Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

മുസ്ലിം ലീഗ് നേതാവിനോടുള്ള പ്രണയം മാധവിക്കുട്ടി പറയുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര സാക്ഷി; താൻ രചിച്ച കവിതകളെന്ന് പറഞ്ഞ് അദ്ദേഹം കേൾപ്പിച്ചതൊക്കെയും മൊഴിമാറ്റം ചെയ്ത ഉറുദു കവിതകൾ; മാധവിക്കുട്ടി മതം മാറിയ കഥ വീണ്ടും ചർച്ചകളിൽ

മുസ്ലിം ലീഗ് നേതാവിനോടുള്ള പ്രണയം മാധവിക്കുട്ടി പറയുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര സാക്ഷി; താൻ രചിച്ച കവിതകളെന്ന് പറഞ്ഞ് അദ്ദേഹം കേൾപ്പിച്ചതൊക്കെയും മൊഴിമാറ്റം ചെയ്ത ഉറുദു കവിതകൾ; മാധവിക്കുട്ടി മതം മാറിയ കഥ വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഴുത്തുകാരി മാധവിക്കുട്ടിക്ക് പ്രമുഖ മുസ്ലിംലീഗ് നേതാവിനോട് ഉണ്ടായിരുന്ന പ്രണയയത്തിന്റെ കഥ ഒരു മിത്ത് പോലെ എക്കാലവും കേരളീയ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നിരുന്നു. കടുത്ത കൃഷ്ണഭക്തയായ മാധവിക്കുട്ടിയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതും കമലാദാസിനെ കമലാസുരയ്യ ആക്കിയതും അതായിരുന്നെന്ന് അക്കാലത്ത് തന്നെ പലരും അടക്കംപറഞ്ഞിരുന്നു. അത് കഥയല്ല, സത്യമാണെന്ന് ആദ്യം പറഞ്ഞത് മാധ്യമപ്രവർത്തക കൂടിയായ എം. ലീലാവതിയാണ്.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച കമലിന്റെ ആമി എന്ന ബയോപിക്കിനെയും ആ സംഭവം കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. അത്തരമൊരു സംഭവം ആ സിനിമയിലും സാഹചര്യമായിട്ടുണ്ടെന്ന് മാത്രമല്ല, അതിൽ അനൂപ് മേനോൻ അഭിനയിക്കുന്ന സാഹിർ അലി എന്ന കഥാപാത്രത്തിന് ഒരു നേതാവിന്റെ രൂപസാദൃശ്യവും കാണുന്നവർക്കെല്ലാം സ്വാഭാവികമായും തോന്നുകയും ചെയ്യാം. അക്കാലത്തും ആമിയുടെ പ്രണയം പൊതുസമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു.

എന്നാൽ ഇപ്പോൾ കാലങ്ങൾക്ക് ശേഷം മാധവിക്കുട്ടിയുടെ പ്രണയം സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്യുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം ഫെയ്സ് ബുക്കിലെ റീഡേഴ്സ് സ്‌ക്വയർ എന്ന ഗ്രൂപ്പിലിട്ട ഒരു പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ലേബർ ഇന്ത്യാ പബ്ലിക്കേഷൻസ് മരങ്ങാട്ട്പള്ളിയിൽ സംഘടിപ്പിക്കുന്ന ഒരു സാംസ്‌കാരിക പരിപാടിയിലേയ്ക്ക് ക്ഷണിക്കാൻ സന്തോഷ് ജോർജ് കുളങ്ങരയും സഞ്ചാരം പരിപാടിയുടെ സ്‌ക്രിപ്റ്റ് റെറ്റർ എയു രതീഷ് കുമാറും ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരവും മാധവിക്കുട്ടിയുടെ ഫ്ളാറ്റിലെത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് പോസ്റ്റിന്റെ കാതൽ.

തന്റെ പ്രണയത്തെ പറ്റി മാധവിക്കുട്ടി അവരോട് പറഞ്ഞെന്നും അത് അന്ന് എഴുതിയെടുക്കാനോ റിക്കോർഡ് ചെയ്യാനോ കഴിയാത്തതിൽ അതിയായ നിരാശ ഉണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. സാംസ്‌കാരിക പ്രഭാഷകൻ എന്ന നിലയിൽ പതിനായിരങ്ങളെ തന്റെ വാഗ്ധോരണികൊണ്ട് കീഴ്പ്പെടുത്താൻ കഴിവുള്ള അദ്ദേഹത്തിന്റെ വാഗ്വിലാസം തന്നെയാണ് മാധവിക്കുട്ടിയെയും ആകർഷിച്ചത്. എകാന്തമായ രാത്രികളിൽ അദ്ദേഹം വിളിക്കാറുള്ളതും പ്രണയം തുളുമ്പുന്ന കവിതകൾ ഉരുവിടാറുള്ളതും അറിയിച്ചു. എത്രയോ രാത്രികൾ നീണ്ടുവത്രേ ആ പ്രണയസല്ലാപങ്ങൾ. അതൊക്കെ കേട്ട് അസാധാരണ പ്രതിഭയുള്ള ഒരാളാണ് മറുതലയ്ക്കൽ എന്ന് മാധവിക്കുട്ടി കരുതി. അതാണ് ഷഷ്ഠിപൂർത്തി കഴിഞ്ഞകാലത്തിലും തന്നെക്കാൾ പ്രായം കുറഞ്ഞ അയാളെ പ്രണയിച്ചു കൊണ്ട് അവരൊരു പ്രണയിനിയായത്- ഉണ്ണിക്കൃഷ്ണൻ എഴുതുന്നു.

പ്രണയനാളുകളിലൊന്നിൽ മാധവിക്കുട്ടി ആ നേതാവിന്റെ വീട്ടിലേയ്ക്ക് പോയിരുന്നെന്നും ആ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു. നേതാവും മാധവിക്കുട്ടിയും അവിടെ ഏതാനും ദിവസം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്നും മാധവിക്കുട്ടി പറഞ്ഞതായി ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ തിരിച്ചുവന്നപ്പോഴേയ്ക്കും അവരുടെ പ്രണയം പൊലിഞ്ഞിരുന്നു. പണ്ട് ഒട്ടേറെ രാത്രികളിൽ താനെഴുതിയതു എന്ന് പറഞ്ഞു അയാൾ പാടിക്കേൾപ്പിച്ച പ്രണയ ഗാനങ്ങളൊക്കെയും ഉറുദു സാഹിത്യത്തിലെ പ്രമുഖരായ കവികളുടെ രചനകൾ മോഷ്ടിച്ച് പരിഭാഷപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോൾ അവർ തകർന്നുപോയി. പങ്കു വെക്കപ്പെട്ട തന്റെ ഉടലിനെ ഓർത്തു അവർ തേങ്ങി. ഇസ്ലാമായി മാറിയെങ്കിലും കൃഷ്ണനെ വിളിച്ചു വിലപിച്ചു- ഉണ്ണിക്കൃഷ്ണൻ എഴുതി. ആലോചനയില്ലാത്ത ഒരു മതപരിവർത്തനം മൂലം ഊരിപ്പോരാനാകാത്ത ഒരു കുടുക്കിൽ പെട്ടൊരാളുടെ വിലാപമായിരുന്നു മാധവിക്കുട്ടിയുടേതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ആമിയിൽ കമൽ ആ പ്രണയ കഥ ചിത്രീകരിച്ചു. അനുപ് മേനോന് നൽകിയ കോസ്റ്റ്യൂമിൽ നിന്ന് കമിതാവാര് എന്ന സൂചന കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കമലാ സൂരയ്യയുടെ പ്രണയം
××××××÷××××××÷×××××××××
ഇത് മാധവിക്കുട്ടിയുടെ പുസ്തകങ്ങളെ പറ്റിയുള്ള ഒരു കുറിപ്പല്ല.
മറിച്ച് അവരുമായുണ്ടായ ഒരു കണ്ടുമുട്ടലിന്റെ ഓർമക്കുറിപ്പാണ്.
കമൽ സംവിധാനം ചെയ്യുന്ന `ആമി `എന്ന ചിത്രത്തിലെ രണ്ട് സ്റ്റിൽ ഇതോടൊപ്പമുണ്ട്.
അനൂപ് മേനോന്റെയും മഞ്ജു വാര്യരുടേയും ആണത്.
ആമിയിൽ അവരവതരിപ്പിച്ച കഥാപാത്രങ്ങളുടെ അപ്പീയറൻസ് ഇങ്ങനെ ആണ്. .
ഒരു 'ബയോപിക്' ആയ ആമി യിൽ,
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി അഥവാ കമലാദാസായാണ് മഞ്ജു വാര്യർ എത്തുന്നത്.നാലപ്പാട്ട് തറവാട്ടിൽ തുടങ്ങി മതം മാറി സൂരയ്യ ആയത് വരെയുള്ള അവരുടെ ജീവിത കഥയാണ് ആ ചിത്രത്തിൽ.
അനൂപ് മേനോൻ, സഹീർ അലി എന്ന കഥാപാത്രമായാണ് ഇതിൽ എത്തുന്നത് .
ഈ ചിത്രങ്ങളാണ് ഈ കുറിപ്പിനുള്ള പ്രചോദനം .
അനൂപ് മേനോന്റെ ഈ Look
നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും മത-രാഷ്ട്രീയ നേതാവിനെ ഓർമിപ്പിക്കുന്നുണ്ടോ ?
സൂക്ഷിച്ചു നോക്കൂ .
പത്രപ്രവർത്തന കാലത്തെ എന്റെ ഏറ്റവും വലിയ നിരാശകളിലൊന്നിനെ ഈ ഫോട്ടോയോടൊപ്പം ചേർത്തു നിർതുകയാണ് ഞാൻ .
അന്നതിന് സാക്ഷിയായുള്ളത് രണ്ടു പേരാണ് .
സഫാരി ടിവിയുടെ ഉടമയും സഞ്ചാരം പ്രോഗ്രാമിലൂടെ പ്രശസ്തനുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് അതിൽ ഒരാൾ .
സഞ്ചാരത്തിനായി Script രചിക്കുന്ന A U രതീഷ് കുമാർ രണ്ടാമനും .
2003 ൽ ഒരു ദിവസം അവരിരുവരും കൊച്ചിയിലെത്തുന്നു .
സന്തോഷ് ജോർജ് മാനേജിങ് ഡയറക്ടറായുള്ള ലേബർ ഇന്ത്യ പബ്ലിക്കേഷൻസ് മരങ്ങാട്ട് പള്ളിയിൽ വലിയൊരു.സാംസ്‌കാരിക പരിപാടി നടത്തുന്നു
അതിലേക്ക് പ്രമുഖരായ ചില വ്യക്തികളെ ക്ഷണിക്കണം അതിനാണ് വരവ് .
അപ്പോഴേക്കും കൊച്ചിക്കാരനായി മാറിയിരുന്ന എന്നെയും അവർ കൂട്ട് വിളിക്കുന്നു .
കൊച്ചിയിൽ അന്നുള്ള പ്രമുഖരായ പല എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും ചെന്ന് കാണാനും ക്ഷണിക്കാനുമാണ്.
ചെമ്മനം ചാക്കോ , സംഗീത സംവിധായകൻ രവീന്ദ്രന്മാഷ് ,നടൻ നരേന്ദ്ര പ്രസാദ് എന്നിങ്ങനെ കുറേ പേരെ ഞങ്ങൾ പോയി കണ്ടു. .ചിലരൊക്കെ പങ്കെടുക്കാമെന്നേറ്റു .' .
അങ്ങനെ കൊച്ചിയിലൂടെ കറങ്ങവെ സന്തോഷ് ചോദിച്ചു
'കമലാദാസ് കൊച്ചിയിലുണ്ടോ നമുക്കൊന്നു കണ്ടാലോ ?'
മാധവിക്കുട്ടി എന്ന കമലാദാസ് അപ്പോഴക്കും കമലാ സുരയ്യ ആയി മാറിയിരുന്നു
കൊച്ചിയിൽ കടവന്ത്രയ്ക്ക് സമീപം ഒരു ഫ്ലാറ്റിലാണ് അവരുടെ താമസംഎന്നെനിക്കറിയാം.
വരുന്നു എന്നറിയിക്കാൻ ഒരു ഫോൺ വിളിപോലുമില്ലാതെ ഉടൻ തന്നെ ഞങ്ങൾ അവരുടെ ഫ്ലാറ്റിലേക്ക് പോയി .
അപ്പോയിന്മെന്റില്ലാത്തതിനാൽ കാണാൻ അനുമതി കിട്ടില്ല എന്നാണ് കരുതിയത്. എന്നാൽ ഒരു കോളിങ് ബെല്ലിന് വാതിൽ തുറന്നു.
അവരൊപ്പം സഹായിയായുള്ള സ്ത്രീയാണ് വാതിൽ തുറന്നത്. കാര്യം സൂചിപ്പിച്ചപ്പോൾ ലിവിങ് എറിയയിലേക്ക് പ്രവേശനം കിട്ടി .
അവിടെ മഞ്ഞിന്റെ ധവളിമയുള്ള വസ്ത്രം ധരിച്ച് തല തട്ടമിട്ട് മൂടി പ്രിയപ്പെട്ട എഴുത്തുകാരി .ഫ്ളാറ്റിലെ വിരസ നിമിഷത്തിലും വേഷത്തിൽ അവർ മുസ്ലിം സ്ത്രീയായിരുന്നു.
സംസാരിക്കാൻ ആരെങ്കിലും വന്നെങ്കിൽ എന്നു കാത്തിരിക്കുന്ന പോലെയായിരുന്നു അവർ .
ഞങ്ങളെ കണ്ടതും വാചാലയായി.
മണിക്കൂറുകളോളം നീണ്ട സംസാരം.
പല വിഷയങ്ങളിലേക്ക് പടർന്നു അത് .
മക്കളെ കുറിച്ച് പറയുമ്പോൾ അവർ വാത്സല്യം ഉള്ള അമ്മയായി.
ബാലാമണിയമ്മയെ പറ്റിയായപ്പോൾ ഓമന പുത്രിയായി.
ദാസിനെ പറ്റിയായപ്പോൾ വൈധവ്യം പേറുന്ന ഭാര്യയായി.
കൃഷ്ണനെപ്പറ്റിയായപ്പോൾ അവർ രാധയായി.
ചെറു തമാശകളിൽ നിറഞ്ഞു ചിരിച്ചു.
ഇടക്ക് എന്തോ പറഞ്ഞപ്പോൾ ഞാൻ അവരുടെ പ്രായം എഴുപതോടടുക്കുന്നു എന്ന കാര്യം സൂചിപ്പിച്ചു.
അപ്പോൾ എന്നോടൊന്ന് പിണങ്ങുകയും ചെയ്തു ..
'എന്താ കുട്ടി പറയണേ. അത്രക്ക് പ്രായായോ എനിക്ക് ' എന്ന് സങ്കടപ്പെട്ടു.
അന്നത്തെ സംസാരത്തിൽ അവർ ഏറെ മനസ്സ് തുറന്നത് മുസ്ലിം ലീഗിലെ ഒരുന്നത നേതാവിനോട് തോന്നിയ പ്രണയത്തെ പറ്റിയാണ്.
അതേ തുടർന്നാണ് ഇസ്ലാമിലേക്ക് മതം മാറാനിടയായതും എന്ന് സൂചിപ്പിച്ചു.
സാംസ്‌കാരിക പ്രഭാഷകൻ എന്ന നിലയിൽ പതിനായിരങ്ങളെ തന്റെ വാഗ്ധോരണികൊണ്ട് കീഴ്പ്പെടുത്താൻ കഴിവുള്ള അദ്ദേഹത്തിന്റെ വാഗ്വിലാസം തന്നെയാണ് മാധവിക്കുട്ടിയെയും ആകർഷിച്ചത്.
എകാന്തമായ രാത്രികളിൽ അദ്ദേഹം വിളിക്കാറുള്ളതും
പ്രണയം തുളുമ്പുന്ന കവിതകൾ ഉരുവിടാറുള്ളതും അറിയിച്ചു.
എത്രയോ രാത്രികൾ നീണ്ടുവത്രേ ആ പ്രണയസല്ലാപങ്ങൾ.
അതൊക്കെ കേട്ട് അസാധാരണ പ്രതിഭയുള്ള ഒരാളാണ് മറുതലയ്ക്കൽ എന്ന് മാധവിക്കുട്ടി കരുതി.
അതാണ് ഷഷ്ഠിപൂർത്തി കഴിഞ്ഞകാലത്തിലും തന്നെക്കാൾ പ്രായം കുറഞ്ഞ അയാളെ പ്രണയിച്ചു കൊണ്ട് അവരൊരു പ്രണയിനിയായത്.
പ്രണയം ജ്വലിച്ച ആ നാളുകളിലൊന്നിൽ ഒരു നവോഢയായി അവർ അയാളുടെ വീട്ടിൽ ചെന്നു.
നേരത്തെ വിവാഹിതനായിരുന്നു അയാൾ. ആ ഭാര്യയും ആ ബന്ധത്തിലെ മക്കളും വീട്ടിലുണ്ട്.
ആ വീട്ടിൽ മണിയറയിൽ ഇരിക്കെ അയാളുടെ ആദ്യഭാര്യ അവരെ ഊട്ടി.അയാളുടെ മക്കൾ അതൊക്കെയും കൗതുകത്തോടെ നോക്കിനിന്നു.
രണ്ടു മൂന്ന് ദിവസം അവരവിടെ അയാളുടെ ഭാര്യയായി കഴിഞ്ഞു.
പിന്നെ തിരികെ കൊച്ചിയിലെ തന്റെ വാസസ്ഥലത്തേക്ക് പോന്നു.
അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച ദിവസങ്ങളിൽ അവിടെ തങ്ങി നിന്ന നോൺ വെജ് മണം ഓർത്ത് ഞങ്ങൾക്ക് മുമ്പിലും അവർക്ക് മനം പുരട്ടലുണ്ടായി.
അതിലെല്ലാം ഉപരി അയാളുടെ വിരലറ്റത്തു നഖങ്ങളോട് ചേർന്ന് തങ്ങി നിന്ന അഴുക്കിന്റെ കറുപ്പ് രേഖ അവർക്ക് ഓക്കാനം വരുത്തി.
എത്രയോ രചനകളിൽ കഥാപാത്രങ്ങളുടെ സുന്ദരമായ വിരലുകളെ പറ്റിയും ഭംഗിയുള്ള നഖങ്ങളെ പറ്റിയും എഴുതിയവരാണവർ.
തിരിച്ചു വന്നപ്പോൾ അവരുടെ പ്രണയം പൊലിഞ്ഞു.
പണ്ട് ഒട്ടേറെ രാത്രികളിൽ താനെഴുതിയതു എന്ന് പറഞ്ഞു അയാൾ പാടിക്കേൾപ്പിച്ച പ്രണയ ഗാനങ്ങളൊക്കെയും ഉറുദു സാഹിത്യത്തിലെ പ്രമുഖരായ കവികളുടെ രചനകൾ മോഷ്ടിച്ച് പരിഭാഷപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോൾ അവർ തകർന്നുപോയി.
പങ്കു വെക്കപ്പെട്ട തന്റെ ഉടലിനെ ഓർത്തു അവർ തേങ്ങി.
ഇസ്ലാമായി മാറിയെങ്കിലും കൃഷ്ണനെ വിളിച്ചു വിലപിച്ചു.
ആ കഥയാണവർ അന്ന് പറഞ്ഞത്.
അന്നാദ്യമായാണ് അവരിൽ നിന്നു തന്നെ അതേ പറ്റി കേട്ടത് .
ആലോചനയില്ലാത്ത ഒരു മതപരിവർത്തനം മൂലം ഊരിപ്പോരാനാകാത്ത ഒരു കുടുക്കിൽ പെട്ടൊരാളുടെ വിലാപമായിരുന്നു അത് .
കുറിച്ചെടുക്കാൻ ഒരു പേപ്പറും പേനയും എടുക്കാതെ പോയ നിമിഷത്തെ ഞാൻ അന്ന് ശപിച്ചു.
അതിലുപരി ആ സംസാരം റെക്കോർഡ് ചെയ്യാൻ ടേപ്പ് റെക്കോർഡർ കയ്യിൽ കരുതാതെ പോയതിൽ മനം നൊന്തു.
അവിടുന്നിറങ്ങിയപ്പോൾ ഞങ്ങൾ മൂവരും ഒന്നുപോലെ വിഷാദരായി.
അവർ പറഞ്ഞ വസ്തുതയെ പറ്റി പലർക്കുമന്നറിയാം.
പക്ഷേ അവരുടെ വാക്കുകളായി അന്ന് വരെ ഒരു മീഡിയയിലും അത് വന്നിട്ടില്ല.
പക്ഷേ എഴുതിയാൽ ആര് വിശ്വസിക്കും.?
വോയ്‌സ് പ്രൂഫ് ഇല്ലാതെ എങ്ങനെ സത്യം പുറത്തു വിടും. 7
സമ്മർദ്ദങ്ങൾ ഉണ്ടായി അവർ തന്നെ അത് നിഷേധിച്ചാലോ. ?
എന്റെ പത്രപ്രവർത്തന ജീവിതത്തിൽ മറ്റൊന്നിനെ ചൊല്ലിയും ഞാൻ ഇത്രയേറെ സങ്കടപ്പെട്ടിട്ടില്ല.
അന്ന് തന്നെ പത്രപ്രവർത്തകയായ ലീലാ മേനോനെയും ഞങ്ങൾ കണ്ടിരുന്നു.
മാധവിക്കുട്ടിയെ സന്ധിച്ചതും ആനുഷംഗികമായി ഇക്കാര്യം അവരോട് പറയുകയും ചെയ്തപ്പോൾ ഒക്കെയും
വാസ്തവം തന്നെ എന്നവരും സ്ഥിരീകരിച്ചു.
പക്ഷേ ഇന്നുവരെ അതേകുറിച്ചെഴുതാനായില്ല.
ഇപ്പോൾ ആമിയിൽ കമൽ ആ പ്രണയ കഥ ചിത്രീകരിച്ചു. അനുപ് മേനോന് നൽകിയ കോസ്റ്റ്യൂമിൽ നിന്ന് കമിതാവാര് എന്ന സൂചന കിട്ടും.
എങ്കിലും യാഥാർത്ഥ്യത്തിൽ നിന്നല്പം മാറിയാണ് കമൽ ആമി ഒരുക്കിയത്.
ആമി ഇറങ്ങിയപ്പോൾ ബയോ പിക് ലും മാറ്റങ്ങളാവാം എന്നത് ദുഃഖിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP