജകുടുംബ പാരമ്പര്യമുള്ള, കമലാദാസ് പെട്ടെന്നു ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു. എന്നോടു അതിന് മുമ്പ് ഒരു സൂചനപോലും നൽകിയിരുന്നില്ല. അപകീർത്തി മാത്രം കേട്ടിട്ടുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകീർത്തിയുമായി സി എൻ എന്നിലും ഏഷ്യാനെറ്റിലും ഏഷ്യയിലെമ്പാടുമുള്ള മാധ്യമങ്ങളിലും കമലദാസ് പ്രത്യക്ഷപ്പെടുന്നു. 1999 ഡിസംബർ പതിനാറാം തിയ്യതി, വിവാദങ്ങളുടെ നടുക്കടലിൽ, വീട്ടിൽ വെച്ച് നടന്ന ഒരു മിനിറ്റ് നീണ്ടുനിന്ന ചടങ്ങിൽ അവർ മതം മാറി.'' തന്റെ മതം മാറ്റത്തിന് ശേഷം ഒരു മാസം കഴിഞ്ഞു കമല മെറിലിക്ക് വിശദമായി ഒരു കത്തെഴുതുന്നു. അതിൽ മുപ്പത്തിയെട്ടുകാരനായ ചെറുപ്പക്കാരനോട് ഉണ്ടായ പ്രണയത്തെക്കുറിച്ചും അയാളുടെ നിർദ്ദേശപ്രകാരമാണ് താൻ മതം മാറിയതെന്നും തുറന്നെഴുതിയിട്ടുണ്ട്. അവരുടെ മതം മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കുമുള്ള മറുപടി കമല മെറിലിക്കയച്ച ആ എഴുത്തിലുണ്ട്.

മതം മാറ്റത്തിന് ശേഷം മെറിലി വീണ്ടും കമലയെ കാണാനെത്തുന്നുണ്ട്. അപ്പോഴേക്കും പ്രണയത്തിൽ നിന്നും വിവാഹ വാഗ്ദാനങ്ങളിൽനിന്നും അയാൾ പിൻവാങ്ങുകയും കമല പുതിയ മതത്തിന്റെ ചട്ടക്കൂടിൽ പുറത്തുകടക്കാനാവാത്ത വിധം നിസ്സഹായയായി കുരുങ്ങിപ്പോകുന്നുമുണ്ട്. പ്രശസ്തയായ ഒരാൾ തങ്ങളുടെ മതത്തിലേക്ക് കടന്നുവന്നപ്പോൾ ഒരു വിഭാഗം അതൊരു ആഘോഷമാക്കി. കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് പുതിയ മതത്തെകുറിച്ച് സംസാരിക്കാൻ അവർ നിർബ്ബന്ധിതയായി. ജനിച്ചുവളർന്ന മതത്തിൽ നിന്നു അവർക്ക് കടുത്ത ഭീഷണികൾ നേരിടേണ്ടിവന്നു. അക്കാലത്ത് അവരനുഭവിച്ച മാനസിക സംഘർഷങ്ങൾ മെറിലി തൊട്ടടുത്തുനിന്നു അനുഭവിച്ചറിയുന്നുണ്ട്. രോഗിയും അവശയുമായ അവരെ ആൾക്കൂട്ടത്തിൽ നിന്നു രക്ഷിക്കാൻ മെറിലിക്കും ഇടപെടേണ്ടിവരുന്നുണ്ട് പലപ്പോഴും. കമലയുടെ മതം മാറ്റത്തിന് കാരണക്കാരനായ പുരുഷൻ സമൂഹത്തിൽ മാന്യനായി ജീവിക്കുമ്പോൾ കമല സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കല്ലെറിയപ്പെടുകയായിരുന്നു.

മെറിലി കമലയെ കാണാൻ വരുമ്പോഴൊക്കെ കമലയ്ക്ക് ചുറ്റും ആരാധകരുടെയും അവരെ കാണാനെത്തുന്ന പത്രക്കാരുടെയും പരിപാടികൾക്ക് ക്ഷണിക്കാൻ വരുന്നവരുടെയും ഒരു നീണ്ട നിര തന്നെയുണ്ടാകുമായിരുന്നു. എത്രതന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവർ കമലയെ വെറുതെവിട്ടിരുന്നില്ല. സ്നേഹമായിരുന്നു കമലയുടെ മതം. തന്നെ കാണാൻ വരുന്നവരെയും തന്റെ ആരാധകരെയും അവർ സ്നേഹത്തോടെ മാത്രം സ്വീകരിച്ചു. അവർക്ക് സമ്മാനങ്ങൾ നല്കി. പ്രകടിപ്പിക്കുന്ന സ്നേഹത്തിലാണ് അവർ വിശ്വസിച്ചിരുന്നത്. അണിഞ്ഞൊരുങ്ങാനും സുന്ദരിയായി നടക്കാനും അവർ എപ്പോഴും ആഗ്രഹിച്ചു. തരിശായിപ്പോയ തന്റെ ജീവിതത്തിൽ പ്രണയം പുതിയ വെളിച്ചം നിറയ്ക്കുമെന്ന് അവർ കരുതി. സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും ആഘോഷമായി കരുതിയ അവർക്ക് അവസാന നാളുകളിൽ ഒരുപാട് അന്തസംഘർഷം അനുഭവിക്കേണ്ടി വന്നു. പ്രണയത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു കമല. പ്രണയത്തെ ആത്മാവിന്റെ ഭക്ഷണമായി അവർ കണ്ടു. എന്നാൽ വളർന്ന് വന്ന സദാചാര ബോധത്തെ മുറിച്ച് കടക്കാൻ അവർക്കായില്ല. പ്രണയം വിവാഹത്തിലെത്തണമെന്ന് അവരാഗ്രഹിച്ചതും ഒരു മതം മാറ്റത്തിന് തയ്യാറായതും മെറിലിയോട് ആർണിയെ വിവാഹം കഴിക്കാൻ കമല നിർബ്ബന്ധിക്കുന്നതും അതുകൊണ്ടു തന്നെയാവാം.

'ഫലഭൂയിഷ്ടമായ സൗഹൃദങ്ങളും അനുഭവവും ജ്ഞാനവുമുള്ള, തമാശകൾ പറയുന്ന, സാമാന്യം തുറന്ന പ്രകൃതമുള്ള എന്നാൽ പെട്ടെന്നു വായിച്ചെടുക്കാൻ പറ്റാത്ത വ്യക്തിയാണ് കമല''എന്നാണ് കമലയെകുറിച്ച് മെറിലിയുടെ അഭിപ്രായം. കമലാദാസിന്റെ ജീവിതത്തെ വളരെ അടുത്തു നിന്ന് നോക്കിക്കാണുകയും നിറംപിടിപ്പിക്കാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് മെറിലി. എന്നും സ്നേഹത്തിനായി യാചിച്ച അവരെ പക്ഷേ എല്ലാവും അവരെ വഞ്ചിച്ചുവെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. മാധവിക്കുട്ടിയോട് സഹതാപമാണ് ശരിക്കും ഈ പുസ്തകം വായിച്ചാൽ ഒരു ശരാശരി വായനക്കാരന് തോന്നുക.
.( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP