Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ കൊറോണ ദേവീപൂജ കേരളത്തിലും; മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷക്കാൻ പൂജയുമായി രംഗത്തെത്തിയിരിക്കുന്നതുകൊല്ലം കടയക്കൽ സ്വദേശി അനിലൻ; വീട്ടിൽ പൂജാ മുറിയൊരുക്കി തെർമോകോളിൽ പള്ളിവാള് തീർത്ത് പൂജയും; കൊറോണുടെ ചിത്രവും ആരാധനയ്ക്ക്; ദർശനം നൽകാതെ പൂജയുമായി ഈ കടയ്ക്കൽ സ്വദേശി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊറോണയ്‌ക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളത്തിലും പൂജ. കൊല്ലം ജില്ലയിലാണ് യുവാവ് കൊറോണയിൽ നിന്ന് രക്ഷനേടാൻ പൂജയുമായി രംഗത്തെത്തിയിരിക്കുന്നത്.കോവിഡിന്റെ കോപത്തിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കാൻ കൊല്ലം കടയ്ക്കൽ സ്വദേശി അനിലനാണ് പൂജയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം വീട്ടിലെ പൂജാമുറിയിൽ സാർസ് കോവ് - 2 ന്റെ ചിത്രം കൊറോണ ദേവിയായി പ്രതിഷ്ഠ നടത്തി പ്രസാദിപ്പിക്കാൻ ശ്രമിക്കുകയാണ് അനിലൻ.

തെർമോകോൾ കൊണ്ട് നിർമ്മിച്ച് പള്ളിവാളിലാണ് കൊറോണാ ദേവിയുടെ പ്രതിഷ്ഠ. ലോകം മുഴുവൻ സുഖവും ഐശ്വര്യവും ഭവിക്കാൻ പൂജയും പ്രാർത്ഥനയും നടത്തുന്ന അനിലൻ പ്രസാദം മെയിൽ വഴി നൽകാനും ഒരുക്കമാണ്. പക്ഷേ ക്ഷേത്രത്തിൽ കൊറോണാദേവിയെ ദർശിക്കാൻ ആർക്കും അനുവാദമില്ല. ആരിൽ നിന്നും സംഭാവനും സ്വീകരിക്കില്ലെന്ന നിലപാടിലാണ് അനിലൻ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ദൈവമുണ്ടെന്ന ഹിന്ദു വിശ്വാസത്തെ പിന്തുടർന്നാണ് അനിലൻ കൊറോണയെയും പൂജിക്കുന്നതും ആരാധിക്കുന്നതും.

ലോകത്തുടനീളമായി അനേകരുടെ മരണത്തിന് ഇടയാക്കിയ വൈറസിനെതിരേ വാക്സിൻ കണ്ടെത്താനാകാതെ ശാസ്ത്രലോകത്തെ പോലും കൊറോണ പിടിച്ചു കുലുക്കുമ്പോഴാണ് വൈറസിനെ ദേവിയായി കണ്ട് ആരാധന നടത്തുന്നത്. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, മാധ്യമങ്ങൾ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നവർ, പ്രവാസികൾ തുടങ്ങി സമസ്തമേഖലയിലുമുള്ള മനുഷ്യസ്നേഹികളുടെ നന്മയ്ക്ക് വേണ്ടിയാണ് കൊറോണാ പൂജയെന്നാണ് അനിലൻ പറയുന്നത്. കോവിഡിനെ പൂജിക്കുക എന്നത് ഭരണഘടനാ പരമായുള്ള ആരാധനാ സ്വാതന്ത്ര്യത്തിനുള്ളിൽ നില നിൽക്കുന്ന കാര്യമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

നേരത്തേ ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, ആസ്സാം സംസ്ഥാനങ്ങളിൽ നടന്ന കോറോണാ പൂജ ജൂൺ ആദ്യവാരം വാർത്തകളില നിറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ തുംകുഹിരാജ്, കാസിയ, ഹാടാ, കാപ്താംഗജ്, ഖുഷി നഗർ ജില്ലയിലെ ഖാഡ്ഡാ തഹ്സിൽ എന്നിവിടങ്ങളിൽ സ്ത്രീകൾ കോറോണാ ദേവിക്ക് വേണ്ടി പൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 'കൊറോണാ മായി' എന്ന പേരിൽ പൂക്കളും മധുരപലഹാരങ്ങളുമായാണ് ആൾക്കാർ പൂജ നടത്തിയത്. കൊറോണാ ദേവിയുടെ പ്രസാദത്തിനായി ആറ്റുതീരത്ത് കുഴികൾ കുത്തി അതിൽ വെള്ളം നിറച്ച ശേഷം അതിന് മുകളിൽ ഒമ്പത് ഗ്രാമ്പൂവും ഒമ്പത് ലഡ്ഡുവും വച്ചായിരുന്നു പൂജ.

റാഞ്ചിയിലെ താതിസിൽവ്, നാംകോം എന്നിവിടങ്ങളിലും ജംഷഡ്പൂരിലെ ബാഗ്ബെറാ മൈതാനത്തും ധൻബാദിലെ രണ്ടിടങ്ങളിലും പൂജ നടത്തി. സിന്ദൂരം, പൂക്കൾ, ലഡ്ഡു, ഒരു കുടത്തിൽ വെള്ളം എന്നിവ വെച്ച് ഒരു മരത്തിന് സമീപമായിരുന്നു കൊറോണാ ദേവിക്ക് വേണ്ടി പ്രാർത്ഥിച്ചത്. കൊറോണാ ദേവിയെ പ്രീതിപ്പെടുത്താൻ പ്രത്യേക പ്രാർത്ഥന നടത്തിയ ഇവർ പക്ഷേ സാമൂഹ്യാകലം പാലിച്ചിരുന്നില്ല. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കണ്ട പ്രകൃതി ദുരന്തങ്ങൾ കൊറോണാ ദേവിയുടെ കോപമായിരുന്നു എന്നും എന്നിട്ടും ആരും ദേവിയെ പ്രീതിപ്പെടുത്താൻ ഒന്നും ചെയ്തില്ലെന്നും തങ്ങൾ പൂജ നടത്തുന്നത് ദേവിയുടെ കോപം ശമിപ്പിക്കാൻ വേണ്ടിയാണെന്നുമായരുന്നു പൂജയി പങ്കെടുത്ത ഒരു യുവതി പറഞ്ഞത്.

ആസ്സാമിലെ വിവിധ ജില്ലകളിൽ അനേകം സ്ത്രീകൾ പൂജ നടത്തി. മഹാമാരിയെ തടുക്കാൻ ഇനി പൂജയും പ്രാർത്ഥനയുമേ രക്ഷയുള്ളൂ എന്നായിരുന്നു ഇവരുടെ പ്രതികരണം. ആസ്സാമിലെ ബിശ്വനാഥ് ജില്ലയിൽ മരത്തിന് കീഴിലും പൂഴയോരത്തും ക്ഷേത്രങ്ങളിലുമെല്ലാമായിട്ടായിരുന്നു 'കോറോണാ അമ്മ' യോട് സ്ത്രീകൾ പ്രാർത്ഥിച്ചത്. ഒരു ദിവസം ഉപവാസം എടുത്തായിരുന്നു പൂജകൾ. ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരേ ആരോഗ്യ വിഭാഗം ബോധവൽക്കരണ പ്രചരണങ്ങഴും തുടങ്ങിയിട്ടുണ്ട്. ബീഹാറിലും സ്ത്രീകൾ വിശ്വസിച്ചത് കോവിഡ് രോഗം കൊറോണാ ദേവിയുടെ കോപമാണെന്നായിരുന്നു. ബീഹാറിലെ നളന്ദ, ഗോപാൽഗഞ്ച്, സാരൻ, വൈശാലി, മുസാഫർപൂർ, എന്നിവിങ്ങളിൽ സ്ത്രീകൾ നദിയിൽ മുങ്ങി നിവർന്ന് ഈറനോടെയാണ് പൂജ നടത്തിയത്. അതേസമയം ഇവരെല്ലാം സാമൂഹ്യാകലം പാലിച്ചായിരുന്നു പൂജ നടത്തിയത്.

ഗോപാൽ ഗഞ്ചിലെ ഫുൽവാരിയ ഘട്ടിൽ ഏഴു കുഴികൾ കുത്തിയ ശേഷം അവയിൽ ശർക്കര കുഴമ്പ് ഒഴിച്ച് അതിൽ ഏഴു ഗ്രാമ്പൂ, മഞ്ഞൾ, പൂക്കൾ, ഏഴു ലഡ്ഡു എന്നിവ വച്ചായിരുന്നു കൊറോണാ ദേവിയെ പൂജിച്ചത്. മുസാഫർപൂരിലെ ബ്രഹ്മപുത്രയിലെ സർവേശ്വർനാഥ് ക്ഷേത്രത്തിൽ സ്ത്രീകൾ പൂജ നടത്തി. ബക്സർ ജില്ലയിലും കൊറോണാ പൂജ നടത്തി. ഗംഗാ തീരത്ത് കുഴികൾ കുത്തിയായിരുന്നു പ്രാർത്ഥന. ഏഴു കുഴികളിൽ വിളക്കുകൾ കത്തിച്ച് ശർക്കരപാനി ഒഴിച്ച് അതിൽ ലഡ്ഡുവും പൂക്കളും ഇട്ട് മൂടിയായിരുന്നു ഇവിടെ പൂജ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP