Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് തെറ്റുപറ്റി; വലിയ ക്വാറികൾക്ക് പോലും എളുപ്പം പ്രവർത്തനാനുമതി ലഭിക്കുന്ന സ്ഥിതി അപകടം; പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം; വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് മാധവ് ഗാഡ്ഗിൽ; കേരളം തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് തെറ്റുപറ്റി; വലിയ ക്വാറികൾക്ക് പോലും എളുപ്പം പ്രവർത്തനാനുമതി ലഭിക്കുന്ന സ്ഥിതി അപകടം; പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം; വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് മാധവ് ഗാഡ്ഗിൽ; കേരളം തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ ഡെസ്‌ക്ക്

മുംബൈ: കേരളത്തിൽ വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം എന്താണ്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ചർച്ച കൊഴുക്കവെ പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യക്ഷൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെതാത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ വിമർശിക്കുന്നു. മുംബൈയിൽ തന്നെ വന്നുകണ്ട മാധ്യമ പ്രവർത്തകരുമായി സംസാരിക്കയായിരുന്നു അദ്ദേഹം.

വലിയ ക്വാറികൾക്ക് പോലും ഇപ്പോൾ കേരളത്തിൽ നിർബാധം ലൈസൻസ് നൽകുകയാണ് സംസ്ഥാന സർക്കാർ. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം.

കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര - കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. മഴ തുടർച്ചയായി പെയ്തിട്ടും വടക്കൻ കർണാടകത്തിലെ ഡാമുകൾ കൃത്യസമയത്ത് തുറന്നുവിടാൻ അധികൃതർ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്മെന്റിന് പിഴവ് പറ്റിയതാണ് ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗിൽ പറയുന്നു

പ്രളയം വന്നതോടെ ഹിറ്റായി ഗാഡ്ഗിൽ റിപ്പോർട്ട്

ഒരു കാലത്ത് വളരെയെറേ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. എന്നാൽ എന്താണ് ഗാഡ്ഗിൽ റിപ്പോർട്ടെന്നും അതിൽ പ്രധാനമായും എന്താണ് പറയുന്നതന്നും മനസിലാക്കാതെ, ഒരുപക്ഷേ മനസിലാക്കാൻ ശ്രമിക്കാതെയാണ് കൂടുതൽ പേരും റിപ്പോർട്ടിനെ എതിർക്കുന്നവർക്കൊപ്പം നിന്നത്. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കൊയായി നടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതിക ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ സാമ്പത്തിക താത്പര്യത്തിന് വേണ്ടി പലരും റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ചു. പശ്ചിമ ഘട്ടത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായി പറയുന്ന അന്നത്തെ റിപ്പോർട്ട് അന്ന് പരിഗണിച്ചിരുന്നെങ്കിൽ രണ്ട് തവണ കേരളത്തെ വിഴുങ്ങിയ പ്രളയം ഉണ്ടാകുമായിരുന്നില്ല.

രണ്ട് പ്രളയത്തെ കേരളം അഭിമുഖീകരിച്ചിട്ടും ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോഴും അനക്കമില്ലാതെയിരിക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് പശ്ചിമഘട്ട സംരക്ഷണം ആവശ്യമാണ്. ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായ് വ്യപിച്ചു കിടക്കുകയാണ് പശ്ചിമഘട്ടം. എന്നാൽ ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ പത്ത് കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം കടുത്ത പരിസ്ഥിതി ചൂഷണത്തിന് വിധേയമായിക്കാണ്ടിരിക്കുകയാണ്. മനുഷ്യന്റെ അത്യാർത്തി മൂലം പശ്ചിമഘട്ടത്തെ ചൂഷണം ചെയ്യുമ്പോൾ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചുകൊണ്ടുള്ള 522 പേജുള്ള റിപ്പോർട്ട് 2011 ഓഗസ്റ്റ് 31 ന് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലൂള്ള സമിതി സർക്കാരിന് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്ത് വന്നതോടെ പാർട്ടികൾ ഇതിനെതിര രംഗത്ത് വരികയായിരുന്നു. എന്താണ് റിപ്പോർട്ടിൽ പറയുന്നതെന്നറിയാതെ പലരും പാർട്ടിയ്‌ക്കൊപ്പവും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നവർക്കൊപ്പവും നിന്നു.

മനുഷ്യൻ നശിപ്പിച്ച പശ്ചിമ ഘട്ടം

'അഗസ്ത്യമല ശിരസ്സായും അതിനു താഴെ അണ്ണാമലയും നീല ഗിരിയും ഉയർന്ന മാറിടങ്ങളായും .പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളായും കാളിദാസൻ വർണ്ണിച്ചിട്ടുണ്ട് .നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചി ചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതി സമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ് എന്നത് ചരിത്ര സത്യം മാത്രമാണ്'. ഇങ്ങനെയാണ് മാധവ് ഗാഡ്ഗിൽ തന്റെ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ തുടക്കത്തിൽ പറയുന്നത്. അതെ മനുഷ്യന്റെ അത്യാർത്തിയിൽ നശിക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ പശ്ചിമഘട്ടം. ഇന്ത്യയുടെ നാൽപത് ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട് പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഏകദേശം 28 കോടി ജനങ്ങൾക്ക് പശ്ചിമഘട്ടത്തിലെ വനങ്ങൾ ജീവിത വിഭവങ്ങൾ നൽകുന്നുമുണ്ട്. ഇതിനെയാണ് മനുഷ്യൻ തന്നെ ചൂഷണം ചെയ്തിരിക്കുന്നത്.

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ് വിശദമായി ഗാഡ്ഗിൽ റിപ്പോർട്ടിൽ ഉടനീളം പറയുന്നത്. അതായത് പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, എങ്ങനെയാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത്. ഇതെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാം അക്കമിട്ട് വിവരിക്കുന്ന റിപ്പോർട്ടാണ് പൂണെയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്.

2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ സമിതിയെ നിയോഗിച്ചത്. ഈ സമിതി വളരെ ശ്രദ്ധാപൂർവ്വം നടത്തിയ വ്യാപകമായ വിവരസമാഹരണത്തിന്റെയും വിപുലമായ സ്ഥല പരിശോധനയുടെയും കൂടിയാലോചനകളുടെയും അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി സമിതി നിർദ്ദേശിക്കുകയും വിവിധ മേഖലകളെ മൂന്ന് തലങ്ങളായി തരംതിരിക്കുകയും ചെയ്തു. മേഖല ഒന്ന, മേഖല രണ്ട്, മേഖല മൂന്ന് എന്ന് അവയ്ക്ക് നാമവും നൽകി.

ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടിൽ പ്രധാനമായും മാറ്റം വരുത്തേണ്ട ചില കാര്യങ്ങൾ പറയുന്നുണ്ട്. ജനിതക മാറ്റം വരുത്തിയ കൃഷിരീതി പ്രദേശത്ത് നിരോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട് ഇത്തരത്തിലുള്ള കൃഷിരീതി പരിസ്ഥിതിക്ക് ദോഷമായി ബാധിക്കാം.

സമിതി മുന്നോട്ടുവച്ച മറ്റ് പ്രധാന മാറ്റങ്ങൾ ഏതൊക്കെയാണെന്നാണ് താഴെ പറയുന്നത്.

* പ്ലാസ്റ്റിക്ക് ബാഗുകൾ മൂന്ന് വർഷത്തിനുള്ളിൽ പൂർണ്ണമായും ഇല്ലാതാക്കുക
* പുതിയ പ്രത്യേക സാമ്പത്തിക മേഖലകളോ ഹിൽ സ്റ്റേഷനുകളോ അനുവദിക്കരുത്
* പൊതു സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിലും 1,2 പരിസ്ഥിതി ലോല മേഖലകളിലെ വനമേഖല
കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലും നിരോധനം.
* 1,2 മേഖലകളിലെ ഖനനത്തിന് നിരോധനം.
* പുതിയ ഡാമുകൾ അനുവദിക്കില്ല.
* 1 പ്രദേശത്ത് താപവൈദ്യുത പ്ലാന്റുകൾക്കും വൻകിട കാറ്റാടിപ്പാടങ്ങൾക്കും പുതുതായി അനുമതി ഉണ്ടാകില്ല.
* പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങൾ ഒന്നും അനുവദിക്കില്ല.
* 1,2 സോണുകളിൽ പുതിയ റെയിൽവേ പാളങ്ങളും ഉണ്ടാകില്ല.
* ടൂറിസത്തിന്റെ നിയന്ത്രണം.
* രാസ കീടനാശിനി പ്രയോഗങ്ങൾ അടുത്ത അഞ്ച് മുതൽ എട്ട് വർഷത്തിനുള്ളിൽ ഇല്ലാതാക്കുക.
ഈ നിർദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാൻ പശ്ചിമ ഘട്ട കമ്മറ്റി വേണമെന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകൾ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടും സമിതി എടുത്തു.

എന്നാൽ ഗാഡ്ഗിൽ കമ്മിറ്റിയുടെ ഈ റിപ്പേർട്ട് പുറത്ത് വന്നതോടെ ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും ഇതിനെതിരെ കടുത്ത ആശങ്ക ഉന്നയിക്കുകയും. വിവിധ രാഷ്ട്രീയ കക്ഷികൾ ഈ റിപ്പോർട്ടിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ ആരു അനുവദിച്ചില്ല. ഇതിന് പിന്നാലെ ഈ ആശങ്കകൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രിത കമ്മീഷൻ അംഗം കെ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. എന്നാൽ ഈ സമിതിയും ഗാഡ്ഗിൽ സമിതിയുടെ കണ്ടെത്തലുകളെ ചില മാറ്റങ്ങളോടെ അംഗീകരിക്കുകയായിരുന്നു.

രണ്ടു സമിതികളുടെയും അഭിപ്രാങ്ങൾ നോക്കിയാൽ തന്നെ മനസിലാകും എന്താണ് പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പരിസ്ഥിതി ചൂഷണം തുടരുകയായിരുന്നു. ഇതിന്റെ പരിണിത ഫലങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തവണ പ്രളയത്തിന്റെ രൂപത്തിൽ ഓർമ്മിപ്പിച്ചിട്ടും നാം പഠിച്ചില്ലെന്നതാണ് സത്യം. എന്നാൽ ഇത്രയധികം തിരിച്ചടികൾ ഉണ്ടാകുമ്പോൾ ഒരു സമയം നമ്മൾ മനഃപൂർവ്വം മറന്നുകളഞ്ഞ ഗർഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയാകുകയാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP